Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ വല്ലതും പാലിച്ചോ? ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചോദിച്ചെത്തിയ അനുപം ഖേറിന് എട്ടിന്റെ പണി കൊടുത്ത് കടക്കാരൻ; ഭാര്യയ്ക്കുവേണ്ടി പ്രചരണത്തിനിറങ്ങി പുലിവാല് പിടിക്കുന്ന ബോളിവുഡ് നടൻ; സിറ്റിങ് എംപി കിരൺ ഖേർ ഇത്തവണ ചണ്ഡീഗഢിൽ നേരിടുന്നത് കനത്ത വെല്ലുവിളി

അഞ്ചു വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ വല്ലതും പാലിച്ചോ? ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചോദിച്ചെത്തിയ അനുപം ഖേറിന് എട്ടിന്റെ പണി കൊടുത്ത് കടക്കാരൻ; ഭാര്യയ്ക്കുവേണ്ടി പ്രചരണത്തിനിറങ്ങി പുലിവാല് പിടിക്കുന്ന ബോളിവുഡ് നടൻ; സിറ്റിങ് എംപി കിരൺ ഖേർ ഇത്തവണ ചണ്ഡീഗഢിൽ നേരിടുന്നത് കനത്ത വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

ചണ്ഡിഗഢ്: അഞ്ചു വർഷം മുമ്പുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രിക കാട്ടി സിറ്റിങ് എംപി കൂടിയായ സ്ഥാനാർത്ഥിയോട് ഇതിലേതൊക്കെ വാഗ്ദാനങ്ങൾ താങ്കൾ പാലിച്ചു എന്ന് ചോദിച്ചിട്ടുണ്ടോ. ചണ്ഡീഗഢിൽ സിറ്റിങ് എംപിയായ ഭാര്യ കിരൺ ഖേറിന് വേണ്ടി വോട്ടു ചോദിച്ചെത്തിയ ബോളിവുഡ് താരം അനുപം ഖേറാണ് അത്തരം ചോദ്യത്തെ നേരിടേണ്ടി വന്നത്. ഭാര്യ കിരൺ ഖേറിന് വേണ്ടി ചണ്ഡിഗറിൽ ഒരു കടയിൽ കയറി പ്രചാരണം നടത്തുന്നതിനിടെ 'ബിജെപി. ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ?' എന്ന കടക്കാരന്റെ ചോദ്യം കേട്ടയുടനെ അനുപം ഖേർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വൈറൽ ആയിരിക്കുകയാണ് അനുപം ഖേറിന്റെ വാക്ക് ഔട്ട്.

തന്റെ കടയിലേക്ക് കയറി വന്ന അനുപം ഖേറിനോട് തനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞായിരുന്നു കടയുടമ ചോദ്യം തൊടുത്തത്. 'എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിങ്ങൾ കുറച്ച് വാഗ്ദാനങ്ങൾ തന്നിരുന്നു. തന്റെ ചോദ്യം കടയുടമ പൂർത്തിയാക്കും മുൻപേ തന്നെ അനുപം മുഖം തിരിച്ച് പുറത്തേക്ക് നടന്നു പോകുകയായിരുന്നു. നിരവധി പേരാണ് അനുപം ഖേറിന്റെ ഈ പ്രവൃത്തിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ ഈ സംഭവം കോൺഗ്രസിന്റെ നീക്കമാണെന്നാണ് അനുപം ഖേർ വാദിക്കുന്നത്. തന്നെ നാണം കെടുത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ടെന്ന് തനിക്ക് അറിയാവുന്നതാണെന്നും അനുപം ഖേർ പറയുന്നു.

'ഇന്നലെ കിരൺ ഖേറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ഒരു കടയിൽ കയറിയിരുന്നു. അവിടെ എന്നെ അപമാനിക്കുന്നതിന് വേണ്ടി കോൺഗ്രസുകാർ രണ്ട് ആൾക്കാരെ തയാറാക്കി നിർത്തിയിരുന്നു. അയാൾ 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ചായിരുന്നു എന്നോട് ചോദിച്ചത്. ഞാൻ അപ്പോൾ അയാളെ ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു. കടയിലെ ഒരാൾ ഈ സംഭവം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഇന്നവർ ആ വീഡിയോ പുറത്ത് വിട്ടു. വീഡിയോയിലെ താടി വെച്ച ആളുടെ നീക്കം ശ്രദ്ധിക്കുക.' അനുപം ഖേർ ട്വീറ്റ് ചെയ്തു. ഭാര്യയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ട്വീറ്റിനൊപ്പം അനുപം ഖേർ പങ്കുവെച്ചിരുന്നു.

നേരത്തെയും അനുപം ഖേറിന് സമാനമായ അനുഭവം വോട്ടറിൽ നിന്ന് ഉണ്ടായിരുന്നു. അന്നും മറുപടി നൽകാതെ ഭാരത് മാതാ കീ ജയ് എന്നു മറഞ്ഞ് അവിടെ നിന്നും മടങ്ങുകയായിരുന്നു അനുപം ഖേർ.

2014 ൽ മുൻ റെയിൽവേ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസലിനെ അട്ടിമറിച്ചാണ് കിരൺ ഖേർ മണ്ഡലം പിടിച്ചെടുത്തത്.കിരൺ ഖേറിനെ ചണ്ഡീഗഢിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിനെതിരെ ബിജെപിയുടെ പഞ്ചാബ് ഘടകത്തിൽ കടുത്ത ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അവസാന നിമിഷം സിറ്റിങ് എംപിയായ കിരൺ ഖേറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഭിന്നത.

ഇത്തവണ കിരണിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ തർക്കങ്ങൾ നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ടണ്ടണിന്റെ കടുത്ത എതിർപ്പ് മറികടന്ന് അവസാന നിമിഷം ദേശീയ നേതൃത്വം കിരണിനെ സ്ഥാനാനാർഥിയാക്കുകയായിരുന്നു.

ഇത്തവണയും പവൻ കുമാർ ബൻസൽ തന്നെയാണ് കിരണിന്റെ എതിരാളി. പക്ഷെ പാർട്ടിക്കുള്ളിൽ നിന്ന് വലിയ എതിർപ്പ് നേരിടുന്ന സാഹചര്യത്തിൽ കിരണിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അനിശ്ചിതത്വത്തിലാണ്. മണ്ഡലത്തിനുള്ളിലും കിരണിനെതിരെ വലിയ എതിർപ്പ് നിലനിൽക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.വി ക്യാമറകൾക്ക് മുന്നിൽ ഒരു വോട്ടർ 2014ലെ പ്രകടനപത്രിക വെച്ച് കിരണിനെ ചോദ്യം ചോദ്യം ചെയ്യുകയും വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് ആരായുകയും ചെയ്തത് ചർച്ചയായി. ഈ സമയത്ത് അനുപം ഖേർ പ്രകോപിതനായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഞായറാഴ്ച മണ്ഡലത്തിൽ നടന്ന റാലിയിൽ സംസാരിക്കാനെത്തിയ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായെ വരവേറ്റത് ഒഴിഞ്ഞ കസേരകളായിരുന്നു. അമിത് ഷാ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും പ്രവർത്തകർ പിരിഞ്ഞു പോകുന്നത് കാണാമായിരുന്നു. ആളുകൾ കുറവായതിനാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്ന അനുപം ഖേറിന്റെ പൊതുയോവും മാറ്റിവെച്ചിരുന്നു.

ഇതിനെ കുറിച്ച് അനുപം ഖേറിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ 515 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ എല്ലാം ഹിറ്റായിരുന്നില്ല എന്നുമായിരുന്നു മറുപടി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്ന മെയ് 19നാണ് ചണ്ഡീഗഡിൽ തിരഞ്ഞെടുപ്പ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP