Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കുന്ന പ്രഖ്യാപനവുമായി ചന്ദ്രശേഖർ ആസാദ്; ദളിത് - മുസ്ലിം ഐക്യത്തിന്റെ ബലത്തിൽ ഭീം ആർമി രാഷ്ട്രീയ പാർട്ടിയായി മാറുക മാർച്ച് 15ന്; ബിജെപിയും ബിഎസ്‌പിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നെഞ്ചിടിപ്പ് ഏറുന്നത് ഭീം ആർമി നേതാവിന്റെ ജനകീയത കണ്ട്

ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കുന്ന പ്രഖ്യാപനവുമായി ചന്ദ്രശേഖർ ആസാദ്; ദളിത് - മുസ്ലിം ഐക്യത്തിന്റെ ബലത്തിൽ ഭീം ആർമി രാഷ്ട്രീയ പാർട്ടിയായി മാറുക മാർച്ച് 15ന്; ബിജെപിയും ബിഎസ്‌പിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ എല്ലാം നെഞ്ചിടിപ്പ് ഏറുന്നത് ഭീം ആർമി നേതാവിന്റെ ജനകീയത കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നു. ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ഭീം ആർമിയാണ് രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടുക. ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനുമായി രൂപീകരിച്ച സംഘടനയാണ് ഭീം ആർമി. ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനമായ മാർച്ച് 15ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ആഗ്രയിൽ നടന്ന യോഗത്തിലാണ് ആസാദ് പാർട്ടി പ്രഖ്യാപന സൂചന നൽകിയത്.

2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടി മത്സരിക്കും. ദളിത് വിഭാഗത്തിനൊപ്പം യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖർ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ പ്രധാനം-ചന്ദ്രശേഖർ ആസാദ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങൾ നിർബന്ധിക്കുകയായരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതോടെ മായാവതിയുടെ ബിഎസ്‌പി അങ്കലാപ്പിലായി. മുൻ എംഎൽഎമാരും എംപിമാരുമടക്കമുള്ള ബിഎസ്‌പി നേതാക്കൾ ഭീം ആർമി പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻ ബിഎസ്‌പി നേതാക്കളുമായി ആസാദ് കൂട്ടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. യോഗത്തിൽ മായാവതിയെ ആസാദ് രൂക്ഷമായി വിമർശിച്ചു. ഒരുകാലത്ത് കിരീടം വെക്കാത്ത ദലിത് നേതാവായിരുന്നു മായാവതി. എന്നാൽ, പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹത്താൽ അവർ ശത്രുക്കളുമായി കൂട്ടുകൂടി. സ്വാധീനം കുറയുന്നതിനാൽ സഹായികളെല്ലാം മായാവതിയെ ഉപേക്ഷിക്കുകയാണെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.

ഒബിസി വിഭാഗവും ദളിതുകളുമാണ് ബിജെപിയെ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലേക്ക് നയിച്ചത്. എന്നാൽ ഇവർ ഇപ്പോൾ ആസാദിനൊപ്പമാണ്. അദ്ദേഹം ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്നതും ഗുണകരമാണ്. ഇതെല്ലാം ബിജെപിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ആസാദിന്റെ ദളിത്- മുസ്ലിം ഐക്യത്തെ നേരിടാൻ മികച്ച ഭരണമുണ്ടെങ്കിൽ മാത്രമേ യോഗിക്ക് സാധിക്കൂ.

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചേദനം. നാല് വർഷങ്ങൾക്കിപ്പുറം കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ആസാദും ഭീം ആർമിയും.

കഴിഞ്ഞ മൂന്ന് വർഷമായി ദളിത് യുവത്വത്തിന്റെ മുഖമാണ് ചന്ദ്രശേഖർ ആസാദ്. മനുഷ്യാവകാശലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പൊതുധാരയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ആസാദിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പുതുചരിത്രം നമ്മൾ ഒന്നിച്ചെഴുതുമെന്ന് ആസാദ് പ്രഖ്യാപിക്കുമ്പോൾ ലക്ഷക്കണക്കിന് വരുന്ന ദളിത് യുവത്വം അത് ഏറ്റ് പറയുന്നുണ്ട്.താനുൾപ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ.

കോളേജിൽ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകൾക്കും വേണ്ടി ദളിത് യുവാക്കൾ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആർമി. എഎച്ച്പി കോളേജിലെ ഠാക്കൂർ വിദ്യാർത്ഥികൾ കുടിവെള്ളത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചതാണ് ഭീം ആർമിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂർ വിദ്യാർത്ഥികൾ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാർത്ഥികൾ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയിൽ ഠാക്കൂർ വിദ്യാർത്ഥികൾ ഇരിക്കുന്ന ബെഞ്ചുകൾ തുടയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്.

2017ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെത്തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടക്കേണ്ടി വന്നു. ജയിൽവാസം ആസാദിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ ആസാദ് കൂടുതൽ ജനകീയനായി.

1986 നവംബർ ആറിന് ചുട്ട്മാൽപ്പൂരിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ ജനനം. ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച ഗോവർധൻ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്. ലഖ്നൗ സർവ്വകലാശാലയിൽ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു ആസാദ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഘടനയിലെ സവർണമേൽക്കോയ്മയും ജാതീയമായ അടിച്ചമർത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നു. നിയമപഠനത്തിൽ ഉന്നതപഠനത്തിനായി ആറുവർഷം മുമ്പ് അമേരിക്കയിൽ പോവേണ്ട ആളായിരുന്നു ആസാദ് എന്ന് മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അസുഖബാധിതനായ പിതാവിനെ വിട്ടുപോവാനുള്ള മടി കൊണ്ട് പഠനം വേണ്ടെന്ന് വയ്ക്കുകയായിരുന്നത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP