Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്രംപിന് ഇനി നാവടക്കാം പണിയെടുക്കാം; ഇടക്കാല തിരഞ്ഞെടുപ്പിൽ മാജിക്ക് പ്രതീക്ഷിച്ച റിപ്പബ്ലിക്കന്മാരെ നിരാശപ്പെടുത്തി ഡെമോക്രാറ്റുകളുടെ നീലതരംഗം വീശിയടിച്ചതോടെ അമേരിക്കയിൽ അറുതി വന്നത് ഏകപാർട്ടി ഭരണത്തിന്; യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്നത് ഇംപീച്ച്‌മെന്റ് അടക്കമുള്ള നടപടികൾ; മെക്‌സിക്കൻ അതിർത്തിയിൽ മതിലുപണിയാനുള്ള നീക്കത്തിന് തടയിടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞേക്കുമെങ്കിലും സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തിയതോടെ ട്രംപിന് നിയമനാധികാരമേറും

ട്രംപിന് ഇനി നാവടക്കാം പണിയെടുക്കാം; ഇടക്കാല തിരഞ്ഞെടുപ്പിൽ മാജിക്ക് പ്രതീക്ഷിച്ച റിപ്പബ്ലിക്കന്മാരെ നിരാശപ്പെടുത്തി ഡെമോക്രാറ്റുകളുടെ നീലതരംഗം വീശിയടിച്ചതോടെ അമേരിക്കയിൽ അറുതി വന്നത് ഏകപാർട്ടി ഭരണത്തിന്; യുഎസ് പ്രസിഡന്റിനെ കാത്തിരിക്കുന്നത് ഇംപീച്ച്‌മെന്റ് അടക്കമുള്ള നടപടികൾ; മെക്‌സിക്കൻ അതിർത്തിയിൽ മതിലുപണിയാനുള്ള നീക്കത്തിന് തടയിടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞേക്കുമെങ്കിലും സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തിയതോടെ ട്രംപിന് നിയമനാധികാരമേറും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിൽ ഏകകക്ഷിഭരണത്തിന് അറുതി വരുത്തി ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭ പിടിച്ചടക്കി. സെനറ്റിൽ നേരിയ ഭൂരിപക്ഷം നിലനിർത്താനായത് മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ആശ്വാസം. ആദ്യഫലസൂചനകളിൽ നിന്ന് വ്യത്യസ്തമായി ഡെമോക്രാറ്റുകളുടെ ബ്ലൂവേവ് റിപ്പബ്ലിക്കന്മാരുടെ ചുവന്ന മതിലിൽ ആഞ്ഞടിച്ചിരിക്കുകയാണ്. ജനാഭിലാഷം വ്യക്തമായ ഒരു ഇടക്കാലതിരഞ്ഞെടുപ്പാണ് അമേരിക്കയിൽ അരങ്ങേറിയതെന്ന് ചുരുക്കം. ഇനി ട്രംപിന് മൂക്കുകയറിടാൻ ഡെമോക്രാറ്റുകൾക്ക് ശബ്ദം കൈവന്നിരിക്കുകയാണ്. വിവാദനയങ്ങൾ തോന്നിയ പോലെ പിന്തുടരാൻ അമേരിക്കൻ പ്രസിഡന്റിനാവില്ല. അതേസമയം, ഇരുപക്ഷവും വിജയം അവകാശപ്പെട്ടുവെന്നതാണ് കൗതുകകരം.

സെനറ്റിൽ, റിപ്പബ്ലിക്കൻ പാർട്ടി നേരത്തെയുണ്ടായിരുന്ന 51-49 ഭൂരിപക്ഷം 54-46 ആയി ഉയർത്തിയതാണ് ട്രംപിന് എടുത്തുപറയാവുന്ന നേട്ടം. 435 അംഗ ഹൗസിൽ 222 സീറ്റുകൾ ഡെമോക്രാറ്റുകൾ ജയിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 218. നാല് ഡെമോക്രാറ്റ് സീറ്റുകൾ പിടിച്ചെടുത്തതാണ് റിപ്പബ്ലിക്കൻ പാർട്ടി നേട്ടം. 'ഗംഭീരവിജയത്തിന്റെ രാത്രി'യെന്നാണ് ട്രംപിന്റെ അവകാശവാദം. 'ട്രംപ് മാജിക്കി'ന്റെ ഫലമാണു സെനറ്റ് വിജയമെന്നാണു ട്രംപു തന്നെ ട്വീറ്റ് ചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിൽ 8 വർഷത്തിനുശേഷമാണ് ഡെമോക്രാറ്റുകൾ ആധിപത്യം നേടിയത്.

ഇരുപാർട്ടികൾക്കും കൈയിൽ വ്യത്യസ്ത ആയുധങ്ങൾ

കോൺഗ്രസിൽ പുതിയ ഫലം വരുത്താവുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്: ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമിടാം. സാമ്പത്തികക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്താം. വിവിധ അന്വേഷണസമിതികളുടെ തലപ്പത്ത് ഡെമോക്രാറ്റ് നേതാക്കളെത്തുന്നതോടെ ട്രംപിനു വഴിയിൽ തടസ്സങ്ങളേറെയാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ വിവാദത്തിൽ ട്രംപിനെതിരെ അന്വേഷണം തുടങ്ങിയാൽ ഇംപീച്‌മെന്റ് നടപടികളിൽ കലാശിക്കാം. പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കത്തിനു റിപ്പബ്ലിക്കൻ ആധിപത്യമുള്ള സെനറ്റിന്റെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെങ്കിലും ഇത്തരം നീക്കങ്ങൾ യുഎസ് രാഷ്ട്രീയത്തെ കലുഷിതമാക്കും. മെക്‌സിക്കൻ അതിർത്തിയിൽ മതിലുപണിയുന്നതുൾപ്പെടെ ട്രംപിന്റെ വിവാദ നീക്കങ്ങൾക്കു തടയിടാൻ ഡെമോക്രാറ്റുകൾ ശ്രമിക്കാതിരിക്കില്ല. അതേസമയം, സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തിയതോടെ, ട്രംപിന് ജഡ്ജിമാർ, ക്യാബിനറ്റ് അംഗങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനങ്ങൾ സ്ഥിരീരികരിക്കാനും തന്റെ അജണ്ട വേഗത്തിൽ നടപ്പാക്കാനും കഴിയും.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുക എന്നതാണ് യുഎസിലെ പതിവ്. കഴിഞ്ഞ 40 വർഷത്തിനിടയിൽ പ്രസിഡന്റിന്റെ പാർട്ടിക്കു തിരിച്ചടി ഉണ്ടാകാത്ത 2 ഇടക്കാല തിരഞ്ഞെടുപ്പുകൾ മാത്രമേയുള്ളൂ 1978 ലും 2002 ലും. ജിമ്മി കാർട്ടർ (ഡെമോക്രാറ്റ്) പ്രസിഡന്റ് പദമേറ്റു 2 വർഷത്തിനു ശേഷം നടന്ന (1978) തിരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ തന്നെ ഭൂരിപക്ഷം നേടി. പക്ഷേ, 2 വർഷം കൂടി കഴിഞ്ഞ് 1980 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർട്ടർ തോറ്റു. ജനപ്രിയ നേതാവായിട്ടും രണ്ടാം അവസരം ലഭിക്കാതെ പോയ അപൂർവം പ്രസിഡന്റുമാരിലൊരാളാണ് അദ്ദേഹം.

2000 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജ് ഡബ്ല്യു ബുഷിന്റെ (റിപ്പബ്ലിക്കൻ) വിജയം കഷ്ടിച്ചായിരുന്നെങ്കിലും അദ്ദേഹം അധികാരമേറ്റ ശേഷമുള്ള ആദ്യ ഇടക്കാല തിരഞ്ഞെടുപ്പിൽ (2002) സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി മേൽക്കൈ നേടി. 2004ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബുഷ് രണ്ടാം തവണയും ജയിക്കുകയും ചെയ്തു. പ്രസിഡന്റായ ശേഷം രണ്ടാം അവസരം ലഭിക്കാതെ പോയത് കാർട്ടർക്കു പുറമേ മറ്റൊരാൾക്കു കൂടി മാത്രമാണ് ജോർജ് ഡബ്ല്യു ബുഷിന്റെ പിതാവ് ജോർജ് ബുഷ് സീനിയറിന്. ഒരാൾക്കു പരമാവധി രണ്ടു തവണ മാത്രമേ യുഎസ് പ്രസിഡന്റ് പദം വഹിക്കാൻ സാധിക്കൂ.

ആരാണ് സ്പീക്കർ?

ജനപ്രതിനിധി സഭയിലെ മുതിർന്ന ഡെമോക്രാറ്റ് നേതാവ് നാൻസി പെലോസി സ്പീക്കറാകും. ട്രംപ്, പെലോസിയെ വിളിച്ച് അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പു ഫലം റഷ്യയുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷ നൽകുന്നില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ

ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി യുഎസ് പാർലമെന്റിൽ 2 മുസ്ലിം വനിതകൾ റഷീദ താലിബും ഇൽഹാൻ ഉമറും. ഇരുവരും മൽസരിച്ചതു ഡെമോക്രാറ്റ് ടിക്കറ്റിൽ. റഷീദ മിഷിഗനിൽ നിന്നും ഇൽഹാൻ മിനസോട്ടയിൽനിന്നുമാണു ജയിച്ചത്. കോൺഗ്രസിൽ ശിരോവസ്ത്രമണിഞ്ഞെത്തുന്ന ആദ്യ അംഗം കൂടിയാകും ഇൽഹാൻ. സൊമാലി വംശജയായ ഇവർ കുട്ടിക്കാലത്ത് ആഭ്യന്തരയുദ്ധത്തിൽപെട്ട് അഭയാർഥി ക്യാംപിൽ കഴിഞ്ഞിട്ടുണ്ട് ഫലസ്തീനിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായ റഷീദ രാഷ്ട്രീയത്തിലിറങ്ങും മുൻപ് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP