Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു

കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നാളെ നാലാം ഘട്ട വോട്ടെടുപ്പ്. മമത ബാനർജിയും ബിജെപി നേതാക്കളും തമ്മിലുള്ള വാക് പോരിന് ഒരുകുറവുമില്ലെന്ന് മാത്രല്ല, അതുകൂടുതൽ രൂക്ഷമായി. കേന്ദ്രസേനയെ തടയണം എന്ന പ്രസ്താവനയ്ക്ക് മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കേന്ദ്ര സേനയ്ക്ക് എതിരെയുള്ള മമതയുടെ രോഷം തിരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കണ്ടുള്ള നിരാശ മൂലമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യ മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പിൽ ബിജെപി 63 നും 68 ഉം ഇടയിൽ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മമത നിരാശ മൂലം അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണോ എന്ന് ഷാ ചോദിച്ചു. ഇതുവരെ ഒരു മുഖ്യമന്ത്രിയോ പാർട്ടി അദ്ധ്യക്ഷനോ കേന്ദ്ര സേനയ്‌ക്കെതിരെ ഇതുപോലെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് താൻ കേട്ടിട്ടില്ല. അൽപം സാമാന്യ ബുദ്ധി അവർ കാട്ടണം. തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലല്ല കേന്ദ്ര സേന ജോലി ചെയ്യുന്നതെന്ന് അവർക്കറിയില്ലേ? കേന്ദ്ര സേന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാണ്, അമിത്ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബംഗാളിൽ കേന്ദ്ര സേനയെ സ്ത്രീകൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണം എന്നാണ് മമത ബാനർജി ആവശ്യപ്പെട്ടത്. കേന്ദ്ര സേന ബിജെപിയെ വിജയിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിർദ്ദേശിച്ചുള്ള മുൻ പ്രസ്താവനയിൽ നേരത്തെ നോട്ടീസ് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിലും വിശദീകരണം ആവശ്യപ്പെട്ടു.

'ന്യൂനപക്ഷങ്ങൾ വോട്ടു ചെയ്യണം എന്ന് മമത ആവശ്യപ്പെടുമ്പോൾ മറ്റുള്ളവർ ഇത് കേൾക്കുന്നുണ്ട് എന്ന് ആലോചിക്കണം. അവർ ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കും'', എന്ന് അമിത് ഷാ പറയുന്നു. വടക്കൻ ബംഗാളിലെ വികസനകാര്യത്തിൽ മമതയെക്കാൾ കമ്മ്യൂണിസ്റ്റു ഭരണം മെച്ചമായിരുന്നു എന്നും അമിത് ഷാ പറഞ്ഞു. .

അതേസമയം, മമതയ്ക്കുള്ള വോട്ട് പാക്കിസ്ഥാനുള്ള വോട്ടാണെന്ന പ്രസംഗത്തിന് സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നല്കിയത് ബിജെപിക്കും തിരിച്ചടിയായി. സുവേന്ദുവിന്റെ പ്രസംഗത്തിലെ വർഗീയ വിദ്വേഷ പരാമർശത്തിൽ കമ്മീഷൻ നോട്ടീസയച്ചു. 24 മണിക്കൂറിനകം പ്രതികരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. സിപിഐ-എംഎൽ സെൻട്രൽ കമ്മിറ്റി അംഗം സുനിത കൃഷ്ണനാണ് കഴിഞ്ഞ മാസം സുവേന്ദു നന്ദിഗ്രാമിൽ നടത്തിയ പ്രസംഗത്തിനെതിരെ പരാതി നൽകിയത്.

മമതാ ബാനർജിയെ ബിജയിപ്പിച്ചാൽ അവർ ബംഗാളിനെ 'മിനി പാക്കിസ്ഥാൻ' ആക്കി മാറ്റുമെന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. മമതക്ക് മുസ്ലിം പ്രീണനമെന്ന് ആരോപിച്ച് മമതയെ 'ബീഗം' എന്നും സുവേന്ദു വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശങ്ങളാണ് സുവേന്ദുവിനെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളെയോ പരിപാടികളെയോ മുൻകാല പ്രവർത്തനങ്ങളെയോ സൂചിപ്പിക്കാം. സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ അല്ലെങ്കിൽ വളച്ചൊടിക്കപ്പെട്ട വാർത്തകൾ മറ്റ് രാഷ്ട്രീയ കക്ഷികളെയോ പ്രവർത്തകരെയോ പറ്റിയുള്ള വിമർശനം എന്നിവ ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ജാതിയോ വർഗീയതയോ പറഞ്ഞും വോട്ടുപിടിത്തം ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. നന്ദിഗ്രാമിൽ മമതയ്ക്ക് പരിക്കേറ്റതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP