Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നീക്കത്തിൽ ആശങ്ക; ഇന്ത്യ പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ് രാജ്യങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളും; സ്വാതന്ത്ര്യത്തിനുള്ള തയ് വാന്റെ ശ്രമങ്ങൾക്കു പിന്തുണയും നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്

അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നീക്കത്തിൽ ആശങ്ക; ഇന്ത്യ പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ് രാജ്യങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളും; സ്വാതന്ത്ര്യത്തിനുള്ള തയ് വാന്റെ ശ്രമങ്ങൾക്കു പിന്തുണയും നൽകുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയറിയിച്ച് അമേരിക്ക. ഇന്ത്യ- പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി

അണയാത്ത കനൽ പോലെ അതിർത്തികളിലെ സംഘർഷഭീതി സജീവമാക്കിനിർത്താനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും പ്രൈസ് മാധ്യമങ്ങളോടു പറഞ്ഞു. ജോ ബൈഡൻ ഭരണകൂടം ബെയ്ജിങ്ങിനോട് അനുഭാവ പൂർണമായ നിലപാട് കൈകൊള്ളുമെന്ന വാദങ്ങൾ തള്ളുന്നതായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവിന്റെ വാർത്താസമ്മേളനം.

ജനാധിപത്യ രാജ്യങ്ങളുമായുള്ള യുഎസിന്റെ തന്ത്രപ്രധാന പങ്കാളിത്തത്തിനു തടയിടാൻ ചൈന ശ്രമിക്കുകയാണെന്നും പല രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താൽപര്യങ്ങൾക്കു തുരങ്കം വയ്ക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്നും യുഎസ് വിലയിരുത്തുന്നു.

തയ്വാനുമായുള്ള ബന്ധം ശക്തമായി തുടരാനാണ് തീരുമാനം. സ്വാതന്ത്ര്യത്തിനുള്ള തയ്വാന്റെ ശ്രമങ്ങൾക്കു എല്ലാ പിന്തുണയും നൽകും. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. തയ്വാനെ സൈനികമായി നേരിടുന്നതിനു പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ചൈന ശ്രമിക്കേണ്ടത്. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് നീക്കമെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.

കൊറോണ വ്യാപനം, ദക്ഷിണ ചൈനാകടൽ, ഹോങ്കോങ്, സ്റ്റുഡന്റ്, ജേണലിസ്റ്റ് വീസ, വ്യാപാരച്ചുങ്കം, അയൽരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ചൈനയുമായി നിലവിൽ പ്രശ്‌നങ്ങൾ ഉണ്ടെന്നും വ്യാപാര ഇടപാടുകളിൽ ഉൾപ്പെടെ ചൈനയുമായി ഞങ്ങൾ ശക്തമായ മത്സരത്തിലാണെന്നും നെഡ് പ്രൈസ് പറഞ്ഞു.

ലോകത്തിലെ രണ്ട് വലിയ സമ്പദ്വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. ചൈനീസ് സർക്കാർ യുഎസ് പൗരന്മാരെയും മറ്റുള്ളവരെയും അനധികൃതമായി തടങ്കലിൽ വയ്ക്കുകയും എക്‌സിറ്റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നതായി യുഎസ് നേരത്തേതന്നെ ആരോപിച്ചിരുന്നു. യുഎസ് പൗരന്മാർക്കെതിരെ ചൈന സ്വീകരിക്കുന്ന പ്രതികാര നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്നും നെഡ് പ്രൈസ് പറഞ്ഞു.



ലോകശക്തിയായി സ്വയം പ്രതിഷ്ഠിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി, യുഎസിന്റെ സാങ്കേതിക, സൈനിക വിവരങ്ങൾ മോഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം നേരത്തേ ആരോപിച്ചിരുന്നു. അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ പരാമർശവുമുണ്ടായിരുന്നു. ലോക വൻശക്തിയാകാനുള്ള മൽസരത്തിനു തുടക്കമിട്ടിരിക്കുകയാണ് ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP