Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല; നേതാക്കളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കർശന നടപടി; ഒരു വർഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക

മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല; നേതാക്കളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കർശന നടപടി; ഒരു വർഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂസ് ഡെസ്‌ക്‌

നയ്പിറ്റോ: മ്യാന്മറിലെ സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യത്തിന് കർശന മുന്നറിയിപ്പ് നൽകി അമേരിക്കൻ ഭരണകൂടം. മ്യാന്മറിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും പിന്മാറിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. ഓങ് സാൻ സൂചി, വിൻ മയന്റ് തുടങ്ങിയ നേതാക്കളെ ഉടൻ വിട്ടയച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും യുഎസ് മ്യാന്മർ സൈന്യത്തിനു മുന്നറിയിപ്പ് നൽകി. ഒരു വർഷത്തേക്ക് മ്യാന്മറിൽ പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

മ്യാന്മർ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75), പ്രസിഡന്റ് വിൻ മയന്റ്, ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രാറ്റിക് പാർട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം പാൻ താർ മൈന്റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അറസ്റ്റിലായത് സൈന്യം സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാണ് അറസ്റ്റെന്നാണ് സൈന്യം പറയുന്നത്.  പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ചേരാനിരിക്കെയാണ്സൈനികനീക്കം.



മ്യാന്മറിൽ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിനെയോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയോ അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തെയും അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. സൈന്യം അടക്കമുള്ള എല്ലാ വിഭാഗങ്ങളും ജനാധിപത്യ മൂല്യങ്ങളെയും രാജ്യത്തെ നിയമ സംവിധാനത്തെയും ബഹുമാനിക്കണമെന്നും ജെൻ സാക്കി പറഞ്ഞു.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓങ് സാൻ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷം നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ 476 സീറ്റിൽ 396 സീറ്റും സൂചി നേടി. വെറും 33 സീറ്റ് മാത്രമുള്ള സൈന്യത്തിന്റെ പിന്തുണയുള്ള പ്രതിപക്ഷ പാർട്ടിയായ യുഎസ്ഡിപി ഈ വിജയം അംഗീകരിച്ചിരുന്നില്ല. അട്ടിമറി നടന്നുവെന്ന ആരോപണം യുഎസ്ഡിപി സജീവമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറിൽ സൈനിക അട്ടിമറി നടന്നിരിക്കുന്നത്. 50 വർഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി അധികാരത്തിലെത്തിയത്.

ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിൻ വിൻ മയന്റും ഉൾപ്പെടെയുള്ള മ്യാന്മറിലെ പ്രമുഖ നേതാക്കളെല്ലാം തടങ്കലിലാണ്. തിരഞ്ഞെടുപ്പിനു ശേഷം ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് പട്ടാളഅട്ടിമറിയുണ്ടായത്. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവർത്തനം നിർത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണിൽ മൊബൈൽ സേവനം തടസപ്പെട്ടു.

കഴിഞ്ഞ നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാർട്ടി ആരോപിച്ചിരുന്നു. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിൽ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾക്കും രോഹിൻഗ്യകൾക്കും വോട്ടവകാശം സൂചി നിഷേധിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വർധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം.



മ്യാന്മർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാന്മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് വിൻ മയന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാളഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മയന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാന്മർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാന്മറിന്റെ യഥാർഥ 'ഭരണാധികാരി' സൂചിയായിരുന്നു.

മഹാത്മാഗാന്ധിയുടെ യഥാർഥ പിന്തുടർച്ചക്കാരി, ഏഷ്യയിലെ നെൽസൻ മണ്ടേല. ഇങ്ങനെയെല്ലാം വാഴ്‌ത്തപ്പെട്ട ഓങ് സാൻ സൂചി ഭരിക്കുമ്പോഴും മ്യാന്മറിൽ നടന്നുവരുന്നതു വംശഹത്യയുടെ ഗണത്തിൽപ്പെടുന്ന കൊടിയ അക്രമങ്ങളായിരുന്നു. ന്യൂനപക്ഷമായ രോഹിൻഗ്യകൾക്കെതിരായ ഈ അക്രമങ്ങൾ നിർത്താൻ അടിയന്തര നടപടിയെടുക്കണമെന്നു രാജ്യാന്തര നീതിന്യായ കോടതി മ്യാന്മർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് അര നൂറ്റാണ്ടുകാലം നീണ്ടുനിന്ന പട്ടാളഭരണത്തിലെ അതേ നയമാണ് സൂചി നിർണായക പങ്കു വഹിച്ചിരുന്ന സിവിലിയൻ ഭരണകൂടവും രോഹിൻഗ്യകളുടെ നേരെ തുടരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP