Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

അടക്കിനിർത്താനാകാതെ സംസ്ഥാന നേതാക്കളുടെ നിര; പടലപിണക്കത്തിലും ഉൾപ്പാർട്ടി പോരിലും വലഞ്ഞ് ബിജെപി; പ്രതിസന്ധിക്ക് ആക്കം കൂട്ടി കോവിഡ് വ്യാപനവും; വിവധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രശ്‌നപരിഹാരത്തിന് തലപുകഞ്ഞ് ബിജെപി നേതൃത്വം

അടക്കിനിർത്താനാകാതെ സംസ്ഥാന നേതാക്കളുടെ നിര; പടലപിണക്കത്തിലും ഉൾപ്പാർട്ടി പോരിലും വലഞ്ഞ് ബിജെപി; പ്രതിസന്ധിക്ക് ആക്കം കൂട്ടി കോവിഡ് വ്യാപനവും; വിവധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രശ്‌നപരിഹാരത്തിന് തലപുകഞ്ഞ് ബിജെപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൈയിലുള്ള സംസ്ഥാനങ്ങൾ നഷ്ടപ്പെടുന്നതിനൊപ്പം ബിജെപിക്ക് തലവേദനയായി അഭ്യന്തര കലഹങ്ങൾ.വരുന്ന വർഷം ബിജെപിയുടെ നിയന്ത്രണത്തിലുള്ളതുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉൾപ്പോരുകൾ ബിജെപിക്ക് തലവേദനയാകുന്നത്.ഇതിൽ ഏറ്റവും പ്രതിസന്ധി സംസ്ഥാന നേതാക്കളെ നിലക്ക് നിർത്താനാവാത്തതാണ്. കേരളമുൾപ്പടെ സംസ്ഥാന നേതാക്കളെ എങ്ങിനെ നിയന്ത്രിക്കുമെന്നാണ് ദേശീയ നേതൃത്വം തലപുകയ്ക്കുന്നത്.ഇതിനൊപ്പമാണ് പാർട്ടി ഉൾപ്പോരും പടലപിണക്കവും തിരിച്ചടിയാകുന്നത്.ഏത് ആദ്യം പരിഹരിക്കണം എങ്ങിനെ പരിഹരിക്കണം എന്നൊക്കെയാണ് നേതൃത്വത്തെ വലക്കുന്നത്.

ഇതിനൊപ്പമാണ് കോവിഡിന്റെ മൂന്നാംതരംഗ ഭീഷണി.രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതി തന്നെ ഇപ്പോൾ ആക്ഷേപത്തിനിടയാക്കുന്നുണ്ട്.പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ തുടങ്ങി സഖ്യകക്ഷികൾ വരെ നീളുന്നതാണ് ഇപ്പോൾ ബിജെപിയുടെ തലവേദന.ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ത്രിപുര, രാജസ്ഥാൻ, പുതുച്ചേരി, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പ്രതിസന്ധികൾ ഉള്ളത്.


ഉത്തർപ്രദേശ്

ബിജെപിയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നു യുപി ഭരണം നിലനിർത്തുകയെന്നതാണ്. യോഗി സർക്കാരിനെതിരെ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധമുണ്ട്. ബിജെപിയുടെയും ആർഎസ്എസിന്റെയും ദേശീയ നേതൃത്വം പലവട്ടം വിലയിരുത്തലുകൾ നടത്തിക്കഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും വൈസ് പ്രസിഡന്റ് രാധാമോഹൻ സിങ്ങും ചർച്ചകൾക്കായി നാളെ വീണ്ടും ലക്‌നൗവിലെത്തും. അടുത്ത ഘട്ടം ആർഎസ്എസ് നേതൃയോഗം ജൂലൈ 9ന് ചിത്രകൂടിൽ നടക്കും.


ഉത്തരാഖണ്ഡ്

യുപിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തരാഖണ്ഡിൽ ഏതാനും മാസം മുൻപാണ് ത്രിവേന്ദസിങ് റാവത്തിനെ മാറ്റി തീരഥ് സിങ് റാവത്തിനെ മുഖ്യമന്ത്രിയാക്കിയത്. കോവിഡ് പാളിച്ചകൾക്കെതിരെ പാർട്ടിയിൽ അസ്വസ്ഥതകളുണ്ട്. ഠാക്കൂർ പ്രാമുഖ്യം ബ്രാഹ്‌മണ സമുദായത്തിലുണ്ടാക്കിയ അതൃപ്തിയും പാർട്ടിക്കു നേരിടേണ്ടി വരും.

ഗുജറാത്ത്

മോദിയുടെ തട്ടകമായ ഗുജറാത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ആർ. പാട്ടീലും മുഖ്യമന്ത്രി വിജയ് രൂപാണിയും തമ്മിലുള്ള തർക്കമാണു പ്രശ്‌നം. കോവിഡ് കൈകാര്യം ചെയ്തതാണ് ഇവിടെയും പ്രശ്‌നത്തിന്റെ കാതൽ. ആം ആദ്മി പാർട്ടി ഗുജറാത്തിൽ കാലുറപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. തകർന്നടിഞ്ഞ കോൺഗ്രസിനെ വിട്ട് ജനങ്ങൾ ബദലിനായി ആം ആദ്മിയെ പിടിക്കുമോ എന്ന ആശങ്ക ചെറുതല്ല.

ത്രിപുര

ബംഗാളിൽ തൃണമൂൽ വിട്ടുവന്ന മുകുൾ റോയ് തിരിച്ചു പോയതിന്റെ ബാക്കിയാണ് ത്രിപുരയിൽ നടക്കുന്നത്. മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിൽ ബിജെപിയിലേക്കു വന്ന 6 പേരും പിന്നെ ബിപ്ലവ്കുമാർ ദേവിനോട് എതിർപ്പുള്ളവരും ചേർന്നു മന്ത്രിസഭയെ മറിച്ചിടുന്നതിന്റെ വക്കിലാണു കാര്യങ്ങൾ.


കർണാടക

യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ബിജെപി നേതാക്കളും മന്ത്രിമാരടക്കമുള്ളവരും ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അദ്ദേഹത്തെ കൈവിടാൻ ദേശീയ നേതൃത്വത്തിനു മനസ്സില്ല. മുഖ്യമന്ത്രിയുടെ മകൻ വിജയേന്ദ്ര ഭരണത്തിലും പാർട്ടിയിലും കൈ കടത്തുന്നതിനെതിരെയും പരാതികളുണ്ട്.

രാജസ്ഥാൻ

മുന്മുഖ്യമന്ത്രി വസുന്ധര രാജെയും ദേശീയ നേതൃത്വവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണു മുഖ്യവിഷയം. സച്ചിൻ പൈലറ്റിനെ ആകർഷിക്കാനും അശോക് ഗെലോട്ടിനെ വീഴ്‌ത്താനുമുള്ള പദ്ധതിപോലും പാളിപ്പോയത് അതിലാണ്. കോൺഗ്രസ് സർക്കാരിനെതിരെ നടത്തിയ സമരപരിപാടികളിൽ പങ്കെടുക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് വസുന്ധരയും അനുയായികളും.

പുതുച്ചേരി, ബിഹാർ

സഖ്യകക്ഷികളുടെ നിലപാടാണു രണ്ടിടത്തും പ്രശ്‌നം. ബിഹാറിൽ നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിലുള്ള പോര് പുതിയ തലങ്ങളിലാണ്. മോദിയോടു വിശ്വസ്തത പ്രഖ്യാപിച്ച ചിരാഗിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ്. പുതുച്ചേരിയിൽ രംഗസ്വാമിയുടെ കടുംപിടിത്തം കാരണം ബിജെപി വിചാരിച്ചതൊന്നും നടന്നിട്ടില്ല.

 

അതേസമയം യുപിയിലെ മന്ത്രിസഭാ വികസന ചർച്ചകളിലെ കേന്ദ്രബിന്ദുവായിരുന്ന എംഎൽസി എ.കെ. ശർമയെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. ഇതോടെ, മന്ത്രിസഭാ വികസനം തൽക്കാലം നടക്കാൻ ഇടയില്ലെന്നാണു സൂചന. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശർമ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ്.മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറിയായിരുന്ന ശർമയാണ് 'വൈബ്രന്റ് ഗുജറാത്ത്' പ്രചാരണത്തിനു ചുക്കാൻ പിടിച്ചത്. ശർമയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യത്തോട് യോഗിക്കു താൽപര്യമില്ലായിരുന്നെന്നു സൂചനയുണ്ടായിരുന്നു.

യുപി സർക്കാരിനെതിരെ പാർട്ടിയിലുയർന്ന അസ്വസ്ഥതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും വൈസ് പ്രസിഡന്റ് രാധാമോഹൻ സിങ്ങും നാളെ യുപിയിലെത്തുന്നതിനു മുൻപാണു ശർമയ്ക്കു പാർട്ടി സ്ഥാനം നൽകിയത്. അർച്ചന മിശ്ര, അമിത് വാല്മീകി എന്നിവരെ സെക്രട്ടറിമാരായും നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP