Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹമാസിന്റെ ശൈലിമാറ്റത്തിന് പിന്നിൽ ഇറാന്റെ ബുദ്ധിയോ? തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൂതി മോഡലിൽ; ഇസ്രയേലിനെതിരെ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം; ഇറാൻ ടിവിയുടെ വെളിപ്പെടുത്തലോടെ ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ

ഹമാസിന്റെ ശൈലിമാറ്റത്തിന് പിന്നിൽ ഇറാന്റെ ബുദ്ധിയോ? തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൂതി മോഡലിൽ; ഇസ്രയേലിനെതിരെ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം; ഇറാൻ ടിവിയുടെ വെളിപ്പെടുത്തലോടെ ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

ഗസ്സ: ഗസ്സയിൽ നിന്നും ഹസാമസിന്റെ മുമ്പുള്ളതിനേക്കാൾ കൃത്യതയും ഫോക്കസ് ചെയ്യുന്നതുമായ ആക്രമണമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ ഇറാന്റെ ബുദ്ധിയാണെന്ന വെളിപ്പെടുത്തൽ പുറത്ത്. ഇറാൻ പ്രസ് ടിവിയാണ് ഹാമസിന്റെ പുതിയ ബുദ്ധികേന്ദ്രങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തിങ്കളാഴ്ച ജറുസലേമിലേക്ക് ആദ്യത്തെ മിസൈൽ പ്രയോഗിച്ചതു മുതൽ ഹമാസ് ഈ പോരാട്ടത്തിന്റെ വേഗവും കൃത്യതയും നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഇറാനിലെ പ്രതിരോധ വിദഗ്ധരും പറയുന്നത്. ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്യാൻ ഹമാസിന് ഇറാനിൽ നിന്ന് നേരിട്ട് ഉപദേശം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഹമാസിന്റെ പുതിയ ആക്രമണ ശൈലി തന്നെയാണ് ഇറാൻപിന്തുണയെന്ന വാദം ഉയരാൻ കാരണവും. ഹമാസിന്റെ ആക്രമണ തന്ത്രങ്ങളെല്ലാം യമനിലെ ഹൂതികൾക്ക് സമാനമാണ്. അവരെയും ഇറാൻ പിന്തുണയ്ക്കുന്നുണ്ട്. ഹൂതികൾ ഉപയോഗിക്കുന്ന ഇറാനിയൻ മാതൃകയെ അടിസ്ഥാനമാക്കിയാണ് ഇസ്രയേലിനെതിരെ ഹമാസ് പുതിയ ഡ്രോണുകൾ ഇസ്രയേലിന് നേർക്ക് തൊടുത്തുവിടുന്നത്. സൗദി അറേബ്യയ്‌ക്കെതിരെ ഹൂതികൾ ചെയ്യുന്നതുപോലെ വിമാനത്താവളങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയാണ് ഹമാസിന്റെയും മിസൈൽ ആക്രമണങ്ങൾ നടക്കുന്നത്.

ഇതൊരു പുതിയ ഇറാൻ പ്രോക്‌സി യുദ്ധ ഉപദേശമായിരിക്കാം. ഇറാന്റെ പ്രസ്സ് ടിവിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. മിസൈലുകൾക്കും മറ്റു ആയുധങ്ങൾക്കും വേണ്ട പണവും സാങ്കേതിക ഉപദേശങ്ങളും ഇറാൻ വളരെക്കാലമായി ഹമാസിനു നൽകുന്നുണ്ടെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഫലസ്തീൻ ഇസ്‌ലാമിക് റെസിസ്റ്റൻസ് പ്രസ്ഥാനം ഹമാസ് ലക്ഷ്യമിടുന്നത് ഇസ്രയേൽ ഭരണകൂടത്തിന്റെ അയൺ ഡോം സ്റ്റേഷനുകളെയും വ്യോമതാവളങ്ങളെയുമാണ് എന്നാണ് ഇറാൻ സർക്കാർ ചാനലായ പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നത്.

അയൺ ഡോം ബാറ്ററികൾ വിന്യസിച്ച താവളങ്ങളെ ആക്രമിക്കാൻ കാരണം അവരുടെ പ്രതിരോധ ശേഷിയെ മറികടക്കാൻ ലക്ഷ്യമിട്ടാണ്. ഇതിനാലാണ് ഒരേസമയം 130 റോക്കറ്റുകൾ വരെ പ്രയോഗിച്ച് ഇസ്രയേലിന്റെ അയൺഡോമിന്റെ ശേഷിയെ പരിശോധിക്കാൻ ഹമാസ് നീക്കം നടത്തിയത്. നഗരങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ഹമാസിന്റെ ലക്ഷ്യം.

ഇതോടൊപ്പം തന്നെ വ്യോമതാവളങ്ങളെയും ഹമാസ് മിസൈലുകൾ ലക്ഷ്യമിടുന്നുണ്ട്. ഗസ്സയിൽ ആക്രമണം നടത്താൻ പോർവിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്ന താവളങ്ങൾ തകർക്കാനും ഹമാസ് ശ്രമിക്കുന്നുണ്ട്. യുദ്ധവിമാനങ്ങൾ വിന്യസിച്ചിരിക്കുന്ന ഹട്‌സെറിം വ്യോമതാവളത്തിലേക്ക് സിജിൽ മിസൈലുകൾ പ്രയോഗിച്ചതായി ഹമാസിന്റെ സൈനിക വിഭാഗമായ എസെഡൈൻ അൽ-കസം ബ്രിഗേഡ്‌സ് അവകാശപ്പെട്ടു.

നെഗേവ് മരുഭൂമിയിലെ നഹൽ ഓസ് കിബ്ബറ്റ്‌സിലെ കെമിക്കൽ ഫാക്ടറിയും ഷെഹാബ് കില്ലർ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി ഹമാസ് അവകാശപ്പെട്ടു. സൗദി അറേബ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ഹൂതികൾ എങ്ങനെയാണ് ഡ്രോണുകൾ ഉപയോഗിച്ചതെന്ന് മാതൃകയാക്കുകയാണ് ഹമാസും ചെയ്യുന്നത്. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും ഹമാസ് ലക്ഷ്യമാക്കുന്നുണ്ട്. റാമോൺ വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം നടന്നു. മിസൈലുകൾ പ്രയോഗിക്കുന്നതിനു മുൻപ് മുന്നറിയിപ്പും നൽകിയിരുന്നു.

ഹമാസ് മിസൈലാക്രമണം നടത്തുമ്പോൾ ഇസ്രയേൽ പോർവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ ഏതൊരു ഭാഗത്തും നിമിഷങ്ങൾക്കുള്ളിൽ ആക്രമിക്കാൻ ശേഷിയുള്ള മിസൈൽ കൈവശമുണ്ടെന്നും പ്രധാന നഗരങ്ങളിൽ തീമഴ പെയ്യിക്കുമെന്നും അവകാശവാദവുമായി ഹമാസ് രംഗത്തെത്തി. എന്നാൽ മിസൈലിന്റെ പേര് വിവരങ്ങൾ ഹമാസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മിസൈൽ ഏതായാലും മുകളിൽ വെച്ച് തന്നെ വെടിവെച്ചിടുമെന്ന് ഇസ്രയേൽ പ്രതിരോധ സേനയും അറിയിച്ചു. അയൺ ഡോമിനെ വിശ്വസിച്ചിരിക്കയാണ് ഇസ്രയേൽ.

ഗസ്സയിൽ നിന്നും തൊടുത്താൽ ടെൽഅവീവിൽ വരെ പതിക്കാവുന്ന മിസൈൽ വരെ തങ്ങളുടെ പക്കലുണ്ടെന്നാണ് ഹമാസിന്റെ അവകാശവാദം. 250 കിലോമീറ്റർ പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള അയ്യാഷ് മിസൈൽ ആയിരിക്കാം ഹമാസ് പറയുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത്തരമൊരു മിസൈൽ കഴിഞ്ഞ ദിവസം ഇസ്രയേലിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് തൊടുത്തതായി ഹമാസ് ഗ്രൂപ്പിന്റെ സായുധ വിഭാഗം അവകാശപ്പെട്ടിരുന്നു. അതേസമയം, ഈ മിസൈൽ തകർത്തെന്ന് ഐഡിഎഫും അവകാശപ്പെട്ടു.

250 കിലോമീറ്റർ (155 മൈൽ) പരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള അയ്യാഷ് മിസൈൽ ആണ് റാമോൺ വിമാനത്താവളത്തിലേക്ക് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഒബീദ പ്രസ്താവനയിൽ പറഞ്ഞു. 1996 ൽ വധിക്കപ്പെടുന്നതിന് മുൻപ് ഡസൻ കണക്കിന് ഇസ്രയേലികളെ കൊലപ്പെടുത്തിയ ഹമാസിന്റെ ബോംബ് നിർമ്മാതാവായിരുന്ന യഹ്യ അയ്യാഷിന്റെ പേരിലാണ് ഈ മിസൈൽ അറിയപ്പെടുന്നത്.

വിമാനത്താവളത്തിനു നേരെയുള്ള മിസൈൽ ആക്രമണ സമയത്ത് സൈറണുകളൊന്നും കേട്ടില്ല, കാരണം മിസൈൽ വീണത് നഗരത്തിന് പുറത്തുള്ള ഒരു തുറന്ന സ്ഥലത്താണ്. ഇവിടെ ആർക്കും പരുക്കോ നാശനഷ്ടമോ സംഭവിച്ചിട്ടില്ല. എന്നാൽ, 200 കിലോമീറ്ററിലധികം (ഏകദേശം 125 മൈൽ) പറന്ന മിസൈലിന്റെ പരിധി ഇസ്രയേൽ പ്രതിരോധ സേനയെ അതിശയിപ്പിച്ചതായി ഹാരെറ്റ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് ഗ്രൂപ്പിന്റെ ആയുധപ്പുരയിലെ മിസൈലുകളിൽ മിക്കതും 160 കിലോമീറ്റർ (ഏകദേശം 100 മൈൽ) അകലെ എത്താൻ ശേഷിയുള്ളതാണ്.

മിസൈൽ ആക്രമണത്തെത്തുടർന്ന് നിരവധി യുഎസ് വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങി. 'ഞങ്ങൾ ഇസ്രയേലിനോട് പറയുന്നു: നിങ്ങളുടെ വിമാനത്താവളങ്ങളും വടക്കൻ ഫലസ്തീൻ മുതൽ തെക്ക് വരെയുള്ള എല്ലാ സ്ഥലങ്ങളും ഞങ്ങളുടെ റോക്കറ്റുകളുടെ പരിധിയിലാണ്' ഹമാസ് വക്താവ് പറഞ്ഞു.

ഗസ്സ മുനമ്പിൽ നിന്ന് സ്ഫോടനാത്മക പേലോഡുകൾ നിറച്ച നിരവധി 'കില്ലർ ഡ്രോണുകൾ' തെക്കൻ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായും ഹമാസ് അവകാശപ്പെട്ടു. ഇത്തരത്തിലുള്ള രണ്ട് ഡ്രോണുകളെങ്കിലും ഇസ്രയേലിൽ ഇറങ്ങിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡ്രോണുകൾക്ക് ആക്രമണ ശേഷികളുണ്ടെങ്കിലും ഗുരുതരമായ അപകടത്തെ പ്രതിനിധീകരിക്കുന്നതായി തോന്നുന്നില്ലെന്നും ചാനൽ 12 റിപ്പോർട്ട് ചെയ്തു. എന്നാൽ, ഡ്രോൺ ഭീഷണി കാരണം ഗസ്സയോട് ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഗസ്സ മുനമ്പിൽ നിന്ന് വിക്ഷേപിച്ച സായുധ കില്ലർ ഡ്രോണുകളിലൊന്ന് എഫ് -16 യുദ്ധവിമാനം വെടിവച്ചിടുന്ന വിഡിയോ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. അഞ്ച് കിലോഗ്രാം സ്‌ഫോടകവസ്തു പേലോഡ് വഹിച്ച 'സൂയിസൈഡ് ഡ്രോൺ' ലേക്ക് പോർവിമാനം ലോക്ക് ചെയ്യുന്നത് വിഡിയോയിൽ കാണാം. ആക്രമണങ്ങൾ വീര നേതാക്കളെയും എൻജിനീയർമാരെയും വധിച്ചതിനോടുള്ള പ്രതികരണത്തിന്റെ ഭാഗമാണന്ന് ഹമാസ് വക്താവ് അബു ഒബീദ പറഞ്ഞു. ഇപ്പോൾ വിക്ഷേപിക്കുന്ന റോക്കറ്റുകളെല്ലാം ഭാഗികമായി വികസിപ്പിച്ചെടുത്തതുകൊല്ലപ്പെട്ടവരായിരുന്നു എന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP