Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ തണലിൽ ഒളിവുജീവിതം നയിക്കുന്നു എന്നതിന് ഇനി വേറെ എന്ത് തെളിവ് വേണം..? ഇന്ത്യയുടെ ഏറ്റവും വലിയ കുറ്റവാളി കറാച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ലണ്ടൻ കോടതിയിൽ അമേരിക്കയുടെ സത്യവാങ്മൂലം; ദാവൂദിന്റെ ഏറ്റവും വിശ്വസ്തനായ ജാബിൽ മോട്ടിക്കായി ചരടുവലിച്ച് ഇസ്ലാമാബാദ്; അമേരിക്കൻ ഇടപെടലോടെ പാക്കിസ്ഥാൻ വീണ്ടും പ്രതിരോധത്തിൽ; മോദിയും ട്രംപും മനസുവച്ചാൽ ദാവൂദ് ഇന്ത്യൻ വലയിൽ വീഴുമോ?

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ തണലിൽ ഒളിവുജീവിതം നയിക്കുന്നു എന്നതിന് ഇനി വേറെ എന്ത് തെളിവ് വേണം..? ഇന്ത്യയുടെ ഏറ്റവും വലിയ കുറ്റവാളി കറാച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ലണ്ടൻ കോടതിയിൽ അമേരിക്കയുടെ സത്യവാങ്മൂലം; ദാവൂദിന്റെ ഏറ്റവും വിശ്വസ്തനായ ജാബിൽ മോട്ടിക്കായി ചരടുവലിച്ച് ഇസ്ലാമാബാദ്; അമേരിക്കൻ ഇടപെടലോടെ പാക്കിസ്ഥാൻ വീണ്ടും പ്രതിരോധത്തിൽ; മോദിയും ട്രംപും മനസുവച്ചാൽ ദാവൂദ് ഇന്ത്യൻ വലയിൽ വീഴുമോ?

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇന്ത്യ വർഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്ന് സത്യവാങ്മൂലം നൽകി യുഎസ് ഗവൺമെന്റ് ലണ്ടൻ കോടതിയിലെത്തി. ഇന്ത്യയുടെ ഏറ്റവും വലിയ കുറ്റവാളി കറാച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക രംഗത്തെത്തിയതോടെ പാക്കിസ്ഥാൻ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ദാവൂദിന്റെ നേതൃത്വത്തിലുള്ള ക്രൈം സിൻഡിക്കേറ്റായ ഡി കമ്പനി കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നും യുഎസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ദാവൂദിന്റെ ഏറ്റവും വിശ്വസ്തനായ ജാബിൽ മോട്ടിയുടെ എക്സ്ട്രാഡിഷൻ ട്രയൽ വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച നടന്നപ്പോഴാണ് യുഎസ് സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ ജോൺ ഹാർഡി ക്യൂസി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഡി കമ്പനി പാക്കിസ്ഥാൻ, ഇന്ത്യ, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന കാര്യം ന്യൂയോർക്കിലെ എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്നും ഹാർഡി കോടതിയിൽ വെളിപ്പെടുത്തിയിരിക്കുന്നു. പാക്കിസ്ഥാനിലേക്ക് കടന്ന ഇന്ത്യൻ മുസ്ലീമായ ദാവൂദും സഹോദരനും അഭയാർത്ഥികളായി 1993 മുതൽ പാക്കിസ്ഥാനിലുണ്ടെന്നും ഡി കമ്പനി കഴിഞ്ഞ പത്ത് വർഷങ്ങളായി യുഎസിലും പ്രവർത്തിക്കുന്നുണ്ടെന്നും ഹാർഡി പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ, പിടിച്ച് പറി തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ കമ്പനി പ്രധാനമായും നടത്തുന്നതെന്നും യുഎസ് ആരോപിക്കുന്നു. ഇത്തരം കുത്സിത പ്രവർത്തനങ്ങളാണ് ദാവൂദിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് എഫ്ബിഐ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ടെന്നും ഹാർഡി സാക്ഷ്യപ്പെടുത്തുന്നു. പിടിച്ച് പറി, ഭീഷണിപ്പെടുത്തി പണം തട്ടൽ, എ ക്ലാസ് മയക്കുമരുന്ന് കടത്തൽ , പണം വെളുപ്പിക്കൽ തുടങ്ങിയ ചാർജുകൾ ചുമത്തിയിരിക്കുന്ന മോട്ടിയെ യുഎസിലേക്ക് വിചാരണക്കായി വാങ്ങുന്നതിന് യുഎസ് സർക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്തൽ, പിടിച്ച് പറി, തീവ്രവാദികൾക്ക് പണം നൽകൽ തുടങ്ങിയ ചാർജുകൾ ചുമത്തപ്പെട്ട മോട്ടി ചൊവ്വാഴ്ച ലണ്ടൻ കോടതിയിൽ ഹാജരായിരുന്നു.

ദാവൂദുമായും മറ്റ് ക്രിമിനൽ സംഘത്തലവന്മാരുമായും മോട്ടി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസിനെ പ്രതിനിധീകരിച്ച് ഹാജരായ ലീന്നാ ബെസാന്റ് വെളിപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾ നിർവഹിച്ചതിന്റെ റിപ്പോർട്ടുകൾ മോട്ടി തത്സമയം ദാവൂദിനെ അറിയിക്കാറുണ്ടെന്നും ബെസാന്റ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. യുകെയിൽ കഴിയുന്നതിന് പത്ത് വർഷത്തെ വിസയിലെത്തിയ പാക്കിസ്ഥാൻ പൗരനെന്ന നിലയിലാണ് ലണ്ടൻ കോടതി മോട്ടിയെ വിചാരണക്ക് വിധേയനാക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ഹോട്ടലിൽ നിന്നായിരുന്നു മെട്രൊപൊളിറ്റൻ പൊലീസ് എക്സ്ട്രാഡിഷൻ യൂണിറ്റ് മോട്ടിയെ അറസ്റ്റ് ചെയ്തിരുന്നത്. യുഎസ് സർക്കാരിൽ നിന്നുള്ള ഒരു എക്സ്ട്രാഡിഷൻ റിക്വസ്റ്റ് ലഭിച്ചതിനെ തുടർന്നായിരുന്നു ഈ അറസ്റ്റ്. ഓഗസ്റ്റ് 28ന് വീഡിയോ ലിങ്ക് വഴി ജയിലിൽ നിന്നും മോട്ടി കോടതി വിചാരണയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ദാവൂദിന്റെ വലംകൈ പാക്ക് പൗരൻ ജാബിർ സിദ്ദിഖ് എന്ന ജാബിർ മോട്ടിവാലയെ ബ്രിട്ടനിൽ നിന്ന് യുഎസിലേക്കു നാടുകടത്താനുള്ള നീക്കങ്ങൾക്കെതിരെ പാക്കിസ്ഥാൻ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. അൻപത്തിയൊന്നുകാരനായ ജാബിർ മോട്ടിവാലയെ യുഎസിലേക്കു നാടുകടത്തി വിചാരണ ചെയ്യാനുള്ള ശ്രമങ്ങൾ ഏതു വിധേനേയും തടയുക എന്ന ലക്ഷ്യമാണ് പാക്കിസ്ഥാനുള്ളത്. ഇതിനായുള്ള കരുനീക്കങ്ങളാണ് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടക്കുന്നത്. ലണ്ടനിലെ പാക്ക് നയതന്ത്രജ്ഞരുടെ ആശീർവാദത്തോടെയാണ് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്ബിഐയുടെ ഹർജി പരിഗണിക്കവേ ജാബിർ മോട്ടിവാല വിഷാദരോഗത്തിനു അടിമയാണെന്നും കഴിഞ്ഞ വർഷങ്ങളിലായി നിരവധി തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. ഈ അവസ്ഥയിൽ യുഎസിലേക്കു നാടുകടത്തുന്നതും അവിടെ വിചാരണ നേരിടാൻ നിർബന്ധിക്കുന്നതും നീതിയല്ലെന്നുമാണ് മോട്ടിവാലയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

മോട്ടിവാല യുഎസിലേക്കു നാടുകടത്തപ്പെടുകയും കുറ്റകൃത്യങ്ങൾക്കു വിചാരണ നേരിടേണ്ടി വരുകയും ചെയ്യുന്ന സ്ഥിതിയുണ്ടായാൽ അത് പാക്കിസ്ഥാനു വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കറാച്ചി കേന്ദ്രമാക്കി പ്രവർത്തിച്ച ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇതോടെ പുറത്തറിയുമെന്നു പാക്കിസ്ഥാൻ ഭയപ്പെടുന്നു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുമായി ദാവൂദിനുള്ള രഹസ്യ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു വരുമെന്നുള്ളതും മോട്ടിവാലയ്ക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരാൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ജാബിർ മോട്ടിവാല പാക്കിസ്ഥാനിൽ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും പ്രമുഖ വ്യവസായിയാണെന്നും കാണിച്ച് പാക്കിസ്ഥാൻ ഹൈക്കമിഷണർ തന്നെ ലണ്ടൻ കോടതിയിൽ കത്തു നൽകിയതും ദാവൂദിനെ സംരക്ഷിക്കാനുള്ള താൽപ്പര്യം കൊണ്ടാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിലുള്ള ലഹരി മാഫിയ കറാച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായി യുഎസ് ഇതിനു മുൻപ് രാജ്യാന്തര വേദികളിൽ ചൂണ്ടിക്കാട്ടിയതും നേരത്തെ തന്നെ ദാവൂദിനെ രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചതും പാക്കിസ്ഥാനു പ്രതികൂല ഘടകമാണെന്നാണ് നിരീക്ഷകരുടെ പക്ഷം.

'ഡി കമ്പനി'യുടെ അനധികൃത കള്ളപ്പണം വിദേശത്തുള്ള പല പദ്ധതികളിലും നിക്ഷേപിച്ചിരിക്കുന്നത് മോട്ടിയായതിനാൽ ഇയാൾക്കു വേണ്ടി അവസാനവട്ട ശ്രമവുമായി പാക്കിസ്ഥാനും ഡി കമ്പനിയും രംഗത്തു വരുന്നതെന്നാണ് വിലയിരുത്തൽ. ഡി കമ്പനിയുടെ ലഹരിമരുന്നു കടത്തിനെയും അനധികൃത പണ ഇടപാടുകളെയും കൂട്ടിയോജിപ്പിക്കുന്ന കണ്ണി മോട്ടിവാലയെന്നാണ് റിപ്പോർട്ടുകൾ. മോട്ടിവാലയെ യുഎസിലേക്കു നാടുകടത്തത്തുന്നതും അവിടെ വിചാരണ നേരിടുന്നതും ദാവൂദ് ഇബ്രാഹാമിനും പാക്കിസ്ഥാനും വൻ തിരിച്ചടിയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപിൽ മുഴുവൻ സമയവും പാക്കിസ്ഥാൻ തീരസേനയുടെ കാവലിലുള്ള ദാവൂദിന്റെ രഹസ്യ സങ്കേതം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇന്ത്യ പാക്ക് അതിർത്തിയിൽ ഉൾപ്പെടെ സുരക്ഷാച്ചുമതല നിർവഹിക്കുന്ന അർധസൈനിക വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ മേൽനോട്ടത്തിൽ ദാവൂദിനു സുരക്ഷ ഒരുക്കി കൊണ്ട് ദാവൂദ് പാക്ക് മണ്ണിൽ ഇല്ലെന്ന നിലപാട് രാജ്യാന്തര വേദികളിൽ ഉയർത്തുകയായിരുന്നു പാക്കിസ്ഥാൻ ഇതു വരെ.

അത്യാവശ്യ ഘട്ടത്തിൽ മണിക്കൂറുകൾക്കകം ദാവൂദിനു കടൽ മാർഗം ദുബായിൽ എത്താൻ തയാറാക്കിയ രക്ഷാമാർഗവും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. പാക്ക് ചാരസംഘടനയിലെ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ദാവൂദുമായി ബന്ധപ്പെടാൻ അനുവാദമുണ്ടായിരുന്നുള്ളു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഉപഗ്രഹഫോണിൽ പ്രത്യേക ഫ്രീക്വൻസിയിലാണ് ഇവർ ദാവൂദുമായി ആശയവിനിമയം നടത്തുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം മോട്ടിയുടെ വിഷയത്തിൽ അമേരിക്കൻ താൽപ്പര്യങ്ങളും ഇന്ത്യൻ താൽപ്പര്യങ്ങളും ഒരുമിച്ചു വരുന്ന അപൂർവ്വ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജാബിൽ മോട്ടിയെ വിട്ടുകിട്ടണമെന്ന് അമേരിക്കയും ദാവൂദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയും ആവശ്യപ്പെടുന്ന ഘട്ടമാണുള്ളത്. ഇതോടെ ട്രംപും മോദിയും ശക്തമായ നിലപാട് സ്വീകരിച്ചാൽ പാക്കിസ്ഥാനെ ദാവൂദ് വിഷയത്തിൽ വെട്ടിലാക്കാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ യോജിച്ചുള്ള പ്രവർത്തനം എത്രകണ്ട് നടക്കുമെന്നാണ് ഇനി അറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP