Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ചൈനീസ ചായ്വ് പ്രകടിപ്പിച്ച നേപ്പാൾ പ്രധാനമന്ത്രിക്ക് ഇപ്പോൾ നിൽക്കക്കള്ളിയില്ല! വരുതിയിൽ നിർത്താൻ ഡോവൽ നേരിട്ടു കളത്തിൽ ഇറങ്ങിയതോടെ നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ കലാപം; റോ മേധാവി നേരിട്ടെത്തി കെ പി ഒവി ശർമയെ കണ്ടു

ചൈനീസ ചായ്വ് പ്രകടിപ്പിച്ച നേപ്പാൾ പ്രധാനമന്ത്രിക്ക് ഇപ്പോൾ നിൽക്കക്കള്ളിയില്ല! വരുതിയിൽ നിർത്താൻ ഡോവൽ നേരിട്ടു കളത്തിൽ ഇറങ്ങിയതോടെ നേപ്പാൾ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ കലാപം;  റോ മേധാവി നേരിട്ടെത്തി കെ പി ഒവി ശർമയെ കണ്ടു

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇടക്കാലം കൊണ്ട് ചൈനീസ് ബാന്ധവത്തിന് കൊതിച്ച നേപ്പാളിന് എട്ടിന്റെ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചൈനയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ബോധ്യമായതിന് പിന്നാലെ അവർ നേപ്പാളിന്റെ കൂടുതൽ പ്രദേശങ്ങളും കൈവശപ്പെടുത്തുകയുണ്ടായി. ഇതിനിടെ ചൈനീസ് താൽപ്പര്യമുള്ള നേപ്പാൾ പ്രധാനമന്ത്രിയെ വരുതിയിൽ നിർത്താൻ ഇന്ത്യയിലും ശ്രമങ്ങളുണ്ടായി. അജിത് ഡോവൽ നേരിട്ടു കളത്തിൽ ഇറങ്ങിയതോടെ നേപ്പാളിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇതിനിടെ നേപ്പാൾ സന്ദർശിച്ച റോയുടെ തലവൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച്ച നടത്തി.

ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ചാരസംഘടന റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാർ ഗോയൽ നേപ്പാളിൽ അനൗദ്യോഗിക സന്ദർശനം നടത്തിയത്. ഒൻപതംഗ സംഘത്തിനൊപ്പം ബുധനാഴ്ച നേപ്പാൾ തലസ്ഥാനത്ത് എത്തിയ ഗോയൽ ചർച്ചകൾക്കുശേഷം ഇന്ത്യയിലേക്കു മടങ്ങി.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി, മുൻ പ്രധാനമന്ത്രിമാരായ പുഷ്പകമൽ ദഹൽ (പ്രചണ്ഡ), ബഹാദുർ ദുബെ, മാധവ്കുമാർ നേപ്പാൾ എന്നിവരുമായി ചർച്ച നടത്തിയെന്നാണു റിപ്പോർട്ട്. പ്രധാനമന്ത്രിയെന്ന നിലയിലും പാർട്ടി ചെയർമാൻ എന്ന നിലയിലും ഒലിയുടെ പ്രവർത്തന ശൈലിക്കെതിരെ മുതിർന്ന നേതാക്കളായ പ്രചണ്ഡയും മാധവ്കുമാറും കലാപക്കൊടി ഉയർത്തിയതോടെയാണു കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായത്.

പ്രചണ്ഡയും ഒലിയും തമ്മിൽ ഓഗസ്റ്റിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം വന്നതു വീണ്ടും പ്രശ്നങ്ങൾക്കു കാരണമായി. പ്രചണ്ഡയുടെ അടുപ്പക്കാരനായ കർണാലി പ്രവിശ്യ മുഖ്യമന്ത്രി മഹേന്ദ്ര ബഹാദുർ ഷാഹിക്കെതിരെ ഒലി വിഭാഗവും അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതകൾ ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കണമെന്ന് ഒലി ആഗ്രഹിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് റോ മേധാവി കാഠ്മണ്ഡുവിൽ എത്തിയതെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

എന്നാൽ ഗോയലുമായി ഒലി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ നിഷേധിച്ചു. മറ്റൊരു രാജ്യത്തെ അന്വേഷണ ഏജൻസി മേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെതിരെ നേപ്പാളിൽ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗോയലിന്റെ സന്ദർശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നു നേപ്പാളി കോൺഗ്രസ് നേതാവ് ധൻരാജ് ഗുരുങ് പറഞ്ഞു.

ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ നവംബർ മൂന്നിന് നേപ്പാൾ സന്ദർശനം നടത്തുന്നതിനു മുന്നോടിയായാണ് റോ മേധാവി എത്തിയതെന്നതു ശ്രദ്ധേയമാണ്. നിലവിലെ നേപ്പാൾ ഭരണകൂടം ചൈനയുമായി അടുക്കുന്നു എന്നതാണ് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലെ ദർചുലയെ ലിപുലേഖ് പാസുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ തന്ത്രപ്രധാന പാത മെയ്‌ എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാൾ ബന്ധത്തിൽ വിള്ളൽ വീണത്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടവുമായി നേപ്പാൾ രംഗത്തുവന്നു. ഈ മേഖലകൾ ഉൾപ്പെടുത്തി 2019ൽ ഇന്ത്യ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയ നടപടിക്കെതിരെ ഇന്ത്യ കടുത്ത എതിർപ്പ് അറിയിച്ചു. എന്നാൽ ഇന്ത്യൻ ഭാഗങ്ങൾ അടയാളപ്പെടുത്തിയ ഭൂപടത്തിന് ജൂണിൽ നേപ്പാൾ പാർലമെന്റ് അംഗീകാരം നൽകി.

ഭൂപട പരിഷ്‌കരണത്തിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ 'സെൻസസുമായും നേപ്പാൾ രംഗത്തുവന്നിരുന്നു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങളിൽ സെൻസസ് നടത്താൻ നേപ്പാൾ ഒരുങ്ങുകയും ചെയ്തിരുന്നുന്നു. 10 വർഷം കൂടുമ്പോഴാണു നേപ്പാളിൽ സെൻസസ് നടക്കുന്നത്. അടുത്ത വർഷം മേയിലാണ് ഇനി സെൻസസ് നടക്കേണ്ടത്. നാഷനൽ പ്ലാനിങ് കമ്മിഷൻ, സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയാണു രാജ്യവ്യാപകമായി സർവേ സംഘടിപ്പിക്കുന്നത്.

നേപ്പാളിലെ രാഷ്ട്രീയ നേതൃത്വത്തിലെ 'പ്രാപ്പിടിയൻ ഘടകങ്ങൾ' ആണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവിടങ്ങളിലും സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു റിപ്പോർട്ട്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻവേണ്ട ശ്രമങ്ങളാണ് റോ മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP