Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാൻ ആലോചനയെന്ന് വ്യക്തമാക്കി അഹമ്മദ് പട്ടേൽ; കേരളത്തെ മാതൃകയാക്കി രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും; പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും അത് ഭരണഘടനയ്‌ക്കെതിരാവുമെന്ന കപിൽ സിബലിന്റെ പ്രസ്താവനയും വിവാദത്തിൽ

കോൺഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കും; പഞ്ചാബ് മാതൃക നടപ്പിലാക്കാൻ ആലോചനയെന്ന് വ്യക്തമാക്കി അഹമ്മദ് പട്ടേൽ; കേരളത്തെ മാതൃകയാക്കി രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കും; പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നും അത് ഭരണഘടനയ്‌ക്കെതിരാവുമെന്ന കപിൽ സിബലിന്റെ പ്രസ്താവനയും വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം പാസാക്കിയ പ്രമേയത്തിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങളും രംഗത്തുവരാൻ ഒരുങ്ങുന്നു. പഞ്ചാബാണ് നിയമത്തിന് എതിരെ പ്രമേയം പാസാക്കിയത്. പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാന മാതൃക പിന്തുടരാൻ ഒരുങ്ങുകയാണ്. കോൺഗ്രസ് ഭരണത്തിലുള്ള എല്ലാ സംസ്ഥാനങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയേക്കുമെന്ന സൂചനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രംഗത്തെത്തി.

പഞ്ചാബിന്റെ പാത പിൻതുടർന്ന് കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമത്തിനെതിരായി പ്രമേയം അവതരിപ്പിക്കാൻ ആലോചിച്ചു വരികയാണ് എന്ന് അഹമ്മദ് പട്ടേൽ പറഞ്ഞു. ഇത്തരത്തിൽ എല്ലാ സംസ്ഥാനങ്ങളും പ്രമേയം അവതരിപ്പിക്കുകയാണെങ്കിൽ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കില്ല എന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല എന്ന് പറഞ്ഞത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്നായിരുന്നു സിബൽ അഭിപ്രായപ്പെട്ടത്. അത് നിഷേധിക്കാൻ ഒരു വഴിയുമില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ശനിയാഴ്ച പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

'പാർലമെന്റ് പാസാക്കിയ സിഎഎ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാൻ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ എതിർക്കാൻ കഴിയും, നിയമസഭയിൽ പ്രമേയം പാസാക്കാനും നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാൽ നടപ്പാക്കാതിരിക്കാനാകില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി പ്രശ്നകരമാവുകയും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും'' കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുൻ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപിൽ സിബൽ പറഞ്ഞു.

'എൻആർസി, എൻപിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എൻപിആർ നടപ്പാക്കേണ്ടത് ലോക്കൽ രജിസ്ട്രാർ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങൾ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ ഭരണഘടനാപരമായി, പാർലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന് വളരെ ബുദ്ധിമുട്ടാണ്.''- കപിൽ സിബൽ പറയുകയുണ്ടായി.

അതേസമയം കപിൽ സിബലിന്റെ പ്രസ്താവനയെ തുടർന്ന് പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ യഥാർത്ഥ നിലപാട് എന്താണ് എന്ന് ആരാഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ താൻ പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും സുപ്രീം കോടതി നിയമം ഭരണഘടനാപരമാണെന്ന് പറഞ്ഞാൽ എല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കേണ്ടി വരുമെന്നാണ് ഉദ്ദേശിച്ചതെന്ന കപിൽ സിബൽ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചാബ് കേരളത്തിനു പിന്നാലെ പൗരത്വഭേദഗതി നിയമത്തിൽ പ്രമേയം പാസാക്കിയിരുന്നു. നിയമത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് വ്യക്തമാക്കിയിരുന്നു. രാജസ്ഥാൻ നിയമത്തിനെതിരെ സംസ്ഥാന ബജറ്റ് സെഷനിൽ പ്രമേയം അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രണ്ട് സംസ്ഥാനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.

ഭരണഘടനയിൽ അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെ ലംഘനമാണ് സിഎഎ എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാന സർക്കാരാണ് കേരളം. സിഎഎയ്‌ക്കെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസാക്കിയതും കേരളമാണ്. കേരളത്തിന്റെ ചുവടുപിടിച്ച് വിവാദമായ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ സിഎഎ, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമ കേസിൽ സുപ്രീംകോടതി മുമ്പാകെയെത്തിയ ഹരജികൾ 22ന് പരിഗണനക്ക് എടുക്കുമ്പോൾ മൂന്ന് സാധ്യതകളണ് ഉള്ളതെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയമം പ്രാവർത്തികമാക്കരുതെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നുമാണ് എല്ലാ ഹരജികളുടെയും ഉള്ളടക്കം. താൽക്കാലികമായി റദ്ദാക്കുന്ന ഇടക്കാല ഉത്തരവിനാണ് പ്രധാന സാധ്യതയെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ വ്യക്തമാക്കുന്നു. നിയമം ഇന്നത്തെ സാഹചര്യത്തിൽ പ്രാവർത്തികമാക്കുന്നത് തടയാൻ പറ്റില്ലെന്നും അന്തിമ വിധിയേ നൽകാനാകൂവെന്നുമാണ് കോടതി വ്യക്തമാക്കുന്നതെങ്കിൽ നിയമം നിലവിൽ വന്നെന്ന് അർഥമാക്കാം. മുസ്‌ലിം ലീഗ് ഫയൽ ചെയ്ത ഹരജിയിൽ ഉന്നയിച്ച ഒരാവശ്യം, എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധമുണ്ടോയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നാണ്. രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിൽ എൻ.പി.ആർ നടപടികളുമായി മുന്നോട്ടുപോകരുത് എന്ന് ആവശ്യപ്പെടുമെന്നും ലീഗിന് വേണ്ടി ഹാജരാകുന്ന സംഘത്തിലുള്ള ഹാരിസ് ബീരാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP