Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തർക്കകാരണം ഭൂട്ടാൻ ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെ ചൊല്ലിയുള്ള തർക്കം; ദോക് ലായുടെ നിയന്ത്രണം ചൈന ഏറ്റെടുത്താൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യയുടെ നിയന്ത്രണം പോകും: ഇന്തോ-ചൈനീസ് തർക്കത്തിന്റെ മൂലകാരണം തേടുമ്പോൾ

തർക്കകാരണം ഭൂട്ടാൻ ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെ ചൊല്ലിയുള്ള തർക്കം; ദോക് ലായുടെ നിയന്ത്രണം ചൈന ഏറ്റെടുത്താൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യയുടെ നിയന്ത്രണം പോകും: ഇന്തോ-ചൈനീസ് തർക്കത്തിന്റെ മൂലകാരണം തേടുമ്പോൾ

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: സിക്കിം അതിർത്തിയിൽ സംഘർഷം മുറുകുമ്പോൾ വീണ്ടുമൊരു ഇന്ത്യ-ചൈന യുദ്ധം ഉണ്ടാകുമോ? ഈ ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർത്തു കഴിഞ്ഞു. അരുണാചൽ പ്രദേശ് അടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ ചൈനയ്ക്കുള്ള കണ്ണാണ് എല്ലാത്തിനും കാരണം. ഈ മേഖലയിൽ ചൈനീസ് താൽപ്പര്യം പലപ്പോഴും മറനീക്കി പുറത്തുവരുമ്പോൾ പലപ്പോവും ഇന്ത്യയ്ക്ക് വേണ്ട വിധത്തിൽ പ്രതിരോധിക്കാൻ സാധിക്കുന്നില്ല. ഈ ആക്ഷേപം ശക്തമായി ഉയരാറുമുണ്ട്. ഇപ്പോൾ വീണ്ടും സംഘർഷം മുറുകുമ്പോൾ അതിർത്തിയിൽ യുദ്ധമാണ് പോംവഴിയെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പോലും പറഞ്ഞു തുടങ്ങി.

പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തള്ളി ചൈനയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പന്ത് ഇന്ത്യയുടെ കോർട്ടിലാണ്. അതിർത്തി പ്രശ്‌നം പരിഹരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. മുൻ നിശ്ചയപ്രകാരം സംഘർഷ മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുക മാത്രമാണ് ചൈനീസ് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ആവശ്യമായത് ഇതുമാത്രമാണ്. ഇന്ത്യൻ സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ സഹോഹുയ് പറഞ്ഞു.

ദോക് ലാ മേഖലയിലെ സ്ഥിതി അത്യന്തം ഗുരുതരമാണ്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ആദ്യമായാണ് ഇന്ത്യൻ സേന അതിക്രമിച്ചു കടക്കുന്നത്. ഒരു ഘട്ടത്തിൽ സംഘർഷം വളർന്ന് ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയതാണ്. പത്തൊൻപതു ദിവസങ്ങൾ കടന്നുപോയി. എന്നിട്ടും ഇവിടുത്തെ സാഹചര്യത്തിൽ മാത്രം യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ ലുവോ, ഭൂട്ടാന്റെ പേരിൽ മുതലെടുപ്പിനു ശ്രമിക്കേണ്ടെന്നും വ്യക്തമാക്കി.

അതേസമയം, സിക്കിം അതിർത്തിയിലെ നിലവിലെ സ്ഥിതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ആശങ്ക പ്രകടിപ്പിച്ചു. അതിർത്തിയിലെ റോഡു നിർമ്മാണം സംബന്ധിച്ച ആശങ്ക ചൈനീസ് സർക്കാരുമായി പങ്കുവച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ആണെങ്കിൽ പോലും മറ്റൊരു രാജ്യത്തിന്റെ പ്രദേശത്ത് അതിക്രമിച്ചു കയറുന്നത് ശരിയല്ലെന്നും ലുവോ പറഞ്ഞു.

ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമിപിഎൽഎ) റോഡ് നിർമ്മിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. റോഡ് നിർമ്മാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമ്മിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്‌നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൈനികപരാമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യ മേഖല, ദോക് ലാ ചൈന പിടിച്ചാൽ ഇന്ത്യക്ക് കടുത്ത ഭീഷണി

സൈനികപരമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള മേഖലയാണ് ദോക് ലാ. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തിന് വേണ്ടി രണ്ട് രാജ്യങ്ങളും തമ്മിൽ കാർക്കശ നിലപാട് സ്വീകരിക്കുന്നത്. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമ്മിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യക്കുള്ള നിയന്ത്രണത്തിൽ അയവു വരുത്താനും ഇടവരും. ഇത് കണ്ടറിഞ്ഞാണ് വിട്ടുവീഴ്‌ച്ചക്കില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്നിലും.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെ. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.

സംഘർഷം വന്ന വഴി

നാഥുലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയും ഭൂട്ടാനും ചൈനയുടെ അധികാരപരിധിയിലുള്ള ടിബറ്റും സംഗമിക്കുന്ന ദോക് ലാ മേഖലയിലുണ്ടായ പ്രശ്‌നങ്ങളാണു നിലവിലെ സംഘർഷങ്ങൾക്കു വഴിവച്ചത്. ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകർക്കു കൈലാസത്തിലേക്കു യാത്ര നിഷേധിച്ച് ചൈന വെല്ലുവിളിച്ചതോടെ സംഘർഷം വർധിച്ചു. 1962ലെ യുദ്ധശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയധികം നാൾ നീണ്ട സംഘർഷാവസ്ഥ ഇതാദ്യം.

ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമിപിഎൽഎ) റോഡ് നിർമ്മിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. റോഡ് നിർമ്മാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമ്മിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്‌നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, ദേക് ലായ്ക്കു സമീപം ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സൈനികർ രണ്ടു ബങ്കറുകൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഏതാനും സൈനികർ തങ്ങളുടെ രാജ്യത്ത് അനധികൃതമായി കടന്നുവെന്ന പ്രത്യാരോപണവുമായി ചൈന രംഗത്തുവന്നതോടെ സംഘർഷം പാരമ്യത്തിലെത്തി.

ചൈനയുടെ അധികാര പരിധിയിൽ ചുംബി താഴ്‌വര, വില 25 ലക്ഷം രൂപ!

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള നേർത്ത വിടവിൽ ചൈനയുടെ അധികാരപരിധിയിലുള്ള പ്രദേശമായ ചുംബി താഴ്‌വരയുടെ വില 25 ലക്ഷം രൂപ! 1908ൽ ബ്രിട്ടിഷുകാർ ഈ തുകയ്ക്കാണു താഴ്‌വരയുടെ അധികാരം ടിബറ്റിനു കൈമാറിയത്. ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരബന്ധം സുഗമമാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു ഈ കച്ചവടം. 1950ൽ ടിബറ്റിന്റെ അധികാരം ചൈന ഏറ്റെടുത്തതോടെ ചുംബി ചൈനയ്ക്കു കീഴിലായി. അന്നു വിട്ടുകൊടുത്ത ചുംബി ആണ് ഇന്ന് ഇന്ത്യയ്ക്കും ഭൂട്ടാനും ഏറ്റവുമധികം തലവേദന ഉയർത്തുന്നത്. ഇന്ത്യയെയും ഭൂട്ടാനെയും മുട്ടിനിൽക്കുന്ന താഴ്‌വരയുടെ കോണിലാണു ദോക് ലാ.

എന്തിനും തയ്യാറായി ഇന്ത്യയുടെ പടയൊരുക്കം

ചൈനയിൽ നിന്നുള്ള ഏതൊരു എതിർപ്പിനെയും മറികടക്കാൻ തയ്യാറെടുത്തിരിക്കയാണ് ഇന്ത്യ. നാഥുലയുടെ സുരക്ഷാ ചുമതലയുള്ള 17 മൗണ്ടൻ ഡിവിഷന്റെ (സൈനിക തലത്തിലെ വിളിപ്പേര് ബ്ലാക് കാറ്റ്‌സ്) നേതൃത്വത്തിൽ മൂവായിരത്തോളം സൈനികരെ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നു. ഇതിനു പുറമെ, സിലിഗുഡി ആസ്ഥാനമായുള്ള 33 കോർ സൈനികർ, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

നാഥുലയിലേക്കുള്ള പാതയിൽ കഴിഞ്ഞദിവസം കിലോമീറ്ററുകളോളം മലയിടിഞ്ഞതു വകവയ്ക്കാതെയാണു സൈനികർ അതിർത്തിയിലേക്കു നീങ്ങുന്നത്. റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കണമെന്ന സിക്കിം സർക്കാരിന്റെ മുന്നറിയിപ്പു ഗൗനിക്കാതെയാണു ട്രക്കുകളിലുള്ള സൈനിക നീക്കം. ഏതു തടസ്സവും അതിജീവിച്ചു നാഥുലയിലെത്തുക എന്നതാണു തങ്ങൾക്കുള്ള നിർദ്ദേശമെന്ന് ഇവിടെ സേവനമനുഷ്ഠിക്കുന്ന മലയാളി സൈനികൻ  പറഞ്ഞു. അങ്ങോട്ടു യുദ്ധകാഹളം മുഴക്കില്ലെന്ന നയം പിന്തുടരുമ്പോഴും എന്തും നേരിടാൻ ഒരുക്കമാണെന്ന സന്ദേശം അതിർത്തിക്കപ്പുറത്തേക്ക് ഇന്ത്യ നൽകിക്കഴിഞ്ഞു.

സൈനികർക്കു പുറമെ പത്തു ട്രക്കുകളിലായി കുതിരകളെയും കഴിഞ്ഞദിവസങ്ങളിൽ നാഥുലയിലെത്തിച്ചു. അതിർത്തിയിലെ ദുർഘട പാതയിലൂടെ നീങ്ങാനും സാമഗ്രികൾ കടത്താനുമാണു കുതിരകൾ. അപ്പുറത്തു ചൈനയും സൈനികശേഷി വർധിപ്പിച്ചതായാണ് ഇന്ത്യൻ സംഘത്തിന്റെ വിലയിരുത്തൽ. അതിർത്തിയിൽ ഹിമാലയൻ മലനിരകളിൽ കഴിഞ്ഞദിവസം യുദ്ധ ടാങ്കറുകൾ വിജയകരമായി പരീക്ഷിച്ച് ചൈനയും മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP