Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കോവിഡ് വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും; ബംഗാൾ ജനത മോഹിക്കുന്നത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ; ബിജെപി ജയിച്ചാൽ ആരാകും അടുത്ത ബംഗാൾ മുഖ്യമന്ത്രി? പടുകൂറ്റൻ റാലിക്ക് പിന്നാലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാ

കോവിഡ് വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും; ബംഗാൾ ജനത മോഹിക്കുന്നത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ; ബിജെപി ജയിച്ചാൽ ആരാകും അടുത്ത ബംഗാൾ മുഖ്യമന്ത്രി? പടുകൂറ്റൻ റാലിക്ക് പിന്നാലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഭോൽപ്പൂരിൽ ഇന്ന് പതിവ് ഞായറാഴ്ച ആയിരുന്നില്ല. പഞ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പടുകൂറ്റൻ റാലി. കോവിഡ് ഭീതിയെ മറികടന്ന് കൊണ്ട് തടിച്ചുകൂടിയ വൻജനക്കൂട്ടം. ഇത്രയും വലിയ ഒരുറോഡ് ഷോ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ അത് ജനങ്ങൾക്ക് മമതയോടുള്ള വെറുപ്പിന്റെ പ്രതീകമായി വിലയിരുത്തുകയും ചെയ്തു.

പിന്നീടുള്ള വാർത്താസമ്മേളനത്തിലാണ് ബംഗാളിലും രാജ്യത്തുടനീളവും അടുത്തിടെ അഭ്യൂഹങ്ങൾ പരന്ന പല വാർത്തകൾക്കും വിശദീകരണം നൽകിയത്. പൗരത്വ നിയമം ഏപ്പോൾ നടപ്പാക്കും, ആരായിരിക്കും ബിജെപിയുടെ ബംഗാളിലെ മുഖ്യമന്ത്രി സഥാനാർത്ഥി എന്നീ കാര്യങ്ങളാണ് ഷാ വ്യക്തമാക്കിയത്.

പൗരത്വ നിയമം എപ്പോൾ?

സിഎഎയുടെ ചട്ടങ്ങൾ രൂപീകരിക്കണം. കോവിഡ് കോവിഡ് മൂലം നടപടിക്രമങ്ങൾ നീണ്ടുപോയി. വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും. ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ബംഗാൾ ജനത ആഗ്രഹിക്കുന്നു. അവസരം നൽകിയാൽ അഞ്ചുവർഷം കൊണ്ടു സുവർണബംഗാൾ കെട്ടിപ്പടുക്കുമെന്നും ഷാ പറഞ്ഞു. സിഎഎ അടുത്ത വർഷം ജനുവരി മുതൽ നടപ്പാക്കും എന്നായിരുന്നു ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജന.സെക്രട്ടറി കൈലാഷ് വിജയവർഗീയ രണ്ടാഴ്ച മുമ്പ് പറഞ്ഞത്.

ആരായിരിക്കും ബംഗാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി?

ബിജെപിയെ വരത്തൻ പാർട്ടി എന്നാണ് മമത ബാനർജി വിശേഷിപ്പിക്കാറുള്ളത്. ബംഗാളിലെ കാര്യങ്ങളിൽ അനാവശ്യമായി ബിജെപി കൈകടത്തുകയാണെന്നാണ് മമത പറയാറുള്ളത്. ഇതിനുള്ള മറുപടിയും അമിത് ഷാ പറഞ്ഞു. മമത ഒരിക്കൽ കോൺഗ്രസ് നേതാവായിരുന്നു. പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയോ, പിവി നരസിംഹറാവുവോ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയോ സംസ്ഥാനം സന്ദർശിക്കുമ്പോൾ അത് ഇടപെടലായി മമത വിശേഷിപ്പിച്ചിരുന്നോ, ഷാ ചോദിച്ചു. മമതാ ദീദി ..നിങ്ങളെ പരാജയപ്പെടുത്താൻ ഡൽഹിയിൽ നിന്ന് ആരും വരേണ്ടതില്ല. ബിജെപി തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നാട്ടുകാരനായ ഒരാൾ തന്നെ മുഖ്യമന്ത്രിയാകുമെന്നും ഷാ വ്യക്തമാക്കി.

രാഷ്ട്രീയ അക്രമങ്ങൾ ബംഗാളിൽ അതിന്റെ ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. 300 ലേറെ ബിജെപി പ്രവർത്തകർ സംസ്ഥാനത്തുകൊല്ലപ്പെട്ടു. അവരുടെ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ ഒരുപുരോഗതിയുമില്ല. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരേ നടന്ന ആക്രമണത്തെയും ഷാ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ കൊണ്ടുബിജെപി ഭയന്ന് പിന്നോട്ടു പോകുമെന്ന് ടിഎംസി നേതാക്കൾ കരുതരുത്. ഞങ്ങളുടെ അടത്തറ സ്ഥാപിക്കാൻ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും, അമിത്ഷാ പറഞ്ഞു.
.
രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സന്ദർശിച്ചുകൊണ്ടാണ് പര്യടനത്തിന്റെ രണ്ടാംദിവസം ഷാ തുടങ്ങിയത്. തുടർന്ന് ഭീർഭുമിൽ ബൗൾ ഗായകന്റെ വീട്ടിലെത്തി ഉച്ചയൂണ് കഴിച്ചു. സുവേന്ദു അധികാരിയിലൂടെ തൃണമൂലിൽ നിന്ന് കൂടുതൽ എംഎ‍ൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബി.ജെപിയുടെ ശ്രമം. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ സുവേന്ദുവിനോട് ഡൽഹിയിലെത്താൻ ഷാ നിർദ്ദേശിച്ചിട്ടുണ്ട്. തൃണമൂൽ, കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളിലെ ഒരു ഡസനിനടുത്ത് എംഎ‍ൽഎമാരാണ് മിഡ്‌നാപുരിൽ ശനിയാഴ്ച ഷായിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വരെ എല്ലാമാസവും ഷായുടെ ബംഗാൾ സന്ദർശനമുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ പറഞ്ഞു.

ബിജെപി റാലികളിൽ വൻജനക്കൂട്ടം

ഭോലപ്പൂരിൽ നടന്ന പൊതുറാലിയിൽ മമതയ്ക്കും തൃണമൂൽ സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് അമിത് ഷാ നടത്തിയത്. ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ഭോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹമാണ്. ഒപ്പം മമതാ ബാനർജിയോടുള്ള വെറുപ്പാണെന്നും അമിത് ഷാ പറഞ്ഞു. താൻ എന്റെ ജീവിതത്തിൽ നിരവധി റോഡ് ഷോകളിൽ പങ്കെടുത്തിത്തിട്ടുണ്ട്. എന്നാൽ ഇതുപോലൊരു റോഡ് ഷോ തന്റെ ജീവതത്തിൽ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. മമതയെ തോൽപ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനർജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനം ഇന്ന് അവസാനിക്കും. ബംഗാൾ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ഇരിക്കുകയാണ് അമിത് ഷാ. ഇരുനൂറിലധികം സീറ്റുകൾ നേടി പശ്ചിമബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നായിരുന്നു ഇന്നലെ അമിത്ഷാ പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസിൽ മമത മാത്രമെ അവശേഷിക്കു. 2021ൽ ബംഗാൾ ഭരിക്കുക ബിജെപി മുഖ്യമന്ത്രിയായിരിക്കുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു.

ഇന്നലെ മിഡ്നാപൂരിൽ നടന്ന ബിജെപി റാലിയിൽ എട്ട് തൃണമൂൽ അംഗങ്ങൾ, ഒരു സിപിഎം എംഎൽഎ, മുന്മന്ത്രി സുവേന്ദു അധികാരി, തൃണമൂൽ എംപി സുനിൽ മൊണ്ഡൽ എന്നിവരുൾപ്പെടെ നിരവധിപ്പേർ ബിജെപിയിൽ ചേർന്നു. എല്ലാവർക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗത്വം നൽകി. തപ്‌സി മൊണ്ഡൽ ആണ് ബിജെപിയിൽ ചേർന്ന സിപിഎം എംഎൽഎ.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വലംകൈയായിരുന്ന മുതിർന്ന നേതാവ് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ സവിശേഷത്. വേദിയിൽ സുവേന്ദു ബിജെപിയുടെ പതാക ഉയർത്തി. തുടർന്ന് സംസാരിച്ച അദ്ദേഹം പാർട്ടിയിലേക്ക് സ്വീകരിച്ചതിന് ബിജെപിയോടും അമിത് ഷായോടും നന്ദി പറഞ്ഞു. തന്നെ തൃണമൂൽ കോൺഗ്രസ് അപമാനിച്ചു. അതേ തൃണമൂൽ കോൺഗ്രസ് ആണ് ഇപ്പോൾ പിന്നിൽനിന്നും കുത്തുന്നവൻ എന്ന് വിളിക്കുന്നത്. മമതാ ബാനർജി ആരുടെയും അമ്മയല്ല. ഒരേയൊരു അമ്മയേ ഉള്ളൂ, അത് ഭാരത മാതാവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുവേന്ദു അധികാരിയെ കൂടാതെ 10 എംഎൽഎമാരും എംപിയും മുൻ എംപിയും റാലിയിൽ ബിജെപിയുടെ ഭാഗമായി. അടുത്തിടെ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ചതു മുതൽ ബിജെപിയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നന്ദിഗ്രാം സമരനായകനായി അറിയപ്പെടുന്ന ഇദ്ദേഹം പാർട്ടിവിട്ടയ് മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റുകൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബിജെപിക്ക് അറുപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വീധീനം ചെലുത്താൻ കഴിയുന്ന സുവേന്ദു അധികാരിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നന്ദിഗ്രാം മുന്നേറ്റത്തിൽ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്. മമതയുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ ശനിയാഴ്ചയാണ് ബംഗാളിലെത്തിയത്. അമിത് ഷായുടെ സന്ദർശനത്തിനെതിരെ ഗോ ബാക്ക് പോസ്റ്ററുകളും ബംഗാളിലെ മിഡ്‌നാപുരിൽ ഉയർന്നിട്ടുണ്ട്. കർഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്‌ച്ച നടത്തും. ആറ് കേന്ദ്രമന്ത്രിമാർക്കാണ് ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുമതല നൽകിയിയിരിക്കുന്നത്. ശനി പുലർച്ചെ 1.30 ന് കൊൽക്കത്തയിലെത്തിയ അമിത് ഷാ രാവിലെ 10.30 ന് രാമകൃഷ്ണ ആശ്രമത്തിലെത്തി, സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാ ദേവി എന്നിവരുടെ ഛായാചിത്രങ്ങൾക്കു മുൻപിൽ പ്രാർത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. സ്വാമി വിവേകാനന്ദൻ ആധുനികതയേയും ആത്മീയതയേയും യോജിപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമെന്നും ബിജെപിയുടെ ചോര വീണ മണ്ണിൽ മമതയുടെ അന്ത്യം കുറിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കുക ലക്ഷ്യമിട്ട് ബിജെപി ദേശീയ നേതാക്കളുടെ വൻനിരയാണ് ബംഗാളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. അമിത് ഷാ മടങ്ങിയ ശേഷം 6 കേന്ദ്ര മന്ത്രിമാരും സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP