Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യ കേസിൽ രാമജന്മഭൂമി ഭൂപടം കീറി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച രാജീവ് ധവാനെ പുനഃ പരിശോധനാ ഹർജിയിൽ നിന്ന് ഒഴിവാക്കി മുസ്ലിം കക്ഷികൾ; ധവാന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കേസിൽ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണെന്നും ജാമിയത്ത് ഉലേമ ഇ ഹിന്ദ്; തനിക്ക് ഒരസുഖവുമില്ലെന്നും കക്ഷികൾ പറയുന്നത് അസംബന്ധമെന്നും ധവാൻ; ജാമിയത്ത് ഉലേമ ഇ ഹിന്ദ് തള്ളിയെങ്കിലും മുതിർന്ന അഭിഭാഷകനെ പിന്തുണച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്

അയോധ്യ കേസിൽ രാമജന്മഭൂമി ഭൂപടം കീറി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച രാജീവ് ധവാനെ പുനഃ പരിശോധനാ ഹർജിയിൽ നിന്ന് ഒഴിവാക്കി മുസ്ലിം കക്ഷികൾ;  ധവാന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കേസിൽ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണെന്നും ജാമിയത്ത് ഉലേമ ഇ ഹിന്ദ്; തനിക്ക് ഒരസുഖവുമില്ലെന്നും കക്ഷികൾ പറയുന്നത് അസംബന്ധമെന്നും ധവാൻ;  ജാമിയത്ത് ഉലേമ ഇ ഹിന്ദ് തള്ളിയെങ്കിലും മുതിർന്ന അഭിഭാഷകനെ പിന്തുണച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അയോധ്യ കേസിൽ മുസ്ലിം പാർട്ടികളുടെ മുഖമായിരുന്ന രാജീവ് ധവാനെ ജാമിയത്ത് ഉലേമ ഇ ഹിന്ദ് അഭിഭാഷക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇക്കാര്യം അംഗീകരിച്ച് താൻ ഔദ്യോഗിക കത്ത് അയച്ചതായി ധവാൻ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് കേസ് ധവാന്റെ നേതൃത്വത്തിൽ തന്നെ തുടരും. താൻ പുനഃ പരിശോധനാ ഹർജിയിലോ കേസിലോ ഇനി ഉണ്ടാവില്ലെനന്ന് ധവാൻ വ്യക്തമാക്കി.

അയോധ്യ വിധിക്കെതിരെ ജാമിയത്ത് ഉലമ ഇന്നലെ സുപ്രീം കോടതിയിൽ ഒരു പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ജാമിയത്ത് ഉലമ അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് ഹർജി നൽകിയത്. അഭിഭാഷകനായ ഇജാസ് മക്‌ബൂൽ വഴിയാണ് ഹരജി സമർപ്പിച്ചത്.തനിക്ക് സുഖമില്ലാത്തുകൊണ്ടാണ് കേസിൽ നിന്ന് നീക്കുന്നതെന്നാണ് മൗലാന അർഷദ് മദനി സൂചിപ്പിച്ചത്. എന്നാൽ, ഇത് തീർത്തും അസംബന്ധമാണെന്ന് രാജീവ് ധവാൻ പറഞ്ഞു. അഭിഭാഷക സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനായി നിർദ്ദേശം നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ, അതിന് കാട്ടിയ കാരണം അസത്യമാണ്, ധവാൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. പുനഃപരിശോധനാ ഹർജിയുടെ കരട് തയ്യാറാക്കിയത് രാജീവ് ധവാന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ മുസ്‌ലിം കക്ഷികളുടെ അഡ്വക്കറ്റ് ഓൺ റെക്കോഡായ ഇജാസ് മഖ്ബൂൽ കരടിൽ ചില മാറ്റങ്ങൾ വരുത്തി. ഇതിന് പുറമെ കേസിൽ പുനഃപരിശോധന ഹർജി നൽകിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി രാജീവ് ധവാന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് കേസിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അംഗീകരിക്കുന്നതായി കാണിച്ച് ജംഇയ്യത്തിന് താൻ കത്തയച്ചിട്ടുണ്ടെന്നും രാജീവ് ധവാൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം, രാജീവ് ധവാൻ എല്ലാ കാലത്തും നീതിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറിയും വക്താവുമായ മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പ്രതികരിച്ചു. ബോർഡിന്റെ കേസുകൾ ധവാന്റെ കീഴിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ കേസിൽ കഴിഞ്ഞ ദിവസമാണ് ജംഇയ്യത്തുൽ ഉലമെ ഹിന്ദ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പള്ളി തകർത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.

1934 ൽ ബാബറി മസ്ജിദിന്റെ മകുടങ്ങൾ തകർത്തതും 1949 ൽ പള്ളിക്കുള്ളിൽ രാമ വിഗ്രഹങ്ങൾ കൊണ്ടു വെച്ചതും 1992 ൽ പള്ളി തകർത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവാദം നൽകിയത് തെറ്റാണ്. പള്ളി നിർമ്മിക്കാൻ പകരം അഞ്ചേക്കർ ഭൂമി വേണമെന്ന് ഒരു മുസ്ലിം സംഘടനയും കോടതിയിൽ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തിൽ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.

പുനഃപരിശോധനാ ഹർജി നൽകാനുള്ള അവകാശം കോടതി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹർജി നൽകേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമെ ഹിന്ദ്അധ്യക്ഷൻ മൗലാന അർഷാദ് മദനി അറിയിച്ചു. ജംഇയ്യത്തുൽ ഉലമെ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളിൽ പുനപരിശോധനാ ഹർജി നൽകുമെന്നാണ് റിപ്പോർട്ട്. പുനഃ പരിശോധനാ ഹർജി നൽകുന്ന മറ്റു മുസ്ലിം സംഘടനകളുനായി രാജീവ് ധവാൻ സഹകരിച്ചേക്കും.

ബാബറി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലിങ്ങൾ അനീതിയുടെ സ്മാരകം പണിയണമെന്ന് രാജീവ് ധവാൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ബാബറി ഭൂമി മാത്രമേ നിങ്ങൾ മറ്റൊരു വിഭാഗത്തിന് നൽകിയിട്ടുള്ളൂവെന്നും അതിന്റെ ഓരോ കല്ലുകളും ഇപ്പോഴും മുസ്ലിങ്ങളുടേതാണെന്നും അതെടുത്ത് അനീതിയുടെ സ്മാരകം പണിയണമെന്നുമായിരുന്നു രാജീവ് ധവാന്റെ പരാമർശം.ഭരണഘടനയുടെ 70 ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'നീതിയില്ലാതെ സമാധാനമുണ്ടാകില്ല. ബാബറി കേസിൽ എന്തുതരം വിധിയാണ് വന്നതെന്ന് കണ്ടില്ലേ? ഫലത്തിൽ ഇത് ബാബരി തകർക്കാൻ വിധിച്ചതിന് തുല്യമാണിതെന്നും 1992 ൽ ബാബരി തകർത്തില്ലെന്ന് വിചാരിക്കൂ, പള്ളിയവിടെ ഉണ്ടാവില്ലേ. ഈ വിധി പള്ളി തകർക്കുന്നതിന് തുല്യമല്ലേയെന്നും' രാജീവ് ധവാൻ ചോദിച്ചു.പൂർണമായും മുസ്ലിങ്ങൾ കൈവശം വച്ച പള്ളിയാണിതെന്നും നിങ്ങളുടെ വിധിയിൽ പിഴവുണ്ടെന്ന് മുസ്ലിങ്ങൾ കോടതിയോട് പറയാനുള്ള അവസരമാണ് പുനർപരിശോധനാ ഹരജിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്ക് തെറ്റ് പറ്റിയെന്ന് മുസ്ലിങ്ങൾ അവരോട് നേരിട്ട് പറയണമെന്നും അത് മാധ്യമങ്ങൾ അല്ല പറയണ്ടതെന്നും രാജീവ് ധവാൻ പറഞ്ഞു.

അയോധ്യ കേസിൽ അവസാന ദിനം വാദം കേൾക്കുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറാൻ ഇടയാക്കിയതു രാജീവ് ധവാന്റെ ഇടപെടലായിരുന്നു. രാമജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയിൽ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖയ്ക്കെതിരെ എതിർപ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കിൽ അത് കീറികളയൂ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടൻ രാജീവ് ധവാൻ ഭൂപടം കീറിക്കളയുകയായിരുന്നു. ഇതോടെ രാജീവ് ധവാന്റെ പ്രവർത്തിയിൽ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കോടതിയുടെ അന്തസ് തകർത്താൽ ഞങ്ങൾ ഇറങ്ങിപ്പോവുമെന്നും മുന്നറിയിപ്പ് നൽകി. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകവും ഭൂപടവുമാണ് അയോധ്യ രാമജന്മ ഭൂമിയാണെന്നതിന് തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ഈ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിർക്കുകയായിരുന്നു. സുന്നി വഖഫ് ബോർഡിനും മറ്റു സംഘടനകൾക്കും വേണ്ടിയാണ് ധവാൻ കേസിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP