Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ

ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുമതി നൽകിയ മുഴുവൻ റാലികളും തിരഞ്ഞെടുപ്പ് പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. 500 പേരിൽ താഴെ ആളുകൾ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്കുള്ള അനുമതി തുടരുമെന്നു കമ്മിഷൻ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊള്ളുന്നില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയതിനു തൊട്ടുപിന്നാലെയാണ് തീരുമാനം.

ഇതോടെ പ്രധാനമന്ത്രിയുടെ ബംഗാൾ തിരഞ്ഞെടുപ്പ് പരിപാടികളും റദ്ദാക്കാൻ ബിജെപി തീരുമാനിച്ചു. മാൽഡ, മുർഷിദാബാദ്, കൊൽക്കത്ത, ബോൽപുർ എന്നിവിടങ്ങളിലാണ് നാളെ പ്രധാനമന്ത്രിയുടെ റാലി നിശ്ചയിച്ചിരുന്നത്.

500ൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന വിധത്തിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് പരിപാടി റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. വോട്ടെടുപ്പ് രണ്ട് ഘട്ടം കൂടി അവശേഷിക്കുന്നുണ്ട്. 

രൂക്ഷവിമർശനമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊൽക്കത്ത ഹൈക്കോടതി  നടത്തിയത്. അധികാരമുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം.

കമ്മിഷന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടായില്ലെങ്കിൽ കോടതി ഇടപെടുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. ടി.എൻ. ശേഷൻ ചെയ്തിരുന്നതിന്റെ പത്തിലൊന്നും പൊലും നിലവിലെ കമ്മിഷൻ ചെയ്യുന്നില്ലെന്ന പരമാർശം കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നുണ്ടായതും ശ്രദ്ധേയമായി.

ബംഗാളിൽ ശേഷിക്കുന്ന തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ ഒന്നിച്ചാക്കണമെന്ന നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും തള്ളിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ 7,8 ഘട്ടങ്ങൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാൽ അവ ഒരുമിച്ച് നടത്താൻ സാധിക്കില്ലെന്നും, നേരത്തെ തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ തൃണമൂൽ കോൺഗ്രസിനോട് വ്യക്തമാക്കി.

അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്താത്ത സാഹചര്യത്തിൽ ഏഴാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 26ആം തീയതിയും, എട്ടംഘട്ട തിരഞ്ഞെടുപ്പ് 29ആം തീയതിയും നടക്കും. പശ്ചിമ ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ഉത്തർ ദിനാജ് പൂർ, പൂരവ്വാ ബർധ്വാൻ, നാദിയ, 24 പർഗാന എന്നീ ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ആറാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



779 കമ്പനി അർധ സൈനിക വിഭാഗങ്ങൾ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിലാണ് വ്യാഴാഴ്ച പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക്, ചന്ദ്രിമ ഭട്ടാചാര്യ മുതിർന്ന ബിജെപി നേതാക്കളായ മുകൾ റോയ്, രാഹുൽ സിൻഹ തുടങ്ങി നിരവധി പ്രമുഖരാണ് ആറാംഘട്ടത്തിൽ ജനവിധി തേടിയത്. കൂടാതെ വോട്ടെടുപ്പ് നടക്കുന്ന 43 മണ്ഡലങ്ങളിൽ 32 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP