Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു മാസം മുമ്പ് തുടങ്ങിയ യാത്ര; മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ദിശ മാറ്റി; ഉപഗ്രഹ ചിത്രങ്ങളുടെ സൂചനകൾ ശരിവയ്ക്കും വിധം തൊട്ടടുത്തെ ഹംബൻതോട്ടയിലേക്ക് ചൈനീസ് ചാരക്കപ്പൽ എത്തുന്നു; ഇന്ത്യൻ എതിർപ്പിന് ലങ്ക വില നൽകാത്തത് കടം വാങ്ങി തുറമുഖം നിർമ്മിച്ചതിനാൽ; വായു സേനയും നാവിക സേനയും ജാഗ്രതയിൽ

ഒരു മാസം മുമ്പ് തുടങ്ങിയ യാത്ര; മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ദിശ മാറ്റി; ഉപഗ്രഹ ചിത്രങ്ങളുടെ സൂചനകൾ ശരിവയ്ക്കും വിധം തൊട്ടടുത്തെ ഹംബൻതോട്ടയിലേക്ക് ചൈനീസ് ചാരക്കപ്പൽ എത്തുന്നു; ഇന്ത്യൻ എതിർപ്പിന് ലങ്ക വില നൽകാത്തത് കടം വാങ്ങി തുറമുഖം നിർമ്മിച്ചതിനാൽ; വായു സേനയും നാവിക സേനയും ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ഇന്ത്യയുടെയും യുഎസിന്റെയും കടുത്ത എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലിനു ശ്രീലങ്ക പ്രവേശനാനുമതി നൽകുമ്പോൾ ഇന്ത്യൻ നാവിക സേന അതീവ ജാഗ്രതയിൽ. വ്യാമ സേനയും കരുതലുകൾ എടുക്കുന്നുണ്ട്. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചാണ് ചൈനീസ് ചാരക്കപ്പലിനെ ശ്രീലങ്ക വരവേൽക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്കുള്ള നയതന്ത്ര സഹായങ്ങൾ ഇന്ത്യ കുറച്ചേക്കും. ഇന്ത്യയുടെ സുരക്ഷയിൽ ശ്രീലങ്ക താൽപ്പര്യം കാട്ടാത്തതിനാലാണ് ഇത്.

അത്യാധുനിക നിരീക്ഷണ സംവിധാനത്തോടുകൂടിയ 'യുവാൻ വാങ് 5' എന്ന കപ്പൽ 16ന് ഹംബൻതോട്ട തുറമുഖത്തു പ്രവേശിക്കും. നേരത്തെ 11ന് ഇവിടെയെത്തി 17 വരെ നങ്കൂരമിടാനായിരുന്നു പദ്ധതി. പുതിയ തീരുമാനമനുസരിച്ച് 16 മുതൽ 22 വരെ കപ്പൽ തുറമുഖത്തുണ്ടാകും. ഇത് അനുവദിക്കരുതെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ ചൈനീസ് സമ്മർദ്ദത്തിന് ശ്രീലങ്ക വഴങ്ങി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ എതിർക്കുന്നതിനാൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്കൻ വിദേശകാര്യവകുപ്പ് ചൈനീസ് എംബസിയോട് അഭ്യർത്ഥിച്ചിരുന്നു. അതനുസരിച്ച്, കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ കപ്പൽ കാത്തുകിടക്കുകയായിരുന്നു. 16 മുതൽ 22 വരെ തുറമുഖത്തു നങ്കൂരമിടാൻ അനുമതി നൽകിയതായി ശ്രീലങ്കൻ തുറമുഖ മന്ത്രി പി.സിൽവ സ്ഥിരീകരിച്ചു. എന്തിനാണ് ഈ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് എത്തുന്നത് എന്നതിന് ചൈന കൃത്യമായ മറുപടിയൊന്നും നൽകിയിട്ടില്ല.

ഹംബൻതോട്ട തുറമുഖം ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ചതാണ്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്5. 750 കിലോമീറ്റർ പരിധിയിലെ സിഗ്‌നലുകൾ പിടിച്ചെടുക്കാൻ ഇതിനു കഴിയും എന്നതിനാൽ കൂടംകുളം, കൽപാക്കം എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലെയും ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിലെയും മറ്റും വിവരങ്ങൾ ചോരുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക.

സുരക്ഷാഭീഷണിയുടെ പേരിൽ ഇന്ത്യ ഉന്നയിച്ച എതിർപ്പിനെ മറികടന്നാണ് ശ്രീലങ്കൻസർക്കാർ കപ്പലിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ധനം നിറയ്ക്കാൻ ഹംബൻടോട്ടയിൽ നങ്കൂരമിടുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവം ശ്രീലങ്കയിലും വിവാദമായി. സർക്കാർ വിഷയം നേരാംവണ്ണം കൈകാര്യംചെയ്തില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളെയും ഉപഗ്രഹങ്ങളെയും കുറിച്ചുള്ള വിവരങ്ങളുൾപ്പെടെ ചോർത്താൻ കെൽപ്പുള്ള അത്യാധുനിക കപ്പലാണ് യുവാൻ വാങ്-5. കഴിഞ്ഞ വ്യാഴാഴ്ച ലങ്കൻ തുറമുഖത്ത് എത്തേണ്ടതായിരുന്നു. എന്നാൽ, ഇന്ത്യയുടെ സമ്മർദത്തെത്തുടർന്ന് യാത്ര അനിശ്ചിതത്വത്തിലായി.

തുടർന്ന് കപ്പലിന്റെ വരവ് നീട്ടിവെക്കാൻ ശ്രീലങ്ക ചൈനയോട് ആഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ശ്രീലങ്ക ഇതിന് ഹംബൻടോട്ടയിലേക്ക് അനുമതി നൽകിയത്. അവസാന വിവരമനുസരിച്ച് കപ്പൽ ശ്രീലങ്കയുടെ തെക്കുകിഴക്കായി 1000 കിലോമീറ്റർ അകലെയായിരുന്നെന്നാണ് വിവരം. ഏറെ നയതന്ത്രപ്രാധാന്യമുള്ള തുറമുഖമാണ് ഹംബൻ ടോട്ട. ചൈനയിൽനിന്ന് ഭീമമായ തുക വായ്പയെടുത്താണ് ശ്രീലങ്കൻസർക്കാർ തുറമുഖം വികസിപ്പിച്ചത്. വായ്പത്തിരിച്ചടവ് മുടങ്ങുമെന്നായതോടെ 2017-ൽ ഹംബൻടോട്ട 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് നൽകി. അന്നുമുതൽ തുറമുഖം ചൈന സൈനികാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുമെന്ന ആശങ്ക ഇന്ത്യക്കുണ്ട്.

തുറമുഖത്ത് സഹായം ഉറപ്പാക്കാൻ കപ്പൽ കമ്പനി നിയോഗിച്ച പ്രാദേശിക ഏജന്റുമായി ചേർന്നു പ്രവർത്തിക്കുമെന്നും ശ്രീലങ്കൻ മന്ത്രി നിർമൽ സിൽവ വാർത്താ ഏജൻസിയോടു പറഞ്ഞു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാൻ വാങ് 5 ഗവേഷണക്കപ്പലാണെന്നാണു ചൈനയുടെ അവകാശവാദം. എന്നാൽ, ഇന്ത്യൻ സൈനികരഹസ്യങ്ങളുൾപ്പെടെ ചോർത്താനായാണ് കപ്പലിന്റെ യാത്രാലക്ഷ്യമെന്ന് ഇന്ത്യ ആരോപിക്കുന്നു.

ഒരു മാസം മുമ്പാണു കപ്പലിന്റെ വിവാദ യാത്ര തുടങ്ങിയത്. ലങ്കൻ തീരത്തേക്കുള്ള യാത്ര തുടങ്ങിയതു മുതൽ ഇന്ത്യ, യു.എസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിലായിരുന്നു യുവാൻ വാങ് 5. കഴിഞ്ഞ മൂന്ന് ദിവസത്തിനകം മൂന്ന് തവണയാണു കപ്പലിന്റെ ദിശമാറ്റിയതെന്നു നോർവേ ആസ്ഥാനമാക്കിയുള്ള മാർടൈം ഒപ്റ്റിമ അറിയിച്ചു. ദിശാമാറ്റങ്ങൾക്കിടയിലും ഹംബൻതോട്ട തന്നെയാണു ലക്ഷ്യമെന്നു വിവിധ രാജ്യങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ സൂചന നൽകിയിരുന്നു.

കപ്പലിന്റെ യാത്ര നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യയുടെ സുരക്ഷാ- സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദാം ബാഗ്ചി അറിയിച്ചു. ചൈനയുടെ മൂന്നാംതലമുറ ഗവേഷണ കപ്പലാണു യുവാൻ വാങ് 5. 2007 സെപ്റ്റംബർ 29 നാണു നീറ്റിലിറക്കിയത്. കപ്പലിലെ നിരീക്ഷണ സംവിധാനങ്ങളാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു ഭീഷണിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP