Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ഇസ്രയേലിന്റെ അനിഷ്ടം ഭയന്ന് അറബ് രാഷ്ട്രങ്ങളെ ഉപേക്ഷിച്ച മുൻ ഭരണാധികാരികളെ പാഠം പഠിപ്പിച്ച യുഎഇ സന്ദർശനം; യുഎഇയിൽ എത്തിയത് അറബ് മനസ്സിന്റെ ആശങ്ക മാറ്റാൻ: അമേരിക്ക വിചാരിച്ചിട്ട് നടക്കാത്ത പശ്ചിമേഷ്യൻ പ്രശ്‌നം മോദി തീർക്കുമോ?

ഇസ്രയേലിന്റെ അനിഷ്ടം ഭയന്ന് അറബ് രാഷ്ട്രങ്ങളെ ഉപേക്ഷിച്ച മുൻ ഭരണാധികാരികളെ പാഠം പഠിപ്പിച്ച യുഎഇ സന്ദർശനം; യുഎഇയിൽ എത്തിയത് അറബ് മനസ്സിന്റെ ആശങ്ക മാറ്റാൻ: അമേരിക്ക വിചാരിച്ചിട്ട് നടക്കാത്ത പശ്ചിമേഷ്യൻ പ്രശ്‌നം മോദി തീർക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരവാദം ആണ് എന്നാണ് പൊതു ധാരണ. ഈ ഇസ്ലാമിക ഭീകരവാദത്തിന്റെ ആണിക്കല്ല് പലസ്ഥീൻ - ഇസ്രയേൽ സംഘർഷവും. അമേരിക്കയും ബ്രിട്ടണും അടങ്ങുന്ന ലോക രാജ്യങ്ങളും യുഎന്നും നാളുകളായി ഇതു പരിഹരിക്കാൻ ശ്രമിക്കുന്നു.

എന്നാൽ അതിന് പരിഹാരം ഉണ്ടാക്കാൻ ആർക്കും കഴിയുന്നില്ല. അതിന്റെ പ്രധാന കാരണം ലോക രാഷ്ട്രങ്ങൾ ഒന്നുകിൽ ഇസ്രയേലിനൊപ്പം അല്ലെങ്കിൽ പലസ്ഥീനൊപ്പം എന്നതാണ് സ്ഥിതി. അറബ് രാഷ്ട്രങ്ങൾക്ക് പോലും ഇസ്രയേലിനെ പിണക്കാൻ പേടിയാണ്. കാരണം തങ്ങളുടെ രാജ്യത്ത് എന്ത് സംഭവിക്കാൻ പോകുന്നു എന്ന് മുൻകൂട്ടി അറിയണമെങ്കിൽ എല്ലാവർക്കും ഇസ്രയേലിന്റെ സഹായം വേണം. അത്രയ്ക്കും അതിവിദഗ്ധരുടെ സംഘമാണ് ഇസ്രയേൽ ചാര സംഘടനയായ മോസാദ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണം ആണെങ്കിലും ഇന്ത്യൻ പാർലമെന്റ് ആക്രമണമാണെങ്കിലും ആദ്യം അറിഞ്ഞത് മോസാദ് ആയിരുന്നു.

അതുകൊണ്ട് തന്നെ ആരും ഇസ്രയേലിനെ പിണക്കില്ല. സയനിസ്റ്റ് ആശയ ഗതികളോട് അടുപ്പമുള്ള മോദി സർക്കാർ അധികാരരമേറ്റതോടെ ഇന്ത്യ - ഇസ്രയേൽ ബന്ധത്തിലും വഴിത്തിരിവാകുമെന്ന് എല്ലാവരും കരുതി. അത് സത്യമാണ് താനും. എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു ഇന്ത്യൻ ഭരണാധികാരിയും ഇതുവരെ യുഎഇ സന്ദർശിക്കാതിരുന്നത് എന്ന് പലരും അത്ഭുതപ്പെടാറില്ലേ? അത് മറ്റൊന്നും കൊണ്ടായിരുന്നില്ല. ഇസ്രയേലിനെ പിണക്കാതിരിക്കാനായി മാത്രം. ഇസ്രയേൽ സ്വാഭിവിക സഖ്യമാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇസ്രയേൽ സന്ദർശനത്തിന്റെ തീയതിയും പ്രഖാപിച്ച ശേഷം യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിർത്തി അറബ് സന്ദർശനത്തിനായി മോദി എത്തിയത് ഈ സങ്കൽപ്പങ്ങൾ എല്ലാം പൊളിച്ചെഴുതാനായിരുന്നു.

അമേരിക്കൻ പ്രസിഡന്റിന് പോലും ലഭിക്കാത്ത പരിഗണന മോദിക്ക് ഇവിടെ ലഭിക്കുകയും ചെയ്തു. എന്നാൽ ഇത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഒബാമക്കെതിരെ വരെ പൊട്ടിത്തെറിക്കുന്ന ഇസ്രയേൽ ഭരണാധികാരികൾ മോദിയുടെ യുഎഇ സന്ദർശനത്തിനെ കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. അതാണ് മോദിയുടെ സെൽഫി നയതന്ത്രജ്ഞതയുടെ മികവ്.

ചൈന സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റുമായി ചേർന്ന് നരേന്ദ്ര മോദി എടുത്ത സെൽഫി ലോകത്തിലെ ഏറ്റവും ശക്തമായ സെൽഫിയായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലയിരുത്തിയത്. ഇതിന് സമാനമായി യു.എ ഇ സന്ദർശന വേളയിൽ ഭരണാധികാരികൾക്കൊപ്പം എടുത്ത 'സെൽഫി ഡിപ്ലോമസിയും' മോദിയുടെ തുറുപ്പ് ചീട്ടായി മാറിയിരിക്കുകയാണിപ്പോൾ. ഉറങ്ങുന്ന ആനയായി വിമർശകർ വിലയിരുത്തുന്ന ഇന്ത്യക്ക് നയതന്ത്ര രംഗത്തെങ്കിലും ഉണർന്നിരിക്കാൻ മോദിയുടെ നേതൃപരമായ ഇടപെടൽ വഴി കഴിഞ്ഞുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഇസ്രയേലിലും ഈ മികവ് മോദി പുറത്തെടുക്കും. പാലസ്ഥീൻ-ഇസ്രയേൽ പ്രശ്‌നങ്ങൾ പരിഹാര നിർദ്ദേശം പോലും മോദിയുടെ മനസ്സിൽ ഉണ്ടത്രേ. ബംഗ്ലാദേശുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ സമർത്ഥമായി പരിഹരിച്ച അതേ ഫോർമുലയുടെ സാധ്യതകളിലൂടെ പശ്ചിമേഷ്യയിൽ സമാധാനമെത്തിക്കാമെന്നാണ് മോദിയുടെ വിലയിരുത്തൽ. രണ്ട് കൂട്ടരും തോൽക്കാതെ ഇരു പക്ഷവും വിജയിക്കുന്ന സമാധാന ഫോർമുല മോദി അവതരിപ്പിക്കുമെന്നാണ് സൂചന. ഇത്തരം നീക്കങ്ങൾക്ക് അറബ് സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാൻ കൂടിയാണ് യുഎഇയിലെ സെൽഫികളിലൂടെ മോദി ശ്രമിച്ചതും.

താലിബാനും ഐസിസുമാണ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ തീവ്രവാദ ഭീഷണികൾ. രണ്ടും പരസ്പര ബന്ധമില്ലെന്ന സൂചനകളാണ് പുറം ലോകത്തിന് നൽകുന്നത്. എന്നാൽ ഇതുരണ്ടും ഒരുമിച്ച് യുദ്ധമുഖത്ത് എത്തുന്ന സാഹചര്യം അതിവിദൂരമല്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇന്ത്യയും ഈ പക്ഷത്താണ്. ലോകം പിടിക്കാൻ ഇന്ത്യയെ ആക്രമിക്കുകയെന്ന ലക്ഷ്യം ഐസിസിനും ഉണ്ട്. താലിബാന്റെ കരുത്ത് ചോരുമ്പോൾ ഐസിസ് അതിശക്തരായി മാറും. ഈ സമയത്ത് താലിബാനും ഐസിസും ഒന്നായി മാറുമെന്നാണ് മൊസാദിന്റെ കണ്ടെത്തൽ. പാലസ്ഥീനിലെ പ്രശ്‌നം രൂക്ഷമാക്കി നിർത്തുന്നതിന് പിന്നിലും ഈ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ട്. മണ്ണിന്റെ മക്കൾ വാദമാണ് പാലസ്ഥീൻ ഉയർത്തുന്നതെങ്കിലും അതിലെ തീവ്രവാദ സ്വഭാവത്തെ ഇന്ത്യ അംഗീകരിക്കില്ല. ഇത് തന്നെയാണ് ഇസ്രയേൽ സന്ദർശനത്തിൽ ഇന്ത്യയെടുക്കുന്ന നിലപാട്. എന്തു പ്രശ്‌നമുണ്ടെങ്കിലും ചർച്ചകളിലൂടെ പരിഹാരമെന്ന് മാനസികാവസ്ഥയിലേക്ക് പാലസ്ഥീൻ എത്തിയാൽ എല്ലാ പ്രശ്‌നവും പരിഹരിക്കാവുന്നതേ ഉള്ളൂവെന്നാണ് മോദിയുടേയും നിലപാട്.

ഇന്ദിരാഗാന്ധിയിക്ക് ശേഷം നട്ടെല്ലുള്ള പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരിക്കുന്നുവെന്ന് മോദിയിലൂടെ ഇസ്രയേൽ തിരിച്ചറിയുകയാണ്. അതുകൊണ്ട് കൂടിയാണ് ഈ നേതാവിനെ ഒപ്പം നിർത്താൻ ഇസ്രയേൽ എല്ലാ സീമകളും കടന്നുള്ള സഹായവാഗ്ദാനത്തിന് എത്തുന്നത്. ചൈനയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള ഇന്ത്യൻ അതിർത്തിയിലെ ശത്രുക്കളോട് പലതും പറയാതെ പറയുകാണ് മോദി. ഇസ്രയേലിനേയും അറബ് രാഷ്ട്രങ്ങളേയും ഒരുപോലെ കൂടെ നിർത്താൻ തനിക്ക് കഴിവുണ്ട്. ആരേയും ഇന്ത്യയ്‌ക്കെതിരെ ഇനി കിട്ടില്ലെന്ന് പാക്കിസ്ഥാന് വ്യക്തമായ സൂചന നൽകുകയാണ് മോദി. ശ്രീലങ്കയിൽ ഭരണമാറ്റവും ബംഗ്ലാദേശുമായി അതിർത്തി പ്രശ്‌നം പരിഹരിക്കൽ യാഥാർത്ഥ്യമായതോടെ സാർക്ക് രാജ്യങ്ങളുടെ യഥാർത്ഥ നേതാവെന്ന പദവിയിലേക്ക് മോദി ഉയർന്ന് കഴിഞ്ഞു. ഇസ്രയേൽ സന്ദർശനത്തിലെ സെൽഫി നയതന്ത്രം തന്റെ തലയെടുപ്പ് അതിനുമപ്പുറം എത്തിക്കുമെന്ന ഉറപ്പ് മോദിയക്കുണ്ട്. അത് മുന്നിൽ കണ്ടാണ് തന്ത്രങ്ങൾ ഒരുക്കുന്നതും. ആഗോള വിഷയത്തിൽ മധ്യസ്ഥനാകാൻ കഴിയുന്ന ലോകനേതാവിന്റെ പ്രതിച്ഛായയിലേക്ക് വളരുകയാണ് മോദിയുടെ ലക്ഷ്യം.

ഇസ്രേയലിനേയും മോദിയേയും അടുപ്പിക്കുന്നത് അജിത് ഡോവൽ എന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. റോയിൽ പ്രവർത്തിക്കുന്ന സമയത്ത് മോസാദുമായി അടുത്ത് നിന്ന് ഇസ്ലാമിക തീവ്രവദാത്തിനെ പ്രതിരോധിച്ച ഐപിഎസുകാരനാണ് ഡോവൽ. പാക്കിസ്ഥാനിലും അഫ്ഗാനിലുമെല്ലാം ഡോവൽ ഒളിജീവിതം നയിച്ച് വിവരങ്ങൾ മനസ്സിലാക്കിയത് മൊസാദിനെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു. ഈ ബന്ധം ഇപ്പോഴും ദൃഡമായി തുടുരുന്നു. ഇതിനൊപ്പം മോദിയുടെ ഇസ്രേയേലിന്റെ ഇഷ്ടനേതാവാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദി സന്ദർശിച്ച അപൂർവ്വം വിദേശ രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. ഗുജറാത്ത് കലാപത്തിൽ മോദിയെ പ്രതിസ്ഥാനത്ത് അമേരിക്ക പോലും നിർത്തിയിരുന്നപ്പോഴായിരുന്നു ഇസ്രയേൽ സ്വീകരണം ഒരുക്കിയത്. ഇസ്ലാമിക തീവ്രവാദത്തിനെ ചെറുക്കാൻ ഏറ്റവും പറ്റിയ സഖ്യം ഇസ്രയേലാണെന്ന തിരിച്ചറിവ് വളരെ നേരത്തെ മോദിക്കുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു അത്. മോദിയുടെ കൂട്ടത്തിലേക്ക് ഡോവൽ കൂടി എത്തിയപ്പോൾ എല്ലാം കൂടുതൽ ശക്തമായി.

യുഎഇയിൽ മോദി എത്തിയതിനെ ഇസ്രയേൽ എതിർക്കാതിരിക്കുന്നതിന് കാരണമുണ്ട്. എന്തുകൊണ്ട് അബുദാബിയിലും ദുബായിലും പോകേണ്ടി വന്നുവെന്ന് വളരെ വ്യക്തമായി ഇസ്രയേലിനെ ധരിപ്പിക്കാൻ മോദിക്കും ഡോവലിനുമായി. ഇസ്ലാമിക തീവ്രവാദത്തിന്റെ വേരുകൾ യുഎഇയിലുമുണ്ട്. ദാവൂദ് ഇബ്രാഹിമാണ് ഇതിന് പിന്നിലെ കണ്ണി. തീവ്രവാദികൾക്ക് പണമെത്തിക്കുന്ന ഈ കണ്ണിയെ അറുക്കണം. അതിന് രാജ്യന്തര തലത്തിൽ യുഎഇയുമായി ആരെങ്കിലും ചർച്ച നടത്തണം. തെളിവുകൾ നൽകണം. ഇതിലൂടെ ദാവൂദിനെ കുടുക്കാൻ കഴിയും. പാക്കിസ്ഥാനിൽ സുഖ ജീവതം നയിക്കുന്ന ദാവൂദിന്റെ നിക്ഷേപവും ആസ്തികളുമെല്ലാം ദുബായിലാണ്. ഇത് കണക്കുകൾ സഹിതം യുഎഇ ബോധ്യപ്പെടുത്തി അവരേയും തീവ്രവാദ വിരുദ്ധ അജണ്ടിയിലേക്ക് കൊണ്ടു വരികയെന്ന ചരിത്ര ദൗത്യമാണ് താൻ നിർവ്വഹിക്കുന്നതെന്ന് മോദിക്ക് ഇസ്രയേലിനെ ബോധ്യപ്പെടുത്താനായി. സൗഹൃദ ചർച്ചകൾക്ക് അപ്പുറം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കലാണ് മോദിയുടെ ല്ക്ഷ്യമെന്നതിന് യുഎഇയും ഇന്ത്യയുമായുള്ള സംയുക്ത പ്രസ്താവനയും തെളിവായി. അതിൽ നിറഞ്ഞത് മതത്തെ മറയാക്കിയുള്ള ഭീകരവാദത്തിന് എതിരായ വാക്കുകളായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലേക്ക് യുഎഇയെ എത്തിക്കാൻ ഇന്ത്യക്ക് ആയതിന് പിന്നിൽ മൊസാദിന്റെ ഇടപെടലുമുണ്ടായിരുന്നു. മോദിയ്‌ക്കൊപ്പം ഡോവലും യുഎഇ സന്ദർശനത്തിൽ സജീവമായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ യുഎഇയ്ക്ക് ഡോവൽ കൈമാറിയുന്നു. മൊസാദിന്റെ സഹായത്തോടെ സംഘടിപ്പിച്ച ആധികാരിക വിവരങ്ങളായിരുന്നു ഇവ. ഇസ്ലാമിക തീവ്രവാദത്തിന് ദാവൂദ് ചെയ്യുന്ന സഹായങ്ങളെ കുറിച്ച് മൊസാദിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ദാവൂദിന്റെ വിവരങ്ങൾ കൃത്യമായി മൊസാദ് ഡോവലിന് കൈമാറിയത്. യുഎഇയിലെ വസ്തുക്കൾ, ദാവൂദിന്റെ താമസ സ്ഥലങ്ങൾ, സഹോദരന്മാരുടെ വിശദാംശങ്ങൾ എന്നിവ ഇതിലുണ്ടായിരുന്നു. ഇതിനൊപ്പം പാക്കിസ്ഥാനിൽ ദാവൂദിന്റെ താമസ സ്ഥലത്തിന്റെ വിവരങ്ങളും മൊസാദിലൂടെ ഡോവലിന് ലഭിച്ചിട്ടുണ്ട്. ഇതും പാക്കിസ്ഥാന് ഇന്ത്യ ഉടൻ നൽകും. ഇന്ത്യാ-പാക് ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് ഡോവൽ എത്തുക മൊസാദിന്റെ സഹകരണത്തോടെ നേടിയ അതിനിർണ്ണായക വിവരങ്ങളുമായാകും.

മുംബൈ ഭീകരാക്രമണവും ടൈഗർ മേമന്റെ വധ ശിക്ഷയുടേയും പശ്ചാത്തലത്തിൽ ദാവൂദിനെ രാജ്യാന്തര ചർച്ചകളിൽ തുറന്ന് കാട്ടാൻ ഇന്ത്യയ്ക്ക് കഴിയും. ഈ തിരിച്ചറിവ് തന്നെയാണ് മോദിയുടെ യുഎഇ സന്ദർശനത്തെ ഇസ്രയേൽ എതിർക്കാത്തതിന് കാരണം. ഈ സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി തങ്ങളുടെ മണ്ണിൽ വന്നിറങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തലവന് ഉചിതമായ സ്വീകരണമൊരുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നതും. ഫലസ്തീൻ ഇസ്രയേൽ സംഘർഷം ഇപ്പോഴും അനന്തമായി തുടർന്നുകൊണ്ടിരിക്കെ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനത വസിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നതിനെ ചരിത്രപരമായ പ്രാധാന്യത്തോട് കൂടിയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും വിലയിരുത്തുന്നത്.

ലോകത്തെ ഏറ്റവും ഇഫക്ടീവായ ഒന്നാമത്തെ രഹസ്യന്വേഷണ ഏജൻസിയാണ് ഇസ്രയേലിന്റെ മൊസാദ്. ഇത് മോദിയക്കുമറിയാം. അമേരിക്കയുടെ സിഐഎക്കും, റഷ്യൻ, ചൈന, ബ്രിട്ടൻ തുടങ്ങിയ വൻ ശക്തികളുടെ രഹസ്യാന്വേഷണ വിഭാഗത്തിനും മൊസാദിന് പിന്നിലാണ് സ്ഥാനം. ഈ മികവ് തന്നെയാണ് ദാവൂദിന്റെ വിവരങ്ങൾ കിട്ടാൻ ഡോവലും സമർദ്ദമായി ഉപയോഗിച്ചതും. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ആയുധമേഖലകളിലും ഇസ്രയേൽ മേധാവിത്വം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉപയോഗിക്കുന്ന പിസ്റ്റൾ അടക്കമുള്ള ആയുധങ്ങളും ഇതിൽപെടും. തീവ്രവാദമുയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടുതൽ മെച്ചപ്പെട്ട ആയുധങ്ങൾ ഇസ്രയേലിൽ നിന്ന് എത്തിക്കുന്നതും മോദിയുടെ പരിഗണനയിലുണ്ട്. തീവ്രവാദത്തെ അടിച്ചമർത്താൻ സംയുക്തമായ പോരാട്ടത്തിന് ഇന്ത്യയും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാകുമെന്നാണ് സൂചന. ഇന്ത്യ ഇക്കാര്യത്തിൽ സൈനികപരമായ നീക്കങ്ങളിൽ കൂടി പങ്കാളിയായാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP