Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിയുടെ കൈക്കൂലി മോഹം അറിയിച്ചത് ഉദ്യോഗസ്ഥൻ; ആത്മവിശ്വാസം നൽകി എല്ലാം രഹസ്യമാക്കാൻ നിർദ്ദേശിച്ച മുഖ്യമന്ത്രി; ഫോൺ ചോർത്തൽ അടക്കമുള്ള രഹസ്യ ഓപ്പറേഷനൊടുവിൽ മന്ത്രി ജയിലിൽ; ഇങ്ങനെയാവണം മുഖ്യമന്ത്രി; കെജ്രിവാൾ മോഡലിൽ ഭഗവന്ത് മാൻ പഞ്ചാബിൽ അഴിമതിക്കെതിരെ വിപ്ലവം ഒരുക്കുമ്പോൾ

മന്ത്രിയുടെ കൈക്കൂലി മോഹം അറിയിച്ചത് ഉദ്യോഗസ്ഥൻ; ആത്മവിശ്വാസം നൽകി എല്ലാം രഹസ്യമാക്കാൻ നിർദ്ദേശിച്ച മുഖ്യമന്ത്രി; ഫോൺ ചോർത്തൽ അടക്കമുള്ള രഹസ്യ ഓപ്പറേഷനൊടുവിൽ മന്ത്രി ജയിലിൽ; ഇങ്ങനെയാവണം മുഖ്യമന്ത്രി; കെജ്രിവാൾ മോഡലിൽ ഭഗവന്ത് മാൻ പഞ്ചാബിൽ അഴിമതിക്കെതിരെ വിപ്ലവം ഒരുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബിൽ കൈക്കൂലി ചോദിച്ച ആരോഗ്യമന്ത്രിയെ തെളിവ് സഹിതം പിടികൂടിയത് മുഖ്യമന്ത്രി ഭഗവന്ത് മാൻ. മന്ത്രിയെ പുറത്താക്കി ജയിലിലടച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രി വിജയ് സിങ്ലയുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി ശേഖരിച്ച ശേഷമാണ് പുറത്താക്കിയത്. പിന്നാലെ, സിങ്ലയെ അറസ്റ്റ് ചെയ്യാൻ പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിനു മാൻ ഉത്തരവ് നൽകി. എല്ലാം അതീവ രഹസ്യമയാണ് നടത്തിയത്.

ആരായാലും അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന സന്ദേശമാണ് ആംആദ്മിയുടെ മുഖ്യമന്ത്രി നൽകിയത്. 'അരവിന്ദ് കേജ്‌രിവാളിനെ പോലൊരു മകനും ഭഗവന്ത് മാനിനെ പോലൊരു ഭടനും ഭാരതമാതാവിന് ഉള്ളിടത്തോളം കാലം അഴിമതിക്കെതിരായ യുദ്ധം തുടരും'-ഇതായിരുന്നു മാനിന്റെ പ്രഖ്യാപനം. 'ഭഗവന്ത്, താങ്കളെയോർത്ത് അഭിമാനിക്കുന്നു. താങ്കളുടെ നടപടി എന്റെ കണ്ണു നിറച്ചു.' എന്ന് ആംആദ്മിയുടെ എല്ലാമെല്ലാമായ ഡൽഹി മുഖ്യമന്ത്രി ്അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.

മാനിന്റെ നീക്കം പഞ്ചാബിലെ മന്ത്രിമാർക്കുള്ള സന്ദേശമാണ്. അധികാരമേറ്റ് 2 മാസം പിന്നിടുമ്പോഴാണ് മാനിന്റെ നാടകീയ നീക്കം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ അനുവദിക്കാൻ ഒരു ശതമാനം തുക കൈക്കൂലിയായി സിങ്ല ആവശ്യപ്പെട്ടതാണ് കുടുക്കായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ 10 ദിവസം മുൻപാണു മുഖ്യമന്ത്രിയെ അറിയിച്ചത്. സിങ്ലയുടെ ഫോൺ ചോർത്തി ഇക്കാര്യം സ്ഥിരീകരിച്ചതിനു പിന്നാലെയാണു നടപടി. സിങ്ല കുറ്റം സമ്മതിച്ചതായി മാൻ അറിയിച്ചു. ഇതിനെല്ലാം പിന്നിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു.

ഒരു ശതമാനം അഴിമതി പോലും വച്ചുപൊറുപ്പിക്കില്ലെന്നും 2015 ൽ സമാന രീതിയിൽ അരവിന്ദ് കേജ്രിവാൾ ഡൽഹിയിൽ സ്വന്തം മന്ത്രിയെ പുറത്താക്കിയിട്ടുണ്ടെന്നും നടപടിയറിയിച്ചു പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ മാൻ പറഞ്ഞു. മാൻസ മണ്ഡലത്തിൽനിന്ന് 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സിങ്ല തിരഞ്ഞെടുക്കപ്പെട്ടത്. ഭഗവന്ത് മാൻ നടത്തിയതു പൊലീസിനെ ഉപയോഗിച്ചുള്ള രഹസ്യ ഓപ്പറേഷനായിരുന്നു.

കമ്മീഷൻ വിഷയം അറിഞ്ഞതോടെ ഒരു മന്ത്രിയെയും ഭയക്കേണ്ടെന്നും താൻ ഒപ്പമുണ്ടാകുമെന്നും ഉദ്യോഗസ്ഥനെ അറിയിച്ച മാൻ, വിഷയം താൻ നേരിട്ട് കൈകാര്യം ചെയ്യാമെന്ന ഉറപ്പു നൽകി. വിഷയം സർക്കാരിലെ മറ്റാരെയെങ്കിലുമോ മാധ്യമങ്ങളെയോ അറിയിക്കരുതെന്ന് ഉദ്യോഗസ്ഥനു കർശന നിർദേശവും നൽകി. പിന്നാലെ, ഉദ്യോഗസ്ഥനെ കൂടി ഉൾപ്പെടുത്തിയുള്ള രഹസ്യ ഓപ്പറേഷനു തുടക്കമിട്ടു. സിങ്ലയുടെ ഫോൺ സംഭാഷണവും മറ്റു തെളിവുകളും പൊലീസിനെ ഉപയോഗിച്ച് ശേഖരിച്ച മാൻ, അഴിമതി സ്ഥിരീകരിച്ചു. ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ വിവരമറിയിച്ച ശേഷം, മന്ത്രിയെ പുറത്താക്കുകയാണെന്ന് ഉച്ചയ്ക്ക് രണ്ടിന് വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

'ഈ സർക്കാർ അഴിമതി വച്ചുപൊറുപ്പിക്കില്ല. തെളിവുകൾ ഞാൻ നിരത്തിയപ്പോൾ സിങ്ല കുറ്റം സമ്മതിച്ചു. ഒരു പൈസയുടെ പോലും അഴിമതി അനുവദിക്കില്ലെന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാളിനു ഞാൻ ഉറപ്പു നൽകിയിരുന്നു. സിങ്ലയുടെ വിവരം എനിക്കു വേണമെങ്കിൽ മറച്ചുവയ്ക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കോടിക്കണക്കിനു പഞ്ചാബികളുടെ വിശ്വാസം ഞാൻ തകർക്കുമായിരുന്നു. മാൻ അധികാരമേറ്റ് 2 മാസത്തിനകം അഴിമതിക്കാരനായ മന്ത്രി പുറത്തായെന്ന് ആക്ഷേപിക്കുന്നവരോട് ഞാൻ പറയുന്നു; മന്ത്രിയെ പുറത്താക്കിയത് ഞാൻ തന്നെയാണ്' മാൻ വ്യക്തമാക്കി.

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി പഞ്ചാബിൽ അധികാരത്തിലേറിയ പാർട്ടി വാക്കു പാലിച്ചതിന്റെ ഉദാഹരണമായി വിഷയം ആപ് ഉയർത്തിക്കാട്ടും. ഗുജറാത്തിലടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശീയ രാഷ്ട്രീയക്കളത്തിൽ പ്രതിച്ഛായ മിനുക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾക്ക് ഊർജം പകരാനും ഇതു സഹായിക്കും. ഡൽഹിയിൽ പരിസ്ഥിതി മന്ത്രിയായിരുന്ന അസീം അഹമ്മദ് ഖാനെ 2015 ഒക്ടോബറിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമാന രീതിയിൽ പുറത്താക്കിയിട്ടുണ്ട്.

നഗരത്തിലെ കെട്ടിട നിർമ്മാതാവിൽനിന്ന് 6 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിലായിരുന്നു നടപടി. നിർമ്മാതാവിന്റെ ഇടനിലക്കാരനുമായി അസീം ഫോണിൽ സംസാരിക്കുന്നതു ശേഖരിച്ച ശേഷമാണ് കേജ്‌രിവാൾ അദ്ദേഹത്തെ പുറത്താക്കിയത്. കേസ് സിബിഐയ്ക്കു വിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP