Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെണ്ണുപിടിയൻ... സ്ത്രീവിരുദ്ധൻ... മുസ്ലിംവിരുദ്ധൻ.... വംശീയ വെറിയൻ....സ്വകാര്യ ജീവിതത്തിൽ പറന്നു നടക്കുന്ന സുഖലോലുപൻ.... കണ്ണിൽ ചോരയില്ലാത്ത കച്ചവടക്കാരൻ.... ; എന്നിട്ടും അമേരിക്കക്കാർ പറഞ്ഞു ഞങ്ങൾക്ക് ഡൊണാൾഡ് ട്രംപ് മതി

പെണ്ണുപിടിയൻ... സ്ത്രീവിരുദ്ധൻ... മുസ്ലിംവിരുദ്ധൻ.... വംശീയ വെറിയൻ....സ്വകാര്യ ജീവിതത്തിൽ പറന്നു നടക്കുന്ന സുഖലോലുപൻ.... കണ്ണിൽ ചോരയില്ലാത്ത കച്ചവടക്കാരൻ.... ; എന്നിട്ടും അമേരിക്കക്കാർ പറഞ്ഞു ഞങ്ങൾക്ക് ഡൊണാൾഡ് ട്രംപ് മതി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആറടി രണ്ടിഞ്ചുകാരൻ. കാലത്ത് അഞ്ചുമണിക്ക് കൃത്യമായി എഴുന്നേൽക്കും രാത്രി ഒരുമണിക്കേ ഉറങ്ങാൻ പോകൂ. അങ്ങനെ ദിവസം 16 മണിക്കൂർ പ്രവർത്തിക്കുന്ന അസാധാരണ വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്. ബ്രേക്ഫാസ്റ്റ് കഴിക്കന്നത് വളരെ അപൂർവം.

അഥവാ വല്ലപ്പോഴും കഴിച്ചാൽ തന്നെ പോർക്കിറച്ചി കൊണ്ടുണ്ടാക്കുന്ന ബേക്കണോ മുട്ടയോ അൽപം കഴിച്ചെന്നിരിക്കും. ഓഫീസിലാണെങ്കിൽ ഉച്ചഭക്ഷണം അവിടെനിന്നുതന്നെ. അല്ലെങ്കിൽ റസ്റ്റോറന്റുകളിലായിരിക്കും ലഞ്ച്. പ്രഭാത ഭക്ഷണമായി കഴിക്കുന്ന ബേക്കണും മുട്ടകളും തന്നെയാണ് ഇഷ്ടഭക്ഷണം. നല്ലൊരു ഗോൾഫ് കളിക്കാരൻ കൂടിയാണ് ട്രംപ്. ഇഷ്ടവിനോദവും അതുതന്നെ.

ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ടിവി കാണുന്ന ശീലമുണ്ട്. കുടുംബത്തിനോടൊപ്പം ചെലവഴിക്കാനും സമയംകണ്ടെത്താറുണ്ട് ട്രംപ്. തനിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന സ്യൂട്ടുകൾ ധരിക്കുന്ന ട്രംപ് മിക്ക ദിവസവും മൂന്നുമണിക്കൂറോളം വായിക്കാനും സമയം കണ്ടെത്തും. ബിസിനസ് ബ്‌ളോഗുകളും ഇന്റർനെറ്റ് ആർട്ടിക്കിളുകളും റിയൽ എസ്‌റ്റേറ്റ് വാർത്തകളുമെല്ലാമാണ് കൂടുതൽ താൽപര്യം. മാസം മൂന്ന് പുസ്തകമെങ്കിലും ശരാശരി വായിക്കുന്ന സ്വഭാവക്കാരനായ ട്രംപ് മദ്യം രുചിക്കാറില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

പക്ഷേ, ഈ പ്രൊഫൈൽ ഒരുവശത്തു നിൽക്കുമ്പോൾതന്നെ അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്തത്ര ചീത്ത വിശേഷണങ്ങളുമായാണ് ട്രംപ് ഇക്കുറി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലോകത്തിലെ തന്നെ വൻ വ്യവസായിയെന്ന നിലയിൽ സുഖലോലുപനും ആഡംബര ജീവിതത്തിന്റെ വക്താവുമായി ട്രംപ് ചിത്രീകരിക്കപ്പെട്ടു. പെണ്ണുപിടിയനെന്നും സ്വകാര്യ ജീവിതത്തിൽ അർമാദിച്ചു നടക്കുന്ന സുഖിമാനെന്നുമുള്ള പ്രചാരണങ്ങൾക്ക് പഞ്ഞമുണ്ടായില്ല.

അതോടൊപ്പം പ്രചരണം കൊഴുത്തതോടെ വംശീയതയെ അധിക്ഷേപിക്കുന്ന നിലപാടുകളും മുസ്‌ളീം വിരുദ്ധതയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ഇടയ്ക്കിടെ പുറത്തുചാടി. ഇതോടൊപ്പം ഹിലരിക്കെതിരെ തൊടുക്കുന്ന അസ്ത്രങ്ങളിൽ പലതും സ്ത്രീവിരുദ്ധ നിലപാടുകളായി മാറി. പക്ഷേ, ഇത്തരത്തിലുണ്ടായ എതിർ പ്രചരണങ്ങളെല്ലാം അതിജീവിക്കാൻ ട്രംപിനായെന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയം.

പക്ഷേ, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇതിൽ പലതും വലിയ ചർച്ചയായി മാറി. അതിന് കാരണം മറ്റൊന്നുമല്ല. വൻ വ്യവസായിയായ ട്രംപ് അമേരിക്കൻ പ്രസിഡന്റാവുന്നതിനെ എതിർത്ത വലിയൊരു വിഭാഗം രാഷ്ട്രീയക്കാർ തന്നെയാണ് ഇതിന് പിന്നിൽ. ദ ട്രംപ് ഓർഗനൈസേഷൻ എന്ന പേരിൽ ന്യൂയോർക്കിലെ മിഡ്ടൗൺ മാൻഹട്ടണിലുള്ള ട്രംപ് ടവറിൽ പ്രവർത്തിക്കുന്ന വൻകിട ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് ട്രംപ്. നേരത്തെ എലിസബത്ത് ട്രംപ് ആൻഡ് സൺ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.

റിയൽ എസ്റ്റേറ്റ് വികസനം, നിക്ഷേപം, ബ്രോക്കറേജ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, പ്രോപ്പർട്ടി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ മുൻനിര സ്ഥാപനമായ ട്രംപ് ഓർഗനൈസേഷന് ലോകത്ത് പലയിടത്തുമായി വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. റസിഡൻഷ്യൽ മേഖലയിലും ഹോട്ടൽ-റിസോർട്ട് മേഖലകളിലും വൻ നിക്ഷേപമാണുള്ളത്. ഇതിനുപുറമെ പല രാജ്യങ്ങളിലും റസിഡൻഷ്യൽ ടവറുകൾ മുതൽ ഗോൾഫ് കോഴ്‌സുകൾ വരെ പണിതുയർത്തിയ സ്ഥാപനമാണ് ട്രംപിന്റേത്. അത്തരത്തിൽ ലോകമാകെ വ്യാപിച്ച ഒരു ബിസിനസ് ലോകത്തിന്റെ മേധാവി ആദ്യമായി അമേരിക്കൻ പ്രസിഡന്റാകുമ്പോൾ അതിനെ അമ്പരപ്പോടെയാണ് ലോകം നോക്കിക്കാണുന്നത്.

അമേരിക്കൻ റിയൽ എസ്‌റ്റേറ്റ് ലോകത്തിന്റെ അധിപനെന്നുതന്നെ പറയാവുന്ന ട്രംപിന് മാൻഹട്ടനിൽ മാത്രം നിരവധി ഹെക്ടർ സ്ഥലം സ്വന്തമായുണ്ട്. ഇതിനു പുറമെ ബുക്ക്, മാഗസിൻ, മീഡിയ, പബഌഷിങ് മേഖലകളിലും കമ്പനികൾ ഉണ്ട്. ഫുഡ് ആൻഡ് ബിവറേജ്, ട്രാവൽ, എൽലൈൻസ്, ഹെലികോപ്റ്റർ സർവീസ് തുടങ്ങിയവമുതൽ ഫിനാൻസ് സ്ഥാപനങ്ങളുടെ വരെ ഉടമയായ ട്രംപ് കൈവയ്ക്കാത്ത മേഖലകളില്ല. അതേസമയം, ഇതുവരെ രാഷ്ട്രീയത്തിൽ കൈവയ്ക്കാത്ത ട്രംപിന് നയതന്ത്രമറിയില്ലെന്ന് പറയാനാകില്ലെന്ന് ഇതിനകംതന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ ചൂടറിഞ്ഞ ഹിലരിയുൾപ്പെടെയുള്ള എതിരാളികൾ പറയുന്നു.

1946 ജൂൺ 14ന് വായിൽ വെള്ളിക്കരണ്ടിയുമായി ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ട്രംപ് അതിനാൽത്തന്നെ രാജ്യത്തെ മുൻ പ്രസിഡന്റുമാരിൽ നിന്ന് വേറിട്ടു നിൽക്കുന്നു. തികച്ചും ഒരു വ്യവസായിയെന്ന നിലയിൽത്തന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് രാഷ്ട്രീയ രംഗത്തെ പലർക്കും രുചിച്ചിരുന്നില്ല. അതിനാൽത്തന്നെ ട്രംപിനെ മോശക്കാരനായി ചിത്രീകരിക്കാൻ മനപ്പൂർവമായി ശ്രമം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ന്യൂയോർക്ക് മിലിട്ടറി അക്കാഡമിയിൽ 13-ാം വയസ്സിൽ ചേർന്ന അദ്ദേഹം 1968ൽ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്നാണ് അച്ഛനൊപ്പം റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനൊപ്പം ആറു തവണ ബാങ്കുകളെ കബളിപ്പിക്കാൻ ശ്രമിച്ചതായ പരാതിയും ട്രംബിനെതിരെ ഉയർന്നിരുന്നു.

ഇതിനു മുമ്പ് 2000ത്തിലും പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പിന്മാറി. ഈ വർഷത്തെ ഫോബ്‌സിന്റെ പട്ടിക പ്രകാരം ലോകത്തെ സമ്പന്നരിൽ 324-ാം സ്ഥാനത്താണ് ട്രംപ്. അമേരിക്കയിലെ 156-ാമത്തെ പണക്കാരനും. പുതിയ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി പത്തു ബില്യൺ ഡോളറിലധികം വരും. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഘട്ടമെത്തിയപ്പോൾത്തന്നെ കഴിഞ്ഞവർഷം റിപ്പബഌക്കൻ പാർട്ടി സ്ഥാനാർത്ഥിത്വത്തിനു വേണ്ടി അണിനിരന്നവരിൽ മുമ്പൻ ട്രംപായിരുന്നു. പ്രചാരണം പുരോഗമിച്ചതോടെ മറ്റുള്ളവർ പിന്മാറി. പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിതവും അസാധാരണവുമായ പ്രതികരണങ്ങളിലൂടെയും നിലപാടുകളിലൂടെയും ട്രംപ് വാർത്തകളിൽ നിറഞ്ഞു. ഇന്റർവ്യൂകളിൽ മുതൽ ട്വിറ്റർ പ്രതികരണങ്ങളിൽ വരെ വേറിട്ടതും ആക്രമണോത്സുകവുമായ പ്രതികരണങ്ങളായിരുന്നു ട്രംപിന്റെ മുഖമുദ്ര.

പക്ഷേ, ട്രംപിനുണ്ടായതും ഇക്കുറി തിരഞ്ഞെടുപ്പുകാലത്ത് ഏറ്റവും ചർച്ചയായതും അദ്ദേഹത്തിന്റെ സുഖലോലുപതയും പെൺവിഷയത്തിലെ ദൗർബല്യങ്ങളുമായിരുന്നു. മിസ് യുഎസ്എ വേദികൾ 1996 മുതൽ 2015 വരെയുള്ള കാലത്ത് കയ്യടക്കിയിരുന്ന ട്രംപ് യഥാർത്ഥത്തിൽ ഇന്ത്യയിൽ സുന്ദരിപ്പട്ട വേദികളിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന വിജയ് മല്യയെന്ന മദ്യവ്യവസായിയുടെ അമേരിക്കൻ പ്രതിരൂപമായിരുന്നുവെന്ന് പറയാം. മത്സര വേദികളിൽ സുന്ദരിപ്പട്ടത്തിന് അണിനിരന്ന അമേരിക്കൻ യുവതികൾക്കൊപ്പം ട്രംപ് നിൽക്കുന്ന ചിത്രങ്ങൾ അതിനാൽത്തന്നെ ഇക്കുറി തിരഞ്ഞെടുപ്പു കാലത്ത് എതിരാളികളുടെ ട്രംപ്കാർഡായി മാറി.

ഇതോടൊപ്പം ചർച്ചചെയ്യപ്പെട്ട മറ്റൊരു വിഷയമായിരുന്നു വംശീയതയും മുസ്‌ളീം വിരുദ്ധതയും വർണവെറിയും. അമേരിക്കയിൽ അമേരിക്കക്കാർക്കുമാത്രം മുൻഗണന ലഭിക്കുമെന്ന നിലപാടും മുസഌങ്ങളെ തുരത്തണമെന്ന നിലപാടുമെല്ലാം ട്രംപിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. ഇതോടൊപ്പം വിവാദ പ്രസ്താവനകളുടേയും പെരുമാറ്റങ്ങളുടേയും ആശാനായിരുന്നു ട്രംപ്. പലപ്പോഴും നുണകൾ അടിച്ചുവിടുന്നതിലും മടിയുണ്ടായിരുന്നില്ല. 2005ൽ സ്ത്രീകളെ കയറിപ്പിടിച്ചുവെന്നും മറ്റുമുള്ള നിരവധി ആരോപണങ്ങൾ ട്രംപിനെതിരെ ഉയർന്നിരുന്നു.

ഇതോടൊപ്പം ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുമെന്നും മറ്റുമുള്ള പ്രസ്താവനകൾ ഇന്ത്യയിൽ നിന്നടക്കം അമേരിക്കയിലുള്ള ലക്ഷക്കണക്കിന് വിദേശികളുടെ ചങ്കിടിപ്പ് കൂട്ടി. അമേരിക്കൻ-മെക്‌സിക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങളും മറ്റും ഉന്നയിച്ച് ദേശീയതാ വിഷയത്തിലും മറ്റും ട്രംപിന്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ടു. അമേരിക്കയിലേക്കുള്ള മുസഌംകുടിയേറ്റം നിരോധിക്കണമെന്ന പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. ഭീകരതയുടെ ഉറവിടങ്ങളായ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയന്ത്രിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്താക്കി പിന്നീട് അത് തിരുത്തിയെങ്കിലും ഇത് രാജ്യത്തെ വലിയൊരു വിഭാഗം മുസഌങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി. പക്ഷേ, അതെല്ലാം മറികടന്ന് ഇപ്പോൾ ട്രംപ് അമേരിക്കയുടെ പ്രസിഡന്റാവുന്നു. അമേരിക്കക്കാർ പറയുന്നു... ഞങ്ങൾക്ക് ഈ 'മോശപ്പെട്ടവനെ മതി' എന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP