Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമസഭയിലെ 'സംപ്യൂജ്യം' മോദിക്ക് മുമ്പിൽ റിപ്പോർട്ടായെത്തിയത് കേരള നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി; ഐഎഎസുകാരനെ പാർട്ടിയിൽ നിന്നൊതുക്കി പ്രതികാരം തീർത്തത് വെറുതെയായി; മോദിയും അമിത് ഷായും ചേർന്ന് നൽകിയത് ബംഗാളിലെ താക്കോൽ സ്ഥാനം; ഗവർണ്ണറാകാൻ ആനന്ദബോസിന് തുണയായത് 'ഡൽഹി' ബന്ധം

നിയമസഭയിലെ 'സംപ്യൂജ്യം' മോദിക്ക് മുമ്പിൽ റിപ്പോർട്ടായെത്തിയത് കേരള നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി; ഐഎഎസുകാരനെ പാർട്ടിയിൽ നിന്നൊതുക്കി പ്രതികാരം തീർത്തത് വെറുതെയായി; മോദിയും അമിത് ഷായും ചേർന്ന് നൽകിയത് ബംഗാളിലെ താക്കോൽ സ്ഥാനം; ഗവർണ്ണറാകാൻ ആനന്ദബോസിന് തുണയായത് 'ഡൽഹി' ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗാൾ ഗവർണറായി കേരള കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമായ സി.വി.ആനന്ദബോസിനെ (71) നിയമിക്കുമ്പോൾ ഞെട്ടുന്നത് ബിജെപിയുടെ കേരളാ നേതൃത്വം. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണിത്. മണിപ്പുർ ഗവർണർ എൽ.ഗണേശിനായിരുന്നു ഇതുവരെ ബംഗാളിന്റെ അധികച്ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് നടത്തിയ നിയമനമാണ് ഇത്.

ഏറ്റെടുക്കുന്നതും ഏൽപ്പിക്കപ്പെടുന്നതുമായ കാര്യങ്ങളിൽ വ്യത്യസ്ത ആശയങ്ങളും പ്രവർത്തനരീതിയും ആവിഷ്‌കരിച്ചിരുന്ന ബോസ് നൽകിയ സംഭാവനകൾ പരിഗണിച്ച് ഐക്യരാഷ്ട്രസംഘടന 'ആനന്ദ ബോസ് മോഡൽ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ 'മാൻ ഓഫ് ഐഡിയാസ്' എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് ആനന്ദബോസ് നടത്തിയ ചില പഠനവും റിപ്പോർട്ടുകളും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. അതിന് ശേഷം ആനന്ദബോസിനെ ബിജെപി സംസ്ഥാന നേതൃത്വം പരിപാടികളിലൊന്നും സജീവമായി പങ്കെടുപ്പിച്ചിരുന്നില്ല. അപ്പോഴും ഡൽഹിയിലെ നേതൃത്വവുമായി ആനന്ദബോസ് അടുപ്പം തുടർന്നു. നിർണ്ണായക പദവിയാണ് കൊടുക്കുന്നതും.

ബംഗാളിൽ കേന്ദ്രത്തിന് ഏറെ താൽപ്പര്യങ്ങളുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രവുമായുള്ള പോര് ദേശീയ ശ്രദ്ധയിൽ എത്താറുണ്ട്. ഗവർണ്ണർ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണത്തിൽ മമതയും പ്രത്യാക്രമണങ്ങൾ നടത്താറുണ്ട്. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയാകും മുമ്പ് മമതയുമായി ഏറ്റുമുട്ടലിലായിരുന്നു. അത്തരമൊരു സംസ്ഥാനത്തേക്കാണ് കേന്ദ്ര പ്രതിനിധിയുടെ റോളിൽ ആനന്ദബോസ് എത്തുന്നത്. ബിജെപി ഏറെ താൽപ്പര്യങ്ങൾ വയ്ക്കുന്നിടത്ത് അതിവിശ്വസ്തനായതു കൊണ്ടാണ് ആനന്ദബോസിനെ അമിത് ഷാ നിയോഗിക്കുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ ആനന്ദബോസിന്റെ ബംഗാളിലെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടും.

ബംഗാളിൽ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആനന്ദബോസിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ ബിജെപി. നേതൃത്വം നിയോഗിച്ചിരുന്നു. അത്തരത്തിലൊരാളെ തന്നെ ബംഗാളിലെ ഗവർണ്ണറാക്കുന്നുവെന്നതാണ് ഏറ്റവും നിർണ്ണായകം. ചില ഉത്തരവാദിത്തങ്ങൾ ആനന്ദബോസിന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നൽകിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിലും ഇനി ആനന്ദബോസിന് കൂടുതൽ റോളുണ്ടാകും. മോദിയും അമിത് ഷായുമായി അടുത്തു നിൽക്കുന്ന ആനന്ദബോസിനെ ഇനി ആരും കേരളത്തിൽ അവഗണിക്കില്ലെന്നതാണ് വസ്തുത.

കേന്ദ്രസർക്കാരുമായും ബിജെപി നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. നിയമസഭ തെരെഞ്ഞടുപ്പിൽ ബിജെപിയുടെ തോൽവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് റിപ്പോർട്ട് നൽകിയതും ആന്ദനബോസാണ്. 2017ൽ കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കേ ആനന്ദബോസിനെ ഗവർണറാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തുനൽകിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അതേസമയം ബിജെപിയുമായി തുറന്ന യുദ്ധത്തിലുള്ള തൃണമൂൽ കോൺഗ്രസിനും മമതബാനർജിക്കും മോദിയുടെ വിശ്വസ്തൻ ഗവർണറായി വരുന്നത് കൂടുതൽ തലവേദനയുണ്ടാക്കുമെന്ന് ഉറപ്പാണ്.

ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിൽ വിവിധ ജില്ലകളിൽ കലക്ടറും വിവിധ സ്ഥാപനങ്ങളുടെ മേധാവിയുമായി സേവനമനുഷ്ഠിച്ചു. ചീഫ് സെക്രട്ടറി റാങ്കിൽ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്. യുപിഎ ഭരണകാലത്ത് നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, റെയിൽ സൈഡ് വെയർഹൗസിങ് കമ്പനി ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻഎംഐ) വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങളിൽ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.

ദേശീയ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയിലിരിക്കെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിർണയത്തിനുമായി കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ തലവനായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പാർപ്പിട വിഭാഗമായ യുഎൻ ഹാബിറ്റാറ്റ് അലയൻസ് ചെയർമാനായിരുന്നു. നിർമ്മിതി കേന്ദ്രം ഡയറക്ടറായിരിക്കെ ചെലവുകുറഞ്ഞ പാർപ്പിട നിർമ്മാണ സമ്പ്രദായം നടപ്പാക്കിയത് ആനന്ദബോസ് മാതൃകയെന്ന പേരിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി. ഇത് ചില വിവാദങ്ങളും ഉണ്ടാക്കി.

2019 ൽ ബിജെപിയിൽ ചേർന്നു. മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്നു പേരെടുത്ത ബോസ് പ്രധാനമന്ത്രിയുടെ വികസന അജൻഡ നടപ്പാക്കാനുള്ള വർക്കിങ് ഗ്രൂപ്പ് ചെയർമാനുമായിരുന്നു. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച ഏകാംഗ കമ്മിഷനായിരുന്നു. ഇംഗ്ലിഷിലും മലയാളത്തിലുമായി 45ലേറെ പുസ്തകങ്ങളും നിരവധി ലേഖനങ്ങളുമെഴുതി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി. കെ.വാസുദേവൻനായരുടെയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായിരുന്ന സി.പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: വസുദേവ് ബോസ് (വിദ്യാർത്ഥി). പരേതയായ നന്ദിനി ബോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP