Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡു കാലത്ത് തല ഉയർത്തി പിടിച്ചു നിൽക്കാൻ ഇന്ത്യയ്ക്ക് ഇതാ ഒരു സുവർണ്ണാവസരം; അമേരിക്കയും ചൈനയും അടങ്ങിയ 194 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ തലവനായി ഇന്ത്യയുടെ ആരോഗ്യമന്ത്രി! വേൾഡ് ഹെൽത്ത് അസംബ്ലിയുടെ 34 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ചെയർമാനായി ഡോ ഹർഷവർധനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായി; ചൈനയ്ക്ക് മുട്ടൻ പണി കിട്ടിയ സമ്മേളനത്തിൽ ഇന്ത്യ തിളങ്ങിയ കഥ

കോവിഡു കാലത്ത് തല ഉയർത്തി പിടിച്ചു നിൽക്കാൻ ഇന്ത്യയ്ക്ക് ഇതാ ഒരു സുവർണ്ണാവസരം; അമേരിക്കയും ചൈനയും അടങ്ങിയ 194 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ തലവനായി ഇന്ത്യയുടെ ആരോഗ്യമന്ത്രി! വേൾഡ് ഹെൽത്ത് അസംബ്ലിയുടെ 34 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ചെയർമാനായി ഡോ ഹർഷവർധനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായി; ചൈനയ്ക്ക് മുട്ടൻ പണി കിട്ടിയ സമ്മേളനത്തിൽ ഇന്ത്യ തിളങ്ങിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ചെയർമാനാകും. ഈ മാസം 22നാണ് തെരഞ്ഞെടുപ്പ് നടക്കുക. എക്സിക്യൂട്ടീവ് ബോർഡിൽ ഇന്ത്യക്ക് അംഗത്വം നൽകാൻ ദക്ഷിണേഷ്യൻ ഗ്രൂപ്പിൽ ധാരണയായതോടെയാണ് ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുന്നത്. കൊറോണക്കാലത്ത് ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയ അംഗീകരാമാണ് ഇത്. കൊറോണയിൽ അന്വേഷണം നടത്താനും ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത്ത് അസംബ്ലി തീരുമാനിച്ചിട്ടുണ്ട്. ചൈനയ്ക്കും ഇതു സംബന്ധിച്ച പ്രമേയത്തെ അംഗീകരിക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടെയാണ് ഇന്ത്യയുടെ നേട്ടം.

മൂന്ന് വർഷത്തേക്കാണ് ബോർഡിൽ അംഗത്വം ഉണ്ടാകുക. ചെയർമാന്റെ കാലാവധി ഒരു വർഷവും അവശേഷിക്കുന്ന രണ്ട് വർഷം ദക്ഷിണേഷ്യൻ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കും ലഭിക്കും. നിലവിലെ ലോകാരോഗ്യ സംഘടന ചെയർമാനായ ടെഡ്രോസ് അധനോം ഗബ്രിയാസിസിന്റെ കാലാവധി അടുത്ത മെയ് മാസത്തിൽ അവസാനിക്കാനിരിക്കെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിലും പങ്കാളിയാകാനുള്ള അവസരമാണ് ഹർഷ വർധനെ തേടിയെത്തിയിരിക്കുന്നത്. ഇതും നിർണ്ണായകമാണ്. നിലവിലെ ചെയർമാനെ കുറിച്ച് പലവിധ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അമേരിക്ക വലിയ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ബോർഡിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുക്കുക, വർഷത്തിൽ രണ്ട് തവണ നടക്കുന്ന ബോർഡ് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക എന്നീ ചുമതലകളാണ് ചെയർമാനുണ്ടാകുക. നിലവിൽ ജപ്പാൻ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയിൽ നിന്നാണ് ഹർഷ വർധൻ സ്ഥാനം ഏറ്റെടുക്കുന്നത്.

എക്സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള നിർദ്ദേശം 194 രാജ്യങ്ങളുടെ ലോകാരോഗ്യ അസംബ്ലി ചൊവ്വാഴ്ച ഒപ്പിട്ടു. ജപ്പാന്റെ ഡോ. ഹിരോക്കി നകതാനിയാണ് നിലവിൽ 34 അംഗ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ. അദ്ദേഹം ഒഴിയുന്ന പദവിയിലേക്കാണ് ഡോ ഹർഷവർദ്ധന നിയമിതനാകുന്നത്. എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യാ ഗ്രൂപ്പ് ഏകകണ്ഡേന അംഗീകരിച്ചതാണ്. മെയ് മാസത്തിൽ ആരംഭിക്കുന്ന ബോർഡിന്റെ കാലാവധി മൂന്ന് വർഷമാണ്. ചെയർമാൻ സ്ഥാനം ഓരോ തവണയും റിജിണൽ ഗ്രൂപ്പുകൾക്ക് നിശ്ചയിച്ചിട്ടുള്ളതാണ്.

അതേസമയം, ചൈനയുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ് പുനരാരംഭിക്കാൻ അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഭാഗികമായി ധനസഹായം നൽകാനാണ് തീരുമാനം. ചൈനീസ് ഫണ്ടിങ് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ തീരുമാനം. ചൈന എത്രയാണോ നൽകുന്നത്, അത്രയും തുക യുഎസ്സും നൽകുമെന്നാണ് റിപ്പോർട്ട്. നേരത്തെ ചൈനീസ് പക്ഷപാതിത്വം ആരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് അവസാനിപ്പിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് യുഎസിന് നൽകിയതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ചൈന ഇക്കാര്യം നിഷേധിച്ചിരുന്നു. ഈ തർക്കത്തിനിടെയാണ് സംഘടനയുടെ നിർണ്ണായക പദവിയിൽ ഇന്ത്യൻ ആരോഗ്യമന്ത്രി എത്തുന്നത്.

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ പുതിയ പത്ത് അംഗരാജ്യങ്ങളെയും ഡബ്ല്യുഎച്ച്എ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ മൂന്ന് വർഷത്തേക്ക് ചേർന്ന പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ബോട്‌സ്വാന, കൊളംബിയ, ഘാന, ഗ്വിനിയ-ബിസു, മഡഗസ്സ്‌കർ, ഒമാൻ, കൊറിയ, റഷ്യ, യുകെ എന്നിവയാണ് മറ്റ് പുതിയ അംഗങ്ങൾ. ലോകാരോഗ്യ അസംബ്ലിക്ക് തൊട്ടുപിന്നാലെ 34 അംഗങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രതിവർഷം രണ്ട് മീറ്റിംഗുകൾ നടത്തും.- ജനുവരിയിൽ ആദ്യ യോഗവും മെയ് മാസത്തിൽ ഒരു ഹ്രസ്വ മീറ്റിംഗും.

മെയ് 22 ന് എക്‌സിക്യൂട്ടീവ് ബോർഡിന്റെ 147-ാമത് സെഷനിൽ ചെയർമാൻ, വൈസ് ചെയർ, റിപ്പോർട്ടർ എന്നിവരുടെ തിരഞ്ഞെടുപ്പ് നടക്കും. ചെയർമാനായി ഈ യോഗത്തിൽ ഇന്ത്യയുടെ ആരോഗ്യമന്ത്രി ഹർഷവർധൻ ചുമതലയേൽക്കും. മുഴുവൻ സമയ ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ബോർഡിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുക്കണം. മൂന്ന് വർഷമാണ് ബോർഡിന്റെ കാലാവധി. വർഷത്തിൽ രണ്ട് തവണ നടക്കുന്ന ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയർമാന്റെ കർത്തവ്യം. ചെയർമാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനത്തിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ഒപ്പുവെച്ചു. 2016ലൽ മുൻ ആരോഗ്യമന്ത്രി ജെ പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. എന്നാൽ കൊറോണക്കാലത്ത് ഈ പദവിയിൽ ഇന്ത്യയുടെ ആരോഗ്യ മന്ത്രി എത്തുന്നത് എന്നതാണ് ഏറെ നിർണ്ണായകം.

ലോകാരോഗ്യസംഘടനയുടെ തീരുമാനമെടുക്കുന്ന സമിതിയാണ് ലോകാരോഗ്യ അസംബ്ലി. എല്ലാ ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുകയും എക്‌സിക്യൂട്ടീവ് ബോർഡ് തയ്യാറാക്കിയ ഒരു പ്രത്യേക ആരോഗ്യ അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഓർഗനൈസേഷന്റെ നയങ്ങൾ നിർണ്ണയിക്കുക, ഡയറക്ടർ ജനറലിനെ നിയമിക്കുക, സാമ്പത്തിക നയങ്ങളുടെ മേൽനോട്ടം, നിർദ്ദിഷ്ട പ്രോഗ്രാം ബജറ്റ് അവലോകനം ചെയ്യുക, അംഗീകരിക്കുക എന്നിവയാണ് ലോകാരോഗ്യ അസംബ്ലിയുടെ പ്രധാന പ്രവർത്തനങ്ങൾ. ആരോഗ്യ അസംബ്ലി വർഷം തോറും സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ് നടക്കുന്നത്. ഈ അംസബ്ലിയുടെ ഭാഗമായുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഇന്ത്യയുടെ മേധാവിത്വം വരുന്നത്. ഇന്ത്യയുടെ ആരോഗ്യമന്ത്രി ഹർഷവർദ്ദൻ ഇനി എക്‌സിക്യൂട്ടീവ് സമിതിയുടെ ചെയർമാനാകും. അതായതുകൊറോണക്കാലത്ത് ഇന്ത്യയ്ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ് ഇത്.

കോവിഡ് സംബന്ധിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്ന അംഗരാജ്യങ്ങളുടെ ആവശ്യത്തിന് അംഗീകാരവും യോഗത്തിൽ കിട്ടിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നയരൂപീകരണസമിതിയായ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ ദ്വിദിന യോഗത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇത് ചൈനയ്ക്ക് തിരിച്ചടിയാണ്. ഈ യോഗമാണ് ഇന്ത്യൻ ആരോഗ്യമന്ത്രിക്ക് പുതിയ പദവി നൽകുന്നതും. ആഗോള സമ്മർദ്ദം തിരിച്ചറിഞ്ഞ് അന്വേഷണത്തിന് ചൈനയും സമ്മതിക്കുകയായിരുന്നു.

കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും പ്രതിസന്ധി നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള കരടു പ്രമേയം യൂറോപ്യൻ യൂണിയനാണ് തയാറാക്കിയത്. ഇന്ത്യയടക്കം 130 ലേറെ രാജ്യങ്ങൾ പ്രമേയത്തെ തുടക്കം മുതൽ പിന്തുണച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ആദ്യം നിഷേധാത്മക നിലപാട് സ്വീകരിച്ച ചൈന പിന്നീട് ആവശ്യത്തെ പിന്തുണച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിന്റെ ഉദ്ഘാടന സെഷനിൽ പ്രസിഡന്റ് ഷീ ചിൻ പിങ്ങ് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ചൈനയുടെ നിലപാട് മാറ്റം വ്യക്തമായത്. ഇതോടെ അന്വേഷണത്തിനു വഴിതെളിയുകയായിരുന്നു.

അതേസമയം, അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന ധനസഹായം ശാശ്വതമായി മരവിപ്പിക്കുമെന്നു യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ട്രംപ്, ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് ഏപ്രിൽ പകുതിയോടെ ലോകാരോഗ്യ സംഘടനയ്ക്കു നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP