Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രിട്ടനിലെ ഭരണപ്പാർട്ടി കൂട്ടത്തോൽവിയിലേക്കെന്ന് സർവേ ഫലം; ഋഷി ജയിച്ചു കയറിയാലും 18 മന്ത്രിമാർ പരാജയ ഭീതിയിൽ; ലോട്ടറിയടച്ചി സന്തോഷത്തിൽ ലേബർ പാർട്ടി; തുടർ ഭരണം ബ്രിട്ടനിലും വെറുപ്പിന്റെ വിളവെടുപ്പായി മാറുമെന്നു ഉറപ്പാക്കുന്ന ട്രെന്റുകൾ എത്തിത്തുടങ്ങി

ബ്രിട്ടനിലെ ഭരണപ്പാർട്ടി കൂട്ടത്തോൽവിയിലേക്കെന്ന് സർവേ ഫലം; ഋഷി ജയിച്ചു കയറിയാലും 18 മന്ത്രിമാർ പരാജയ ഭീതിയിൽ; ലോട്ടറിയടച്ചി സന്തോഷത്തിൽ ലേബർ പാർട്ടി; തുടർ ഭരണം ബ്രിട്ടനിലും വെറുപ്പിന്റെ വിളവെടുപ്പായി മാറുമെന്നു ഉറപ്പാക്കുന്ന ട്രെന്റുകൾ എത്തിത്തുടങ്ങി

പ്രത്യേക ലേഖകൻ

ലണ്ടൻ: കഴിഞ്ഞ 14 വർഷമായി ബ്രിട്ടനിൽ ടോറികൾ നടത്തുന്ന ഭരണത്തുടർച്ചയ്ക്ക് ഇത്തവണ അവസാനമാകുമോ? സാധ്യത അതിനു തന്നെയെന്ന് സർവേ ഫലങ്ങൾ പുറത്തു വരുക മാത്രമല്ല ടോറികളെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഭീകര തോൽവി കൂടി ആയിരിക്കും എന്ന സൂചനകൾ കൂടി വന്നതോടെ ലേബർ ക്യാംപുകളിൽ ലോട്ടറിയടിച്ച ആഹ്ലാദമാണ് ഇപ്പോൾ അലയടിക്കുന്നത്. സമീപകാല ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായ ടോറികളുടെ ഏറ്റവും വലിയ തോൽവി ആയി വിലയിരുത്തപ്പെടുന്നത് 1997 ൽ ജോൺ മേജർ സ്വന്തമാക്കിയതാണ്. അന്ന് ലേബർ നേതാവ് ടോണി ബ്ലെയർ നേടിയ വമ്പൻ വിജയം പിന്നീട് വർഷങ്ങളോളം ബ്രിട്ടനിൽ ലേബർ തേരോട്ടത്തിനും കാരണമായി.

ടോണി ബ്ലെയറും ഗോർഡൻ ബ്രൗണും ചേർന്ന് സൃഷ്ടിച്ച ലേബർ തേരോട്ടം അവസാനിപ്പിച്ചത് ഡേവിഡ് കാമറോണിന്റെ കൂട്ടുകക്ഷി സർക്കാരാണ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ടോറികളാണ് ഇപ്പോൾ ചരിത്രം കണ്ടിട്ടില്ലാത്ത ഭീകര തോൽവിയെ കാത്തിരിക്കുന്നത് എന്ന് സർവേ ഫലങ്ങൾ പറയുന്നത്. ജോൺ മേജറുടെ സമാനമായ അവസ്ഥ തന്നെയാണ് ഇപ്പോൾ ഋഷി സുനകിനായി കാലം കാത്തുവയ്ക്കുന്നത് എന്നും ഉറപ്പിക്കുകയാണ് അടുത്തകാലത്ത് ബ്രിട്ടനിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും. ടോറികൾക്ക് എന്നും വിജയം നൽകിയിരുന്ന സീറ്റുകൾ പോലും ഉപ തിരഞ്ഞെടുപ്പിൽ കൈവിട്ടു പോയത് കൃത്യമായ രാഷ്ട്രീയ സൂചനകൾ തന്നെയാണ് നൽകുന്നതും.

തുടർ ഭരണം വെറുപ്പിന്റെ വിളവെടുപ്പ് നടത്തുമ്പോൾ

ഡേവിഡ് കാമറോണിൽ നിന്നും തെരേസ മേയിലേക്കും പിന്നീട് ബോറിസ് ജോൺസണും ലിസ് ട്രെസും ഒടുവിൽ ഋഷി സുനകും എല്ലാം ടോറി ലേബലിൽ പ്രധാനമന്ത്രിമാരായത് ലേബർ പക്ഷത്തെ പിടിപ്പ് കേടു കൊണ്ടുമാണ്. ഇടക്കാലത്തു തീവ്ര നിലപാടുകാരനായ കോർബിൻ വന്നതും ലേബറിനു കൂനിന്മേൽ കുരു പോലെ പ്രതിപക്ഷത്തു തുടരാൻ വഴി ഒരുക്കുക ആയിരുന്നു.

ഡേവിഡ് കാമറോണും തെരേസ മേയും നഷ്ടപ്പെടുത്തിയ ജനപ്രീതി ബോറിസ് ജോൺസൺ തിരിച്ചു പിടിച്ചാണ് ടോറികൾക്ക് ഭരണ തുടർച്ച ലഭ്യമാക്കിയത്. എന്നാൽ സ്വന്തം കയ്യിലിരിപ്പ് കൊണ്ട് ബോറിസ് തെറിച്ചപ്പോൾ ഭാഗ്യത്തിന്റെ തേരിലേറിയ ലിസ് ട്രസ് 45 ദിവസം കൊണ്ട് താഴെ ഇറങ്ങിയപ്പോൾ നിവൃത്തികേടിൽ മറ്റാരും ഇല്ലാത്ത അവസ്ഥയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദവിയിൽ എത്തിയത്.

പക്ഷെ കോവിഡാനന്തര ബ്രിട്ടൻ നേരിട്ട സാമ്പത്തിക കുഴപ്പത്തിൽ നിന്നും കഷ്ട്ടിച്ചു രാജ്യത്തെ രക്ഷപ്പെടുത്തിയ ഋഷിക്ക് പിന്നീട് വന്ന യുക്രൈൻ യുദ്ധം നൽകിയ ആഘാതവും ബ്രക്സിറ്റ് നൽകിയ വീഴ്ചകളിൽ നിന്നും രാജ്യത്തെ കൈപിടിച്ച് ഉയർത്താൻ പാകത്തിൽ ഉള്ളതായിരുന്നില്ല അന്താരാഷ്ട്രീയ രംഗം. തൽഫലമായി നാണയപ്പെരുപ്പം കുതിച്ചുയർന്നു വിലക്കയറ്റത്തിൽ ജനജീവിതം ദുസ്സഹമായും മാറിയപ്പോൾ എല്ലാ രോഷവും തേടിയെത്തുന്നത് തുടർ ഭരണം എന്ന സാഹചര്യത്തിലേക്കാണ്.

അതിനാൽ ബ്രിട്ടീഷ് ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു എന്ന് വ്യക്തം. ടോറികൾ എതിർപ്പ് നേരിട്ട പല വിഷയങ്ങളിലും ലേബറിനും സമാന മനസ് ആണെന്നും ചില കാര്യങ്ങളിൽ വ്യക്തമായ നയം പോലും ഇല്ലെന്നും മറന്നാണ് ജനം ലേബറിനായി വോട്ടു ചെയ്യാൻ കാത്തിരിക്കുന്നത് എന്നത് കഥയുടെ മറുവശം. അതിനാൽ മൃഗീയ ഭൂരിപക്ഷത്തിൽ ലേബർ അധികാരത്തിൽ എത്തിയാലും ജനജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകാനിടയില്ല എന്നതാണ് ഒടുവിലായി എത്തുന്ന വിലയിരുത്തലുകൾ.

കേന്ദ്ര മന്ത്രിമാർക്ക് കൂട്ടത്തോൽവി സുനിശ്ചിതം

നിലവിലെ സാഹചര്യത്തിൽ ഭരണത്തിൽ ഉള്ള ടോറികൾക്ക് 22 ശതമാനം വോട്ടും വെറും 80 സീറ്റുമാണ് എക്കാലവും ലേബർ പിന്തുണക്കാരായ ഡെയിലി മിറർ പത്രം പുറത്തു വിട്ട സർവേയുടെ ഹൈലൈറ്റ്. ഫൈൻഡ് ഔട്ട് നൗ, ഇലക്ടറൽ കാൽകുലസ് എന്നിവ ചേർന്ന് നടത്തിയ സർവേയാണ് ഡെയ്‌ലി മിറർ റിപ്പോർട്ടിന്റെ ആധാരം. മാത്രമല്ല ധന സെക്രട്ടറി ജെറെമി ഹാന്റ് ഉൾപ്പെടെയുള്ള 18 കേന്ദ്ര മന്ത്രിമാർക്ക് സുനിശ്ചിത തോലവിയും ഉറപ്പാണെന്ന് പത്രം പറയുന്നു.

ഇക്കൂട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി ജില്ലിയൻ കെഗനും പ്രതിരോധ മന്ത്രി ഗ്രാന്റ് ഷേപ്പും ഒക്കെയുണ്ട്. എന്നാൽ 42 ശതമാനം വോട്ടും 452 സീറ്റും കിട്ടും എന്ന് പ്രവചനം പറയുന്ന ലേബറിന്റെ തേരോട്ടത്തിൽ മത്സരിക്കുന്ന നല്ല പങ്കു സ്ഥാനാർത്ഥികളും ജയിച്ചു കയറുന്ന സാഹചര്യമാണ് വിലയിരുത്തപ്പെടുന്നത്. ചെറു കക്ഷിയായ ലിബറൽ ഡെമോക്രറ്റിനും 11 സീറ്റിന്റെ വർധന ഉണ്ടാകും. രാജ്യത്തെ 18000 വോട്ടർമാരെ പങ്കെടുപ്പിച്ചു നടത്തിയ സാമ്പിൾ സർവേയാണ് ഈ ഫലസൂചന പങ്കിടുന്നത്.

മറ്റു പ്രമുഖരിൽ ഒരിക്കൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോട്ടമിട്ട പെന്നി മൊർഡാണ്ട്, മെൽ സ്ട്രെയ്ഡ്, ക്ലെയർ കൊണ്ടീഞ്ഞോ, വിക്ടോറിയ പ്രെന്റിസ്, ജോൺ ഗ്ലെൻ, ജോണി മെർസാർ, സൈമൺ ഹാർട് എന്നിവരൊക്കെ ഉൾപ്പെടുന്നു. സമൂഹത്തിന്റെ താഴെ തട്ടിൽ എത്തി നടത്തിയ അഭിപ്രായ സർവേയിലാണ് ടോറികൾക്ക് കനത്ത ഷോക്ക് നൽകുന്ന കണ്ടെത്തലുകൾ എത്തിയിരിക്കുന്നത്. കടുത്ത വംശീയ വിരോധത്തിന്റെ പേരിൽ ഉയർന്നു വന്ന നൈജിൽ ഫരാജ് പടുത്തുയർത്തിയ യുകിപ് പാർട്ടിയുടെ പുതിയ വകഭേദമായി മാറിയ റീഫോം യുകെയ്ക്ക് വട്ടപ്പൂജ്യമാണ് തിരഞ്ഞെടുപ്പ് ഫലം നൽകുക എന്നും സർവേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണയും നൈജിൽ ഫരാജിന് പാർലിമെന്റിൽ ഒരു എംപിയെ പോലും എത്തിക്കാനായിരുന്നില്ല.

ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഭൂകമ്പ സാധ്യത, ഊർജ്ജ വില വർധന ജനരോഷത്തിനു കാരണമാകും

നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ അടിമുടി മാറ്റിമറിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാകും ഇത്തവണ ഉണ്ടാവുക എന്നത് ബ്രിട്ടനിലെ രാഷ്ട്രീയത്തെ ഭൂകമ്പ സമാന സാഹചര്യത്തിൽ എത്തിക്കും എന്നാണ് സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഈ രംഗത്തെ പ്രമുഖനായ മാർട്ടിൻ ബാക്സ്റ്റർ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി 24 മുതൽ ഫെബ്രുവരി 12 വരെ നടന്ന സർവേകളിൽ കൺസർവേറ്റീവുകൾ നടപ്പാക്കിയ സമ്പൂർണ സ്വകാര്യവത്കരണം ആണ് ജനങ്ങൾ കൂടുതലായും എതിർത്തതു. ഇന്ധന, ഊർജ വിലകൾ ആകാശത്തോളം കയറിയത് ജനരോഷത്തിൽ പ്രധാനമായി വിലയിരുത്തപ്പെടുന്നു. ഇടക്കാലത്തു ലേബർ ജനപ്രീതിയിൽ താഴേക്ക് വീണതിനെ തുടർന്ന് അടുത്തിടെ പാർട്ടി പ്രഖ്യാപിച്ച സാമ്പത്തിക ഉണർവ് ഏകുന്ന പദ്ധതികൾ ജനങ്ങളെ ആകർഷിക്കാൻ കാരണമായി എന്നാണ് ഈ സർവേ ഫലം വെളിപ്പെടുത്തുന്നത്.

അതിനിടെ ഏറ്റവും ഒടുവിലായി ബ്രിട്ടൻ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ നേരിടേണ്ടി വരും എന്ന വാർത്തകളും ടോറികൾ ഭീതിയോടെയാണ് കാണുന്നത്. അനേകായിരം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും വീടുകൾ ജപ്തി ഭീക്ഷണി നേരിടുകയും ചെയ്യുന്ന സാഹചര്യം സംജാതമായാൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിൽ നിന്നും പിടിച്ചു കയറാൻ ടോറികൾക്ക് കടുത്ത പ്രയാസം തന്നെയാകും.

ഋഷി റെസക്ഷൻ എന്ന പേരിൽ ഇപ്പോൾ തന്നെ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്ന മാന്ദ്യത്തെ അത്ര വേഗത്തിൽ മാറ്റി നിർത്താനാകില്ല എന്നാണ് പുറത്തു വരുന്ന സൂചനകൾ. നിക്ഷേപ സാഹചര്യങ്ങൾ ഇല്ലാതായതും വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ കടുത്ത അവധാനതകളും ബ്രക്സിറ്റ് ഡീൽ നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചകളും ഒക്കെ ചേർത്ത് സർക്കാർ സൃഷ്ടിച്ചെടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ മാന്ദ്യം വിളിച്ചു വരുത്തുന്നത് എന്നതിനാലാണ് ഋഷി റെസഷൻ എന്ന പേര് തന്നെ വീഴാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP