Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാക്കിസ്ഥാന്റെ സൃഷ്ടിക്കായി ജിന്നായുടെ ആവശ്യങ്ങൾക്ക് നെഹ്‌റു പൂർണമായി വഴങ്ങി കൊടുത്തു; ഇന്ത്യ-പാക് വിഭജനത്തിൽ നെഹ്‌റുവിനെ പഴി ചാരി ബിജെപിയുടെ വീഡിയോ; പ്രത്യേക മുസ്ലിം രാഷ്ട്രത്തിന് വേണ്ടി മുസ്ലിം ലീഗിനെ കമ്യൂണിസ്റ്റ് നേതാക്കൾ പിന്തുണച്ചുവെന്നും വിമർശനം; ആധുനിക ജിന്നമാരുടെയും സവർക്കർമാരുടെയും ലക്ഷ്യം വിഭജനമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

പാക്കിസ്ഥാന്റെ സൃഷ്ടിക്കായി ജിന്നായുടെ ആവശ്യങ്ങൾക്ക് നെഹ്‌റു പൂർണമായി വഴങ്ങി കൊടുത്തു; ഇന്ത്യ-പാക് വിഭജനത്തിൽ നെഹ്‌റുവിനെ പഴി ചാരി ബിജെപിയുടെ വീഡിയോ; പ്രത്യേക മുസ്ലിം രാഷ്ട്രത്തിന് വേണ്ടി മുസ്ലിം ലീഗിനെ കമ്യൂണിസ്റ്റ് നേതാക്കൾ പിന്തുണച്ചുവെന്നും വിമർശനം; ആധുനിക ജിന്നമാരുടെയും സവർക്കർമാരുടെയും ലക്ഷ്യം വിഭജനമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഓഗസ്റ്റ് 14 'വിഭജന ഭീകരതയുടെ ഓർമദിനം' ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച കോൺഗ്രസിനെ ലക്ഷ്യമാക്കി, വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന വീഡിയോ ബിജെപി പുറത്തിറക്കി. ആർക്കൈവ്‌സിലെ ദൃശ്യങ്ങൾ, സംഗീതത്തിന്റെ അകമ്പടിയോടെ, നന്നായി എഡിറ്റ് ചെയതാണ് ഏഴ് മിനിറ്റ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സൃഷ്ടിക്കായി മുഹമ്മദ് അലി ജിന്നായുടെ ആവശ്യങ്ങൾക്ക് ജവഹർലാൽ നെഹ്‌റു വഴങ്ങി കൊടുത്തെന്ന് വീഡിയോയിൽ പഴിക്കുന്നു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയ ഇത്തരത്തിൽ ഒരു ദിവസം ആചരിക്കുന്നതിലൂടെ ചരിത്രസംഭവത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാർത്ഥ ഉദ്ദേശമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. അന്ന് നടന്നതു പോലെ ആധുനിക കാലത്തും ജിന്നമാരും സവർക്കർമാരുമുണ്ട്. അവർ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിനെയും ബംഗാളിനെയും രണ്ടായി പകുത്ത സിറിൽ ജോൺ റാഡ്ക്ലിഫിനെ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത വ്യക്തി വെറും ആഴ്ചകൾ കൊണ്ട് ഇന്ത്യയെ വിഭജിക്കുന്നത് എങ്ങനെ അനുവദിച്ചുകൊടുത്തെന്നും വീഡിയോയിൽ ചോദിക്കുന്നു. വിഭജനത്തിന്റെ ഭീകരതകൾ വിവരിക്കുമ്പോൾ ഉടനീളം നെഹ്‌റുവിനെ പഴിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ഈ വിഭജന ശക്തികളെ ചെറുക്കാൻ ഉത്തരവാദിത്വമുണ്ടായിരുന്നവർ അന്ന് എവിടെ ആയിരുന്നു എന്നും വീഡിയോയ്ക്ക് ഒപ്പം ബിജെപി ട്വീറ്റ് ചെയ്തു.

അതേസമയം, ജയ്‌റാം രമേശ് ബിജെപിയുടെ പാഠഭേദത്തിന് മറുപടി പറയാനാണ് ശ്രമിച്ചത്. വിഭജന ദുരന്തം, വെറുപ്പും മുൻവിധിയും ആളിക്കത്തിക്കാൻ ദുരുപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സത്യമെന്തെന്നാൽ, സവർക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വച്ചത്. ജിന്ന അത് പരിഷ്‌കരിച്ചെടുത്തു. സർദാർ പട്ടേലിന്റെ വരികളും ജയ്‌റാം രമേശ് ഉദ്ധരിച്ചു. 'നമ്മൾ വിഭജനത്തെ അംഗീകരിച്ചില്ലെങ്കിൽ, ഇന്ത്യ തുണ്ടം തുണ്ടമായി ചിതറി പോവുകയും, പൂർണമായി നശിക്കുകയും ചെയ്യുമെന്നാണ് 'പട്ടേൽ എഴുതിയത്. ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജി, ശരത് ചന്ദ്ര ബോസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബംഗാൾ വിഭജനത്തെ മുന്നോട്ട് വച്ചത് പ്രധാനമന്ത്രി ഓർത്തെടുക്കുമോ എന്നും രമേശ് ചോദിച്ചു.

ബിജെപി വീഡിയോയിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകളെയും വിഭജനത്തിന്റെ പേരിൽ പഴിക്കുന്നുണ്ട്. പ്രത്യേക മുസ്ലിം രാഷ്ട്രത്തിന് വേണ്ടിയുള്ള ആവശ്യത്തിൽ മുസ്ലിം ലീഗിനെ കമ്യൂണിസ്റ്റ് നേതാക്കൾ പിന്തുണച്ചുവെന്നും വീഡിയോയിൽ കുറ്റപ്പെടുത്തുന്നു. വീഡിയോയുടെ ഭൂരിഭാഗവും നിറച്ചിരിക്കുന്നത് നെഹ്‌റുവിന്റെയും ജിന്നയുടെയും ദൃശ്യങ്ങൾ കൊണ്ടുതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP