Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിൽ തൂക്കു മന്ത്രിസഭ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കൺസെർവേറ്റീവുകൾക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല; എല്ലാവരും എഴുതി തള്ളിയ കമ്മ്യൂണിസ്റ്റുകാരനായ കോർബിന്റെ നേതൃത്വത്തിൽ വമ്പൻ കുതിപ്പു നടത്തി ലേബർ പാർട്ടി; കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് എടുക്കാൻ പോയ തെരേസ മേയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നൽകി ബ്രിട്ടീഷ് ജനത

ബ്രിട്ടനിൽ തൂക്കു മന്ത്രിസഭ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കൺസെർവേറ്റീവുകൾക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല; എല്ലാവരും എഴുതി തള്ളിയ കമ്മ്യൂണിസ്റ്റുകാരനായ കോർബിന്റെ നേതൃത്വത്തിൽ വമ്പൻ കുതിപ്പു നടത്തി ലേബർ പാർട്ടി; കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് എടുക്കാൻ പോയ തെരേസ മേയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നൽകി ബ്രിട്ടീഷ് ജനത

ലണ്ടൻ: അഞ്ചുസീറ്റുകളുടെ ഭൂരിപക്ഷത്തിൽ മികച്ച ജനാഭിപ്രായത്തോടെ ബ്രിട്ടൻ ഭരിച്ചിരുന്ന തെരേസ മേ ഭൂരിപക്ഷം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വമ്പൻ തിരിച്ചടി. നിലവിൽ ഉണ്ടായിരുന്ന 16 സീറ്റുകൾ കുറഞ്ഞു 315 സീറ്റുകളിൽ മാത്രം ജയിച്ചപ്പോൾ കേവല ഭൂരിപക്ഷത്തിന് ഇനിയും വേണ്ടത് 11 സീറ്റുകൾ കൂടി. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 232 സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ലേബർ പാർട്ടി 261 സീറ്റിലേയ്ക്ക് ഉയരുന്നെങ്കിലും ഏതെങ്കിലും ഒരു സഖ്യം വഴി ഭരണം പിടിക്കാൻ സാധിക്കുന്ന നിലയിൽ എത്തിയില്ല.

നോർത്തേൺ അയർലന്റിലെ ഡെമോക്രാറ്റിക്ക് യൂണിയണിസ്റ്റ് പാർട്ടിയുമായോ ലിബറൽ ഡെമോക്രാറ്റുകളുമായോ സഖ്യം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ തെരേസ മേ. ഡ്യൂപ് സാധ്യത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് പത്ത് സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ വേണം. എന്നാൽ ഇനിയും ഫലം അറിയാനുള്ള നാല് സീറ്റുകളിൽ ഒന്നെങ്കിലും ലഭിച്ചാൽ ഡിയുപിയുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കാം എന്നാണ് കണക്കാക്കുന്നത്. ഇതിനോടൊപ്പം ഒറ്റയ്‌ക്കോ ലിബറൽ ഡെമോക്രാറ്റുകളുമായി ചേർന്നു മന്ത്രി സഭ ഉണ്ടാക്കാനും ആലോചനകൾ സജീവമാണ്.

ആദ്യ കാമറോൺ മന്ത്രിസഭയിലെ പങ്കാളികളായിരുന്ന ലിബറൽ ഡെമോക്രാറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തിയതുകൊണ്ട് അവരുമായുള്ള സഖ്യശ്രമത്തിലാണ് തെരേസ മേ ഇപ്പോൾ. കോർബിന്റെ രാജി ആവശ്യം തള്ളിയ മേ ലിബറൽ ഡെമോക്രാറ്റുകളുമായി സഖ്യ സർക്കാർ ഉണ്ടാക്കുന്നത് സംബന്ധിച്ച സൂചന പുറത്തുവിട്ടുകഴിഞ്ഞു. എട്ടുസീറ്റുകളിൽ നിന്നും 12 സീറ്റായാണ് ലിബറൽ ഡെമോക്രാറ്റുകൾ മെച്ചപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മതിയാവുമെന്നതിനാൽ ലിബറൽ ഡെമോക്രാറ്റുകളുമായി ചേർന്ന് സർക്കാർ ഉണ്ടാക്കാൻ സാധിക്കും. അത് വിജയിച്ചില്ലെങ്കിൽ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ആയിരിക്കും ബ്രിട്ടൻ നീങ്ങുക.

കേവല ഭൂരിപക്ഷത്തിന് സാധിച്ചില്ലെങ്കിലും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണം പിടിക്കാൻ എന്നായിരുന്നു ജെറമി കോർബിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിന് ഉറച്ച നിലപാടെടുത്തത് എസ്എൻപിക്കും ഇക്കുറി അടിപതറി. നിലവിൽ ഉള്ള 56 സീറ്റുകളിൽ നിന്നും 35 സീറ്റുകളായാണ് എസ്എൻപി വീണത്. അതുകൊണ്ട് തന്നെ ലേബർ പാർട്ടിക്ക് ഭരണം ഉറപ്പിക്കാൻ വഴികൾ ഒന്നുമില്ല, നിതാന്ത ശത്രുക്കളായ കൺസർവേറ്റീവുകളെ എന്തായാലും എസ്എൻപി പിന്തുണയ്ക്കുകയുമില്ല. കാമറോണിന്റെ ആദ്യ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി ആയിരുന്ന ലിബറൽ ഡെമോക്രാറ്റിലെ നിക് ക്ലേഗ് തോറ്റതോടെ അവരുമായുള്ള സഖ്യത്തെ സംബന്ധിച്ച ചില തർക്കങ്ങൾ ബാക്കിയുണ്ട് എന്നതാണ് മന്ത്രിസഭ രൂപീകരിക്കുന്നതിന് തടസമാകുന്നത്. എന്നാൽ ഐറിഷ് യൂണിസ്റ്റ് പാർട്ടി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭരണക്കാലാവധി തീരാൻ മൂന്ന് വർഷം ബാക്കിയുണ്ടായിട്ടും ബ്രക്സിറ്റിന്റെ ആനൂകൂല്യം മുതലെടുക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വമ്പൻ വിജയം കൊയ്യാൻ മോഹിച്ച തെരേസ മേക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടീഷ് ജനത നൽകിയത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ആഗ്രഹിച്ച പ്രധാനമന്ത്രി തെരേസ മേയുടെ മോഹം കാറ്റിൽപ്പറത്തുന്ന ജനവിധിയാണ് ബ്രിട്ടനിൽ ഉണ്ടായത്. ഭരണപ്പാർട്ടിയായ കൺസർവേറ്റീവുകൾ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചില്ല. അതേസമയം എല്ലാവരും എഴുതി തള്ളിയ കമ്മ്യൂണിസ്റ്റുകാരാനാ ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വമ്പൻ കുതിപ്പും നടത്തി.

650 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 315 സീറ്റുകളാണ് കൺസർവേറ്റീവുകൾ നേടിയത്. കഴിഞ്ഞ തവണ 331 സീറ്റുകൾ കൺസർവേറ്റിവുകൾക്ക് ലഭിച്ചിരുന്നു. ലേബർ പാർട്ടിക്ക് 261 സീറ്റുകൾ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് കോർബിനും കൂട്ടരും ചെയ്തത്. സ്‌കോട്ട്ലന്റ് നാഷണലിസ്റ്റ് പാർട്ടി(എസ്എൻപി)ക്കും തിരിച്ചടിയേറ്റു. ഇവർക്ക് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ലിബറൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 12 സീറ്റും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റും ലഭിച്ചു. വംശീയ വിദ്വേഷം വിതറി തെരഞ്ഞെടുപ്പിനെ നേരിട്ട് യുക്വിപ് പാർട്ടിയെ ബ്രിട്ടീഷ് ജനത തൂത്തെറിഞ്ഞു. ഇവർക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.

ജനവിധി പ്രതികൂലമായ സാഹചര്യത്തിൽ തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. അതേസമയം, ബ്രിട്ടനിൽ സ്ഥിരതയുള്ള സർക്കാരിനെ ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്ന് തെരേസ മേ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്ത് തുടക്കത്തിൽ തന്നെ ലേബർ പാർട്ടിയുടെ കുതിപ്പാണ് കണ്ടത്. തുടക്കത്തിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ മുന്നേറിയ ലേബർ പാർട്ടി 40 സീറ്റുകൾക്ക് വരെ കൺസർവേറ്റീവുകളെ പിന്നിലാക്കിയിരുന്നു. സീറ്റ് എണ്ണത്തിൽ 200 കടക്കും വരെ ഇതായിരുന്നു സ്ഥിതി. പിന്നീടാണ് കൺസർവേറ്റീവുകൾ തിരിച്ചു വന്നത്. തെക്കൻ ബ്രിട്ടനിലെ ഫലം പുറത്തുവന്നതോടെ കൺസർവേറ്റീവുകൾ വലിയ മുന്നേറ്റം നടത്തി. അപ്പോഴേക്കും ലേബർ പാർട്ടിയുടെ കുതിപ്പിന്റെ വേഗത കുറഞ്ഞിരുന്നു.

കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചിച്ചിരുന്നത്. കഴിഞ്ഞതവണ സ്‌കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്‌കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിരുന്നത്. എന്നാൽ, എസ്എൻപിക്ക് ഇ്പ്പോൾ 15 സീറ്റുകൾ കുറഞ്ഞു. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ മാറി. നേരിയ മുൻതൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കൺസർവേറ്റീവുകൾക്ക് ലഭിക്കില്ലെന്നാണ് പ്രീപോൾ സർവേകൾ വ്യക്തമാക്കിയത്.

അടുത്തിടെ മാഞ്ചസ്റ്റിലും ലണ്ടൻ ബ്രിഡ്ജിലുമുണ്ടായ സ്ഫോടനങ്ങളും കൂടിയായപ്പോൾ തെരേസ മേക്ക് തിരിച്ചടിയായി. പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മെയ്‌ അവരുടെ പാർലമെന്റ് മണ്ഡലമായ മെയ്ഡൻ ഹെഡിൽ വിജയിച്ചു. ലേബർ പാർട്ടി നേതാവ് കോർബിനും വിജയിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റിന് അനുകൂലമായ ജനവിധി ലഭിച്ചതിന് പിന്നാലെയാണ് ഡേവിഡ് കാമറോൺ രാജിവെച്ചതും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന നേതാവായ തെരേസ മേ പ്രധാനമന്ത്രിയായതും. ചുരുങ്ങിയ കാലം ഭരിച്ച തെരേസ മേ ഭരണത്തിന്റെ കാലാവധി തീരാൻ മൂന്ന് വർഷം ബാക്കിനിൽക്കേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലത്തിൽ സംഭവിക്കുന്നത്.

വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മെയ്‌ക്ക് നിലവിലുള്ളതിനേക്കാൾ സീറ്റ് കുറഞ്ഞത് ധാർമ്മികമായി കനത്ത തോൽവി തന്നെയാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിനു കിട്ടിയതെല്ലാം ഭരണവുമായി മാറി. ഇപ്പോഴുള്ള 17 ൽ നിന്ന് 100 എംപിമാരുടെ ഭൂരിപക്ഷം എളുപ്പത്തിൽ നേടാം എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി തെരേസാ മേ ഏപ്രിൽ 18ന് അപ്രതീക്ഷിതമായി, നടക്കേണ്ടതിലൂം മൂന്നു വർഷം മുമ്പേ തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന് കാലാവധി തീരും മുമ്പ് കൈക്കൊണ്ട ഈ തീരുമാനത്തെ അത്ഭുതത്തോടെയാണ് ലോകം കണ്ടത്.

എന്തായാലും തൂക്കുമന്ത്രിസഭയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ലേബർ പാർട്ടിയെയും കോർബിനെയും സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തോൽവി ക്ഷണിച്ചു വരുത്തിയ തെരേസ മേ പ്രധാനമന്ത്രിയാകുമോ എന്നതിൽ പോലും ആശങ്കയുണ്ട്. ധാർമ്മികമായി കൺസർവേറ്റീവുകൾ തോറ്റു കഴിഞ്ഞെന്നും ലേബർ സർക്കാറുണ്ടാക്കുമെന്നും ഇപ്പോൾ തന്നെ അഭിപ്രായം ഉയർന്നു കഴിഞ്ഞു. തെരേസ മെയ്‌ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു. എസ്എൻപിയുടെ പിന്തുണ ലേബർ പാർട്ടിക്ക് ലഭിച്ചാലും മറ്റ് കക്ഷികൽ ആരെ പിന്തുണയ്ക്കുമെന്നത് മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും.

പ്രതിപക്ഷം അതീവ ദുർബലമായിരിക്കുകയും ബ്രെക്‌സിറ്റു നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ സർക്കാരിന്റെ ഇമേജ് കൂടി നിൽക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷം ഉറപ്പിച്ച് ദീർഘനാളത്തെ ഭരണം ഉറപ്പാക്കുകയായിരുന്നു തേരേസ മേ ലക്ഷ്യമിട്ടത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്‌കോട്ട്‌ലൻഡ് എന്ന ആശയം വീണ്ടും പൊടിതട്ടിയെടുത്ത് രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ സ്‌കോട്ടീഷ് നാഷണൽ പാർട്ടിയെ നിശബ്ദമാക്കാനുള്ള തന്ത്രമായും തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി കണ്ടു. എന്നാൽ ഇതിനെല്ലാമേറ്റ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP