Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ ചൈനാക്കടലിൽ പടയൊരുക്കം പൂർണ്ണം; അമേരിക്കൻ വിമാനങ്ങൾ നിഷ്‌കരുണം ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; തങ്ങളുടെ അപൂർവങ്ങളായ ആയുധങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞും ചൈനീസ് പ്രകോപനം; ഇരു രാജ്യങ്ങളും നാവികാഭ്യാസങ്ങളുമായി നേർക്ക് നേർ; മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിർത്തിയിൽ കൊമ്പുകോർക്കുന്ന ചൈനയെ വിറപ്പിക്കാൻ അമേരിക്കൻ പടനീക്കം; യുദ്ധ സാധ്യത കൂടുമ്പോൾ

ദക്ഷിണ ചൈനാക്കടലിൽ പടയൊരുക്കം പൂർണ്ണം; അമേരിക്കൻ വിമാനങ്ങൾ നിഷ്‌കരുണം ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ചൈന; തങ്ങളുടെ അപൂർവങ്ങളായ ആയുധങ്ങൾക്ക് പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞും ചൈനീസ് പ്രകോപനം; ഇരു രാജ്യങ്ങളും നാവികാഭ്യാസങ്ങളുമായി നേർക്ക് നേർ; മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിർത്തിയിൽ കൊമ്പുകോർക്കുന്ന ചൈനയെ വിറപ്പിക്കാൻ അമേരിക്കൻ പടനീക്കം; യുദ്ധ സാധ്യത കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ രണ്ടെണ്ണം വിന്യസിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം രംഗത്തെത്തി. വിമാനവാഹിനി കപ്പലുകളെ നശിപ്പിക്കാൻ ഉതകുന്ന ഡി എഫ്-21ഡി, ഡി എഫ്-26 തുടങ്ങിയ വൈവിധ്യമാർന്ന ആയുധങ്ങൾ ചൈനയുടെ പക്കൽ ഉണ്ടെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തു. നേരത്തേ ചൈന ഈ മേഖലയിൽ നാവികാഭ്യാസം നടത്തിയതിനെ തുടർന്ന് അമേരിക്കയുടെ രണ്ട് വിമാനവാഹിനി കപ്പലുകൾ വിവാദ വിഷയമായ ദക്ഷിണ ചൈനാക്കടലിൽ സൈനികാഭ്യാസം നടത്തിയിരുന്നു.

അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് രണ്ട് വിമാനവാഹിനികളും മിസൈൽ ഉപയോഗിച്ച് ചൈനക്ക് എളുപ്പത്തിൽ നശിപ്പിക്കാൻ സാധിക്കും എന്നും ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് ഭീഷണി മുഴക്കി. ദക്ഷിണ ചൈനാക്കടൽ പൂർണ്ണമായും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലാണെന്നും അവിടെ അമേരിക്കൻ വിമാനവാഹിനികൾ നടത്തുന്ന ഏതൊരു പ്രകടനവുംഎയർക്രാഫ്റ്റ് കാരിയർ മിസൈൽ ഉൾപ്പടെയുള്ള വൈവിധ്യമാർന്ന ആയുധങ്ങൾ സ്വന്തമായുള്ള പി എൽ എ യുടെ ഔദാര്യത്തിലാണെന്നും ഗ്ലോബൽ ടൈംസ് എഴുതുന്നു.

കൊറോണ വൈറസ് മുതൽ വ്യാപാരം, ഹോങ്കോംഗ് തുടങ്ങി എല്ലാ വിഷയങ്ങളിലും ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത് അത് കൂടുതൽ പരിതാപകരമാക്കിയതിന് അമേരിക്കയും ചൈനയും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സ്വതന്ത്രവും, ഏവർക്കും പ്രാപ്യമായതുമായ ഒരു ഇൻഡോ-പസഫിക് സമുദ്രമേഖലയ്ക്ക് വേണ്ടിയാണ് യു എസ് എസ് നിമിറ്റ്സ്, യു എസ് എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനികൾ ഈ മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതും നാവികാഭ്യാസങ്ങൾ നടത്തുന്നതും എന്ന് അമേരിക്കൻ നേവി വ്യക്തമാക്കി.

900 മൈൽ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ദക്ഷിണ ചൈനാക്കടലിൽ കൃത്യമായി എവിടെയാണ് നാവികാഭ്യാസങ്ങൾ നടത്തിയത് എന്ന് അമേരിക്കൻ നേവി വ്യക്തമാക്കിയിട്ടില്ല. ഈ കടലിന്റെ 90 ശതമാനം ഭാഗത്തിനും ചൈന അവകാശവാദം ഉന്നയിച്ചിരിക്കുകയാണെങ്കിലും അയൽരാജ്യങ്ങൾ അത് സമ്മതിച്ചുകൊടുത്തിട്ടില്ല. തങ്ങളുടെ പങ്കാളികളും സഖ്യകകഷികളുമായ രാജ്യങ്ങൾക്ക് ആത്മവിശ്വാസം പകരാനും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി തങ്ങൾ എക്കാലവും നിലകൊള്ളും എന്ന് വ്യക്തമാക്കുവാനും വേണ്ടിയാണ് ഇവിടെ തുടരുന്നതെന്ന് റിയർ അഡ്‌മിറൽ ജോർജ്ജ് എം വികോഫ് പറഞ്ഞു.

റോണാൾഡ് റീഗന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്ക് ഗ്രൂപ്പിന്റെ കമാൻഡറായ വികോഫ് പക്ഷെ ചൈന നടത്തിയ നാവികാഭ്യാസത്തിനുള്ള പ്രതികരണമായാണ് അമേരിക്ക സൈനികാഭ്യാസം നടത്തിയതെന്ന വാദം നിഷേധിച്ചു. മേഖലയിൽ സമാധാനം കെട്ടിപ്പടുക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നതാണ് ചൈന നടത്തിയ സൈനികാഭ്യാസം എന്ന് നേരത്തെ പെന്റഗൺ വൃത്തങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ചൈന ഈ വിമർശനങ്ങൾ നിഷേധിക്കുകയും മേഖലയിൽ അസ്വസ്ഥത വർദ്ധിക്കുന്നതിന് കാരണക്കാർ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്‌ച്ചയാണ് വിയറ്റ്നാമും ചൈനയും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന പരാസൽ ദ്വീപിന് സമീപം ജൂലായ് 1 മുതൽ അഞ്ച് ദിവസത്തെ സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചത്. വിയറ്റ്നാമും ഫിലിപ്പൈൻസും ചൈനയുടെ ഈ തീരുമാനത്തെ അപലപിക്കുകയും അത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്ന പറയുകയും ചെയ്തു. മാത്രമല്ല, അത്തരത്തിൽ ഉള്ള ഒരു സൈനിക പ്രകടനം അയൽരാജ്യങ്ങളും ചൈനയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും എന്നവർ മുന്നറിയിപ്പ് നൽകുകയുണ്ടായി.

സമൃദ്ധമായ എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങൾ ഉള്ള മേഖലയിൽ അയൽരാജ്യങ്ങളായ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്വാൻ, വിയറ്റ്നാം തുടങ്ങിയ അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തി പ്രകൃതിസമ്പത്തിന് മേൽ അവകാശം ഊട്ടിയുറപ്പിക്കുവാനാണ് ചൈന ശ്രമിക്കുന്നത് എന്ന് അമേരിക്ക കുറ്റപ്പെടുത്തി. ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും പടനീക്കം.

'ഇന്തോ-പസിഫിക് മേഖലയിൽ അഭിവൃദ്ധിയും സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു പടക്കപ്പലുകളുടെ സാന്നിധ്യം കൊണ്ട് യുഎസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയപരമോ ലോകത്തിലെ ഇപ്പോഴത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയ പ്രതികരണമല്ല ഇത്. നമ്മുടെ സേനയ്ക്ക് അത്യാധുനിക പരിശീലന അവസരങ്ങൾ ഒരുക്കുക, യുദ്ധമുന്നണിയിലെ പോരാളികൾക്ക് ഏതവസ്ഥയിലും പൊരുതാനുള്ള വഴക്കം സൃഷ്ടിക്കുക, മേഖലയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ കാര്യങ്ങളാണു ഉന്നം വയ്ക്കുന്നത്'- യുഎസ് നാവികസേനയുടെ സെവൻത് ഫ്‌ളീറ്റ് വക്താവ് ലഫ്. ജോ ജെയ്ലി അഭിപ്രായപ്പെട്ടു.

നാവികസേനയുടെ പ്രകടനം ഏറെക്കാലം മുമ്പേ തീരുമാനിച്ചതാണെന്നും ഇതേസമയത്തുതന്നെയാണു ചൈന പാരാസെൽ ദ്വീപിൽ സൈനികാഭ്യാസം നടത്താൻ ഒരുങ്ങിയതെന്നുമാണു യുഎസിന്റെ വിശദീകരണം. ചൈനയുടെ പ്രകടനത്തോടു യുഎസ് ശക്തമായ രീതിയിലാണു പ്രതികരിച്ചത്. 'തർക്കപ്രദേശമായ ദക്ഷിണ ചൈന കടലിൽ സൈനിക പരിശീലനം നടത്താനുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ (പിഎൽഎ) തീരുമാനത്തോടു ഞങ്ങളുടെ തെക്കുകിഴക്കനേഷ്യൻ സുഹൃത്തുക്കൾക്കുള്ള എതിർപ്പിനെ യുഎസ് അംഗീകരിക്കുന്നു. അതീവ പ്രകോപനം സൃഷ്ടിക്കുന്നതാണു ചൈനയുടെ നടപടി. ബെയ്ജിങ്ങിന്റെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു.'- സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.

കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസും പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കം. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നു ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസും ചൂണ്ടിക്കാട്ടി. മികച്ച സുഹൃത്തായ ഇന്ത്യയുമായും അതിർത്തിയിൽ കൊമ്പുകോർക്കുന്ന ചൈനയെ വിറപ്പിക്കാൻ തന്നെയാണു യുഎസിന്റെ പടനീക്കങ്ങളെന്നതും വിലയിരുത്തലായി ഉയരുന്നു.

പകൽപോലെ വ്യക്തം. ആണവായുധം വഹിക്കാവുന്ന പോർവിമാനങ്ങൾ സദാസജ്ജമായ നിമിറ്റ്‌സും റൊണാൾഡ് റീഗനും ഉൾപ്പെടുന്ന കപ്പൽപ്പട സൈനികാഭ്യാസങ്ങളുമായി റോന്തു ചുറ്റുമ്പോൾ അതിന്റെ പ്രകമ്പനം 2500 കിലോമീറ്ററോളം അകലെയുള്ള ബെയ്ജിങ്ങിലും മുഴങ്ങുമെന്നു യുഎസിനു നിശ്ചയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP