Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താരമാകുന്നത് പ്രിയങ്ക; അച്ഛൻ രാജീവ് ഗാന്ധിയുടെ ഉറ്റചങ്ങാതിയായിരുന്ന രാജേഷ് പൈലറ്റിന്റെ മകനെ തിരിച്ചുകൊണ്ടുവരാൻ പാകമായത് പ്രിയങ്ക ഗാന്ധിയുടെ നയചാതുരിയിൽ; ഒരുമാസത്തെ പിണക്കത്തിന് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മഞ്ഞുരുകിയത് രാഹുലും പ്രിയങ്കയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ; സച്ചിന്റെ പരാതികൾ തീർപ്പാക്കാൻ ഹൈക്കമാൻഡിന്റെ മൂന്നംഗ സമിതി; രാജസ്ഥാനിൽ പ്രതിസന്ധിക്ക് പരിഹാരം

താരമാകുന്നത് പ്രിയങ്ക; അച്ഛൻ രാജീവ് ഗാന്ധിയുടെ ഉറ്റചങ്ങാതിയായിരുന്ന രാജേഷ് പൈലറ്റിന്റെ മകനെ തിരിച്ചുകൊണ്ടുവരാൻ പാകമായത് പ്രിയങ്ക ഗാന്ധിയുടെ നയചാതുരിയിൽ; ഒരുമാസത്തെ പിണക്കത്തിന് ശേഷം സച്ചിൻ പൈലറ്റ് കോൺഗ്രസിലേക്ക് മടങ്ങുന്നു; മഞ്ഞുരുകിയത് രാഹുലും പ്രിയങ്കയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിൽ; സച്ചിന്റെ പരാതികൾ തീർപ്പാക്കാൻ ഹൈക്കമാൻഡിന്റെ മൂന്നംഗ സമിതി; രാജസ്ഥാനിൽ പ്രതിസന്ധിക്ക് പരിഹാരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരുമാസത്തെ അനിശ്ചിതത്വത്തിന് ശേഷം രാജസ്ഥാനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സച്ചിൻ പൈലറ്റ് വിഭാഗം കോൺഗ്രസിലേക്ക് മടങ്ങും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ നടത്തിയ കൂടിക്കാഴ്ചയിലാണ് മഞ്ഞുരുകിയത്. സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും.

കോൺഗ്രസിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണ് താനെന്ന് പൈലറ്റ് അറിയിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. മൂന്നംഗ സമിതി രൂപീകരിക്കുക ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ്. വിമത ക്യാമ്പ് ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ഉചിതമായ പരിഹാരം സമിതിയുടെ നിർദ്ദേശപ്രകാരം നടപ്പാക്കും. രാഹുലും പ്രിയങ്കയുമായുള്ള ചർച്ചയിൽ സച്ചിൻ പൈലറ്റ് തന്റെ പരാതികൾ ഉന്നയിച്ചു. വളരെ തുറന്നതും ഫലമുണ്ടാക്കിയതുമായ ചർച്ചയാണ് നടന്നതെന്നും വേണുഗോപാൽ അറിയിച്ചു.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാഷ്ട്രീയ പ്രതിസന്ധിയിൽ മഞ്ഞുരുകുന്നത്. തിരിച്ചു പോകാനുള്ള സമ്മർദ്ദം സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം രാഹുലും പ്രിയങ്കയുമായി ചർച്ച നടത്തിയത്. രാഹുലിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

അതിനിടെ, വിമത ക്യാമ്പിലെ പ്രധാനിയായ ബൻവാരി ലാൽ ശർമ ഇന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിശ്വാസം പ്രകടിപ്പിച്ചു. പാർട്ടി കുടുംബം പോലെയാണെന്നും ഗെഹ്ലോട്ടാണ് അതിന്റെ തലവനെന്നും ബൻവാരിലാൽ പറഞ്ഞു.

സുപ്രധാന റോൾ വഹിച്ചത് പ്രിയങ്ക

സച്ചിൻ പൈലറ്റ് നേരത്തെ പ്രിയങ്കഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോൺഗ്രസിലേക്ക് മടങ്ങിവരണമെന്നും, പ്രശ്നങ്ങളെല്ലാം ചർച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു. അതേസമയം സർക്കാരിലും കോൺഗ്രസിലും കലാപമുണ്ടാക്കിയ വിമതർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന വിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹലോട്ട് പറഞ്ഞിരുന്നു. ഏതായാലും പ്രിയങ്കയുടെ നയചാതുരിയുടെ വിജയം കൂടിയായി പൈലറ്റിന്റെ മടങ്ങിവരവ്.

കാത്തിരുന്ന ട്വിസ്റ്റ്

സച്ചിൻ പൈലറ്റ് 18 എംഎൽഎമാർക്കൊപ്പം കൂടാരം വിട്ടിട്ട് ഒരുമാസം തികയുമ്പോഴാണ് വീണ്ടും ട്വിസ്റ്റ്. ഡൽഹിയിൽ ഉച്ചതിരിഞ്ഞ് രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശുഭകരമായ വാർത്ത ഉണ്ടാകുമെന്ന് ഉന്നത കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. പൈലറ്റിന്റെ മടങ്ങിവരവിന് ഒരു ഫോർമുല തയ്യാറാക്കി വരികയായിരുന്നു. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി.വേണുഗോപാൽ എന്നിവരുമായി സച്ചിൻ സംസാരിച്ചുവെന്നും കടുത്ത നിലപാടിൽ അയവുവരുത്തിയെന്നും സൂചന കിട്ടിയിരുന്നു.

രാഹുൽ ബ്രിഗേഡിലെ അംഗമായിരുന്ന യുവതുർക്കി സച്ചിൻ മടങ്ങി വരുന്നതിനോട് യോജിപ്പാണെങ്കിലും അമിതമായ വിട്ടുവീഴ്ചകൾ രാഹുലിന്റെ രീതിയല്ല. എന്നിരുന്നാലും, ഇരുവരും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന അടുപ്പമാണ് കൂടിക്കാഴ്ചയ്ക്ക് വഴിവച്ചത്.

പൂർണതൃപ്തിയില്ലാതെ വിമത ക്യാമ്പ്

തങ്ങളുയർത്തിയ മുഖ്യപ്രശ്നമായ നേതൃമാറ്റത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഇപ്പോഴും നേതൃപദവിയിൽ തുടരുകയാണെന്നും വിമത ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. ഗെഹ്ലോട്ടിന്റെ പ്രവർത്തന ശൈലിക്കെതിരായിരുന്നു സച്ചിന്റെയും കൂട്ടാളികളുടെയും കലാപം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വിമതർ മാറി നിന്നാലും സർക്കാർ വീഴില്ലെന്ന സ്ഥിതിയായിരുന്നു. സർക്കാരിന്റെ നില സുരക്ഷിതമായ സാഹചര്യത്തിൽ പൈലറ്റിനെ തുണയ്ക്കുന്ന ചില എംഎൽഎമാർ അസ്വസ്ഥരായി. അതുകൊണ്ട് തന്നെ കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്യാൻ പൈലറ്റിന്റെ മേൽ സമ്മർദ്ദമേറിയിരുന്നു.

പൈലറ്റുമായുള്ള ബന്ധം സംസ്ഥാനതലത്തിലെങ്കിലും വിച്ഛേദിക്കണമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡേ ഞായറാഴ്ച പറഞ്ഞിരുന്നു. പൈലറ്റും അനുയായികളും പാർട്ടിയിലേക്ക് മടങ്ങാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ ചിലപ്പോഴൊക്കെ ജനാധിപത്യത്തെ രക്ഷിക്കാൻ വിഷമമേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സച്ചിൻ പൈലറ്റിന് മുഖം രക്ഷിക്കണം

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജസ്ഥാൻ നിയമസഭ ചേരാനിരിക്കുകയാണ്. സച്ചിൻ പൈലറ്റാകട്ടെ കടുത്ത സമ്മർദ്ദത്തിലും. തനിക്കൊപ്പം മതിയായ എംഎൽഎമാർ ഇല്ലാത്തതുകൊണ്ട് തന്നെ തന്റെ പാർട്ടിക്കെതിരെ വോട്ട് ചെയ്ത് അംഗത്വം നഷ്ടപ്പെടുത്തുന്ന സാഹചര്യം അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല, എന്നാൽ, ഗെഹ്ലോട്ടിന് പിന്നിൽ രണ്ടാം നിരക്കാരനായിരിക്കാൻ സച്ചിന് താൽപര്യവുമില്ല.

പൈലറ്റിനെ വഴിതെറ്റിച്ചത് ബിജെപിയോ?

പൈലറ്റിനെ വഴിതെറ്റിച്ചത് ബിജെപിയാണെന്നാണ് കോൺഗ്രസ് എംഎൽഎമാർ പറയുന്നത്. സച്ചിൻ പൈലറ്റിന്റെ മുൻകോപവും അദ്ദേഹത്തിന് ദോഷമായെന്ന് ചില എംഎൽഎമാർ പറയുന്നു. അദ്ദേഹം കോപാകുലനാകുമ്പോൾ തങ്ങൾക്കും ഭയം തോന്നും. പലർക്കും പൈലറ്റിനോട് വൈകാരിക അടുപ്പമുണ്ടെങ്കിലും, രാഷ്ട്രീയ കരുനീക്കങ്ങളിൽ അതിനൊന്നും സ്ഥാനമില്ലെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP