Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിപദവി പോയതോടെ ബാബുൽ സുപ്രിയോ ഇടഞ്ഞു; എംപി സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിക്കാൻ കടുത്ത തീരുമാനം; ഇനി ഒരുപാർട്ടിയിലേക്കും ഇല്ലെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുക ആണെന്നും ബംഗാൾ നേതാവ്

മന്ത്രിപദവി പോയതോടെ ബാബുൽ സുപ്രിയോ ഇടഞ്ഞു; എംപി സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിക്കാൻ കടുത്ത തീരുമാനം; ഇനി ഒരുപാർട്ടിയിലേക്കും ഇല്ലെന്നും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുക ആണെന്നും ബംഗാൾ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയതോടെ ബാബുൽ സുപ്രിയോ അമർഷത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതുശരിവച്ച് കൊണ്ട് ലോക്സഭാംഗത്വവും ബിജെപി അംഗത്വവും ബാബുൽ സുപ്രിയോ ഉപേക്ഷിച്ചു. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായിരുന്ന സുപ്രിയോയെ കഴിഞ്ഞമാസം നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഒഴിവാക്കിയത്.

സ്ഥാനം നഷ്ടമായതിൽ അതൃപ്തിയുണ്ടായിരുന്ന സുപ്രിയോ ഫേസ്‌ബുക്കിലൂടെ താൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ജനസേവനത്തിന് പാർട്ടി ആവശ്യമില്ലെന്നും ഒരു പാർട്ടിയും തന്റെ പിന്നാലെ വരേണ്ടെന്നും അദ്ദേഹം കുറിച്ചു. 'ഗുഡ്ബൈ' എന്ന് സൂചിപ്പിച്ച് ഫേസ്‌ബുക്കിലിട്ട ദീർഘമായ കുറിപ്പിൽ അച്ഛൻ, അമ്മ, ഭാര്യ, മകൾ, രണ്ട് സുഹൃത്തുക്കൾ ഇവർ പറഞ്ഞത് കേട്ടതായും തന്റെ തീരുമാനമെടുത്തതായും സുപ്രിയോ പറയുന്നു.

ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതലായവരെയെല്ലാം നന്ദിയോടെ പരാമർശിക്കുന്നുണ്ട് കുറിപ്പിൽ. 2014ൽ പശ്ചിമബംഗാളിലെ അസനോളിൽ നിന്നാണ് ബാബുൽ സുപ്രിയോ ആദ്യമായി ലോക്സഭയിലെത്തിയത്. 2019ലും വിജയം ആവർത്തിച്ചു. ആദ്യ വരവിൽ തന്നെ കേന്ദ്രമന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചു.ഗ്രാമവികസന വകുപ്പാണ് അന്ന് ലഭിച്ചത്.'തൃണമൂൽ കോൺഗ്രസിലേക്കോ, കോൺഗ്രസിലേക്കോ, സിപിഎമ്മിലേക്കോ ഞാനില്ല. എന്നെ ആരും വിളിച്ചില്ല. ഞാൻ എവിടെയും പോകുന്നുമില്ല. ഞാൻ ഒരു ടീമിന്റെ കളിക്കാരനാണ്. ഞാൻ ഒരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. മോഹൻ ബഗാൻ. ഒരു പാർട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ. ബിജെപി. അത്രതന്നെ. ഞാൻ കുറേനാളായി പാർട്ടിയിലുണ്ട്. ഞാൻ കുറച്ചുപേരെ സഹായിച്ചു. കുറച്ചുപേരെ നിരാശപ്പെടുത്തി'' -സുപ്രിയോ പ്രതികരിച്ചു.

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച സുപ്രിയോ തൃണമൂൽ കോൺഗ്രസിന്റെ അനൂപ് ബിശ്വാസിനോട് പരാജയപ്പെട്ടിരുന്നു. ഒന്നാം മോദി സർക്കാരിലും ബാബുൽ സുപ്രിയോ മന്ത്രിയായിരുന്നു. ബിജെപി ബംഗാൾ അധ്യക്ഷൻ ദിലിപ് ഘോഷുമായി സുപ്രിയോക്ക് നല്ല ബന്ധമല്ല ഉള്ളത്. ഗായക വേഷത്തിൽ പ്രസിദ്ധനായ സുപ്രിയോ 2014ലാണ് ബിജെപിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP