Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിക്കുന്നു; മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമം; ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കും; ബിജെപിയെ ഉന്നമിട്ട് സോണിയ

രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിക്കുന്നു; മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമം; ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കും; ബിജെപിയെ ഉന്നമിട്ട് സോണിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണ്ണാടകത്തിലെ ബിജെപി സർക്കാർ നെഹ്രുവിനെ ഒഴിവാക്കി സ്വാതന്ത്ര്യ സമര സേനാനികളുടെ പരസ്യം നൽകിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് മറുപടിയുമായി കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ നെഹ്രുവിനെ ഉൾപ്പെടുത്തി പരസ്യം നൽകുകയും ചെയ്തു. ഇതിനിടെ ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി.

രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും കഴിഞ്ഞ 75 വർഷമായി രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവൽക്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാർഥസർക്കാരിന്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ സോണിയ വ്യക്തമാക്കി.

'രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.' സോണിയ ആരോപിച്ചു.

പ്രത്യേകം പരാമർശിച്ചില്ലെങ്കിലും, ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചു ബിജെപിയുടെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച വിഡിയോകളെ ലക്ഷ്യമിട്ടായിരുന്നു സോണിയയുടെ പ്രസ്താവന. 'വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു?' എന്ന തലക്കെട്ടിലായിരുന്നു നെഹ്റുവിന്റെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബിജെപി വിഡിയോ. ഇതിനെതിരെ കഴിഞ്ഞദിവസം തന്നെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മുഹമ്മദലി ജിന്ന പരിപൂർണമാക്കിയ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് ജന്മം നൽകിയത് ഹിന്ദുത്വ സൈദ്ധാന്തികനായ വീർ സവർക്കറാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങളെയും തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ സോണിയ എടുത്തുപറഞ്ഞു. ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ സ്ഥാനം വളരെ വലുതാണ്. ദീർഘവീക്ഷണമുള്ള നേതാക്കളുടെ നേതൃത്വത്തിൽ, ഇന്ത്യ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം സ്ഥാപിച്ചു. അതു ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയെന്നും സോണിയ ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുതിർന്ന നേതാവും പ്രവർത്തക സമിതിയംഗവുമായ അംബികാ സോണി ദേശീയപതാക ഉയർത്തി. രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. ആസാദി ഗൗരവ് യാത്രയുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്തുനിന്നും ഗാന്ധിസ്മൃതിവരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.

ഹർ ഘർ തിരംഗ ക്യാമ്പെയിനിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെ ഒഴിവാക്കിയതിന് മറുപടിയുമായി കോൺഗ്രസ് രംഗത്തത്തിയരുന്നു. രാജസ്ഥാനിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സ്വാതന്ത്ര്യദിനാഘോഷം നേരുന്ന പോസ്റ്ററിൽ നെഹ്റുവിന്റെ ചിത്രം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ ലാഹോർ സെഷനിൽ വെച്ച് ത്രിവർണപതാക കയ്യിൽ പിടിച്ചുനിൽക്കുന്ന ജവഹർ ലാൽ നെഹ്റുവിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രൊഫൈൽ പിക്ചറുകൾ മാറ്റി ത്രിവർണ പതാകയാക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനം വന്നപ്പോൾ നെഹ്റുവിന്റെ ഇതേ ചിത്രമാണ് കോൺഗ്രസ് പ്രവർത്തകർ പ്രൊഫൈൽ പിക്ചറാക്കിയത്. കേരളത്തിൽ നിന്നാണ് ഇത്തരത്തിൽ ഒരു ക്യാമ്പെയിൻ ആരംഭിച്ചത്.'ഇപ്പോൾ ത്രിവർണ പതാക ഉയർത്തിയിട്ടുണ്ട്, അതിനെ താഴാൻ അനുവദിക്കരുത്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.ഇതിന് പിന്നാലെയാണ് നെഹ്റുവിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.ചിത്രത്തിനൊപ്പം നെഹ്റു പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സുപ്രധാന പദ്ധതികളെയും, മുന്നേറ്റങ്ങളെയും പോസ്റ്ററിൽ പരാമർശിക്കുന്നുണ്ട്.

നെഹ്റു മുന്നോട്ടുവെച്ച എയിംസ്, ബാബാ അറ്റോമിക് റിസർച്ച് സെന്റർ, അപ്സര നൂക്ലിയർ റിയാക്ടർ, ഒഎൻജിസി, ഐഐടി, ഐഐഎം, ഭക്ര നൻഗൾ ഡാം, ഐഎസ്ആർഒ തുടങ്ങിയ പദ്ധതികളാണ് പരാമർശിച്ചിരിക്കുന്നത്.എല്ലാ മതത്തേയും, ജാതിയേയും, വർണത്തേയും, ലിംഗത്തേയും ബഹുമാനിക്കുന്ന വൈവിധ്യങ്ങളുടേയും സാമൂഹിക ഐക്യത്തിന്റേയും പ്രതീകമാണ് ത്രിവർണ പതാകയെന്ന അശോക് ഗെലോട്ടിന്റെ കുറിപ്പും പോസ്റ്ററിൽ കാണാം.

ഓരോ ഇന്ത്യക്കാരന്റേയും സ്വത്വം അതായിരിക്കണം. 75 വർഷങ്ങൾക്കിടെ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ഇതുവരെ ഞങ്ങൾ ആ മൂല്യങ്ങൾ ഇല്ലാതാക്കിയിട്ടില്ല. അതിന്റെ ശരിയായ മൂല്യങ്ങളോടു കൂടിതന്നെ ത്രിവർണ പതാകയുടെ ആശയങ്ങളിലേക്ക് സംഭാവന ചെയ്യാൻ സാധിക്കണം.ത്രിവർണ പതാകയുടെ സ്വത്വം കൃത്യമായി മനസിലാക്കണമെന്നും അശോക് ഗെലോട്ട് സർക്കാർ പറയുന്നു.

ഘർ ഘർ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി കർണാടക സർക്കാർ പുറത്തിറക്കിയ പരസ്യത്തിൽ നിന്നും നെഹ്റുവിനെ പുറത്താക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഉയർന്നത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ പരസ്യത്തിൽ ഉൾപ്പെടുത്താതിരിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പരാമർശങ്ങളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP