Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമിത് ഷായെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി പാർലമെന്ററീകാര്യ ഉപസമിതി യോഗം വിളിച്ച് രാജ്‌നാഥ് സിങ്; ആർഎസ്എസ് പിന്തുണയോടെ സ്ഥാനം ഉറപ്പിച്ച് പരിവാറിലെ കരുത്ത് ഉറപ്പിച്ച് പ്രതിരോധമന്ത്രി; രണ്ടാമനെന്ന പദവിയിലേക്കുള്ള നടന്നു കയറ്റമെന്ന് വിലയിരുത്തി ദേശീയ രാഷ്ട്രീയം; അമിത് ഷായുടെ സൂപ്പർ ഇടപെടലുകളെ രാജ്‌നാഥ് വെട്ടുന്നത് പരിവാറിലെ കരുത്ത് ഉപയോഗിച്ച് തന്നെ

അമിത് ഷായെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി പാർലമെന്ററീകാര്യ ഉപസമിതി യോഗം വിളിച്ച് രാജ്‌നാഥ് സിങ്; ആർഎസ്എസ് പിന്തുണയോടെ സ്ഥാനം ഉറപ്പിച്ച് പരിവാറിലെ കരുത്ത് ഉറപ്പിച്ച് പ്രതിരോധമന്ത്രി; രണ്ടാമനെന്ന പദവിയിലേക്കുള്ള നടന്നു കയറ്റമെന്ന് വിലയിരുത്തി ദേശീയ രാഷ്ട്രീയം; അമിത് ഷായുടെ സൂപ്പർ ഇടപെടലുകളെ രാജ്‌നാഥ് വെട്ടുന്നത് പരിവാറിലെ കരുത്ത് ഉപയോഗിച്ച് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടൽ. ആർഎസ്എസ് പിന്തുണയോടെ നരേന്ദ്ര മോദിഅമിത് ഷാ ടീമിന്റെ താൽപര്യത്തിനു വിരുദ്ധമായി 8 മന്ത്രിസഭാ സമിതികളിൽ ആറിലും സാന്നിധ്യമുറപ്പാക്കിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തന്റെ അധികാരം തെളിയിക്കുകയും ചെയ്തു. താൻ അധ്യക്ഷനായ പാർലമെന്ററി കാര്യ മന്ത്രിസഭാസമിതിയുടെ യോഗം ഇന്നലെ സ്വന്തം വസതിയിൽ വിളിച്ചുചേർക്കുകയാണ് രാജ്‌നാഥ് സിങ് ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാസമിതികൾ പുനഃസംഘടിപ്പിച്ചപ്പോൾ ആദ്യം രണ്ടെണ്ണത്തിൽ മാത്രമാണു രാജ്‌നാഥിനെ ഉൾപ്പെടുത്തിയത്. പ്രതിഷേധമുയർന്നതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ടു. രാജ്‌നാഥ് രാജിഭീഷണി മുഴക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് സമിതികളിൽ നാലെണ്ണത്തിൽ കൂടി രാജ്‌നാഥിനെ ഉൾപ്പെടുത്താൻ മോദി നിർബന്ധിതനായി. ഇതിന് പിന്നാലെയാണ് തന്റെ വസതിയിൽ രാജ്‌നാഥ് യോഗം വിളിച്ചത്. അമിത് ഷായെ തന്റെ വീട്ടിൽ വിളിച്ചു വരുത്തി അധികാര കേന്ദ്രമാണ് താനെന്ന സന്ദേശം നൽകുകയാണ് രാജ്‌നാഥ് സിങ് ചെയ്യുന്നത്. മന്ത്രിസഭയിലെ രണ്ടാമൻ താൻ തന്നെയെന്ന സന്ദേശമാണ് ഇതിലൂടെ പ്രതിരോധ മന്ത്രി നൽകുന്നത്.

മന്ത്രിസഭാ സമിതികളിൽ നിന്ന് തഴഞ്ഞതിലുള്ള രാജ്നാഥ് സിംഗിന്റെ പ്രതിഷേധത്തിന് മുന്നിൽ മോദി വഴങ്ങിയത് ആർഎസ്എസ് ഇടപെടൽ കാരണമാണ്. രാജ്നാഥ് സിംഗിനേയും നിതിൻ ഗഡ്ഗരിയേയും തഴയുന്നതിലാണ് ആർ എസ് എസിന് അമർഷമുള്ളത്. നിതിൻ ഗഡ്ഗരിക്ക് മികച്ച വകുപ്പ് കൊടുക്കാത്തതിലും ആർഎസ്എസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിനെ കൂടുതൽ മന്ത്രിസഭാ സമിതികളിൽ എടുത്തത്. കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിംഗിന് ഇത്തവണ നൽകിയത് പ്രതിരോധവകുപ്പാണ്. പ്രോട്ടോക്കോൾ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാർലമെന്ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളിൽ നിന്ന് ഒഴിവാക്കിയതിൽ രാജ്നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. മന്ത്രിസഭയിൽ രണ്ടാമനായ ആൾ പൊതുവേ പ്രധാനമന്ത്രിയില്ലെങ്കിൽ കാബിനറ്റ്, രാഷ്ട്രീയ ഉപസമിതികളുടെ അധ്യക്ഷനാകുന്നതാണ് കീഴ്‌വഴക്കം. ഇതൊന്നും അംഗീകരിക്കാതെയാണ് അമിത് ഷായിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇതിനെതിരെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതിഷേധം. ഇത് വെറുതെയായില്ല.

കഴിഞ്ഞ തവണ അധികാരത്തിൽ എത്തിയപ്പോൾ വകുപ്പ് വിഭജനം ഉൾപ്പെടെ ആർ എസ് എസുമായി മോദി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങളെല്ലാം അമിത് ഷായാണ് നിയന്ത്രിച്ചത്. നിതിൻ ഗഡ്ഗരിയെ പ്രതിരോധ മന്ത്രിയാക്കാനായിരുന്നു ആർ എസ് എസിന് താൽപ്പര്യം. എന്നാൽ അമിത് ഷായെ ആഭ്യന്തരം ഏൽപ്പിച്ച് രാജ്നാഥ് സിംഗിന് പ്രതിരോധം നൽകി. ധനകാര്യം നിർമ്മലാ സീതാരമാന് നൽകിയതിനൊപ്പം പ്രധാന വകുപ്പായ വിദേശകാര്യ വകുപ്പിലേക്ക് ആർ ജയശങ്കറിനെ കൊണ്ടു വരുകയും ചെയ്തു. ഇതെല്ലാം ആർഎസ്എസ് താൽപ്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്‌നാഥിന് പിന്നിൽ പ്രതിരോധം തീർക്കാൻ ആർഎസ്എസ് എത്തിയത്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയിൽ രാജ്നാഥ് സിംഗിനെ രണ്ടെണ്ണത്തിൽ മാത്രമാണ് അംഗമാക്കിയിരുന്നത്. എന്നാൽ മന്ത്രിസഭയിലെ പുതുമുഖമായ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളിൽ ഉൾപ്പെടുത്തിയിരുന്നു.

അവഗണനയിൽ പ്രതിഷേധിച്ച് രാജ്നാഥ് സിങ് ആർ എസ് എസിനെ രാജി അറിയിച്ചു. ഇതോടെയാണ് നാഗ്പൂരിൽ നിന്ന് ഇടപെടൽ എത്തിയത്. മുൻ ബിജെപി അധ്യക്ഷനായ തനിക്ക് കൂടുതൽ പരിഗണന വേണമെന്നും രാജ്നാഥ് അറിയിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ താനായിരുന്നു പാർട്ടി പ്രസിഡന്റ്. അന്നും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു. ഇതെല്ലാം മറന്നാണ് ഇപ്പോൾ എല്ലാവരും അമിത് ഷായെ അമാനുഷികനാക്കുന്നതെന്നാണ് രാജ്നാഥിന്റെ പരാതി. ബിജെപിയുടെ മുൻ അധ്യക്ഷനാണ് നിതിൻ ഗഡ്ഗരിയും. ഗഡ്ഗരിയേയും നോക്കു കുത്തിയാക്കുകയാണ് അമിത് ഷാ. ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജ്‌നാഥ് കലാപക്കൊടിയുമായി എത്തി. രാജിവയ്ക്കുമെന്ന ഭീഷണിയും പെടുത്തി. എന്നാൽ രാജി വാർത്ത പിന്നീട് രാജ്‌നാഥ് സിങ് നിഷേധിച്ചു. ഇതിനിടെയിലും കരുത്ത് കാട്ടുകയാണ് രാജ്‌നാഥ്.

ഇടഞ്ഞ രാജ്നാഥ് സിംഗിനെ തണുപ്പിക്കാൻ ഒടുവിൽ നാല് മന്ത്രിസഭാ ഉപസമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തി. അമിത് ഷായെ നീക്കി പാർലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിക്ഷേപവും വളർച്ചയും വിലയിരുത്തുന്ന സമിതി, തൊഴിൽ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിൽക്കൂടി രാജ്നാഥ് സിങ് ഇപ്പോൾ അംഗമാണ്. എട്ടിൽ ആറ് സമിതികളിലും രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP