Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി

ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി

മറുനാടൻ ഡെസ്‌ക്‌

 കൊൽക്കത്ത: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ സാധ്യത. ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ ആണ് ഈ സൂചന നൽകിയത്. പശ്ചിമബംഗാളിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിൽ പാർട്ടിക്ക് അതീവതാൽപര്യമുണ്ടെന്ന് അദ്ദേഹം നോർത്ത് 24 പർഗാനാസ് ജില്ലയിൽ പാർട്ടി പരിപാടിക്കിടെ പറഞ്ഞു. ടിഎംസി സർക്കാർ അഭയാർത്ഥികളോട് ഒട്ടും അനുഭാവത്തോടെയല്ല പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അയൽ രാജ്യങ്ങളിൽ നിന്നുവരുന്ന പീഡിതരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ ആത്മാർത്ഥതയുള്ളതുകൊണ്ടാണ് കേന്ദ്രസർക്കാർ സിഎഎ പാസാക്കിയതെന്നു വിജയവർഗീയ പറഞ്ഞു. 'അഭയാർഥികളോട് തൃണമൂൽ സർക്കാർ അനുഭാവം പുലർത്തുന്നില്ല. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും മോദി സർക്കാർ പൗരത്വം നൽകും സി.എ.എയ്ക്ക് കീഴിലുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'.

എന്നാൽ, ബിജെപി പശ്ചിമ ബംഗാളിലെ ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് ടിഎംസി മുതിർന്ന നേതാവും മന്ത്രിയുമായ ഫിർഹദ് ഹക്കീം കുറ്റപ്പെടുത്തി. എന്താണ് ബിജെപി പൗരത്വം കൊണ്ട് അർത്ഥമാക്കുന്നത്? മാട്ടുവകൾ പൗരരല്ലെങ്കിൽ, എങ്ങനെയാണ് വർഷാവർഷം അവർ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്തത്? ആളുകളെ വിഡ്ഢികളായി കരുതുന്നത് ബിജെപി അവസാനിപ്പിക്കണം, ഫിർഹദ് ഹക്കീം പറഞ്ഞു.

ബംഗ്ലാദേശിലെ മതപീഡനം കൊണ്ട് 1950 കൾ മുതൽ ബംഗാളിലേക്ക് കുടിയേറിയവരാണ് മാട്ടുവകൾ. സംസ്ഥാനത്ത് 30 ലക്ഷം ജനസംഖ്യയുള്ള ഈ വിഭാഗം നാല് നിയമസഭാ മണ്ഡലങ്ങളിലെയും നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ 40 വരെ നിയമസഭാ മണ്ഡലങ്ങളിലെയും ഫലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ്.

അഭയാർഥി പ്രശ്നം ഏറെ ചർച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഇവിടെ മെയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാട്ടുവകൾ അടക്കമുള്ള അഭയാർത്ഥികൾ പൗരത്വം കിട്ടിയില്ലെങ്കിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ തിരിയുമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നു. ഈ കാലതാമസവും ആശയക്കുഴപ്പവും ഒഴിവാക്കേണ്ടതാണെന്നും അവർ വിശ്വസിക്കുന്നു

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു വന്നത്.

പൗരത്വനിയമഭേദഗതി വിരുദ്ധ പ്രക്ഷോഭം

പൗരത്വനിയമഭേദഗതിക്ക് എതിരെ ഡൽഹിയുടെ വടക്ക്-കിഴക്കൻ മേഖലയിൽ കടുത്ത പ്രതിഷേധമാണ് നടന്നത്. 37 പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം 50 ഓളം പേർക്ക് പരുക്കേറ്റിരുന്നു. പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ധ12പ ധ13പ ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു.

ബംഗാൾ പിടിക്കാൻ ബിജെപി

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘം രൂപീകരിക്കുകയാണ് ബിജെപി. 117 അംഗങ്ങളാണ് സംഘത്തിൽ ഉണ്ടാവുക.പ്രവർത്തനങ്ങൾക്കായി സംഘത്തെ 31 യൂണിറ്റുകളായി വിഭജിക്കും. ഓരോ യൂണിറ്റിനും തെരഞ്ഞെടുപ്പിന്റെ ഓരോ ചുമതലകൾ വീതം നൽകും. പ്രചാരണം, വിവര ശേഖരണം, സഹകരണം, സാമൂഹിക മാധ്യമങ്ങളുടെ കൈകാര്യം തുടങ്ങിയ ചുമതലകളാകും ഇവർക്ക് നൽകുക. ചില യൂണിറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇവരിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടും.

2021 ഏപ്രിലിലോ മെയിലോ ബംഗാളിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നേരത്തെ തന്നെ ബിജെപി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 117 അംഗ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് നേടി 18 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മമത ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്

ഭരണവിരുദ്ധ വികാരം മുതലാക്കും

പാർട്ടി നടത്തിയ സർവേകളിൽ ഗ്രാമങ്ങളിൽ ബിജെപിക്ക് അനുകൂലമായ ചിന്താഗതിയുണ്ടെങ്കിലും നഗരങ്ങളിൽ ശക്തമായ എതിർപ്പുണ്ടെന്നാണ് കണ്ടെത്തിയത്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങളിലേക്കെത്തിയില്ലെന്ന പ്രചാരണം, ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റത്തിനെതിരെ ഉണർത്തി വിട്ട വികാരം എന്നിവ ഗ്രാമവാസികൾക്കിടയിൽ ചലനമുണ്ടാക്കിയെന്നാണു വിലയിരുത്തൽ.

എന്നാൽ നഗര, അർധനഗര പ്രദേശങ്ങളിൽ ബംഗാൾ സംസ്‌കാരത്തോട് ആഭിമുഖ്യമില്ലാത്ത പാർട്ടിയാണു ബിജെപിയെന്ന തൃണമൂൽ പ്രചാരണത്തിന് ഇപ്പോഴും സ്വാധീനമുണ്ട്. അതു മാറ്റിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി പ്രവർത്തകർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ പാർട്ടി നോക്കുന്നുണ്ട്.

ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം കൂടി നൽകണമെന്നാണ്് ആഭ്യന്തരമന്ത്രി അമിത് ഷാ അടടുത്തിടെ ബംഗാൾ ജനതയോട് അഭ്യർത്ഥിച്ചത്. ബിജെപി അധികാരത്തിലേറിയാൽ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ചതാക്കി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങൾ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനും അവസരം നൽകി. ബിജെപിക്ക് ഒരു അവസരം നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഷാ പറഞ്ഞിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനും കോൺഗ്രസിനും സിപിഎമ്മിനും പിന്നിലായിരുന്നു ബിജെപിയുടെ പ്രകടനം. കേവലം 3 സീറ്റിൽ മാത്രമായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ ആകെ മാറി. 12 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ ഇപ്പോൾ ബിജെപിക്ക് ഉള്ളത്. അംഗങ്ങൾ കൂറുമാറിയതിലൂടെയും വിവിധ ഉപതിരഞ്ഞെടുപ്പുകളിലൂടെയുമാണ് ബിജെപി തങ്ങളുടെ അംഗബലം വർധിപിച്ചത്. നിയമസഭയിലെ ഈ പ്രകടനത്തേക്കാൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നത്. 18 സീറ്റിലായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. 2014 ലെ രണ്ട് സീറ്റിൽ നിന്നും ബിജെപി ഒറ്റയടിക്ക് 16 സീറ്റുകൾ വർധിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.

12 സീറ്റുകൾ നഷ്ടമായ തൃണമൂലിന് 22 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. വോട്ട് വിഹിതത്തിലും തൃണമൂലിന് അരികെ എത്താൻ ബിജെപിക്ക് സാധിച്ചു. മമതയുടെ പാർട്ടിക്ക് 43.69 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ 40.64 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഒറ്റയടിക്ക് വർധിപ്പിച്ചത് 22.25 ശതമാനം വോട്ട്. വോട്ട് വിഹിതത്തിൽ കോൺഗ്രസിനും സിപിഎമ്മിനും തിരിച്ചടി നേരിടേണ്ടി വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 121 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപിക്ക് മേധാവിത്വം ഉള്ളത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും ഇത് യഥാക്രമം 164 ഉം 9 ഉം ആണ്. സിപിഎമ്മിന് ആവട്ടെ ഒരിടത്തും മേൽക്കൈ നേടാൻ ആയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP