Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

നിതീഷ് കുമാറിന് ഊർജ്ജമേകാൻ നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ന് ബീഹാറിൽ; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാൻ സംഘടിപ്പിക്കുന്നത് വൻ റാലികൾ; എൻഡിഎ പ്രതീക്ഷ വെക്കുന്നതും പ്രധാനമന്ത്രിയുടെ ജനകീയതയിൽ തന്നെ

നിതീഷ് കുമാറിന് ഊർജ്ജമേകാൻ നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ന് ബീഹാറിൽ; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാൻ സംഘടിപ്പിക്കുന്നത് വൻ റാലികൾ; എൻഡിഎ പ്രതീക്ഷ വെക്കുന്നതും പ്രധാനമന്ത്രിയുടെ ജനകീയതയിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

പാട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ‌ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കളത്തിലിറങ്ങുന്നു. പ്രതിപക്ഷ മഹാസഖ്യം ജനകീയ വാ​ഗ്ദാനങ്ങളും 15വർഷത്തെ സംസ്ഥാനത്തിന്റെ പിന്നോട്ടടിയുടെ കണക്കുമായി കളം നിറഞ്ഞ് നിൽക്കുമ്പോൾ അമ്പരന്ന് പോയ നീതീഷ് കുമാറിന് സാരോപ​​ദേശം നൽകി യുദ്ധസജ്ജനാക്കുക എന്നത് തന്നെയാകും മോദിയുടെ ബീഹാറിലെ ആദ്യ ചുമതല. ആർജെഡി നേതാവും പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് തന്നെയാണ് ഇപ്പോൾ ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അ‍ജണ്ട നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചും ജനകീയ പദ്ധതികൾ പ്രഖ്യാപിച്ചും പ്രചാരണത്തിൽ ഏറെ മുന്നിലാണ് തേജസ്വി. വൻ ജനപങ്കാളിത്തത്തോടെ തേജസ്വി നടത്തുന്ന തെരഞ്ഞെടുപ്പ് റാലികൾ നിതീഷിന്റെ ഉറക്കം കെടുത്തുമ്പോഴാണ് ഇന്ന് മോദി ബീഹാറിന്റെ മണ്ണിനെ കാവിയണിയിക്കാനായി രം​ഗത്തെത്തുന്നത്.

സസാറാം, ഗയ, ഭാഗൽപുർ എന്നിവിടങ്ങളിലാണു ഇന്നു മോദിയുടെ റാലികൾ. ഇന്നത്തെ റാലികൾക്കു ശേഷം ബിഹാറിൽ ആദ്യ രണ്ടു ഘട്ട തിരഞ്ഞെടുപ്പുകൾ നടക്കുന്ന 28, നവംബർ 3 തീയതികളിലും മോദിയുടെ റാലികളുണ്ട്. ഫലത്തിൽ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ ടിവി ചാനലുകളിൽ മോദി റാലിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.

തേജസ്വിയുടെ തേജസിന് മുന്നിൽ പതറി നിതീഷ്കുമാർ

തുടർച്ചയായ 15 വർഷം കൊണ്ടുള്ള ഭരണത്തിനെതിരായ വികാരവും ചെറുപ്പക്കാരെ ആകർഷിക്കുന്ന തേജസ്വി യാദവിന്റെ പ്രസരിപ്പും തന്നെയാണ് നിതീഷിനെ ഭയപ്പെടുത്തുന്നത്. ബീഹാറിനെ നയിക്കാനുള്ള ശാരീരികവും മാനസികവുമായ ആരോ​ഗ്യം നിതീഷ് കുമാറിനില്ലെന്ന് തേജസ്വി യാദവ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സകല മേഖലയിലും കഴിഞ്ഞ 15 വർഷം കൊണ്ട് പിന്നോട്ട് പോക്ക് മാത്രമാണെന്നും എന്തടിസ്ഥാനത്തിലാണ് നിതീഷ് ജനങ്ങളോട് വോട്ട് ചോ​ദിക്കുന്നതെന്നും തേജസ്വി ചോ​ദിച്ചു. സംസ്ഥാനത്ത് ​ദുരന്തമുഖങ്ങളിലൊന്നും ജനങ്ങൾക്ക് ആശ്വാസമായി മുഖ്യമന്ത്രി എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിതീഷ് കുമാർ തളർന്നിരിക്കുകയാണ്. സംസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ശാരീരികമായും മാനസികമായും സംസ്ഥാനത്തെ നയിക്കുന്നതിൽ അ​ദ്ദേഹം ക്ഷീണിതനാണ്. തേജസ്വി യാദവ് കുറ്റപ്പെടുത്തി. ബീഹാറിൽ ഒരു ദുരന്തമുണ്ടായപ്പോൾ അദ്ദേഹം എവിടെയായിരുന്നു എന്നും എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോ​ദിക്കുന്നതെന്നും എല്ലാവരും ചോദിക്കുന്നു. കഴിഞ്ഞ 15 വർഷമായി ഇവിടെ തൊഴിലവസരങ്ങളൊന്നും എത്തിയിട്ടില്ല. വ്യവസായം സ്ഥാപിച്ചിട്ടില്ല. ദാരിദ്ര്യത്തിന് കുറവില്ല. കുടിയേറ്റം വർദ്ധിച്ചിരിക്കുകയാണ്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 50 ആക്കിയ വിജ്ഞാപനം തങ്ങൾ അധികാരത്തിൽ എത്തിയാൽ റദ്ദാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.

നേരത്തേ, നിതീഷ് കുമാറിനെ പരസ്യ സംവാ​ദത്തിന് ക്ഷണിച്ച് തേജസ്വി യാദവ് രം​ഗത്തെത്തിയിരുന്നു. ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ആരംഭിക്കാൻ താൻ ആ​ഗ്രഹിക്കുന്നു എന്നും കഴിഞ്ഞ 15 വർഷത്തെ ബീഹാറിന്റെ വികസനത്തെ കുറിച്ച് പരസ്യ സംവാ​ദത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറാകണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. അധികാരത്തിലിരുന്ന 15 വർഷത്തിനിടയിൽ ജെ.ഡി.യു സർക്കാർ അവകാശപ്പെടുന്ന ഏതൊരു നേട്ടത്തെ കുറിച്ചും തുറന്ന ചർച്ചയ്ക്ക് നിതീഷ് കുമാർ തയ്യാറാകണമെന്നാണ് തേജസ്വിയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്യ സംവാദമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ, സർക്കാരിന്റെ പ്രവർത്തനം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വോട്ടു ചെയ്താൽ മതിയെന്ന അഹംഭാവ പൂർണമായ പ്രസംഗശൈലിയിൽ നിതീഷും മാറ്റം വരുത്തി. ലാലുവിന്റെ ജംഗിൾ രാജിനെ ഓർമിപ്പിച്ചും തന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണു നിതീഷ് ഇപ്പോൾ വോട്ടു തേടുന്നത്.

താരതമ്യം ചെയ്യുന്നത് കേരളത്തോടും ഡൽഹിയോടും

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന ബീഹാറികളാണ് ഇന്ന് നിതീഷ് വിരുദ്ധ പ്രചാരകരുടെ റോളിലുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ വികസനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബീഹാറിൽ വികസനമേ ഇല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കിട്ടുന്ന പരി​ഗണന പോലും ബീഹാറിൽ സ്വന്തം നാട്ടുകാർക്ക് കിട്ടുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിതീഷ് അവകാശപ്പെടുന്ന വികസനം ഒന്നുമല്ലെന്നു ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിക്കുന്നതു ഡൽഹിയിലും മുംബൈയിലും കേരളത്തിലും നിന്നു തിരിച്ചെത്തിയ തൊഴിലാളികളാണെന്നും എൻഡിഎ പ്രവർത്തകരും തിരിച്ചറിയുന്നുണ്ട്. ഡൽഹിയിൽ ആംആദ്മി സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ പദ്ധതികളുമായി ഇവർ നിതീഷിന്റെ നേട്ടങ്ങളെ താരതമ്യം ചെയ്യുന്നു. ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെയും മൊഹല്ല ക്ലിനിക്കുകളിലെയും ആധുനിക സൗകര്യങ്ങളാണ് യഥാർഥ വികസനമെന്നു മടങ്ങിയെത്തിയ തൊഴിലാളികൾ ബോധവൽകരിക്കുന്നതാണ് നിതീഷിന്റെ സദ്ഭരണ അവകാശവാദങ്ങൾ പൊളിക്കുന്നത്.

കോവിഡ് ലോക്ഡൗൺ കാലത്തു നാട്ടിലേക്കു തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളാണ് ഭരണവിരുദ്ധ വികാരത്തിന്റെ ഉറവിടമെന്നും എൻഡിഎ തിരിച്ചറിയുന്നു. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ കാൽനടയായി തിരിച്ചെത്തിയ തൊഴിലാളികളെ സംസ്ഥാന അതിർത്തിയിൽ അടിച്ചോടിച്ച ബിഹാർ പൊലീസ് നടപടിയാണു നിതീഷിനു വിനയാകുന്നത്. ലോക്ഡൗൺ കാലത്ത് തൊഴിലുകൾ തടഞ്ഞ പൊലീസ്‍ രാജ് ഗ്രാമമേഖലകളിൽ സർക്കാരിനോടു കടുത്ത അമർഷമുളവാക്കിയിരുന്നു. റാലികളിൽ ആ സമയത്തെ പീഡനങ്ങൾ എണ്ണിപ്പറഞ്ഞു ജനരോഷം പരമാവധി ഇളക്കിവിടാനാണു തേജസ്വി യാദവിന്റെ ശ്രമം.

ലക്ഷ്യം മോദി തരം​ഗം

നിതീഷ് കുമാറിനോടുള്ള ബീഹാറികളുടെ മമത കുറഞ്ഞെങ്കിലും ഇന്നും ബീഹാറിൽ മോദി തന്നെയാണ് താരം. തീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു. ആ കച്ചിത്തുരുമ്പിൽ പിടിച്ച് കയറി തരം​ഗമുണ്ടാക്കി അധികാരം നിലനിർത്താനുള്ള സാധ്യതകളാണ് എൻഡിഎ തേടുന്നത്. അതുകൊണ്ട് തന്നെ മോദിയുടെ റാലികൾ ബീഹാറിലെ ഭരണകക്ഷിയെ സംബന്ധിച്ച് നിർണായകമാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ബീഹാറിൽ ഭരണം എൻഡിഎ നിലനിർത്തും എന്നാണ് പുറത്ത് വരുന്ന അഭിപ്രായ സർവെ ഫലം. ലോക്‌നീതി- സിഎസ്ഡിഎസ് അഭിപ്രായ സർവെയിലാണ് ​ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നത്. ജെഡിയു- ബിജെപി സഖ്യം 133 മുതൽ 144 വരെ സീറ്റുകൾ നേടും എന്നാണ് സർവെ പറയുന്നത്. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സർവെ പ്രവചിക്കുന്നു.

പ്രതിപക്ഷ മഹാസഖ്യത്തിന് 88 മുതൽ 98 വരെ സീറ്റുകൾ ലഭിക്കും. എൽജെപിക്ക് രണ്ടുമുതൽ ആറ് സീറ്റുകളും മറ്റുള്ളവർക്ക് 6 സീറ്റുകൾ വരെ ലഭിക്കാമെന്നും അഭിപ്രായ സർവെ പറയുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെത് സംതൃപ്തി നൽകുന്നുവെന്ന് 52 ശതമാനം പേർ പറയുന്നു. മോദി സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ പിന്തുണച്ചവർ 61 ശതമാനം പേരാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേർ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേർ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്റെ ജനപിന്തുണ കുറയുന്നു എന്നാണ് സർവ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേർ പിന്തുണക്കുന്നതായും പറയുന്നു.

ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP