Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാമീണരുടെ ഹൃദയം കവരാൻ മോദിക്കായില്ല; പദ്ധതികൾ നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച ഗ്രാമീണരെ മോദിയിൽ നിന്നകറ്റി; നഗരത്തിലെ വോട്ടർമാർ ബിജെപിക്ക് ഒപ്പം നിൽക്കുമ്പോൾ ഗ്രാമീണർ കോൺഗ്രസിനൊപ്പം; നോട്ടുനിരോധനം കാർഷികമേഖലയുടെ നട്ടെല്ലൊടിച്ചപ്പോൾ വീണത് വിശ്വാസ്യത; വരും തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് കാലിടറുമെന്ന് ആശങ്ക

ഗ്രാമീണരുടെ ഹൃദയം കവരാൻ മോദിക്കായില്ല; പദ്ധതികൾ നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച ഗ്രാമീണരെ മോദിയിൽ നിന്നകറ്റി; നഗരത്തിലെ വോട്ടർമാർ ബിജെപിക്ക് ഒപ്പം നിൽക്കുമ്പോൾ ഗ്രാമീണർ കോൺഗ്രസിനൊപ്പം; നോട്ടുനിരോധനം കാർഷികമേഖലയുടെ നട്ടെല്ലൊടിച്ചപ്പോൾ വീണത് വിശ്വാസ്യത; വരും തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് കാലിടറുമെന്ന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അടുത്ത തവണ വാഴുമോയെന്ന് ഏവരും ആശങ്കയോടെ നോക്കിക്കാണുന്ന അവസരമാണിത്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. മെയ്‌ മാസത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സൽ എന്നു പോലും വിശേഷിപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. വോട്ടെണ്ണൽ നാളെ നടക്കുമ്പോൾ ബിജെപിയുടെ വിധി ഏതാണ്ട് അറിയാൻ സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാണെങ്കിലും പൂർണമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ സാധിക്കുകയുമില്ല. എന്നിരുന്നാലും പൊതുവേയുള്ള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യയിലെ ഗ്രാമീണമേഖല ബിജെപിയിൽ നിന്ന് ഏറെ അകന്നുകഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ് എന്നു വിശ്വസിക്കുമ്പോഴും ഗ്രാമീണമേഖല കൈവിട്ടു പോയതിൽ ഏറെ ആശങ്കപ്പെടുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലെല്ലാം തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിനാണ് അനുകൂലം. ഈ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് പത്തു ശതമാനത്തോളം വോട്ടിന് മുമ്പന്തിയിൽ നിൽക്കുന്നത് ഗ്രാമീണ മേഖലകളിലാണ്.

ഇതേ ട്രെൻഡാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലും പ്രകടമായത്. 90 സീറ്റുകളിൽ 56 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഗ്രാമീണ വോട്ടർമാർ കൂടുതലുള്ള മണ്ഡലങ്ങളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ഈ മേഖലകളിൽ 29 സീറ്റുകൾ കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു. സംസ്ഥാനത്ത് നേരിയ മാർജിനാണ് ബിജെപി അധികാരത്തിൽ വന്നത്. ഇവിടെ അമ്പതു ശതമാനത്തോളം അർബൻ വോട്ടർമാർ ഉള്ളതാണ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുണയായത്. എന്നാൽ ഗുജറാത്തിൽ സംഭവിച്ചത് മറ്റ് സംസ്ഥാനങ്ങളിൽ ആവർത്തിക്കില്ല. കാരണം ഇവിടങ്ങളിൽ വോട്ടർമാരിൽ 75 ശതമാനത്തോളം ഗ്രാമീണവാസികളാണ് എന്നതു തന്നെ.

കാർഷികമേഖലയുണ്ടായ തിരിച്ചടിയാണ് ബിജെപിയെ ഗ്രാമീണമേഖലകളിൽ നിന്നും അകറ്റി നിർത്താൻ പ്രധാനകാരണം. വരൾച്ച മൂലവും മറ്റും മിക്ക സംസ്ഥാനങ്ങളിലും കാർഷിക മേഖല തകർന്നു. മോദിയുടെ ഭരണകാലത്ത് കാർഷികമേഖലയ്ക്ക് ഒരുണർവ് വരുത്താൻ സാധിച്ചില്ല എന്നത് എടുത്തപറയേണ്ട കാര്യം തന്നെയാണ്. പ്രധാന തെരഞ്ഞെടുപ്പു വിഷയമായി ബിജെപി ഉയർത്തിക്കാട്ടിയിരുന്നെങ്കിലും ഫലത്തിൽ കാർഷിക മേഖലയ്ക്ക് ഏറെ അവഗണന നേരിടേണ്ടി വന്നത് മോദിയുടെ കാലത്താണ്.

അടുത്തകാലത്തായി ഗ്രാമീണമേഖലയിലേക്കുണ്ടായ കുടിയേറ്റവും ബിജെപിയെ അനഭിമതരാക്കുന്നതിൽ പങ്കുവഹിച്ചു എന്നുപറയാം. സാമ്പത്തിക മേഖലയിലുണ്ടായ ഉണർവിനെ തുടർന്ന് കൺസ്ട്രക്ഷൻ മേഖല പുഷ്ടിപ്പെട്ടതോടെ 2004-05 മുതൽ 2011-12 വരെയുള്ള കാലഘട്ടത്തിൽ 35 മില്യൺ ആൾക്കാർ കാർഷികേതര തൊഴിലിലേക്കു മാറിയതായി നാഷണൽ സാമ്പിൾ സർവേ വെളിപ്പെടുത്തുന്നു. എട്ടു വർഷംകൊണ്ട് കാർഷിക തൊഴിൽ മേഖലയിൽ ചരിത്രത്തിലില്ലാത്തതു പോലെ ചുരുങ്ങുകയും ഇത് ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് തിരിച്ചടിയായിത്തീരുകയും ചെയ്തുവെന്ന് ലേബർ ഇക്കണോമിസ്റ്റ് സന്തോഷ് മെൽറോത്ര വെളിപ്പെടുത്തുന്നു.

പിന്നീട് 2012-13 കാലഘട്ടത്തിൽ പതിനഞ്ചു മുതൽ 29 വരെ പ്രായമുള്ള 20 മില്യൺ ആൾക്കാർ തിരിച്ച് കാർഷിക മേഖലയിലേക്ക് തിരിച്ചെത്തി. ഇതുപക്ഷേ ആരോഗ്യപരമായ ഒരു തിരിച്ചുവരവ് ആയിരുന്നില്ല. കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിൽ സാധ്യതയ്ക്ക് മങ്ങലേറ്റു തുടങ്ങിയതോടെ യുവാക്കൾ തിരിച്ച് കാർഷിക വൃത്തി തെരഞ്ഞെടുക്കുകയായിരുന്നു.

കർഷകരുടെ നട്ടെല്ലൊടിച്ച മറ്റൊരു പ്രഖ്യാപനമായിരുന്നു മോദിയുടെ നോട്ടുനിരോധനം. വേതനം താരമത്യേന കുറഞ്ഞ കാർഷിക മേഖലയ്ക്ക് നോട്ടുനിരോധനം ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് രണ്ടുവർഷമായിട്ടും വിമുക്തമാകാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ഗ്രാമീണ മേഖലയെ ആകർഷിക്കുന്നതിനായി ഉജ്ജ്വല ഗ്യാസ് സ്‌കീം, റൂറൽ ഹൗസിങ്, ഫാം ഇൻഷ്വറൻസ്, മുദ്ര ബാങ്ക് ലോണുകൾ, കർഷകർക്ക് താങ്ങുവില എന്നിവ പ്രഖ്യാപിച്ചെങ്കിലും ഇവ മിക്കവയും പൂർണമായും പ്രാബല്യത്തിൽ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടില്ല. കൂടാതെ പദ്ധതികൾ നടപ്പിൽ വരുത്തിത്തുടങ്ങിയത് 2017 പകുതിക്കു ശേഷമാണെന്നതും പദ്ധതി നടപ്പിലാക്കൽ വളരെ മന്ദഗതിയിലായതും ഇവയുടെ ശോഭ കെടുത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വെൽഫെയർ ഫണ്ടുകളും സബ്‌സിഡികളും ഗ്രാമീണ മേഖലയ്ക്കു കൈമാറുന്ന കാര്യത്തിലാണ്. കൂടാതെ വീടുകൾ വൈദ്യുതീകരിക്കുന്ന പദ്ധതിയും ഉജ്ജ്വല പ്രോഗ്രാമും ഇതിൽപ്പെടുന്നുണ്ട്. ഗ്രാമീണ വോട്ടർമാർക്ക് കോൺഗ്രസിനോടുള്ള ചരിത്രപരമായ ചായ്വും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മധ്യവർഗത്തിലുള്ള വോട്ടർമാർ ബിജെപിക്ക് കടുത്ത പിന്തുണ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഗ്രാമീണമേഖലയെ കൂടെ നിർത്താൻ ബിജെപിക്കും മോദിപ്രഭാവത്തിനും ഒരുപരിധി വരെ സാധിച്ചിട്ടില്ല എന്നുവേണം പറയാൻ. സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ പേരിൽ നഗരവാസികളെ ആകർഷിക്കാൻ സാധിക്കുമെങ്കിലും കാർഷികമേഖലയിലുള്ളവർക്കും ഗ്രാമീണവാസികൾക്കും മോദിയുടെ ഈ തുറുപ്പ് ചീട്ട് ഇവിടെ വേണ്ടവിധത്തിൽ പ്രയോജനത്തിൽ വരുന്നില്ല.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വിഭിന്നമല്ല. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് മികച്ച വ്യക്തിപ്രഭാവമുണ്ടെങ്കിലും പാർട്ടിക്ക് ഗ്രാമീണമേഖലയിലുള്ള സ്വാധീനം വളരെ കുറവാണെന്ന് ബിജെപി തന്നെ രഹസ്യമായി സമ്മതിക്കുന്നു. കേന്ദ്രം പ്രഖ്യാപിച്ച ഗ്രാമീണപദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരും പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം ഉടലെടുക്കാൻ കാരണമായി. ഇതുതന്നെയാണ് മിക്ക സംസ്ഥാനങ്ങളിലേയും അവസ്ഥ. 2019-ൽ മോദിയുടെ ഏറ്റവും വലിയ വെല്ലുവിളിയും ഗ്രാമീണർ തന്നെ. എല്ലാ അർഥത്തിലും മോദി പ്രഭാവം ഒട്ടും ഗ്രാമീണർക്കിടയിൽ കടന്നുചെന്നിട്ടില്ല എന്നുവേണം പറയാൻ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP