Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് യുദ്ധത്തിന് പറ്റിയ സമയം അല്ലെന്ന് മോദി പറഞ്ഞത് പുടിൻ കേൾക്കുമോ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശക്തമായ സന്ദേശത്തെ പ്രശംസിച്ച് ലോക നേതാക്കൾ; മോദിയുടെ വാക്കുകൾ ശരിവച്ച് ഫ്രഞ്ച് പ്രസിഡന്റ്; വളരെയധികം സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; പഴി മുഴുവൻ യുക്രയിനിൽ ചാരി റിസർവ് സൈന്യത്തെ സജ്ജമാക്കി പുടിനും

ഇത് യുദ്ധത്തിന് പറ്റിയ സമയം അല്ലെന്ന് മോദി പറഞ്ഞത് പുടിൻ കേൾക്കുമോ? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശക്തമായ സന്ദേശത്തെ പ്രശംസിച്ച് ലോക നേതാക്കൾ; മോദിയുടെ വാക്കുകൾ ശരിവച്ച് ഫ്രഞ്ച് പ്രസിഡന്റ്; വളരെയധികം സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; പഴി മുഴുവൻ യുക്രയിനിൽ ചാരി റിസർവ് സൈന്യത്തെ സജ്ജമാക്കി പുടിനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഇത് യുദ്ധത്തിന് പറ്റിയ സമയം അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട് പറഞ്ഞതിനെ പ്രശംസിച്ച് ലോക നേതാക്കൾ. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ എസ് സി ഒ സമ്മേളനത്തിലാണ് മോദി പുടിന് ഈ സന്ദേശം നൽകിയത്.

ചൊവ്വാഴ്ചത്തെ ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ മോദിയെ ശരിവച്ചു. അമേരിക്കയും മോദിയുടെ സന്ദേശത്തെ വളരെയധികം സ്വാഗതം ചെയ്തു. താൻ ശരിയെന്നും,നീതിയെന്നും വിശ്വസിക്കുന്ന കാര്യമാണ് മോദി പുടിനോട് പറഞ്ഞത്. അതിനെ വളരെയധികം സ്വാഗതം ചെയ്യുന്നുവെന്നാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവനയുടെ പൂർണരൂപം.

'ഇത് യുദ്ധത്തിന് പറ്റിയ സമയം അല്ലെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ വളരെ ശരിയാണ്. പാശ്ചാത്യരാജ്യങ്ങളോട് പകതീർക്കാനോ, എതിർക്കാനോ ആവരുത് ഈ സമയം വിനിയോഗിക്കേണ്ടത്. നിലവിൽ നാം നേരിടുന്ന വെല്ലുവിളികളെ കൂട്ടായി നേരിടുകയാണ് വേണ്ടത്', മാക്രോൺ പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി മാക്രോൺ കൂടിക്കാഴ്ച നടത്തി.
.
യുക്രെയ്ൻ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാൻ പുടിനോട് മോദി ആവശ്യപ്പെട്ടിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ അധിവേശത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് അറിയാമെന്നും തങ്ങൾക്കും എല്ലാം അവസാനിപ്പിക്കാൻ തന്നെയാണ് ആഗ്രഹമെന്നും പുടിനും മറുപടി നൽകിയിരുന്നു.

താൻ ശരിയെന്നും, നീതിയെന്നും വിശ്വസിക്കുന്ന കാര്യമാണ് മോദി പുടിനോട് പറഞ്ഞതെന്ന് പ്രതികരിച്ചത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളവിനാണ്. ദീർഘകാലത്തെ ബന്ധം റഷ്യയുമായി കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ നേതൃത്വത്തിന്റെ, യുദ്ധം അവസാനിപ്പിക്കണമെന്ന സന്ദേശം പ്രശംസനീയമാണ്. യുഎൻ ചാർട്ടറിലെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് റഷ്യ യുദ്ധം അവസാനിപ്പിക്കുകയും, ബലം പ്രയോഗിച്ച് പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും വേണം, ഈ സന്ദേശമായിരിക്കണം ഏതൊരു രാജ്യവും സ്വീകരിക്കേണ്ടത്, സള്ളിവൻ പറഞ്ഞു.

അതേസമയം, പുടിനാകട്ടെ, പഴി മുഴുവൻ യുക്രെയിന്റെ തലയിലാണ് കെട്ടി വയ്ക്കുന്നത്. യുക്രെയിൻ നേതാക്കൾ മധ്യസ്ഥ ചർച്ചയിൽ നിന്ന് പിൻവാങ്ങുകയും, സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുമെന്ന് തീരുമാനിക്കുകയും ചെയ്തതുകൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പുടിൻ മോദിയോട് പറ#്ഞത്. അതേസമം, റഷ്യയിൽ റിസർവിലുള്ള സൈനികരെ സൈന്യത്തിന്റെ ഭാഗമാക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചു. റഷ്യയുടെ പ്രതിരോധത്തിന് വേണ്ടി ഇരുപതുലക്ഷത്തോളം റിസർവ് സൈന്യത്തെ സജ്ജമാക്കിയതായി പുടിൻ അറിയിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പുടിന്റെ പ്രഖ്യാപനം.

ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരന്മാർക്ക് സൈനിക സേവനം നിർബന്ധമാകും. രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള ആദ്യ നടപടിയാണിത്. മൂന്നു ലക്ഷം പേരാണ് സൈന്യത്തിലേക്ക് പുതുതായി ചേരുക. റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാൽ ഏത് മാർഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്‌ക് പറയുകയല്ല, മറുപടി നൽകാൻ ഇനിയും ഏറെ ആയുധങ്ങൾ കയ്യിലുണ്ടെന്നും പുടിൻ പറഞ്ഞു.

യുക്രെയ്‌നിലെ ഡോൺബാസ് കീഴടക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.അതേസമയം റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഹിത പരിശോധന നടത്താനുള്ള നീക്കത്തെ പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചു. കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ ഡൊണെട്‌സ്‌ക്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലും റഷ്യ പിടിച്ചെടുത്ത ഖെർസൺ, സപൊറീഷ്യ പ്രദേശങ്ങളിലുമാണ് ഹിതപരിശോധന നടക്കുക. എന്നാൽ ഹിത പരിശോധന കൃത്രിമ വോട്ടെടുപ്പ് ആണെന്നും ഒരിക്കലും അംഗീകരിക്കില്ല എന്നും അമേരിക്ക, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP