Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന: അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണോ കോൺഗ്രസ് ചിന്തിക്കുന്നത്? പരസ്യപ്രസ്താവനകളിൽ ചൊടിച്ച് മുസ്ലിം ലീഗ്; മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്; മൃദുഹിന്ദുത്വ നയത്തിന് എതിരായ സമസ്തയുടെ എതിർപ്പും ചർച്ച ചെയ്യും; പ്രിയങ്കയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീർ; സംസ്ഥാന കോൺഗ്രസിനൊപ്പം ലീഗും പ്രതിസന്ധിയിൽ

അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെ പിന്തുണച്ചുള്ള പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന: അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണോ കോൺഗ്രസ് ചിന്തിക്കുന്നത്? പരസ്യപ്രസ്താവനകളിൽ ചൊടിച്ച് മുസ്ലിം ലീഗ്; മുസ്ലിം ലീഗ് അടിയന്തര യോഗം നാളെ പാണക്കാട്; മൃദുഹിന്ദുത്വ നയത്തിന് എതിരായ സമസ്തയുടെ എതിർപ്പും ചർച്ച ചെയ്യും; പ്രിയങ്കയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീർ; സംസ്ഥാന കോൺഗ്രസിനൊപ്പം ലീഗും  പ്രതിസന്ധിയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: അയോദ്ധ്യയിൽ നാളെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ നടക്കാനിരിക്കെ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായി പ്രിയങ്കഗാന്ധിയടക്കമുള്ള വിവിധ കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവനകളുമായി രംഗത്ത് വന്നതോടെ മുസ്ലിംലീഗിൽ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസിന്റെ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ പ്രസ്താവനകളുടെ പശ്ചാതലത്തിൽ മുസ്ലിം ലീഗ് നാളെ പാണക്കാട് അടിയന്തിര യോഗം ചേരും. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതോടെയാണ് നിലപാട് നിലപാട് വ്യക്തമാക്കാനായി മുസ്ലിം ലീഗ് നാളെ അടിയന്തിര യോഗംവിളിച്ചിരിക്കുന്നത്. കോൺഗ്രസ് നിലപാടിനോട് ഏതു രീതിയിൽ പ്രതികരിക്കണമെന്നും സമസ്തയടക്കമുള്ള സംഘടനകളുടെ ഈ വിഷയത്തിലെ നിലപാടിനോടുള്ള പ്രതികരണവും നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മുതിർന്ന നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെപിഎ മജീദും അടക്കമുള്ള നേതാക്കൾ നാളത്തെ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് പാണക്കാട് തറവാട്ടിൽ വച്ചായിരിക്കും യോഗം നടക്കുക.

അതേ സമയം രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ലെന്ന് മുതിർന്ന മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. നാളത്തെ യോഗത്തിന് ശേഷം വിഷദമായി പ്രതികരിക്കാമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. നേരത്തെ മദ്ധ്യപ്രദേശ് മുന്മുഖ്യമന്ത്രി കമൽനാഥിന്റെ പ്രസ്താവന വന്നപ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും പറയട്ടെ അപ്പോൾ പ്രതികരിക്കമാന്നൊയിരുന്നു മുസ്ലിം ലീഗ് നിലപാട്. പ്രദേശിക നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടെന്നും മുസ്ലിംലീഗ് നിലപാട് എടുത്തിരുന്നു. എന്നാൽ ഇപ്പോൾ കമൽനാഥിന് പിന്നാലെ പ്രിയങ്ക ഗാന്ധി കൂടി രാമക്ഷേത്ര നിർമ്മാണത്തിന് പരസ്യപിന്തുണയുമായി രംഗത്ത് വന്നതാണ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗാന്ധികുടുംബത്തിലെ പ്രധാനികളിൽ ഒരാളെന്നതിന് അപ്പുറം ഉത്തർപ്രദേശിന്റെ ചുമതല വഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയാണ് പ്രിയങ്ക. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ച് നിലപാട് വ്യക്തമാക്കാൻ ലീഗ് തയ്യാറായിരിക്കുന്നത്.

Stories you may Like

അയോദ്ധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മക്കുമുള്ള അവസരമാണെന്നാണ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭിപ്രായ പ്രകടനം. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ. രാമൻ എല്ലാവർക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി. നേരത്തെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും,കോൺഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു.

പള്ളിതകർത്തുകൊണ്ട് ക്ഷേത്രം നിർമ്മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്നും ഇവർ പറഞ്ഞിരുന്നു. കേരളത്തിൽ നിന്ന് മുൻ കെപിസിസി പ്രസിഡണ്ടും നിലവിലെ വടകര എംപിയുമായ കെ മുരളീധരൻ എംപിയും ക്ഷേത്രനിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. ഇത്തരത്തിൽ വിവിധ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളാണ് മുസ്ലിം ലീഗിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ഇതിന് പുറമെ എക്കാലത്തും മുസ്ലിംലീഗിനൊപ്പം ഉറച്ചുനിൽക്കാറുള്ള ഇകെ വിഭാഗം സമസ്തയും കോൺഗ്രസ് നിലപാടിനെതിരെ പരസ്യമായി രംഗത്ത് വരികയും അവരുട മുഖപത്രത്തിൽ കോൺഗ്രസ് നിലപാടിനെ വിമർഷിച്ചുകൊണ്ട് എഡിറ്റോറിയൽ എഴുതുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് വിളിച്ചുചേർത്തിരിക്കുന്നത്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ പിന്തുണച്ചു കൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ക്ഷേത്രനിർമ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമൻ. രാമൻ എല്ലാവർക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റിൽ പറയുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

ഭഗവാൻ രാമന്റെയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക കൂടിച്ചേരലിന്റെയും അവസരമാകട്ടെ - പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു. നേരത്തെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും,കോൺഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു. പള്ളിതകർത്തുകൊണ്ട് ക്ഷേത്രം നിർമ്മിക്കുന്നതിനെ അംഗീകരിക്കുന്നില്ല പക്ഷെ ക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്നതാണ് കോൺഗ്രസിന്റെ നിലപാട്.

അതിനിടെ പ്രിയങ്കഗാന്ധിയുടെ പരാമർശം കേരളത്തിലെ കോൺഗ്രസുകാരെയാണ് വെട്ടിലാക്കുന്നത്. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചു കൊണ്ടു രംഗത്തെത്തിയ മധ്യപ്രദേശിലെ നേതാക്കളായ കമൽനാഥിനെയും ദിഗ്‌വിജയ് സിംഗിനെയും വിമർശിച്ചു സമസ്ത മുഖപത്രം രംഗത്തെത്തിയിരുന്നു. കമൽനാഥിന്റെ പ്രസ്താവന മറ്റു നേതാക്കളെക്കാൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം മുഴുവൻ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണെന്ന കമൽനാഥിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സമസ്ത ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസിന്റെ നെറ്റിത്തടത്തിലെ മതേതര സുവർണമുദ്ര അധികാരത്തിന്റെ മാധുര്യം നുണഞ്ഞ ചില നേതാക്കൾ മായ്ച്ച് കളയുന്നുവെന്ന വിമർശനവുമായി കോൺഗ്രസ് നേതാക്കൾക്കെതിരേ സമസ്ത രംഗത്തെത്തിയത്. തങ്ങളുടെ മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് രാമക്ഷേത്ര നിർമ്മാണത്തെ പ്രശംസിച്ചെത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന് കോൺഗ്രസ് നേതാവുമായ കമൽനാഥ്, കോൺഗ്രസിന്റെ മറ്റൊരു മുതർന്ന നേതാവും രാജ്യസഭാംഗവുമായ ദ്വിഗ്വിജയ് സിങ് എന്നിവർക്കെതിരേ എഡിറ്റോറിയലുമായി സമസ്ത രംഗത്തെത്തിയത്.

ഇന്ത്യയിലെ എല്ലാവരുടേയും സമ്മതത്തോടെയാണ് ബാബ്റി മസ്ജിദ് നിന്നയിടത്ത് ക്ഷേത്രം പണിയുന്നതെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് പറഞ്ഞിരുന്നു. രാമക്ഷേത്രം ഉയരണമെന്ന് രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നുവെന്ന് ദ്വിഗ്വിജയ് സിംഗും പറയുന്നു. ഇങ്ങനെയുള്ള ആഗ്രഹം രാജീവ് ഗാന്ധി ദ്വിഗ്വിജയ് സിംഗിനോട് പറഞ്ഞിരുന്നോയെന്നും എഡിറ്റോറിയൽ ചോദിക്കുന്നുണ്ട്. എതാനും സീറ്റുകൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജീവ് ഗാന്ധി ബാബറി മസ്ജിദ് തുറന്ന് കൊടുത്തതാണ് മസ്ജിദിന്റെ തകർച്ചയ്ക്കും സംഘപരിവാർ രാഷ്ട്രീയത്തിന് ഇന്ത്യൻ ഭൂമികയിൽ വേരുറപ്പിക്കാനും അവസരമൊരുക്കിയത്. ഈ ചരിത്രപാഠം കോൺഗ്രസ് മനസ്സിലാക്കണം. ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കോൺഗ്രസിന്റെ അടിസ്ഥാന തത്വം മുറുകെ പിടിച്ച് ഇന്ത്യൻ ജനതയ്ക്ക് പുതിയ ദിശാബോധം നൽകണം. പകരം മൃദുഹിന്ദുത്വ നയം തുടരാനാണ് തീരുമാനമെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും കോൺഗ്രസിന്റെ അടയാളം മാഞ്ഞുപോവുന്ന കാലം വിദൂരമായിരിക്കില്ലെന്നും സമസ്ത ഓർമിപ്പിക്കുന്നു.

ഏതാനും സീറ്റുകൾക്ക് വേണ്ടി ഹിന്ദുത്വ രാഷ്ട്രീയം പയറ്റുന്ന കമൽനാഥിനെ പോലെയുള്ളവരെ പിഴുതെറിയണം. തളികയിലെന്ന വണ്ണം കിട്ടിയ മധ്യപ്രദേശിലെ ഭരണം മൃദുഹിന്ദുത്വം പയറ്റിയിട്ടും നിലനിർത്താനാവാതെ പോയ നേതാവണ് കമൽനാഥ്. ബിജെപിയുടെ രാഷ്ട്രീയ അജൻഡ തുറന്ന് കാട്ടുന്നതിന് പകരം അവരോടൊപ്പം ചേർന്ന്പോകുന്ന രാഷ്ട്രീയ നയം സ്വീകരിക്കുക എന്നത് ആത്മഹത്യാപരമാണെന്ന് എന്തുകൊണ്ട് കോൺഗ്രസ് ചിന്തിക്കുന്നില്ലെന്നും എഡിറ്റോറിയൽ ചോദിക്കുന്നു.

അതേസമയം ഈ വിഷയത്തിൽ പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് എന്നും കോൺഗ്രസിന് എതിർപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരുന്ന നിലപാട്. കെ മുരളീധരനും ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഇതിന് ശേഷം അയോധ്യാ വിഷയത്തിലെ സുപ്രീംകോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനർത്ഥം ബാബരി മസ്ജിദ് തകർത്തതിനെ അംഗീകരിക്കുന്നു എന്നല്ലെന്നായിരുന്നു തൃശ്ശൂർ എംപി ടി എൻ പ്രതാപൻ പ്രതികരിച്ചിരുന്നത്. കോൺഗ്രസിന് വലുത് മൂല്യങ്ങളാണ്. അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണെങ്കിൽ അത് കോൺഗ്രസിൽ നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുതെന്നും ടി എൻ പ്രതാപൻ പറയുകയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP