Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുദ്ധത്തിന്റെ മുരടൻ ഭാഷ ഉപേക്ഷിച്ച് സമാധാനത്തിന്റെ കൈനീട്ടി ഡൊണൾഡ് ട്രംപ്; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ആർക്കും ആളപായമില്ല; യുഎസ്-ഇറാഖി സൈനികർ സുരക്ഷിതർ; സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രം; തീവ്രവാദത്തിന്റെ സ്‌പോൺസറായ ഇറാനെതിരെ ഉപരോധം ശക്തമാക്കും; ബ്രിട്ടനും ജർമനിയും ഫ്രാൻസും ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറണം; താൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആ രാജ്യത്തിന് ആണവായുധം അനുവദിക്കില്ല; വിവേകത്തിന്റെ ഭാഷയിൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം

യുദ്ധത്തിന്റെ മുരടൻ ഭാഷ ഉപേക്ഷിച്ച് സമാധാനത്തിന്റെ കൈനീട്ടി ഡൊണൾഡ് ട്രംപ്; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ആർക്കും ആളപായമില്ല; യുഎസ്-ഇറാഖി സൈനികർ സുരക്ഷിതർ; സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രം; തീവ്രവാദത്തിന്റെ സ്‌പോൺസറായ ഇറാനെതിരെ ഉപരോധം ശക്തമാക്കും; ബ്രിട്ടനും ജർമനിയും ഫ്രാൻസും ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറണം; താൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആ രാജ്യത്തിന് ആണവായുധം അനുവദിക്കില്ല; വിവേകത്തിന്റെ ഭാഷയിൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിൽ ഒരുഅമേരിക്കക്കാരനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാഖിലെ എല്ലാ അമേരിക്കൻ സൈനികരും സുരക്ഷിതമാണ്. ആർക്കും മരണം സംഭവിച്ചില്ല. ഇറാഖി ജീവനുകളും പൊലിഞ്ഞിട്ടില്ല.ആർക്കും പരിക്കില്ല. വളരെ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്. ഇറാന്റെ തിരിച്ചടിയെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നു. ഇതനുസരിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു.

ഇറാൻ തീവ്രവാദത്തിന്റെ സ്‌പോൺസർ ആണ്. ആ രാജ്യം നയം തിരുത്തും വരെ ഉപരോധം തുടരും, ട്രംപ് പറഞ്ഞു. താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം ഇറാന് ആണവായുധം അനുവദിക്കില്ല. ഇറാൻ ആണവ പദ്ധതികൾ പൂർണമായി പിൻവലിക്കണം. തീവ്രവാദികൾക്കുള്ള പിന്തുണ അവസാനിപ്പിക്കണം. ബ്രിട്ടനും ജർമനിയും ഫ്രാൻസും ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറണം.സുലൈമാനി തീവ്രവാദികൾക്ക് പരിശീലനം നൽകിയിരുന്ന ആളാണ്. സുലൈമാനി വധത്തിലൂടെ നൽകിയത് ശക്തമായ സന്ദേശം. ശക്തമായ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞുവെങ്കിൽ അത് ഏതുതരത്തിലെന്ന് വ്യക്തമാക്കിയില്ല.

ലോകത്തെ കൂടുതൽ സമാധാനപൂർണമാക്കാൻ ഇറാനെ കൈകാര്യം ചെയ്യാൻ ഒരുമിച്ച് പ്രയത്‌നിക്കണം. ഇപ്പോൾ ഇറാൻ പിൻവാങ്ങിയ നിലയിലാണ്. ഇത് ലോകത്തിന് നല്ല കാര്യം. ഇറാന് മഹത്തായ ഒരു രാഷ്ട്രമായി മാറാൻ കഴിയും. ആ രാജ്യം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുലരില്ല. ഇറാനിലെ ജനങ്ങൾക്ക് സമൃദ്ധിയും യോജിപ്പും നിറഞ്ഞ വലിയ ഭാവി ആഗ്രഹിക്കുന്നു. അമേരിക്ക സമാധാനം കാംക്ഷിക്കുന്നു. ഇറാന്റെ തീവ്രവാദ പ്രചാരണം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ലോകം ഒറ്റക്കെട്ടായി അവിടുത്തെ ഭരണകൂടത്തിന് സന്ദേശം നൽകണം. പശ്ചിമേഷ്യയിൽ നാറ്റോ കൂടുതലായി ഇടപെടണം.

ജനറൽ ഖാസിം സുലൈമാനി ലോകമെമ്പാടും ആഭ്യന്തര യുദ്ധങ്ങൾക്ക് വഴിമരുന്നിട്ടു. ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ കൊന്നൊടുക്കി. അമേരിക്കയ്ക്ക് നേരേ പുതിയ ആക്രമണങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു സുലൈമാനി, ട്രംപ് പറഞ്ഞു.

ഇറാന്റെ അവകാശവാദം

നേരത്തെ,മിസൈൽ ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടതായി ഇറാൻ ടിവി അവകാശപ്പെട്ടിരുന്നു. 15 മിസൈലുകൾ പ്രയോഗിച്ചു, ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകർക്കാനായില്ല. യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു. യുഎസ് താവളങ്ങളിലെ മിസൈൽ ആക്രമണത്തിലാണ് 80 മരണമെന്ന് വാർത്തകൾ പുറത്തുവരുന്നത്. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയത്. ഐൻ അൽ അസദ്, ഇർബിൽ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈൽ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകൾ പതിച്ചതായി അമേരിക്കൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ ആളപായമില്ലന്നാണ് അമേരിക്കൻ വാദം.

ആക്രമണം സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ് നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് അറിയിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി പോെപയോ ഇറാഖ് , കുർദിസ്ഥാൻ പ്രധാനമന്ത്രിമാരെ വിളിച്ച് ചർച്ച നടത്തി. ഇറാഖിലുള്ള സൈനികർ സുരക്ഷിതരാണെന്ന് ജർമനിയും ഓസ്ട്രേലിയയും ന്യൂസിലൻഡും വ്യക്തമാക്കി. സംഘർഷ ഭീതി നിറഞ്ഞതോടെ അമേരിക്കൻ വിമാനക്കമ്പനികളോട് ഗൾഫ് സർവീസ് നിർത്തിവയ്ക്കാൻ അമേരിക്കൻ വ്യോമയാന അഥോറിറ്റി നിർദ്ദേശം നൽകി. ആക്രമണം പ്രതികാരമാണെന്ന് വെളിപ്പെടുത്തിയ ഇറാൻ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗൾഫ് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാൻ മുന്നറയിപ്പ് നൽകി.

ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാഖിലെ അൽ അസദ്, ഇർബിൽ എന്നി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. അൽ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. ജനറൽ മേജർ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തിൽ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. സ്വയം പ്രതിരോധത്തിന് വേണ്ടി യുഎൻ ചട്ട പ്രകാരമുള്ള നടപടി മാത്രമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

പ്രാദേശിക സമയം പുലർച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആംബർ പ്രവിശ്യയിലെ ഐൻ അൽ അസദ് വ്യോമ കേന്ദ്രത്തിലും ഇർബിൽ സൈനിക കേന്ദ്രത്തിലും ഇറാന്റെ ബാലിസ്റ്റിക്ക് മിസൈലുകൾ പതിച്ചത്. ഒരേസമയമായിരുന്നു വടക്കൻ ഇറാഖിലും പടിഞ്ഞാറൻ ഇറാഖിലും ആക്രമണം. അൽ അസദിൽ മാത്രം 15 മിസൈലുകൾ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈലായ ഫത്ഹ് 313 ആണ് ഉപയോഗിച്ചത്. അതിനിടെ യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിലിലും അൽ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാൽ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ റവല്യൂഷണറി ഗാർഡ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഐആർഎൻഎയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ ഈ ഭീഷണി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും ഞങ്ങൾ താക്കീത് ചെയ്യുകയാണ്. തീവ്രവാദിക്കൂട്ടമായ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കൻ സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുമുണ്ടായാൽ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കിൽ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങൾ ബോംബിടും - ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ മധ്യപൂർവ്വേഷ്യയിൽ സ്ഥിതഗതികൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഗൾഫ് മേഖലയിലൂടെ വിമാനസർവ്വീസ് നടത്തുന്നിൽ നിന്നും തങ്ങളുടെ രാജ്യത്തെ വിമാനക്കമ്പനികളെ അമേരിക്ക വിലക്കി. ബ്രിട്ടന്റെ രണ്ട് യുദ്ധക്കപ്പലുകൾ തുടർനിർദ്ദേശം കാത്ത് മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP