Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാലുമാസത്തിനിടെ മോദിയെ കാണാതെ മുങ്ങുന്നത് രണ്ടാം വട്ടം; ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രിയെ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രധാനമന്ത്രി പരിഹസിക്കുമ്പോൾ കെ.ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയ ചർച്ചയുമായി ബെംഗളൂരുവിൽ; 2024 ൽ ബിജെപിയെ തറപറ്റിക്കുമെന്നും മാറ്റത്തെ തടയാൻ ആവില്ലെന്നും പ്രവചിച്ച് റാവു

നാലുമാസത്തിനിടെ മോദിയെ കാണാതെ മുങ്ങുന്നത് രണ്ടാം വട്ടം; ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രിയെ അന്ധവിശ്വാസത്തിന്റെ പേരിൽ പ്രധാനമന്ത്രി പരിഹസിക്കുമ്പോൾ കെ.ചന്ദ്രശേഖര റാവു ദേശീയ രാഷ്ട്രീയ ചർച്ചയുമായി ബെംഗളൂരുവിൽ; 2024 ൽ ബിജെപിയെ തറപറ്റിക്കുമെന്നും മാറ്റത്തെ തടയാൻ ആവില്ലെന്നും പ്രവചിച്ച് റാവു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: , പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാതെ മുങ്ങി നടക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി ഇന്ത്യാ പര്യടനത്തിന് തന്നെ ഒരുങ്ങുകയാണ് റാവു. പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ഇല്ലാതിരുന്ന അപൂർവത. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ആ സമയത്ത് ബെംഗളൂരുവിലേക്കു പറന്ന് ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രി ദേവ ഗൗഡയേയും അദ്ദേഹത്തിന്റെ മകനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയേയും അദ്ദേഹം സന്ദർശിച്ചു. കൂടിക്കാഴ്ചകൾക്ക് ശേഷം റാവു ചില പ്രവചനങ്ങൾ നടത്തി. ദേശീയ തലത്തിൽ ഉടൻ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞൂ.

ദേവഗൗഡയും കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ദേശീയതലത്തിലെയും കർണാടകയിലെയും രാഷ്ട്രീയവിഷയങ്ങൾ ചർച്ച ചെയ്തെന്ന് കെ.സി.ആർ. പറഞ്ഞു. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷസഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയതലത്തിൽ മാറ്റമുണ്ടാകും അതിനെ തടയാൻ ആർക്കും സാധിക്കില്ല. രാജ്യത്തെ ഗോത്രവർഗക്കാരും കർഷകരും പാവപ്പെട്ടവരുമൊന്നും സന്തോഷത്തിലല്ല. വ്യവസായശാലകൾ അടച്ചുപൂട്ടുന്നു. ജി.ഡി.പി. തകരുന്നു. പണപ്പെരുപ്പം കുതിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നു, കെ.സി.ആർ. പറഞ്ഞു.

നാലു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ കാണാതെ കെസിആർ മുങ്ങുന്നത്. ഇത്തവണ ഫിഷറീസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ചതെങ്കിൽ ഫെബ്രുവരി ആദ്യ വാരം മോദി എത്തിയപ്പോൾ സ്വീകരിച്ചത് മന്ത്രി ശ്രീനിവാസ് യാദവാണ്. ഫെബ്രുവരിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചന്ദ്രശേഖർ റാവു മോദിയെ സ്വീകരിക്കാതെ മാറി നിന്നത്.

ചന്ദ്രശേഖർ റാവുവിനെ പരിഹസിച്ച് മോദി

അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കെ. ചന്ദ്രശേഖർ റാവുവിന്റെ 'അന്ധവിശ്വാസങ്ങളെ' പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് (ഐബിഎസ്) 20 വർഷം തികച്ച ആഘോഷ പരിപാടിക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്.

'തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണ്. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളിൽ നിന്ന് രക്ഷിക്കുമെന്നും ബിജെപി നേതാക്കളെ സാക്ഷിനിർത്തി മോദി അറിയിച്ചു. സന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു'.

'മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. അഞ്ച് നിലകളോട് കൂടിയ ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടിൽ മുഖ്യമന്ത്രിക്ക് കിട്ടിയത്. ഭരിക്കുന്നയാൾ മറ്റുള്ളവരേക്കാൾ ഏറ്റവും ഉയരത്തിലായിരിക്കണം എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നും മോദി പറഞ്ഞു'.

ഒരു വർഷം മുന്നേയാണ് റാവു പുതിയ വീട്ടിലേക്ക് മാറിയത്. പുതിയ വീട്ടിലേക്കു മാറുന്നതിനു മുന്നോടിയായി കെസിആർ തന്റെ ഫാം ഹൗസിൽ വച്ച് യാഗം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന യാഗത്തിനെത്തിയ 50,000 പേർക്ക് ഭക്ഷണമൊരുക്കാൻ മാത്രം 150 പാചകക്കാരാണ് വന്നത്. ഏഴു കോടി രൂപയാണ് ഇതിനു ചെലവായത്. എന്നാൽ സ്വകാര്യ വ്യക്തികൾ സ്പോൺസർ ചെയ്താണ് യാഗം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.

സംഖ്യാജ്യോതിഷത്തിൽ വിശ്വസിച്ചുകൊണ്ടും ആറ് എന്ന നമ്പരിനോടുള്ള പ്രിയംകൊണ്ടും 2018 സെപ്റ്റംബർ ആറിന് നിയമസഭ പിരിച്ചുവിടാൻ നിർദ്ദേശിച്ചയാളാണ് ചന്ദ്രശേഖര റാവു. 2014-ൽ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 12.57-ന് സത്യപ്രതിജ്ഞയെടുത്ത ആളാണ് ചന്ദ്രശേഖര റാവുവെന്നും മോദി പരിഹസിച്ചു.

റാവു ഇനി മമതയെ കാണും

അതേസമയം, കെ.ചന്ദ്രശേഖര റാവുവിന്റെ അടുത്ത കൂടിക്കാഴ്ച ബംഗാളിൽ മമത ബാനർജിയുമായാണ്. പിന്നീട് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും കാണും. ബിജെപിക്കെതിരെ കരുത്താർജ്ജിക്കാൻ നേരത്തെ അദ്ദേഹം ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP