Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന ഉറച്ച നിലപാടിൽ രാഹുൽ ഗാന്ധി; എ കെ ആന്റണി അധ്യക്ഷനാവണം എന്നഭ്യത്ഥിച്ച് മുതിർന്ന നേതാക്കൾ; ഇല്ലെന്ന് തീർത്തുപറഞ്ഞ് ആന്റണി; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ മറ്റാരെയെങ്കിലും പദവി ഏൽപ്പിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അടിത്തട്ടിൽ പ്രവർത്തനം തുടങ്ങാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധിയും; ആഴ്‌ച്ചയിൽ രണ്ട് ദിവസം പ്രവർത്തകരുമായി കൂടിക്കാഴ്‌ച്ച നടത്തും; ഉത്തർപ്രദേശിൽ കളമറിഞ്ഞു കളിക്കാൻ ഒരുങ്ങുന്ന പ്രിയങ്കയുടെ പ്രതീക്ഷ 2022ലെ യുപി തെരഞ്ഞെടുപ്പു തന്നെ

കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന ഉറച്ച നിലപാടിൽ രാഹുൽ ഗാന്ധി; എ കെ ആന്റണി അധ്യക്ഷനാവണം എന്നഭ്യത്ഥിച്ച് മുതിർന്ന നേതാക്കൾ; ഇല്ലെന്ന് തീർത്തുപറഞ്ഞ് ആന്റണി; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ മറ്റാരെയെങ്കിലും പദവി ഏൽപ്പിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അടിത്തട്ടിൽ പ്രവർത്തനം തുടങ്ങാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധിയും; ആഴ്‌ച്ചയിൽ രണ്ട് ദിവസം പ്രവർത്തകരുമായി കൂടിക്കാഴ്‌ച്ച നടത്തും; ഉത്തർപ്രദേശിൽ കളമറിഞ്ഞു കളിക്കാൻ ഒരുങ്ങുന്ന പ്രിയങ്കയുടെ പ്രതീക്ഷ 2022ലെ യുപി തെരഞ്ഞെടുപ്പു തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറയാൻ എത്തിയ ശേഷം രാഹുൽ ഗാന്ധി പാർട്ടി പരിപാടികളിൽ സഹകരിക്കുന്നില്ല. അദ്ദേഹം പുറത്തു പോലും ഇറങ്ങാതെ വീട്ടിൽ ഒതുങ്ങുകയാണ് അദ്ദേഹം. രാഹുൽ ഗാന്ധിയോട് പദവിയിൽ തുടരണമെന്ന് വിവിധ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അതൊന്നും രാഹുൽ ചെവിക്കൊള്ളുന്നില്ല. രാഹുലിന് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടിയ നേതാക്കൾ മുതിർന്ന നേതാവ് എ കെ ആന്റണിയിലേക്ക് പോലുമെത്തി എന്നാണ അറിയുന്നത്. ഇക്കാര്യം കോൺഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസിന്റെ റിപ്പോർട്ടു ചെയ്യുന്നത്.

കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കണം എന്ന് ആന്റണിയോട് മുതുർന്ന നേതാക്കൾ ആവശ്യപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹം ഈ അഭ്യർത്തന നിരസിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആന്റണി അധ്യക്ഷപദം നിരസിച്ചതായാണ് ഐഎഎൻഎസിന്റെ റിപ്പോർട്ട്.

അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ മുതിർന്ന പാർട്ടി നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയവരാണ് എകെ ആന്റണിയോട് പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. നെഹ്റു കുടുംബത്തിനു പുറത്തുള്ള ഒരാളെ അധ്യക്ഷനാക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കളോടു നിർദ്ദേശിച്ചതായി നേരത്തെ വാർത്ത വന്നിരുന്നു. നെഹ്രു കുടുംബത്തിലെ ആരെയും പരിഗണിക്കേണ്ട എന്ന നിലപാടിൽ രാഹുൽ ഉറച്ചു നിന്നതോടെ പ്രിയങ്ക ഗാന്ധിയിലേക്കും ശ്രദ്ധ തിരിയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. സോണിയ തിരികെ അധ്യക്ഷ പദവി ഏറ്റെടുക്കാനും രാഹുൽ അനുവദിക്കില്ലെന്നാണ് അറിയുന്നത്.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അറിവോടെയാണ് നേതാക്കൾ ആന്റണിയെ സമീപിച്ചതെന്നാണ് സൂചനകൾ. നെഹ്റു കുടുംബത്തോട് തനിക്ക് അതിയായ ആദരവാണ് ഉള്ളതെന്നും എന്നാൽ അധ്യക്ഷപദം ഏറ്റെടുക്കാനാവില്ലെന്നും ആന്റണി നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യകാരണങ്ങളാണ് അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനു തടസമായി ആന്റണി ഉന്നയിച്ചത്. ആന്റണി നിരസിച്ച പശ്ചാത്തലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും പട്ടേലും ആസാദും സമീപിച്ചിരുന്നെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയിലെ മറ്റു ചുമതലകൾ ചൂണ്ടിക്കാട്ടി വേണുഗോപാലും അധ്യക്ഷപദം നിരസിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ്, അധ്യക്ഷപദം ഒഴിയുന്നതായി രാഹുൽ ഗാന്ധി പാർട്ടിയെ അറിയിച്ചത്. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രവർത്തക സമിതി ഇതു തള്ളിയെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായാണ് സൂചനകൾ. അതേസമയം കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കില്ലെങ്കിലും ഉത്തർപ്രദേശിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. 2022ൽ വരുന്ന യുപി തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ മനസിൽ ഉള്ളത്.

നിലവിൽ കോൺഗ്രസിൽ കിഴക്കൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ നേതൃത്വം ഗുണകരമായാൽ അധ്യക്ഷ പദവിയിലേക്ക് അടക്കം പ്രിയങ്ക എത്തിയേക്കും. തുടർ പരിപാടികളുടെ ഭാഗമായി കിഴക്കൻ യുപിയിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുമായി പ്രിയങ്ക ആഴ്ചയിൽ രണ്ടുദിവസം കൂടിക്കാഴ്ച നടത്തും. അടിത്തട്ടിൽ നിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. ഡൽഹിയിലായിരിക്കും കൂടിക്കാഴ്ച.

എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തുമുതൽ ഒരു മണിവരെ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക അനുമതി കൂടാതെ പാർട്ടി പ്രവർത്തകർക്ക് പ്രിയങ്കയെ കാണാൻ സാധിക്കും. സംസ്ഥാനത്ത് സ്ഥിരം സന്ദർശനം നടത്തി പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പ്രിയങ്ക തീരുമാനിച്ചിട്ടുണ്ട്. എന്തൊക്കെ കാരണങ്ങളാണ് കോൺഗ്രസിന്റെ പതനത്തിലേക്ക് നയിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി പഠിക്കും. ഇതിനോടകംതന്നെ പ്രിയങ്ക പ്രവർത്തകരുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്ന് പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ റായ്ബറേലി സന്ദർശനത്തിലും പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. റായ്ബറേലിയും അമേഠിയും ഉൾപ്പെടെയുള്ള യുപിയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. എന്നാൽ റായ്ബറേലി ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് ദയനീയമായി പരാജപ്പെടുകയാണുണ്ടായത്. വീണ്ടുമൊരു തിരിച്ചു വരവിന് വഴി തേടുന്ന കോൺഗ്രസ് പ്രിയങ്കയിൽ തന്നെ വിശ്വാസമർപ്പിക്കുന്ന അവസ്ഥയാണുള്ളത്. ഈ പ്രതീക്ഷകൾ എത്രകണ്ട് വിജയകരമാകും എന്ന കാര്യം കണ്ടുതന്നെ അറിയേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP