Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാംമുന്നണിക്കായി മുന്നിട്ടിറങ്ങി കെജ്രിവാൾ; പിണറായിയടക്കം ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിന്തുണ കിട്ടിയില്ല; കോൺഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യത്തിന് കരുക്കൾ നീക്കി മമതയും അഖിലേഷും

മൂന്നാംമുന്നണിക്കായി മുന്നിട്ടിറങ്ങി കെജ്രിവാൾ; പിണറായിയടക്കം ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തയച്ചു; പിന്തുണ കിട്ടിയില്ല; കോൺഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യത്തിന് കരുക്കൾ നീക്കി മമതയും അഖിലേഷും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപവത്കരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നതായി വിവരം. ബിജെപി. ഇതര, കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വിളിച്ചുചേർക്കാനാണ് കെജ്രിവാൾ നീക്കങ്ങൾ നടത്തിയത്. എന്നാൽ ക്ഷണം അഭ്യർത്ഥിച്ച് അയച്ച കത്തുകൾക്ക് നേതാക്കന്മാരിൽനിന്ന് തണുപ്പൻപ്രതികരണമാണ് ഉണ്ടായതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. പലരും അസൗകര്യമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന യോഗം ചേർന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മാർച്ച് 18-ന് ഡൽഹിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഴ് മുഖ്യമന്ത്രിമാർക്കാണ് കെജ്രിവാൾ കത്തയച്ചത്. കേന്ദ്രവുമായി സമാനവിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയ മുഖ്യമന്ത്രിമാർക്ക് ഫെബ്രുവരി അഞ്ചിനാണ് കെജ്രിവാൾ കത്തയച്ചത്.

ഇതിൽ, ചന്ദ്രശേഖർ റാവു യോഗത്തിൽ പങ്കെടുക്കാതിരുന്നത് അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ്. നേരത്തെ, കോൺഗ്രസ് ഇതര- ബിജെപി. ഇതര സഖ്യത്തിനു വേണ്ടി കെ. ചന്ദ്രശേഖര റാവു നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മറ്റു പാർട്ടികളിൽനിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെ ചന്ദ്രശേഖര റാവു ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ബി.ആർ.എസിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.സി.ആർ.

അതേ സമയം, കോൺഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യനീക്കത്തിന് കരുക്കൾ നീക്കുകയാണ് തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും. അഖിലേഷ് യാദവുമായി ചർച്ച നടത്തിയ മമത ബാനർജി വ്യാഴാഴ്ച നവീൻ പട് നായിക്കിനെ കാണും. എന്നാൽ അദാനിക്കെതിരായ നീക്കത്തിൽ സഹകരിക്കുന്ന പാർട്ടികളെ ഒപ്പം നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം.

പ്ലീനറി സമ്മേളനത്തിലൂടെ കോൺഗ്രസ് ഉന്നമിട്ട പ്രതിപക്ഷ സഖ്യനീക്കത്തെ കടത്തി വെട്ടാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം. ബിജെപിയും കോൺഗ്രസും തുല്യ എതിരാളികളാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റ് കക്ഷികളുമായി തുറന്ന ചർച്ചക്ക് മമത ബാനർജി ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ബംഗാളിൽ മമതയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷ് യാദവ് പങ്കുവച്ചതും മമതയുടെ നിലപാട് തന്നെ.

കോൺഗ്രസുമായി സഖ്യത്തിനില്ല. വരുന്ന ലോക് സഭ തെരഞ്ഞൈടുപ്പിൽ അമേഠിയിൽ സമാജ് വാദി പാർട്ടിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്ന അഖിലേഷിന്റെ പ്രഖ്യാപനം ഈ നീക്കത്തിന്റെ മുൻകൂട്ടിയുള്ള സൂചനയാണ്. ഒന്നിച്ച് നീങ്ങാമെന്ന സന്ദേശം അഖിലേഷിൽ നിന്ന് കിട്ടിയ മമത നവീൻ പട്‌നായിക്കിലൂടെ ബിജു ജനതാദളിന്റെയും പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ്. അതെ സമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന് മമതാ ബാനർജി പറഞ്ഞതും ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP