Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോസിൻ; സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചെന്ന് വാദം; നടപടി രാജ്യദ്രോഹക്കുറ്റമെന്ന് പുടിൻ; റഷ്യൻ സൈന്യത്തിനെതിരെ ആയുധം കൈയിലേന്തുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോസിൻ; സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചെന്ന് വാദം; നടപടി രാജ്യദ്രോഹക്കുറ്റമെന്ന് പുടിൻ; റഷ്യൻ സൈന്യത്തിനെതിരെ ആയുധം കൈയിലേന്തുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: യുക്രെയിൻ യുദ്ധത്തിൽ, റഷ്യൻ സൈന്യത്തേക്കാൾ വീര്യത്തോടെ പൊരുതുകയും വാഗ്നാർ സേന പുടിനും റഷ്യക്കുമെതിരെ തിരഞ്ഞതോടെ റഷ്യയിൽ കലാപ സമാന അന്തരീക്ഷം. റഷ്യൻ സൈനിക നഗരമായ റൊസ്‌തോവ് പിടിച്ചെടുത്തതായി രാജ്യത്തെ സായുധ സംഘടന വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ഗെനി പ്രിഗോസിൻ അവകാശപ്പെട്ടു രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം റഷ്യ ശക്തമാക്കിയിട്ടുണ്ട്. സായുധ കലാപം മുന്നിൽ കണ്ട് മോസ്‌കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. റൊസ്‌തോവിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റൊസ്‌തോവ് നഗരത്തിലെ സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തെന്നാണ് പ്രിഗോസിൻ വിഡിയോ വഴി അവകാശപ്പെട്ടത്. വ്യോമതാവളം ഉൾപ്പെടെ നിയന്ത്രണത്തിലാക്കിയെന്നാണ് പ്രിഗോസിന്റെ അവകാശ വാദം. യുക്രെയ്‌ന് എതിരായ സൈനിക നീക്കത്തിൽ റഷ്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ സൈനിക കേന്ദ്രങ്ങൾ.

സായുധ കലാപത്തിന് ശ്രമിച്ചുവെന്നാരോപിച്ച് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് പ്രിഗോസിന് എതിരെ ക്രിമിനൽ കേസെടുത്തിരിക്കുകയാണ്. എന്നാൽ റഷ്യൻ സൈന്യത്തിനെതിരായ സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചാണ് നടക്കുന്നതെന്നാണ് പ്രിഗോസിന്റെ വാദം. പ്രിഗോസിന്റെ നീക്കം രാജ്യദ്രോഹക്കുറ്റമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ആരോപിച്ചു. റഷ്യൻ സൈന്യത്തിനെതിരെ ആയുധം കൈയിലേന്തുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

ക്രെംലിനുമായി നേരിട്ടൊരു ഏറ്റുമുട്ടലിനൊരുങ്ങുകയാണ് പ്രിഗോസിൻ എന്നാണ് സൂചന. തന്റെ സൈന്യം റഷ്യൻ അതിർത്തി കടന്നു എന്ന് പ്രഖ്യാപിച്ച പ്രിഗോസിൻ, ആവശ്യപ്പെടുന്നത് പ്രതിരോധ മന്ത്രിയുടെ രാജിയും, തന്റെ 2000 ഓളം സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ സൈനിക മേധാവികളെ ശിക്ഷിക്കണം എന്നുമാണ്. സൈനിക മേധാവികളെ അട്ടിമറിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ പ്രിഗോസിൻ, തങ്ങളുടെ മാർഗത്തിൽ തടസ്സമാകുനതെന്തും ഇല്ലാതെയാക്കുമെന്നും പറഞ്ഞു. അതിർത്തി കടന്ന് തങ്ങൾ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും അയാൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രിഗോസിന്റെ അവകാശവാദങ്ങളെ കുറിച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെ അറിയിച്ചിട്ടുണ്ടെന്നും, ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞെന്നും പുടിന്റെ വക്താവ് അറിയിച്ചു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗമായ എഫ് എസ് ബി, പ്രിഗോസിനെതിരെ ഒരു ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചതായി നേരത്തേ അറിയിച്ചിരുന്നു.

യുക്രെയിൻ ആക്രമണത്തിന് ഉത്തരവിട്ടതിനു ശേഷം വ്‌ളാഡിമിർ പുടിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിട്ടാണ് പാശ്ചാത്യ ം മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങളെ വിശേഷിപ്പിക്കുന്നത്. സർക്കാർ ഓഫീസുകളിലും, പൊതുഗതാഗത സംവിധാനങ്ങളിലും, മോസ്‌കോയിലെ മറ്റ് തന്ത്ര പ്രധാന മേഖലകളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് റഷ്യ ന്യുസ് ഏജൻസിയായ ടാസ്സ് അറിയിച്ചു.

ഒരു സൈനിക അട്ടിമറിയല്ല താൻ ഉദ്ദേശിക്കുന്നത് എന്ന് പ്രിഗോസിൻ ഒരു റേഡിയോ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്. നൂറോളം റേഡിയോ സന്ദേശങ്ങൾ ഇയാളുടെ പേരിൽ വരുന്നുണ്ടെങ്കിലും, ചിലതിൽ ശബ്ദ വ്യത്യാസമുണ്ടെന്നും, സന്ദേശങ്ങൾഇയാളുടേത് തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്താൻ ആയിട്ടില്ലെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 25,000 ഓലം സൈനികരാണ് പ്രതിരോധ മന്ത്രിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ മോസ്‌കോയിലേക്ക് നീങ്ങുന്നതെന്ന് ഇയാൾ മറ്റൊരു സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.

തങ്ങളുടെ ആളുകളുടെ ജീവൻ നശിപ്പിച്ച, ആയിരക്കണക്കിന് റഷ്യൻ സൈനികരെ കൊലക്ക് കൊടുത്ത അധികാരികൾ ശിക്ഷിക്കപ്പെടണം എന്നും പ്രിഗോസിൻ പറയുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കഴിഞ്ഞ കുറച്ച് നാളുകളായി പ്രിഗോസിൻ അകലത്തിലായിരുന്നു. സൈന്യത്തിലെ ചില ഉന്നത ഉദ്ദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമായി രൂപം കൊണ്ട് നുണകളായിരുന്നു യുക്രെയിൻ ആക്രമണത്തിന് പ്രചോദനമായതെന്ന് നേരത്തേ ഇയാൾ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തിനെതിരെ സായുധ സമരത്തിനൊരുങ്ങി എന്ന കുറ്റത്തിന് പ്രിഗോസിന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്തതായി എഫ് എസ് ബി അറിയിച്ചു. 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. പ്രിഗോസിൻ തന്റെ നടപടികളിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ആർമി ലെഫ്റ്റനന്റ് ജനറൽ വ്‌ളാഡിമിർ അലെക്‌സേയേവും രംഗത്തെത്തിയിട്ടുണ്ട്. സൈനിക മേധാവികളെ നിയമിക്കുന്നതിനുള്ള അധികാരം പ്രസിഡണ്ടിന് മാത്രമാണെന്നും അതിൽ കൈകടത്തരുതെന്നും ജനറൽ, പ്രിഗോസിനോട് ആവശ്യപ്പെട്ടു.

ഒരുകാലത്ത് പുടിന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന പ്രിഗോസിൻ പക്ഷെ അടുത്തകാലത്ത് മോസ്‌കോയിലെ അധികാര ഇടനാഴികളിൽ നിന്നും അകന്നിട്ടുണ്ട്. കഴിഞ്ഞമാസം യുക്രെയിൻ നഗരമായ ബാഖ്മത്ത് പിടിച്ചെടുത്തത് പ്രിഗോസിന്റെ സ്വകാര്യ സൈന്യമായ വാഗ്‌നാർ സേനയായിരുന്നു. ഈ അവസരത്തിൽ പ്രിഗോസിൻ റഷ്യൻ സൈന്യത്തിനെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇതുവരെ ഇയാളുടെ വിമർശനങ്ങൾക്ക് നേരെ കണ്ണടക്കുകയായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം ചെയ്തിരുന്നത്.റഷ്യൻ സേനയുടെ നേതൃത്വത്തെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ്. വാഗ്‌നർ തലൻ

തങ്ങളുടെ വഴിയിൽ തടസ്സംനിൽക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് പ്രിഗോഷിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത റഷ്യൻ സൈനിക ഹെലികോപ്റ്റർ തങ്ങൾ വെടിവെച്ചിട്ടുവെന്ന് പ്രിഗോഷിൻ അവകാശപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ വെളിപ്പെടുത്താൻ വാഗ്‌നർ ഗ്രൂപ്പ് തലവൻ തയ്യാറായില്ല.

വാഗ്‌നർ ഗ്രൂപ്പിനോട് റഷ്യയ്‌ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന് നേതൃത്വം നൽകുന്ന ഉപതലവൻ ജെൻ സെർജി സുരോവികിൻ ആവശ്യപ്പെട്ടു. 'നമ്മൾ ഒരു രക്തമാണ്, പോരാളികളാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എതിരാളികൾക്ക് അവസരമൊരുക്കരുത്', അദ്ദേഹം വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പ്രിഗോഷിന്റേത് പ്രസിഡന്റിനേയും രാജ്യത്തേയും പിന്നിൽനിന്ന് കുത്തുന്ന നടപടിയെന്ന് മറ്റൊരു മുതിർന്ന കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വ്ളാഡിമിർ അലെക്സ്യേവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP