Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

അദാനി-മോദി വിമർശനം തുടരുന്ന രാഹുൽ ഗാന്ധിക്കെതിരെ അതിവേഗ നീക്കങ്ങളുമായി കേന്ദ്രം; ഔദ്യോഗിക വസതി ഒഴിയാൻ നിർദ്ദേശം; ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടീസ് നൽകി; അയോഗ്യനാക്കിയ വിധിയിൽ മേൽക്കോടതിയിൽ നിന്നും ഒരുമാസത്തിനുള്ളിൽ സ്‌റ്റേ ലഭിച്ചില്ലെങ്കിൽ തുഗ്ലക് ലൈനിലെ 12-ാം നമ്പർ വീട് രാഹുലിന് കൈമോശം വരും

അദാനി-മോദി വിമർശനം തുടരുന്ന രാഹുൽ ഗാന്ധിക്കെതിരെ അതിവേഗ നീക്കങ്ങളുമായി കേന്ദ്രം; ഔദ്യോഗിക വസതി ഒഴിയാൻ നിർദ്ദേശം; ലോക്‌സഭാ ഹൗസിങ് കമ്മിറ്റി നോട്ടീസ് നൽകി; അയോഗ്യനാക്കിയ വിധിയിൽ മേൽക്കോടതിയിൽ നിന്നും ഒരുമാസത്തിനുള്ളിൽ സ്‌റ്റേ ലഭിച്ചില്ലെങ്കിൽ തുഗ്ലക് ലൈനിലെ 12-ാം നമ്പർ വീട് രാഹുലിന് കൈമോശം വരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വയനാട് എംപി സ്ഥാനത്തു നിന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അതിവേഗ നീക്കങ്ങളുമായി രംഗത്ത്. ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ മറ്റ് കാര്യങ്ങളിലും തുടർ നടപടികൾ കൈക്കൊള്ളുകയാണ് ലോക്‌സഭ. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്‌സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഡൽഹി തുഗ്ലക് ലൈനിലെ 12-ാം നമ്പർ വീട്ടിലാണ് രാഹുൽ ഗാന്ധിയുടെ താമസം. രാഹുലിന്റെ അയോഗ്യത സംബന്ധിച്ച ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ്‌സ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവർക്കും കൈമാറിയിട്ടുണ്ട്. 'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്നാണ് അയോഗ്യനാക്കിയത്.

'മോദി' പരാമർശവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ വയനാട് ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനം രാഹുൽ ഗാന്ധിക്ക് നഷ്ടമായി. രാഹുൽ ഗാന്ധി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംപി സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയത്.

രണ്ടു വർഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പാർലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. 2019ലെ ലോക്‌സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. 'എല്ലാ കള്ളന്മാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുലിന്റെ പരാമർശം.

ഇപ്പോഴത്തെ സാഹച്യര്യത്തിൽ നോട്ടീസ് ലഭിക്കുന്നത് അനുസരിച്ച് ഒരു മാസത്തിനകം രാഹുൽ വസതി ഒഴിയേണ്ടിവരും. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഉത്തരവ് വന്ന തീയതി മുതൽ ഒരു മാസത്തിനകമാകും വീട് ഒഴിയേണ്ടി വരിക. ലോക്‌സഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2004ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെ രാഹുൽ വസതി നിലനിർത്തിയിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട നീക്കം കോൺഗ്രസിന് തിരിച്ചടിയാണ്. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ രാഹുൽ സർക്കാർ വസതിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചട്ടങ്ങൾ അനുസരിച്ച്, അയോഗ്യനാക്കാനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വരുമെന്ന് യൂണിയൻ ഹൗസിങ് ആൻഡ് അർബൻ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയാലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. ഈ അപ്പീൽ തള്ളിയാൽ സുപ്രീംകോടതിയിലേക്ക് അതിവേഗം കോൺഗ്രസ് പോകും. വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ അപകീർത്തിക്കേസിന്റെ വിചാരണഘട്ടത്തിൽ, ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടികളാണ് ഇതിനെല്ലാം കാരണം.

രാഹുലിനെതിരായ വിധിയിൽ അപ്പീലും ഇടക്കാല സ്റ്റേയും തേടി സെഷൻസ് കോടതിയിൽ ഹർജി നൽകുന്നത് ഈ സാഹചര്യത്തിലാണ്. ഹൈക്കോടതി നേരത്തേ സ്വീകരിച്ച നിലപാടുകളിൽ പാർട്ടിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് സെഷൻസ് കോടതിയിലേക്ക് പോകുന്നത്. രാഹുലിന്റെ പരാമർശത്തിനെതിരെ അപകീർത്തി ആരോപിച്ചു പരാതി നൽകിയ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേശ് മോദി, വിചാരണയ്ക്കിടെ 3 വട്ടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപ്പോഴൊന്നും രാഹുലിന്റെ അഭിഭാഷകൻ പി.എസ്.ചമ്പനേരി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ ഹൈക്കോടതി തയാറായില്ല. മൂന്നര വർഷത്തിനിടെ സൂറത്ത് കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടുമാർ മാറിയതിനു പിന്നിലും കോൺഗ്രസ് ദുരൂഹത കാണുന്നു.

2019 ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദിയെന്നു പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആ വർഷം ഏപ്രിലിലാണു പൂർണേശ് പരാതി നൽകിയത്. മെയ് 2നു കേസ് രജിസ്റ്റർ ചെയ്യാൻ സൂറത്ത് മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചു. ഒക്ടോബർ 10നു കോടതിയിൽ ഹാജരായ രാഹുൽ കുറ്റം നിഷേധിച്ചു. 2020 ജൂണിൽ വീണ്ടും ഹർജി പരിഗണിച്ചപ്പോൾ, ഹർജിയിൽ പറയുന്ന പരാമർശങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നായിരുന്നു രാഹുലിന്റെ വാദം. മൊഴി രേഖപ്പെടുത്താൻ 2021 ഒക്ടോബറിലും രാഹുൽ സൂറത്ത് കോടതിയിലെത്തി.

കേസിന്റെ തുടക്കത്തിൽ രാഹുലിന് അനുകൂലമായിരുന്നു കോടതിയുടെ നിലപാട്. ഇതിനെതിരെ 3 വട്ടം ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. 4 അധിക സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം മജിസ്ട്രേട്ട് കോടതി നിരാകരിച്ചതിനെ തുടർന്നായിരുന്നു ആദ്യ ഇടപെടൽ. ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവു ലഭിച്ചു. തെളിവുകളെക്കുറിച്ചു രാഹുൽ നേരിട്ടു വിശദീകരിക്കണമെന്ന ആവശ്യം ഹർജിക്കാരൻ ഉന്നയിച്ചു. ഇതു മജിസ്ട്രേട്ട് കോടതി തള്ളി. ഇതോടെ, വിചാരണ നടപടി സ്റ്റേ ചെയ്യണമെന്നായി ആവശ്യം. അതും മജിസ്ട്രേട്ട് അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. 2022 മാർച്ചിൽ ഹൈക്കോടതി സ്റ്റേ ആവശ്യം അംഗീകരിച്ചു.

നേരത്തേ സ്റ്റേ ആവശ്യപ്പെട്ട ഹർജിക്കാരൻ തന്നെ വിചാരണ അടിയന്തരമായി തീർപ്പാക്കണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയിലെത്തി. ഈ ആവശ്യത്തെ രാഹുൽ എതിർത്തു. എന്നിട്ടും കഴിഞ്ഞ മാസം 16ന് ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദിവസങ്ങൾക്കുള്ളിൽ, വിചാരണ പൂർത്തിയാക്കി 23നു മജിസ്ട്രേട്ട് വിധി പറയുകയും ചെയ്തു. അങ്ങനെ ഹൈക്കോടതി ഇടപെടലാണ് കേസിൽ വിധി വേഗത്തിലാക്കിയത്. അതുകൊണ്ടു തന്നെ സെഷൻസ് കോടതിയിലും ഗുജറാത്ത് ഹൈക്കോടതിയിലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP