Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജർമ്മനിയുടെയും ഇറ്റലിയുടേയും റൊമാനിയയുടെയും തലവന്മാർക്കൊപ്പം കീവിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റിനു തണുത്ത സ്വീകരണം നൽകി യുക്രെയിൻ പ്രസിഡണ്ട്; മാക്രോൺ കെട്ടിപ്പിടിച്ചിട്ടും ചിരിക്കുക പോലും ചെയ്യാതെ സെലെൻസ്‌കി

ജർമ്മനിയുടെയും ഇറ്റലിയുടേയും റൊമാനിയയുടെയും തലവന്മാർക്കൊപ്പം കീവിൽ എത്തിയ ഫ്രഞ്ച് പ്രസിഡന്റിനു തണുത്ത സ്വീകരണം നൽകി യുക്രെയിൻ പ്രസിഡണ്ട്; മാക്രോൺ കെട്ടിപ്പിടിച്ചിട്ടും ചിരിക്കുക പോലും ചെയ്യാതെ സെലെൻസ്‌കി

മറുനാടൻ ഡെസ്‌ക്‌

കീവ്: അന്താരാഷ്ട്ര സമൂഹത്തിൽ റഷ്യയെ താഴ്‌ത്തിക്കെട്ടരുതെന്നും വ്ളാഡിമിർ പുടിനുമായി സന്ധി സംഭാഷണം നടത്തണമെന്നും ആവശ്യപ്പെട്ട ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണ് യുക്രെയിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം. ജർമ്മൻ, ഇറ്റാലിയൻ, റൊമേനിയൻ രാഷ്ട്രത്തലവന്മാർക്ക് ഒപ്പമായിരുന്നു ഇമ്മാനുവൽ മാക്രോണും കീവ് സന്ദർശിക്കാൻ എത്തിയത്. കീവിലെ കൂടിക്കാഴ്‌ച്ചക്ക് ശേഷം രാഷ്ട്രത്തലവന്മാരെ തലസ്ഥാന നഗരത്തിനു സമീപമുള്ള ഇർപിനിലേക്ക് കൂട്ടിക്കൊണ്ടു പോയി. റഷ്യൻ സൈന്യം നടത്തിയ ക്രൂരതകളും വരുത്തിവെച്ച നാശനഷ്ടങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായിരുന്നു ഇത്.

തികഞ്ഞ നിഷ്പക്ഷവാദിയായി നിലകൊള്ളുന്ന മാക്രോൺ വരെ റഷ്യൻ സൈന്യത്തിന്റെ ക്രൂരത കണ്ട് ഞെട്ടി എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയുടെ കാട്ടാളത്തം എന്നായിരുന്നത്രെ അദ്ദേഹം അവിടം കണ്ടശേഷം പറഞ്ഞത്. അതേസമയം കാട്ടുനീതിയെ ചെറുത്തുനിന്ന ഇർപിൻ നിവസികളുടെ ധൈര്യത്തെ അഭിനന്ദിക്കാനും മാക്രോൺ മറന്നില്ല. പ്രദേശവാസികളുടെ സഹായം കൊണ്ടു കൂടിയായിരുന്നു റഷ്യൻ സൈന്യത്തെ ഇർപിനിൽ നിന്നും തുരത്താൻ കഴിഞ്ഞത്. അതോടെയാണ് റഷ്യൻ സൈന്യത്തിന്റെ കീവ് പിടിച്ചെടുക്കാനുള്ള പദ്ധതി പൊളിഞ്ഞതും.

ഇർപിൻ നഗരം സന്ദർശിത്ത് തിരികെയെത്തി ഒരു സംയുക്ത മാധ്യമ സമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സൗഹാർദ്ദ പുഞ്ചിരിയോടെ മാക്രോൺ യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയെ ആലിംഗനം ചെയ്തത്. എന്നാൽ, അതിനോടും തീർത്തും നിർവികാരമായിട്ടായിരുന്നു സെലെൻസ്‌കി പ്രതികരിച്ചത്. അതിനു ശേഷം സെലെൻസ്‌കിയുടെ കൈപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും യുക്രെയിൻ നേതാവിന്റെ മുഖത്ത് കറതീർന്ന ഗൗരവമായിരുന്നു.

കീവ് കീഴടക്കാനുള്ള ശ്രമത്തിനിടയിൽ റഷ്യൻ സൈന്യം ഇർപിൻ പിടിച്ചെടുത്തിരുന്നു. കുറച്ചു നാൾ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഇവിടെ യുക്രെയിൻ സൈന്യം , പ്രദേശ വാസികൾക്കൊപ്പം നിന്ന് പോരാടിയായിരുന്നു റഷ്യൻ സൈന്യത്തെ തുരത്തിയത്. റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളുടെ മായ്ക്കാത്ത തെളിവുകൾ ഇപ്പോഴും അവിടെയുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ ആവശ്യത്തിന് ആയുധം നൽകി സഹായിക്കുന്നില്ല എന്ന പരാതി നിലനിൽക്കെയായിരുന്നു ഇന്നലെ രാഷ്ട്ര നേതാക്കൾ കീവിലെത്തിയത്.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളെ പ്രതിനിധാനം ചെയ്തുകൊണ്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി തുടങ്ങിയവർ ഒരുമിച്ച് ഒരു രാത്രികാല ട്രെയിനിലായിരുന്നു കീവിലെത്തിയത്. യുദ്ധം തുടങ്ങിയ ആദ്യ നാൾ മുതൽ തന്നെ ഫ്രാൻസ് യുക്രെയിനൊപ്പമായിരുന്നു എന്ന് പറഞ്ഞ മാക്രോൺ, യുക്രെയിൻ പ്രതിരോധിക്കുകയും ജയിക്കുകയും വേണമെന്നും പറഞ്ഞു.

യുക്രെയിനുമായി അതിർത്തി പങ്കിടുന്ന റോമേനിയയിലെ പ്രസിഡണ്ട് ക്ലോസ് യോഹാന്നിസ് മറ്റൊരു ട്രെയിനിലായിരുന്നു എത്തിയത്. നിയമവിരുദ്ധമായ റഷ്യൻ അധിനിവേശം അവസാനിപ്പിക്കണം എന്നായിരുന്നു യുക്രെയിനിലെത്തിയ ഉടനെ അദ്ദേഹം ട്വീറ്റ് ചെയ്തത്. യൂറോപ്പിന്റെ പിന്തുണ യുക്രെയിനെ അറിയിക്കുക എന്നതാണ് പിന്നീട് മാക്രോൺ പറഞ്ഞു.എന്നാൽ, കേവലം വാക്കുകൾക്കപ്പുറമായി എന്തെങ്കിലും സഹായങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ഒരു യുക്രെയിൻ ഉദ്യോഗസ്ഥൻ പറഞ്ഞത്.

യുക്രെയിനോട് റഷ്യയുമായി സന്ധിചെയ്ത് സമാധാനം കൊണ്ടുവരാനാണ് രാഷ്ട്ര നേതാക്കൾ നിർദ്ദേശിക്കുന്നതെങ്കിൽ ഈ സന്ദർശനം കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നായിരുന്നു ലുഹാൻസ്‌ക് ഗവർണർ പ്രതികരിച്ചത്. അത്തരമൊരു സന്ധിയിൽ എത്തണമെങ്കിൽ ഈ പ്രവിശ്യ വിട്ടുകൊടുക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു വിട്ടുവീഴ്‌ച്ചക്ക് സെലെൻസ്‌കി തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP