Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ചങ്ങാതിമാർക്കൊപ്പം എന്നുമുണ്ടാകും, മറക്കില്ലൊരിക്കലും എന്ന സന്ദേശം മാലദ്വീപിനും ശ്രീലങ്കയ്ക്കും നൽകി രണ്ടാമൂഴത്തിലെ മോദിയുടെ ആദ്യ വിദേശയാത്രാ ദൗത്യം; ഭീരുക്കൾ അഴിച്ചുവിടുന്ന ഭീകരാക്രമണങ്ങൾക്ക് ശ്രീലങ്കയുടെ ആത്മാവിനെ തകർക്കാനാവില്ലെന്ന് പ്രധാനമന്ത്രി; ആപത്തിൽ ഒപ്പം നിൽക്കുന്ന കൂട്ടുകാരനായി ഇന്ത്യ മാറുമ്പോൾ എൻഡിഎ സർക്കാർ നടപ്പാക്കുന്നത് അയൽക്കാർ ആദ്യം-സാഗർ നയതന്ത്രങ്ങൾ; എന്തുകൊണ്ട് മോദി ആദ്യം മാലദ്വീപിലേക്കും ലങ്കയിലേക്കും പോയി എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ

ചങ്ങാതിമാർക്കൊപ്പം എന്നുമുണ്ടാകും, മറക്കില്ലൊരിക്കലും എന്ന സന്ദേശം മാലദ്വീപിനും ശ്രീലങ്കയ്ക്കും നൽകി രണ്ടാമൂഴത്തിലെ മോദിയുടെ ആദ്യ വിദേശയാത്രാ ദൗത്യം; ഭീരുക്കൾ അഴിച്ചുവിടുന്ന ഭീകരാക്രമണങ്ങൾക്ക് ശ്രീലങ്കയുടെ ആത്മാവിനെ തകർക്കാനാവില്ലെന്ന് പ്രധാനമന്ത്രി; ആപത്തിൽ ഒപ്പം നിൽക്കുന്ന കൂട്ടുകാരനായി ഇന്ത്യ മാറുമ്പോൾ എൻഡിഎ സർക്കാർ നടപ്പാക്കുന്നത് അയൽക്കാർ ആദ്യം-സാഗർ നയതന്ത്രങ്ങൾ; എന്തുകൊണ്ട് മോദി ആദ്യം മാലദ്വീപിലേക്കും ലങ്കയിലേക്കും പോയി എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി'അയൽക്കാർ ആദ്യം' അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ് ഇന്ത്യ. രണ്ടാമൂഴത്തിൽ, മോദി ആദ്യമെത്തിയത് മാലദ്വീപിൽ. രണ്ടാംപാദത്തിൽ ഐഎസ് ചാവേറാക്രമണത്തിൽ നിന്ന് കരകയറുന്ന ശ്രീലങ്കയിലും. തീവ്രവാദ വിരുദ്ധ പോരാട്ടം, സുരക്ഷ, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിൽ, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണത്തിന് മോദിയുടെ സന്ദർശനവേളയിൽ ധാരണയായി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായുള്ള കൂടിക്കാഴ്ചയിൽ തീവ്രവാദത്തെ സംയുക്തമായി നേരിടേണ്ട ആവശ്യകതയിലാണ് ഊന്നിയത്. ശ്രീലങ്ക ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് മോദി പറഞ്ഞു. ശ്രീലങ്കയുടെ ആത്മാവിനെ തകർക്കാൻ ഭീരുക്കൾ അഴിച്ചുവിടുന്ന തീവ്രവാദത്തിന് കഴിയില്ല. ശ്രീലങ്കൻ ജനതയ്‌ക്കൊപ്പം ഐക്യദാർഢ്യത്തിന്റെ ഉറച്ച കരങ്ങളുമായി ഇന്ത്യയിലെ ജനങ്ങളുണ്ടാവും, മോദി പറഞ്ഞു.

അയൽക്കാരനെ ചേർത്തുനിർത്തി മോദിയുടെ നയം

Stories you may Like

ഭീകരാക്രമണത്തിന്റെ മുറിവുകൾ ശ്രീലങ്കയിൽ ഇനിയും ഉണങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മുറിവുകൾ ഉണക്കാനും ആത്മവിശ്വാസം പകരാനും അയൽക്കാരന് സാന്ത്വനത്തിനൊപ്പം, സഹായ സഹകരണങ്ങളും അനിവാര്യം. ഭീകരാക്രമണം നടന്ന സെന്റ് ആന്റണീസ് ദേവാലയം സന്ദർശിച്ചുകൊണ്ടായിരുന്നു മോദിയുടെ സന്ദർശനാരംഭം. അവിടെ ജീവൻ വെടിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് ആപത്തിൽ ഒപ്പം നിൽക്കുന്ന അയൽക്കാരനായി. ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന ആദ്യ രാഷ്ട്രനേതാവ് കൂടിയാണ്. മോദി.

എന്തുകൊണ്ട് മാലദ്വീപ്?

എന്നാൽ, രണ്ടാം വട്ടം പ്രധാനമന്ത്രിയായപ്പോൾ ആദ്യ സന്ദർശനത്തിനായി മോദി എന്തുകൊണ്ട് മാലദ്വീപ തിരഞ്ഞെടുത്തു എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരുടെ ചർച്ചയായിരുന്നു. ഇന്ത്യയിലെ ഒരു ജില്ലയിലെ ജനസംഖ്യ പോലുമില്ലാത്ത മാലദ്വീപ് എങ്ങനെ എൻഡിഎ സർക്കാരിന്റെ കണ്ണിൽ ഇത്രയും പ്രാധാന്യം കൈവന്നു? ടൂറിസത്തെ മാത്രം ആശ്രയിക്കുകയും ഇന്ത്യയുടെ കച്ചവടതാൽപര്യങ്ങൾക്ക് ഉതകാത്തതുമായ ഒരുരാജ്യം. ഇത് മോദി സർക്കാരിന്റെ പുതിയ വിദേശ നയത്തിന്റെ തുടക്കമാണ്. ആദ്യ മോദി സർക്കാരിന്റെ കാലത്ത് വടക്ക്-കിഴക്കൻ രാജ്യങ്ങളിൽ ഊന്നിയുള്ള നയമായിരുന്നെങ്കിൽ, ഈ വട്ടം ആ നയതന്ത്രം മാറുകയാണ്. ശ്രീലങ്കയും മാലദ്വീപും കിഴക്കൻ രാഷ്ട്രങ്ങളുടെ പ്രതിനിധികളാവുമ്പോൾ, അത് അയൽക്കാർ ആദ്യം എന്ന പുതിയ നയത്തിന്റെ പ്രയോഗം കൂടിയായി മാറുന്നു. ആദ്യ മോദി സർക്കാരും നെയ്ബർഹുഡ് ഫസ്റ്റ് നയം പിന്തുടർന്നിരുന്നുവെങ്കിലും ഇത്തവണ അത് തൊട്ടയൽപ്പക്കത്തേക്ക് മാറുന്നുവെന്ന് മാത്രം. 2014 മെയിൽ അധികാരമേറ്റ ശേഷം മോദി ആദ്യ വിദേശ യാത്ര നടത്തിയത് ഭൂട്ടാനിലേക്കായിരുന്നു. മാലദ്വീപിനെ കൂടുതൽ അടുപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം ഇപ്പോൾ പ്രകടമാണ്. ഡിസംബറിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് ഇന്ത്യ സന്ദർശിച്ചിരുന്നു. സ്വാലിഹിന്റെ സത്യപ്രതിജ്ഞയിൽ മോദി പങ്കെടുക്കുകയും ചെയ്തു.

മാലദ്വീപ്-ഇന്ത്യ ബന്ധത്തിന് ചരിത്രത്തേക്കാൾ പഴക്കമുണ്ടെന്നാണ് അവിടുത്തെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. മാലദ്വീപിലെ ജനാധിപത്യം ശക്തമാക്കാൻ, ഓരോ ഇന്ത്യാക്കാരനും ഒപ്പമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം, സമുദ്രതലസുരക്ഷ എന്നീ മേഖലകളിൽ അടക്കം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ആറ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഫെറി സർവീസ് തുടങ്ങാനുള്ള കരാറിലും ഒപ്പുവച്ചു.

എല്ലാതരത്തിലുമുള്ള തീവ്രവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ ഇരുരാഷ്ട്രത്തലവന്മാരും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യ-മാലദ്വീപ് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കും വിധം പ്രവർത്തിക്കും. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സമാധാനവും സുരക്ഷയും പരിപാലിക്കാനും, മേഖലയിലെ സമുദ്രസുരക്ഷ വർദ്ധിപ്പിക്കാനും സംയുക്ത പട്രോളിങ്ങും, വ്യോമനിരീക്ഷണവും ശക്തമാക്കാനും ,വിവരകൈമാറ്റത്തിനും ശേഷി വർദ്ധിപ്പിക്കലിനും ഇരുനേതാക്കളും തമ്മിൽ ധാരണയായി. പൈറസി, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരന്ന്-മനുഷ്യക്കടത്ത് തടയൽ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കു്. വിദേശികൾക്കു നൽകുന്ന ഏറ്റവും വലിയ ആദരവായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകിയാണ് മാലദ്വീപ് മോദിയെ ആദരിച്ചത്.

സാഗർ നയതന്ത്രം

ചെറുരാജ്യങ്ങളായ മാലദ്വീപിനും ശ്രീലങ്കയ്ക്കും പ്രഥമപരിഗണന ഇന്ത്യ നൽകിയത് സാഗർ നയതന്ത്രത്തിന്റെ ഭാഗമായാണ്. ഇന്ത്യൻ സമുദ്രമേഖല സുരക്ഷിതവും സമാധാനപൂർണവുമാകാൻ ലക്ഷ്യമിട്ട് 2015 ൽ മോദി രൂപം കൊടുത്ത നയമാണ് സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ഇൻ ദ റീജ്യൺ. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന നയം. 2014 ൽ തന്റെ സത്യപ്രതിജ്ഞയ്ക്ക് സാർക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുക വഴി അയൽക്കാരൻ ആദ്യം നയത്തിന്റെ പ്രാധാന്യം മോദി സൂചിപ്പിച്ചിരുന്നു. ഈ വട്ടം സത്യപ്രതിജ്ഞയ്ക്ക് ബിംസ്റ്റക്ക് ഗ്രൂപ്പിൽ പെട്ട രാഷ്ട്രത്തലവന്മാരെയാണ് ക്ഷണിച്ചത്. മാലദ്വീപ് ബിംസ്റ്റക്കിന്റെ ഭാഗമല്ലെങ്കിൽ കൂടി ആ രാജ്യം മോദി ആദ്യം സന്ദർശിക്കാൻ തീരുമാനിച്ചത് തൊട്ടയൽപക്കത്ത്കാരന് നൽകുന്ന പ്രാധാന്യം തുറന്നുകാട്ടാൻ വേണ്ടി തന്നെ.

മാലദ്വീപിനെ ആരും കണ്ണുവയ്‌ക്കേണ്ട

ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന രാജ്യമായ മാലദ്വീപിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണി സ്ഥാനാർത്ഥി ഇബ്രാഹീം മുഹമ്മദ് സാലിഹ് നേടിയ ജയം അപ്രതീക്ഷിതമായിരുന്നു. 58 ശതമാനം വോട്ട് നേടി ഇബ്രാഹീം സാലിഹ് വിജയിച്ചത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ചൈനയുടെ പിൻബലമുള്ള അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും എതിരാളികളെ ഒന്നടങ്കം ജയിലിലടച്ചും പട്ടാളത്തെ വിട്ട് സുപ്രീംകോടതി പിടിച്ച് ജഡ്ജിമാരെ തടവിലിട്ടും ജനാധിപത്യം അട്ടിമറിച്ചു നടത്തിയ തെരഞ്ഞെടുപ്പിൽ മറിച്ചൊരു ഫലം ആരും നിനച്ചതല്ല.

2010ൽ മാലദ്വീപ് ലോകത്തെ ജനാധിപത്യ രാഷ്ട്രങ്ങളുടെ പട്ടികയിൽ സ്ഥാനംപിടിച്ചു. എന്നാൽ, മൂന്നുവട്ടം തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഏകാധിപത്യം വലിയൊരു പ്രശനമായി അവശേഷിച്ചു. മാലദ്വീപിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യക്കും നിർണായകമാണ്. മേഖലയുടെ ആധിപത്യത്തിന് കിണഞ്ഞു ശ്രമിക്കുന്ന ചൈന തുടർന്നും ദ്വീപിനെ ചൊൽപടിയിൽ നിർത്താൻ ആവതു ശ്രമിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയുടെ പേരുപറഞ്ഞ് അമേരിക്ക, യൂറോപ്യൻ യൂനിയൻ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങി രാജ്യങ്ങൾക്കും മാലദ്വീപിൽ കണ്ണുണ്ട്. ഇന്ത്യയോട് ആഭിമുഖ്യം പുലർത്തുന്ന കക്ഷി മാലദ്വീപിൽ അധികാരമേറിയതോടെ ചൈനയെ അകറ്റി നിർത്തി കൂടുതൽ അടുക്കുക അനിവാര്യമാണ്. അതിനുള്ള തുടക്കമാണ് മോദിയുടെ സന്ദർശനം.

ശ്രീലങ്കയുടെ ഉയിർത്തെഴുന്നേൽപ്പിന് കൈത്താങ്ങ്

ഐഎസ് ഭീകരരുടെ ഈസ്റ്റർ ആക്രമണത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി മോദി ആദ്യം സന്ദർശനം നടത്തുന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രിയായ റനിൽ വിക്രമ സിംഗെയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. വിക്രമസിംഗെയെ പുറത്താക്കി ചൈന പക്ഷപാതിയായ മഹീന്ദ്ര രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു.

എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞ രജപക്ഷെ രാജിവെച്ച് പുറത്തുപോയതോടെ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി. ഈസ്റ്റർ ആക്രമണത്തെ തുടർന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയ കാര്യം പുറത്തുപറഞ്ഞതും വിക്രമസിംഗെയാണ്. ഈ രാജ്യങ്ങളിൽ ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും സന്ദർശനത്തിനു പിന്നിലുണ്ട്. മേഖലയിൽ സമാധാനം നിലനിർത്താൻ ഈ രാജ്യങ്ങളെ ഇന്ത്യയ്‌ക്കൊപ്പം ഉറപ്പിച്ചു നിർത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യവും. മാലദ്വീപായാലും ശ്രീലങ്കയായാലും ഈ രാഷട്രങ്ങളിലെ സുരക്ഷയ്ക്ക് സ്വന്തം രാജ്യത്തെ പോലെ സുരക്ഷ നൽകുന്നു എന്ന സന്ദേശമാണ് മോദി നൽകുന്നത്. ഈ രാജ്യങ്ങൾ അസ്ഥിരപ്പെടുന്നത് ഇന്ത്യ അസ്ഥിരപ്പെടുന്നത് പോലെയാണ്. അതുകൊണ്ടാണ് പാക്കിസ്ഥാനെ പേരെടുത്തുപറയാതെ തീവ്രവാദം സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രങ്ങൾ വലിയ തലവേദനയാണ് ലോകത്തിനെന്ന് മോദി മാലദ്വീപിൽ ഊന്നിപ്പറഞ്ഞത്. 11 ഇന്ത്യക്കാരടക്കം 250 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെത്തുന്ന ആദ്യ വിദേശ നേതാവാണ് അദ്ദേഹം. ശ്രീലങ്കയിൽ ഇത് മോദിയുടെ മൂന്നാമത്തെ സന്ദർശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു.

ചൈനയെ ഉന്നം വച്ച്

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലുകളെ നിരീക്ഷിക്കാൻ മാലദ്വീപിൽ ഇന്ത്യ റഡാർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മാലദ്വീപ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രവും. 10 തീരനിരീക്ഷണ റഡാറുകളാണ് ഇന്ത്യ മാലദ്വീപിൽ സ്ഥാപിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സാണ് റഡാറുകൾ നിർമ്മിച്ചത്. മാലദ്വീപിന് പുറമെ ഇന്ത്യൻ മഹാസുദ്രത്തിലെ ദ്വീപ രാജ്യങ്ങളായ ശ്രീലങ്ക, സീഷെൽസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ സമാനമായ റഡാറുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ മഹാസുദ്രമേഖലയിൽ കൂടി കടന്നുപോകുന്ന കപ്പലുകളുടെ വിവരങ്ങൾ പങ്കുവെക്കാനുള്ള കരാറും ഒപ്പുവെച്ചിട്ടുണ്ട്.

മാലദ്വീപിന്റെ തലസ്ഥാന നഗരം സ്ഥിതിചെയ്യുന്ന വില്ലിങ്ങിലി ദ്വീപിലുള്ള കേന്ദ്രത്തിൽ നിന്നാകും റഡാറുകൾ നിയന്ത്രിക്കുക. മാലദ്വീപിന്റെ സമുദ്രതീരത്തോട് ചേർന്ന എക്സ്‌ക്ലൂസീവ് എക്കണോമിക് സോൺ നിരീക്ഷിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. എന്നാൽ ഈ മേഖലയിൽ കൂടി ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും വരുന്ന കടൽവഴിയുള്ള ആക്രമണങ്ങൾ ഇന്ത്യൻ നാവിക സേനയ്ക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. അബ്ദുള്ള യമീൻ പ്രസിഡന്റായിരിക്കെ ഇതുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടുപോയി. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ യമീൻ പരാജയപ്പെടുകയും പുതിയ സർക്കാർ,അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP