Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ കർണാടക പുതിയ മുഖ്യമന്ത്രി; തീരുമാനം ബംഗലൂരുവിൽ ചേർന്ന ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ നാളെ; കർണ്ണാടകയുടെ ഭരണസാരഥ്യമെത്തുന്നത് യദ്യുരപ്പയുടെ വിശ്വസ്തനിലേക്ക്

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ കർണാടക പുതിയ മുഖ്യമന്ത്രി; തീരുമാനം ബംഗലൂരുവിൽ ചേർന്ന ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിൽ; സത്യപ്രതിജ്ഞ നാളെ; കർണ്ണാടകയുടെ ഭരണസാരഥ്യമെത്തുന്നത് യദ്യുരപ്പയുടെ വിശ്വസ്തനിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: കർണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവിൽ ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നിലവിൽ യെദ്യൂരപ്പ സർക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് ബൊമ്മെ. സത്യപ്രതിജ്ഞ നാളെ നടക്കും.

സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാവ് എന്ന നിലയിൽ യെദ്യൂരപ്പയുമായി നേതാക്കൾ ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ ബൊമ്മെയെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രിമാരായ സി.എൻ അശ്വത്ഥ് നാരായണ, ലക്ഷ്മൺ സുവാഡി, ഗോവിന്ദ് കർജോൾ, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ സന്തോഷ്, സി.ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു.

ലിംഗായത്തു വിഭാഗത്തിന്റെ താൽപര്യങ്ങൾ പരിഗണിച്ചതും ബൊമ്മെയ്ക്കു നറുക്കു വീഴാൻ കാരണമായി.ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ സമുദായത്തിൽ ഉയർന്ന വന്ന എതിർപ്പും ഇല്ലാതാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങൾക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തിൽ നിന്നും പട്ടിക വിഭാഗത്തിൽ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം. നാല് ഉപമുഖ്യമന്ത്രിമാർക്കു സാധ്യതയുണ്ട്. കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ നിന്ന് കൂറുമാറി എത്തിയവർ മന്ത്രിസഭാംഗങ്ങളാകാൻ സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ എംഎ‍ൽഎമാരുടെ അഭിപ്രായമറിയാൻ ഇന്ന് വൈകുന്നേരം ബിജെപി നിയമസഭാകക്ഷിയോഗം ബംഗലൂരുവിൽ ചേർന്നിരുന്നു.പാർട്ടിയുടെ കർണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷൻ റെഡ്ഡി ബംഗലൂരുവിൽ എത്തിയിരുന്നു.അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.യോഗത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് എന്നിവരും പങ്കെടുത്തു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്.

കർണാടക മുൻ മന്ത്രി എസ്.ആർ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനദാദൾ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബിജെപിയിൽ ചേർന്നത്. ഹൂബ്ലി മേഖലയിൽ നിന്നുള്ള ലിംഗായത്ത് നേതാവ് കൂടിയാണ് ബസവരാജ് ബൊമ്മെ.ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ പിൻഗാമിക്ക് യെദ്യൂരപ്പയുടെ മുഴുവൻ പിന്തുണയും വേണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ തന്റെ സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP