Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വീണ്ടും ജം​ഗിൾരാജ് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി; ട്വിറ്ററിൽ ട്രെൻഡിങ്ങായി വോട്ട് ഫോർ തേജസ്വി ഹാഷ് ടാഗും; ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ബീഹാറിൽ നടക്കുന്നത് വാശിയേറിയ പോരാട്ടം

വീണ്ടും ജം​ഗിൾരാജ് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി; ട്വിറ്ററിൽ ട്രെൻഡിങ്ങായി വോട്ട് ഫോർ തേജസ്വി ഹാഷ് ടാഗും; ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ബീഹാറിൽ നടക്കുന്നത് വാശിയേറിയ പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ബീഹാറിൽ വീണ്ടും ജം​ഗിൾരാജ് കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നവരെ സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോ​ഗമിക്കവെയാണ് മോദി ആർജെഡി നേതൃത്വം നൽകുന്ന പ്രതിപക്ഷ മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദർബംഗയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വർഷങ്ങൾക്ക് മുൻപ് വരെ ബിഹാറിൽ യാതൊരുവിധ നിയമങ്ങളും ഇല്ലാത്ത സ്ഥിതിവിശേഷമായിരുന്നു. അത് വീണ്ടും തിരിച്ചുകൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'സംസ്ഥാനത്ത് വീണ്ടും ജംഗിൾരാജ് ഭരണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ പരാജയപ്പെടുത്തുമെന്ന് ജനങ്ങൾ തീരുമാനിക്കണം.ബിഹാറിലെ കൊള്ളയടിച്ചവരാണ് അവർ. ഇവരുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ കുറ്റകൃത്യങ്ങൾ യഥേഷ്ടമായിരുന്നു.'- മോദി വിമർശിച്ചു. ''അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചുവരികയാണ്. ഒരുകാലത്ത് ഭരണത്തിൽ ഇരുന്നവർ എന്നാണ് ക്ഷേത്രം പണിയുന്നത് എന്ന് ആവർത്തിച്ച് ചോദിച്ചിരുന്നു. ഇപ്പോൾ ഞങ്ങളെ പ്രകീർത്തിക്കാൻ അവർ നിർബന്ധിതരായി . ഇതാണ് മറ്റുള്ളവരിൽ നിന്ന് ബിജെപിയെ വ്യത്യസ്തമാക്കുന്നത്'- മോദി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ വോട്ട് ഫോർ തേജസ്വി ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആർ.ജെ.ഡിയും, കോൺഗ്രസും ഇടതു പാർട്ടികളും ഉൾപ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ആർ.ജെ.ഡിയുടെ തേജസ്വി യാദവ്. തൊഴിലുകൾക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളർച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററിൽ നിന്നുയരുന്നു ആവശ്യം.

16 ജില്ലകളിലായി 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് ആരംഭിച്ചത്. കോവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പോളിങ് ആണ് ബീഹാറിലേത്. മൊത്തം 1,066 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്, 31,371 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2,14,84,787 വോട്ടർമാർ ആണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1,13,51,754 പേർ പുരുഷന്മാരും 1,01,32,434 പേർ സ്ത്രീകളും 599 പേർ ട്രാൻസ്ജെന്റേഴ്സുമാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ചെറിയ നിയോജകമണ്ഡലം ഷെയ്ഖ്പുര ജില്ലയിലെ ബാർബിഗയാണ്. ഏറ്റവും വലുത് നവഡ ജില്ലയിലെ ഹിസുവയുമാണ്.

നാൽപത് വർഷത്തിന് ശേഷം രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് നേതൃത്വം നൽകിയത് തേജസ്വി യാദവാണ്. കോൺഗ്രസും, ആർ.ജെ.ഡിയും ഇടതു പാർട്ടികളും ഒരുമിച്ചാണ് എൻ.ഡി.എക്കെതിരെ ബീഹാറിൽ പോരാട്ടത്തിനിറങ്ങിയത്. അവസാനഘട്ടത്തിൽ എൻ.ഡി.എയിൽ നിന്നും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി പുറത്ത് പോയത് ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചിരുന്നു.

നവംബർ മൂന്ന്, ഏഴ് തിയതികളിലായി ബിഹാർ നിയമസഭയിലേക്കുള്ള രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ നടക്കും. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യം വിട്ടില്ലെങ്കിലും എൽജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കാണ് പാർട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP