Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദി അറിയാത്തതിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്നും അവഹേളനം നേരിടേണ്ടിവന്ന കനിമൊഴിക്ക് പിന്തുണയുമായി ജെഡിഎസ് നേതാവ്; ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് എച്ച് ഡി കുമാരസ്വാമി; ഭാഷാ രാഷ്ട്രീയം ഉയർത്തി ബിജെപിക്ക് ബദലൊരുക്കാൻ ശ്രമവുമായി ദക്ഷിണേന്ത്യൻ നേതാക്കൾ

ഹിന്ദി അറിയാത്തതിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്നും അവഹേളനം നേരിടേണ്ടിവന്ന കനിമൊഴിക്ക് പിന്തുണയുമായി ജെഡിഎസ് നേതാവ്; ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് എച്ച് ഡി കുമാരസ്വാമി; ഭാഷാ രാഷ്ട്രീയം ഉയർത്തി ബിജെപിക്ക് ബദലൊരുക്കാൻ ശ്രമവുമായി ദക്ഷിണേന്ത്യൻ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: രാജ്യത്തെ ഹിന്ദി രാഷ്ട്രീയത്തിനെതിരെ ദക്ഷിണേന്ത്യയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ വികാരത്തിന് പിന്നാലെ കർണാടകയിലും പ്രാദേശിക ഭാഷകൾക്ക് അർഹമായ ബഹുമാനം ലഭിക്കണം എന്ന ആവശ്യം ഉയരുന്നു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയാണ് ഇത് സംബന്ധിച്ച് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനിൽ നിന്നും അവഹേളനം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയത്.

ഹിന്ദി അറിയില്ലെന്നും, അതിനാൽ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താൻ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ചോദിച്ചുവെന്നാണ് കനിമൊഴി വെളിപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് അവസരങ്ങൾ നഷ്ടമായതിനെപ്പറ്റി പറയാനുള്ള ഉചിതമായ സമയമാണ് ഇത്. നിങ്ങൾ ഇന്ത്യക്കാരിയാണോ എന്ന ചോദ്യമാണ് കനിമൊഴിക്ക് നേരിടേണ്ടി വന്നത്. കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താൻ ശബ്ദമുയർത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽനിന്നുള്ള പല നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടഞ്ഞത് ഹിന്ദി രാഷ്ട്രീയമാണെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനായ കുമാരസ്വാമി ആരോപിച്ചു. കരുണാനിധിയും കാമരാജും ഇത്തരത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്താൻ കഴിയാതിരുന്ന പ്രമുഖരാണ്. തടസങ്ങൾ മറികടന്ന് തന്റെ പിതാവ് ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാൻ കഴിഞ്ഞുവെങ്കിലും ഭാഷയുടെ പേരിൽ അദ്ദേഹം വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കളുടെ അവസരങ്ങൾ തട്ടിയെടുത്തതിനെയും അവരോട് വിവേചനം കാട്ടിയതിനെക്കുറിച്ചും തുറന്നു പറയാനുള്ള സമയമാണിത് എന്ന് കുമാരസ്വാമി പറയുന്നു. പ്രധാനമന്ത്രി ആയിരിക്കെ 90-കളിൽ തന്റെ പിതാവ് ദേവഗൗഡ സ്വാതന്ത്ര്യ ദിനത്തിൽ ഹിന്ദിയിൽ പ്രസംഗിക്കാൻ നിർബന്ധിതനായി. ബിഹാറിൽനിന്നും ഉത്തർപ്രദേശിൽനിന്നുമുള്ള കർഷകരെ ഓർത്താണ് തന്റെ പിതാവ് അന്ന് സമ്മർദ്ദത്തിന് വഴങ്ങിയത്. ഹിന്ദി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആ സംഭവം. ഭരണവർഗം ദക്ഷിണേന്ത്യക്കാരെ അവഗണിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഹിന്ദി രാഷ്ട്രീയക്കാർ മറ്റുള്ള നേതാക്കളെ ബഹുമാനിക്കാറില്ല.

ബാങ്കുകൾ അടക്കമുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാൻ കഴിയുക. കന്നഡക്കാർ അടക്കമുള്ളവർക്ക് ഇതുമൂലം തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നു. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടതുണ്ട്. ഹിന്ദിയുടെ പ്രചാരം വർധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലും വിദേശത്തും ചിലവഴിക്കുന്നത്. രാജ്യത്തെ എല്ലാ ഭാഷകൾക്കും ബഹുമാനം ലഭിക്കുന്നതിനായി പോരാട്ടംതന്നെ ആവശ്യമായിരിക്കുന്നുവെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫീസർ ' ഇന്ത്യക്കാരി അല്ലേ?'യെന്ന് തിരിച്ച് ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ എന്ന് പറഞ്ഞാൽ ഹിന്ദി അറിയുന്നവൻ എന്നായത് എന്ന് മുതലാണെന്നും അവർ ട്വീറ്റിൽ ചോദിക്കുന്നു. കനിമൊഴിയുടെ ട്വീറ്റ് ഇങ്ങനെ: എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ എയർപോർട്ടിലെ സിഐഎസ്എഫ് ഓഫീസർ' നിങ്ങൾ ഇന്ത്യക്കാരി ആണോ'യെന്ന് തിരിച്ച് ചോദിച്ചു. ഇന്ത്യൻ എന്നതിന് തുല്യമായി ഹിന്ദി അറിയാവുന്നവർ എന്നായത് എപ്പോൾ മുതലാണെന്ന് അറിഞ്ഞാൽ കൊള്ളാം' എന്നായിരുന്നു ട്വീറ്റ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പങ്കുവച്ചത്.

കനിമൊഴിക്ക് പിന്തുണയുമായി നിരവധിപേരെത്തി. അപഹാസ്യമെന്നും അപലപനീയമെന്നുമായിരുന്നു കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. മറ്റ് കോൺഗ്രസ് നേതാക്കളും ട്വിറ്ററിൽ ഇതിനെതിരെ പ്രതികരിച്ചതോടെ സിഐഎസ്എഫ് മാപ്പ് ചോദിച്ചു. കനിമൊഴിയുടെ യാത്രയുടെ വിശദാംശങ്ങളും സിഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വിദ്യാഭ്യസ നയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് കനിമൊഴിക്ക് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കഴിഞ്ഞു, ഇനി ഭാഷയുടെ പേരിലാണോ വേർതിരിവെന്നും പലരും ട്വിറ്ററിൽ പ്രതികരിച്ചു.

കനിമൊഴിക്ക് നേരിടേണ്ടി വന്നത് അസാധാരണമായ ഒരനുഭവം അല്ലെന്നും പലഘട്ടങ്ങളിലും എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരവും പ്രതികരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ ഡി.എം.കെ എംപി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സർക്കാർ ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോൺ സംഭാഷണങ്ങളിലും പലരും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിച്ചിട്ടുണ്ട്', ചിദംബരം പറഞ്ഞു.

തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സിഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്നാണ് കനിമൊഴി വ്യക്തമാക്കിയത്. ഇതാണ് വിവാദമായത്. നേരത്തെ #hindiimposition എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഡി.എം.കെയുടെ മഹിളാ വിങ് സെക്രട്ടറിയുമാണ് കനിമൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP