Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുജൻഗഡിൽ ഭൂരിപക്ഷം ഉയർത്തിയ വിജയം; സഹാറയിൽ ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷം; രാജസമന്ധ് എന്ന ബിജെപി കോട്ടയിൽ തോൽവിക്കിടെ വിജയത്തിളക്കം; രാജസ്ഥാനിലെ റിയൽ ഹീറോ ഗെലോട്ട് തന്നെ; കോൺഗ്രസിലെ അസംതൃപ്തരേയും പരിവാർ രാഷ്ട്രീയത്തേയും രാജസ്ഥാൻ മുഖ്യമന്ത്രി തോൽപ്പിച്ച രാഷ്ട്രീയ കഥ

സുജൻഗഡിൽ ഭൂരിപക്ഷം ഉയർത്തിയ വിജയം; സഹാറയിൽ ബിജെപിക്ക് കിട്ടിയ വോട്ടിനേക്കാൾ ഉയർന്ന ഭൂരിപക്ഷം; രാജസമന്ധ് എന്ന ബിജെപി കോട്ടയിൽ തോൽവിക്കിടെ വിജയത്തിളക്കം; രാജസ്ഥാനിലെ റിയൽ ഹീറോ ഗെലോട്ട് തന്നെ; കോൺഗ്രസിലെ അസംതൃപ്തരേയും പരിവാർ രാഷ്ട്രീയത്തേയും രാജസ്ഥാൻ മുഖ്യമന്ത്രി തോൽപ്പിച്ച രാഷ്ട്രീയ കഥ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കേരളത്തിൽ കോൺഗ്രസിന്റെ ഇലക്ഷൻ ചുമതല രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ ഗലേട്ടിനെ കേരളത്തിൽ കണ്ടതേ ഇല്ല. ഇതിന് കാരണം രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പായിരുന്നു. അതായിരുന്നു ഗലോട്ടിന് പ്രധാനം. അവിടെ വിജയിക്കുകയാണ് ഗലോട്ട്. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായ മുഖ്യമന്ത്രിയായി മാറുകയാണ് ഗലോട്ട്. ഉത്തരേന്ത്യയിലെ കോൺഗ്രസിന്റെ പ്രതീക്ഷയുടെ തുരുത്ത്.

രാജസ്ഥാനിലെ മൂന്നു നിയമസഭാ സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം ഗലോട്ടിനാണ് കൂടുതൽ ആശ്വാസം. കോൺഗ്രസും ബിജെപിയും തങ്ങളുടെ സീറ്റുകൾ നിലനിർത്തി എന്നതാണ് വസ്തുത. എന്നാൽ ജയിച്ചിടത്ത് കോൺഗ്രസ് ഭൂരിപക്ഷം കൂടി. സുജൻഗഡ്, സഹാറ മണ്ഡലങ്ങൾ കോൺഗ്രസും രാജസമന്ധ് ബിജെപിയും നിലനിർത്തി. വിജയിച്ച സീറ്റുകളിൽ ഭൂരിപക്ഷം വലിയ തോതിൽ ഉയർത്തുകയും പരാജയപ്പെട്ടിടത്ത് എതിരാളിയുടെ ഭൂരിപക്ഷം കുറയുകയും ചെയ്തു. ഇതോടെ ഗലോട്ട് രാജസ്ഥാനിലെ യഥാർത്ഥ താരമായി. റിയൽ ഹീറോ.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങൾ ഗലോട്ടിന് എന്നും പ്രതിസന്ധിയാണ്. സച്ചിൻ പൈലറ്റിനെ വെട്ടിയൊതുക്കിയാണ് പാർട്ടിയിലെ സംഘടനാ കരുത്തിൽ ഗലോട്ട് മുഖ്യമന്ത്രിയായത്. അതുകൊണ്ട് തന്നെ ഓരോ വിജയവും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വിമതരുടെ കണ്ണിനെ തകർക്കാൻ അനിവാര്യമാണ്. ഇതിനൊപ്പം ബിജെപിക്ക് കരുത്തുള്ള മറുപടി നൽകി വീണ്ടും അധികാരത്തിൽ കോൺഗ്രസിനെ എത്തിക്കേണ്ട ഉത്തരവാദിത്തവും. ഇതു രണ്ടും ഗലോട്ട് ഈ വിജയത്തിലൂടെ നേടുകയാണ്. സച്ചിൻ പൈലറ്റിന്റെ മോഹങ്ങൾ വെട്ടുന്നതിനൊപ്പം ബിജെപിക്ക് സർക്കാരിന്റെ കരുത്തും അറിയിച്ചു കൊടുത്തു.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് മാത്രമാണു വിജയി. പാർട്ടിയിലെ കെടാതെ എരിയുന്ന ആഭ്യന്തര പ്രശ്‌നങ്ങളൊക്കെ ഉള്ളതുതന്നെയോ എന്ന സംശയം തിളങ്ങുന്ന വിജയത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പിൽ അഘാഡി സഖ്യം പോലും തോറ്റപ്പോഴാണ് ഈ വിജയം. തിരഞ്ഞെടുപ്പുഫലം സർക്കാരിന്റെ നിലനിൽപ്പിനു ഭീഷണി ആകില്ലായിരുന്നുവെങ്കിലും വിജയം നൽകുന്ന ആത്മവിശ്വാസം വിമർശകരെ നേരിടാൻ ഗെലോട്ടിനു നൽകുന്ന കരുത്ത് ചില്ലറയല്ല.

സുജൻഗഡിൽ അന്തരിച്ച പിതാവിന്റെ ഭൂരിപക്ഷം ഒന്നുകൂടി മെച്ചപ്പെടുത്തി കോൺഗ്രസിന്റെ മനോജ് മേഘ്‌വാൽ 35,611 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു കയറി. മണ്ഡലത്തിൽ ആദ്യമായാണ് ഏതെങ്കിലുമൊരു പാർട്ടിക്കു തുടർച്ചയായ രണ്ടാം തവണ വിജയം കാണാനാകുന്നത്. കർഷിക നിയമങ്ങളുടെ പേരിൽ എൻഡിഎ വിട്ട രാഷ്്ട്രീയ ലോക്താന്ത്രിക് പാർട്ടി ബിജെപി സ്ഥാനാർത്ഥിക്കു തൊട്ടുപിന്നിൽ മൂന്നാമനായി, ഇതും വിജയത്തിൽ നിർണ്ണായകമായി.

ബിജെപിക്ക് ഞെട്ടിക്കുന്നതായിരുന്നു സഹാറ മണ്ഡലത്തിലെ പരാജയം. സീറ്റ് കോൺഗ്രസ് നിലനിർത്തുകയായിരുന്നു. എന്നാൽ 2018 ൽ ബിജെപി റിബൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യംകൊണ്ടു മാത്രം ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണു കിട്ടിയ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഭൂരിപക്ഷം 42,200 വോട്ടുകളായി ഉയർന്നപ്പോൾ ബിജെപിക്ക് ആകെ നേടാനായത് 39,500 വോട്ടുകൾ മാത്രം. വസുന്ധരാ രാജ സിന്ധ്യയെ ഒറ്റപ്പെടുത്താൻ ബിജെപിയിൽ ശ്രമമുണ്ട്. എന്നാൽ വസുന്ധരയുടെ കരുത്തിന് തെളിവാണ് ബിജെപിക്കുണ്ടായ ഈ വോട്ട് ചോർച്ച.

വസുന്ധര ഇല്ലാതെയും സംസ്ഥാനത്തു പാർട്ടിക്കു വിജയിക്കാനാകുമെന്ന തെളിയിക്കാൻ കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയതാകട്ടെ സംസ്ഥാന അധ്യക്ഷൻ സതീശ് പൂനിയയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമടങ്ങുന്ന ടീമിനേയും. വസുന്ധരയാകട്ടെ പുത്രഭാര്യയുടെ അസുഖം ഒരു കാരണമായി പറഞ്ഞു പ്രചാരണ രംഗത്തുനിന്നു പൂർണമായി വിട്ടുനിന്നുകൊണ്ടാണ് ഇതിനോടും പ്രതികരിച്ചത്. ബിജെപിയുടെ ഉറച്ച കോട്ടയെന്നു പറയപ്പെടുമ്പോഴും ഗ്വാളിയോർ രാജകുടുംബത്തിന് ഏറെ സ്വാധീനമുള്ള സഹാറയിൽ വസുന്ധരയുടെ അഭാവം മറികടക്കാൻ അവസാന നിമിഷം ജ്യോതിരാദിത്യ സിന്ധ്യയെ വരെ പാർട്ടി കളത്തിലിറക്കി. എന്നിട്ടും പരാജയപ്പെട്ടു.

ബിജെപിക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന രാജസമന്ധ് നിലനിർത്താൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം 5310 ആയി കുറഞ്ഞു. ഇതും വസുന്ധരാ ഫാക്ടർ മൂലമാണെന്ന വാദം സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP