Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിനെ അയോഗ്യനാക്കിയതിൽ യുഎസ്സിന് പിന്നാലെ പ്രതികരിച്ച് ജർമ്മനിയും; രൂക്ഷ വിമർശനവുമായി ബിജെപി; രാഹുൽ വിദേശ രാജ്യങ്ങളെ ആഭ്യന്തര വിഷയത്തിൽ ഇടപെടുത്തുന്നുവെന്ന് ആക്ഷേപം; ആക്ഷേപത്തെ തള്ളി കോൺഗ്രസ്സ് നേതൃത്വം രംഗത്ത്; ആരോപണത്തിൽ തെളിവു ഹാജരാക്കാൻ ബിജെപിയെ വെല്ലുവിളിച്ച് നേതാക്കൾ

രാഹുലിനെ അയോഗ്യനാക്കിയതിൽ യുഎസ്സിന് പിന്നാലെ പ്രതികരിച്ച് ജർമ്മനിയും; രൂക്ഷ വിമർശനവുമായി ബിജെപി; രാഹുൽ വിദേശ രാജ്യങ്ങളെ ആഭ്യന്തര വിഷയത്തിൽ ഇടപെടുത്തുന്നുവെന്ന് ആക്ഷേപം; ആക്ഷേപത്തെ തള്ളി കോൺഗ്രസ്സ് നേതൃത്വം രംഗത്ത്; ആരോപണത്തിൽ തെളിവു ഹാജരാക്കാൻ ബിജെപിയെ വെല്ലുവിളിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസിനു പിന്നാലെ ജർമനിയും പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതിൽ രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാക്കൾ രംഗത്ത്.രാഹുൽ ഗാന്ധി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നുവെന്നാണ് വിമർശനം.
കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, അനുരാഗ് ഠാക്കൂർ തുടങ്ങിയവരാണ് രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് വിമർശനമുയർത്തിയത്.

'ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ' ബാധകമാക്കണം' എന്നായിരുന്നു രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് ജർമനി വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന.

'ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുൽ ഗാന്ധിക്കെതിരായ ആദ്യ സന്ദർഭത്തിലെ കോടതി വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതും ജർമൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അറിവിൽ, വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുള്ളത്' വാർത്താസമ്മേളനത്തിനിടെ ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.രാഹുലിനെതിരായ വിധി നിലനിൽക്കുമോ എന്നും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം റദ്ദാക്കിയതിന് അടിസ്ഥാനമുണ്ടോയെന്നും അപ്പീൽ തീരുമാനങ്ങളിൽ വ്യക്തമാകുമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി നേതാക്കളെത്തിയത്.''ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ ക്ഷണിച്ച രാഹുൽ ഗാന്ധിക്ക് നന്ദി. ഓർക്കുക, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ വിദേശ ശക്തികളെ ഉപയോഗിച്ച് സ്വാധീനിക്കാനാകില്ല. ഇന്ത്യ ഒരിക്കലും ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടിൽ അംഗീകരിക്കില്ല. കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര മോദി എന്നാണ്' കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.

 'രാഹുൽ ഗാന്ധിയും കോൺഗ്രസും ഇന്ത്യയുടെ ജനാധിപത്യ, രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾ രാജ്യത്തിനുള്ളിൽ ഒതുക്കി നിർത്തുന്നതിൽ വിശ്വസിക്കുന്നില്ല എന്നത് രാജ്യത്തിനു തന്നെ അപമാനമാണ്. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ തേടുന്നത്. പക്ഷേ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന നവഭാരതം ഇത്തരം വിദേശ ഇടപെടലുകൾ അംഗീകരിക്കില്ല' അനുരാഗ് ഠാക്കൂർ കുറിച്ചു.

 

അതേസമയം രാഹുലിനെതിരെയുള്ള ആരോപണം അസംബന്ധമാണെന്നും വിദേശ ഇടപാടുകൾക്കുള്ള തെളിവ് ബിജെപി നൽകണമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യയിലെ ഭരണത്തെ പറ്റി സൂചിപ്പിക്കുക മാത്രമാണ് രാഹുൽ ചെയ്തതെന്നും വിദേശ സഹായം ആവശ്യപ്പെട്ടതല്ലെന്നും പാർട്ടി അറിയിച്ചു.ഇക്കാര്യത്തിൽ തെളിവു ഹാജരാക്കാനും ബിജെപിയെ വെല്ലുവിളിച്ചു.

ഇത്തരമൊരു ഇടപെടലിനായി രാഹുൽ നീക്കം നടത്തിയതിന്റെ തെളിവു പുറത്തുവിടണമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുക മാത്രമാണ് രാഹുൽ ചെയ്തതെന്നും, അല്ലാതെ വിദേശരാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി.

നേരത്തെ ജർമ്മനിയുടെ ഇടപെടലിൽ നന്ദിയറിയിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് ട്വിറ്ററിൽ കുറിച്ചിരുന്നു. വേട്ടയാടലിലൂടെ ഇന്ത്യയിൽ ജനാധിപത്യം വീട്ടു വീഴ്ച നേരിടുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചതിനു നന്ദിയെന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP