Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'രാഹുൽ ഭയ്യാ.. നിങ്ങൾ അവധിയിലായിരുന്നു'; 'അതുകൊണ്ടാണ് നിങ്ങൾക്ക് ഇക്കാര്യം അറിയാത്തത്'; ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ; 'അവധി' പരാമർശം രാഹുലിന്റെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ച്

'രാഹുൽ ഭയ്യാ.. നിങ്ങൾ അവധിയിലായിരുന്നു'; 'അതുകൊണ്ടാണ് നിങ്ങൾക്ക് ഇക്കാര്യം അറിയാത്തത്'; ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ;  'അവധി' പരാമർശം രാഹുലിന്റെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ച്

ന്യൂസ് ഡെസ്‌ക്‌

പുതുച്ചേരി: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ പ്രത്യേക ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രണ്ടുവർഷം മുമ്പ് ഫിഷറീസ് വകുപ്പിന് കേന്ദ്രസർക്കാർ രൂപം നൽകിയത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി ഒരു പ്രത്യേക വകുപ്പ് നിർമ്മിക്കാതിരുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പിന് നരേന്ദ്ര മോദി നേരത്തേ രൂപം നൽകിയിരുന്നു. രാഹുൽ ഭയ്യാ.. നിങ്ങൾ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ഇക്കാര്യം അറിയാത്തത്.' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു 'അവധി'പരാമർശം അമിത് ഷാ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.

'പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി ഒരു പാർട്ടിയുടെ ലോക്സഭയിലുള്ള അംഗത്തിന് കഴിഞ്ഞ രണ്ടുവർഷം മുമ്പ് ഫിഷറീസ് വകുപ്പ് രൂപം നൽകിയത് പോലും അറിയില്ലെങ്കിൽ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ആ പാർട്ടിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ.'- അമിത് ഷാ ചോദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ സന്ദർശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തിൽ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുൽ ഉന്നയിക്കുന്നത്. എന്നാൽ 2019-ൽ തന്നെ ഫിഷറീസ് വകുപ്പിന് മോദി സർക്കാർ രൂപം നൽകിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടൻ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉള്ളതായി അറിയില്ലെന്ന പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. മത്സ്യത്തൊഴിലാളികൾക്കായി ഒരു കാര്യക്ഷമമായ മന്ത്രാലയമാണ് വേണ്ടതെന്നാണ് താൻ അർഥമാക്കിയതെന്ന് രാഹുൽ പിന്നീട് വിശദീകരണം നൽകി. പുതുച്ചേരിക്ക് ശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി രാഹുൽ സംവദിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു മന്ത്രാലയം വേണമെന്ന് കേരളത്തിലും രാഹുൽ ആവർത്തിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സർക്കാരിന് രൂപം നൽകുമെന്നുമുള്ള പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു. എംഎൽഎമാരുടെ രാജിയെ തുടർന്ന് വി.നാരായണസ്വാമിയുടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിൽ നിലവിൽ രാഷ്ട്രപതി ഭരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി എംഎൽഎമാരെ വിലയ്ക്കെടുക്കുകയായിരുന്നു എന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP