Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല; നേപ്പാളിൽ; ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല'; ശ്രീരാമൻ ജനിച്ചത് ചിത്വാർ ജില്ലയിലെ അയോധ്യാപുരിയിലെന്ന് ആവർത്തിച്ചും പ്രധാനമന്ത്രി കെ.പി. ശർമ ഒലി; വിവാദ പരാമർശം അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ

'യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല; നേപ്പാളിൽ; ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല'; ശ്രീരാമൻ ജനിച്ചത് ചിത്വാർ ജില്ലയിലെ അയോധ്യാപുരിയിലെന്ന് ആവർത്തിച്ചും പ്രധാനമന്ത്രി കെ.പി. ശർമ ഒലി; വിവാദ പരാമർശം അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ

ന്യൂസ് ഡെസ്‌ക്‌

കാഠ്മണ്ഡു: യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല, നേപ്പാളിൽ എന്ന അവകാശവാദവുമായി പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്ത്. അന്താരാഷ്ട്ര യോഗദിനം ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെയാണ് ഒലിയുടെ വിവാദ പരാമർശം. യോഗയുടെ കാര്യത്തിൽ ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവർത്തിക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

'ഇന്ത്യ എന്ന രാജ്യം നിലവിൽ വരുന്നതിന് മുമ്പുതന്നെ നേപ്പാളിൽ ആളുകൾ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിക്കപ്പെട്ട സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഇന്ത്യ നിരവധി നാട്ടുകാര്യങ്ങളായിരുന്ന കാലത്തുതന്നെ നേപ്പാളിൽ ജനങ്ങൾ യോഗ ചെയ്തിരുന്നു. യോഗയുടെ ഉത്ഭവം നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാർക്ക് നാം ആദരവ് നൽകിയിട്ടില്ല. എന്നാൽ ഇക്കാര്യം പ്രൊഫസർമാർ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്' - അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ ഒലി അവകാശപ്പെട്ടു.

'യോഗയുടെ കാര്യത്തിൽ ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും നമുക്ക് കഴിഞ്ഞില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നൽകിയത്.' അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു തുടങ്ങിയതോടെയാണ് അത് സാധ്യമായതെന്നും ശർമ ഒലി കൂട്ടിച്ചേർത്തു.

ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലെ അയോധ്യയിൽ അല്ല, നേപ്പാളിലെ ചിത്വാർ ജില്ലയിലുള്ള അയോധ്യാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വലിയ ക്ഷേത്രങ്ങൾ അവിടെ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 'അയോധ്യാപുരി നേപ്പാളിലാണ്. വാത്മീകി ആശ്രമം നേപ്പാളിലെ അയോധ്യാപുരിക്ക് സമീപമാണ്. സീത മരിച്ച ദേവ്ഘട്ട് അയോധ്യാപുരിക്കും വാത്മീകി ആശ്രമത്തിനും സമീപമാണ് - അദ്ദേഹം അവകാശപ്പെട്ടു.

'പതഞ്ജലി അടക്കമുള്ള മഹർഷിമാരുടെ നാടാണ് നേപ്പാൾ. ഇവിടെ ജനിച്ച നിരവധി മഹർഷിമാർ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. വിശ്വാമിത്ര മഹർഷി അടക്കമുള്ളവരും നേപ്പാളിലാണ് ജനിച്ചത്. ശ്രീരാമനും ലക്ഷ്മണനും വിദ്യ പകർന്നു നൽകിയത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള ചരിത്രപരവും മതപരവുമായ കാര്യങ്ങളെല്ലാം വളച്ചൊടിക്കപ്പെട്ടു. ഒരു പുതിയ ചരിത്രം നമുക്ക് രചിക്കേണ്ടതുണ്ട്. വസ്തുതകൾ നമുക്ക് അറിയാമെന്നിരിക്കെ സത്യം പറയുന്നതിന് നാം മടിക്കേണ്ട ആവശ്യമില്ല. ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട വസ്തുതകൾ ആർക്കും വളച്ചൊടിക്കാൻ കഴിയില്ല' - ശർമ ഒലി അവകാശപ്പെട്ടു.

എന്നാൽ നേപ്പാൾ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ തള്ളുന്നതാണ് യോഗയുടെ ഉത്ഭവം സംബന്ധിച്ചുള്ള വസ്തുതകൾ. വേദകാലഘട്ടത്തിന് മുമ്പ് തന്നെ യോഗ ഇന്ത്യയിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇന്ത്യാക്കാരുടെ ജീവിതരീതിയുടെ ഭാഗമായി വർഷങ്ങളായി യോഗയുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായി മാറി. മഹാഋഷി പതജ്ഞലിയുടെ യോഗയിലുള്ള സംഭാവന വിസ്മരിക്കാനാവില്ല. യോഗസ്സനങ്ങൾക്കും യോഗ പോസ്ച്ചറുകൾക്കും അദ്ദേഹമാണ് കൃത്യമായ ഒരു ചിത്രം നൽകിയത്.

1893 ൽ സ്വാമി വിവേകാന്ദൻ നടത്തി പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിലൂടെയാണ് പടിഞ്ഞാറൻ രാജ്യങ്ങൾ യോഗയെ അടുത്തറിയുന്നത്. അതിന് ശേഷം നിരവധി യോഗികൾ യോഗയുടെ ഗുണങ്ങളെക്കുറിച്ച് വിദേശ രാജ്യങ്ങളിലുള്ളവർക്ക് വിശദീകരിച്ചു. പിന്നീട് യോഗ ഒരു പഠന വിഷയമായി പല സർവകലാശാലകളും അംഗീകരിക്കുകയും ചെയ്തു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവർ ഇന്ന് മുടങ്ങാതെ യോഗ അഭ്യസിക്കുന്നുണ്ട്.

അന്താരാഷ്ട്ര യോഗ ദിനം ആദ്യമായി ആഘോഷിക്കുന്നത് 2015 ജൂൺ 21നാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇതിനായി മുൻകൈ എടുത്തത്. 2014 സെപ്റ്റംബർ 27ന് മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ യോഗ വിഷയമാക്കി പ്രസംഗം നടത്തിയിരുന്നു. തുടർന്ന് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാമെന്ന് ഐക്യരാഷ്ട്ര സഭ 2014 ഡിസംബർ 14ന് പ്രഖ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി പ്രസിഡന്റ് സാം കുതേശയാണ് ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കാമെന്ന് പ്രഖ്യാപിച്ചത്. 170തോളം രാജ്യങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000 ത്തോളം പേർ പങ്കെടുത്തിരുന്നു. ആദ്യ യോഗ ദിന ആഘോഷം ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. ലോകത്തെ ഏറ്റവും വലിയ യോഗ ക്ലാസ് എന്ന നിലയിലും ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന്റെ പേരിലുമാണ് ഗിന്നസ് ബുക്കിൽ കയറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP