Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിബലുകളുടെ കൈകളിൽ നിന്നും ഇദ്‌ലിബ് പ്രവശ്യ പിടിക്കാനുള്ള നീക്കവുമായി സിറിയൻ പട്ടാളം മുന്നേറവെ കടന്നാക്രമിച്ചു തുർക്കി; രണ്ടു സിറിയൻ വിമാനങ്ങൾ വെടിവെച്ചു വീഴ്‌ത്തിയപ്പോൾ അനേകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; തുർക്കിയുടെ ഡ്രോൺ സിറിയയും വീഴ്‌ത്തി; പശ്ചിമേഷ്യയിൽ വീണ്ടം സംഘർഷം പുകയുന്നു

റിബലുകളുടെ കൈകളിൽ നിന്നും ഇദ്‌ലിബ് പ്രവശ്യ പിടിക്കാനുള്ള നീക്കവുമായി സിറിയൻ പട്ടാളം മുന്നേറവെ കടന്നാക്രമിച്ചു തുർക്കി; രണ്ടു സിറിയൻ വിമാനങ്ങൾ വെടിവെച്ചു വീഴ്‌ത്തിയപ്പോൾ അനേകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; തുർക്കിയുടെ ഡ്രോൺ സിറിയയും വീഴ്‌ത്തി; പശ്ചിമേഷ്യയിൽ വീണ്ടം സംഘർഷം പുകയുന്നു

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: സിറിയയിൽ തുർക്കിയും സിറിയൻ വിമത സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ നിലയിൽ. വിമതരുടെ ശക്തികേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടൽ ആഴ്ചകളായി രൂക്ഷമായി തുടരുകയാണ്. റിബലുകളുടെ കൈകളിൽ നിന്നും ഇദ്‌ലിബ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് തുർക്കി സേന വ്യോമാക്രമണം ശക്തമായി. ഇതോടെ സിറിയയും തിരിച്ചടി തുടങ്ങി. ഇതിനിടെ രണ്ട് സിറിയൻ വിമാനങ്ങൾ തുർക്കി വെടിവെച്ചിട്ടപ്പോൾ തുർക്കിയുടെ ഡ്രോണും വിമതർ വെടിവെച്ചിട്ടു. ഇദ്‌ലിബിൽ വിമാനം വെടിയേറ്റ് തകർന്നതിനെ തുടർന്ന് സിറിയ വ്യോമപാത അടക്കുകയും ചെയ്തു.

സിറിയൻ സർക്കാർ സേനയുടെ വിമാനമാണ് ഞായറാഴ്ച വെടിയേറ്റ് തകർന്നതെന്ന് തുർക്കിയിലെ ഔദ്യോഗിക വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു. എന്നാൽ തുർക്കിയുടെ അവകാശവാദം സിറിയയുടെ ഒദ്യോഗിക വാർത്താ ഏജൻസിയായ സിറിയൻ അറബ് ന്യൂസ് ഏജൻസി (സന) നിഷേധിച്ചു. തുർക്കി സൈന്യത്തിന്റെ വിമാനമാണ് തകർക്കപ്പെട്ടതെന്നാണ് സന റിപ്പോർട്ട് ചെയ്തത്. ഇദ്‌ലിബിലെ സറാഖ്വെബ് നഗത്തിലാണ് വിമാനം തകർന്നുവീണതെന്നും സനയുടെ റിപ്പോർട്ടിൽ പറയുന്നു. തുർക്കിയുടെ ആക്രമണത്തിൽ വിമാനം തകർന്നതോടെ നിരവധി പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി എന്നോണമാണ് എസ് യു 24 എയർക്രാഫ്റ്റ് തുർക്കി വെടിവെച്ചു വീഴ്‌ത്തിയത്.

സിറിയയുടെ വടക്കു പടിഞ്ഞാറൻ വ്യോമപാത അടച്ചതായി സിറിയൻ സൈന്യവും അറിയിച്ചു. സൈനിക വിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും ഇതുവഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യ ഉൾപ്പെട്ട വടുക്കുപടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയാണ് അടച്ചത്. തങ്ങളുടെ വ്യോമമേഖലയിൽ അതിക്രമിച്ച് കടക്കുന്ന ഏത് വിമാനത്തെയും ശത്രുവിന്റേതായി കണക്കാക്കുമെന്നും വെടിവെച്ചിടുമെന്നും സിറിയൻ സൈന്യം വ്യക്തമാക്കി. വിലക്ക് ലംഘിച്ച് ലക്ഷ്യത്തിലെത്താൻ ഒരു വ്യമോയാനത്തെയും അനുവദിക്കില്ലെന്നും സൈന്യം അറിയിച്ചു.

അതിനിടെ റഷ്യൻ പിന്തുണയോടെ ഇദ്‌ലിബ് സൈന്യം സിറിയൻ സർക്കാർ സേന വിമതരിൽ നിന്ന് പിടിച്ചെടുത്തതായി പ്രസിഡന്റ് ബാഷർ അൽ അസദുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. തുർക്കി പിന്തുണയോടെയാണ് വിമതർ ചെറുത്തുനിൽപ്പ് നടത്തുന്നത്. ഇദ്‌ലിബിനായി ഡിസംബർ മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇദ്‌ലിബിലെ തന്ത്രപ്രധാനമായ എം5 ഹൈവേ ഉൾപ്പെടെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ സേനയുടെ ശ്രമം.

അതേസമയം, മേഖലയിലെ സംഘർഷം കുറയ്ക്കാനായി 2017-ലും 2018-ലും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ റഷ്യ ലംഘിക്കുകയാണെന്നാണ് തുർക്കി ആരോപിക്കുന്നത്. ഇദ്‌ലിബിൽ സിറിയൻ സർക്കാർ സേന നടത്തിയ വ്യോമാക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതോടെയാണ് ഇപ്പോൾ ഏറ്റുമുട്ടൽ രൂക്ഷമായത്. സിറിയയിൽ സംഘർഷത്തിൽ തുർക്കി ഇടപെടാൻ തുടങ്ങിയത് 2016 മുതലാണ്. അതിനുശേഷം തുർക്കി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്.

വടക്ക് പടിഞ്ഞാറൻ സിറിയൻ പ്രവിശ്യയായ ഇദ്ലിബിൽ നിന്നുള്ള കുടിയേറ്റത്തെ മനുഷ്യ നിർമ്മിത ഭയാനകമായ കാഴ്ച എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാണ്ട് പത്ത് ലക്ഷം സിറിയക്കാരാണ് ഇവിടെ നിന്ന് അഭയാർത്ഥികളായി പലായനം ചെയ്തത്. മേഖലയിൽ തുർക്കി സൈന്യത്തിന്റെ പിന്തുണയോടെ വിമതസംഘവും റഷ്യയുടെ പിന്തുണയോടെയാണ് സിറിയൻ സൈന്യം ശക്തമായ പോരാട്ടം തുടരുകയാണ്.

ഇതോടെയാണ് യൂറോപ്പിലേക്ക് തങ്ങളുടെ രാജ്യം വഴി പലായനം നടത്തുന്നവരെ ഇനി തടയില്ലെന്ന് തുർക്കി പ്രഖ്യാപിച്ചു. നേരത്തെ യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ തുർക്കി അതിർത്തികൾ വഴിയുള്ള പലായനം തടഞ്ഞിരുന്നു. എന്നാൽ സിറിയൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുർക്കിയുടെ പുതിയ നടപടി. ഇതിനിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഫോണിൽ സംഭാഷണം നടത്തിയിരുന്നു.

സിറിയയിൽ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി വെടിനിർത്തുന്നതായി തുർക്കിയും റഷ്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ സിറിയൻ സർക്കാർസേനയും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇദ്ലിബിലെ വിമതമേഖലയിൽ കനത്ത ആക്രമണങ്ങളാണ് നടത്തിയത്. ഒരൊറ്റമാസം മൂന്നുലക്ഷത്തോളംപേർ തെക്കൻ ഇദ്ലിബിൽനിന്ന് തുർക്കി ലക്ഷ്യമിട്ട് പലായനംചെയ്തതായി ഐക്യരാഷ്ട്രസഭ പറയുന്നു. ഇതാണ് ഇപ്പോൾ റഷ്യയെ മാറ്റിച്ചിന്തിപ്പിച്ചത്. അഭയംതേടി തങ്ങളുടെ അതിർത്തിയിൽ ലക്ഷക്കണക്കിനുപേർ കാത്തിരിക്കുന്നത് തുർക്കിയെയും ആശങ്കപ്പെടുത്തുന്നു.

അഭയാർഥിപ്രവാഹം തടയുന്നതിനൊപ്പം ഇദ്ലിബിലെ ജനങ്ങൾക്ക് ആവശ്യമായ ചികിത്സാസഹായങ്ങളെത്തിക്കാനും വെടിനിർത്തൽ സഹായകമാകും. അസദ് സർക്കാരിന്റെ സൈന്യം ദക്ഷിണ ഇദ്ലിബിൽ ആശുപത്രികളും ലക്ഷ്യമിട്ടതോടെ ജനം അത്യന്തം ദുരിതത്തിലാണെന്ന് സിറിയയിലെ മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. സിറിയയിൽ 2011 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ 3,70,000 പേരാണ് മരിച്ചത്. 2019-ൽ ആയിരത്തിലധികം കുട്ടികളടക്കം 11,215 പേർ മരിച്ചു. ഒമ്പതുവർഷത്തിനിടെയുള്ള ഏറ്റവുംകുറഞ്ഞ മരണനിരക്കാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP